തളിപ്പറമ്പ്: അധ്വാനത്തിന്റെ പ്രതിഫലമല്ല കൂലിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അധ്വാനിക്കുന്നതിന്റെ ഊർജ്ജം സംഭരിക്കുന്നതിന് സാമൂഹിക ജീവിതത്തിന്റെ ഭാഗമായിട്ട് വിത്യസ്ത സാധന സാമഗ്രികൾ വേണം. ഇങ്ങനെ സാധന സാമഗ്രികളുടെ മാർക്കറ്റിലുള്ള വിലയാണ് യഥാർത്ഥത്തിൽ കൂലിയെന്ന് അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് ആർട്‌സ് ആന്റ് സയൻസ് കോളേജ് ലാബ് – ലൈബ്രറി കെട്ടിട സമുച്ചയം കാഞ്ഞിരങ്ങാട് ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അധ്വാനത്തിന്റെ പ്രതിഫലമാണ് കൂലിയെങ്കിൽ പിന്നെ മുതലാളിയില്ല. അധ്വാനിക്കാനുപയോഗിക്കുന്ന ശേഷി അത് തിരിച്ചുപിടിക്കാനുള്ള സാധന സാമഗ്രികളുടെ വിലയാണ് കൂലി. ആ കൂലിക്ക് പണിയെടുപ്പിച്ച് അവരുത്പ്പാദിപ്പിക്കുന്ന മൂല്യം ഇതിനെക്കാൾ എത്രയോ വലുതായിട്ട് ചരക്കിൽ കലർന്നതുകൊണ്ട് മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കുമ്പോൾ ആ ചരക്കിന്റെ മൂല്യം വർധിതമായ രീതിയിൽ കൂടുതൽ പണം കിട്ടുന്നു. ഇതാണ് മുതലാളിത്ത ലോകത്തെവിടെയും ദിവസം കഴിയുംന്തോറും വളർന്നുകൊണ്ടിരിക്കുന്നതെന്ന് അ്‌ദേഹം ചൂണ്ടിക്കാട്ടി.
ഉത്പാദനോപാദികളുടെ മേലെ സ്വകാര്യ ഉടമസ്ഥത നിലനിൽക്കുന്നിടത്തോളം കാലം ഈ പ്രക്രിയ നടന്നുകൊണ്ടേയിരിക്കും. പണമൂലധനത്തിനുപകരം അറിവ് ഒരു മൂലധനമായി ഉപയോഗിച്ച് സമ്പദ് വ്യവസ്ഥിൽ സ്വാധീനം ചെലുത്തി മുന്നോട്ടുപോകുന്ന ഒരു കേരളം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

