കോടതി നിർദ്ദേശം കാറ്റിൽപ്പറത്തി; സിപിഎം ശാന്തൻപാറ ഏരിയ കമ്മറ്റി ഓഫീസിന്റെ നിർമ്മാണം തകൃതി

ഇടുക്കി: കോടതി നിർദ്ദേശം കാറ്റിൽപ്പറത്തി സിപിഎം ശാന്തൻപാറ ഏരിയ കമ്മറ്റി ഓഫീസിന്റെ നിർമ്മാണം തകൃതിയായി നടക്കുന്നു. നിർമാണം നിർത്തിവെക്കണമെന്ന കോടതി നിർദ്ദേശം വന്നതിന് പിന്നാലെയും അടിയന്തര നിർമ്മാണം നടത്തുകയാണ്.

രാത്രിയിൽ തൊഴിലാളികളെ എത്തിച്ചാണ് ജോലികൾ പൂർത്തിയാക്കാൻ ശ്രമിക്കുന്നത്. ഇടുക്കി മൂന്നാർ മേഖലയിൽ കെട്ടിട നിർമാണ നിയന്ത്രണങ്ങൾ ലംഘിച്ച് നിർമിക്കുന്ന സിപിഎം പാർട്ടി ഓഫീസുകളുടെ നിർമാണം അടിയന്തരമായി നിർത്തിവെക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇടുക്കി ജില്ലാ കളക്ടർക്കാണ് കോടതി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

ഇതിന് ആവശ്യമെങ്കിൽ പോലീസ് സഹായം തേടാമെന്ന് കോടതി അറിയിച്ചു. നിയന്ത്രണം ലംഘിച്ചുള്ള നിർമ്മാണത്തെ കുറിച്ചുള്ള വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ നടപടി. മൂന്നാർ കേസുകൾ പരിഗണിക്കുന്ന പ്രത്യേക ഡിവിഷൻ ബെഞ്ചാണ് നിർദ്ദേശം നൽകിയത്.

എൻഒസിയില്ലാതെ കെട്ടിടങ്ങൾ നിർമിക്കുന്നതിനെ റവന്യൂ വകുപ്പ് നേരത്തെ സ്റ്റോപ്പ് മെമ്മോ നൽകി തടയുകയും ചെയ്തിരുന്നു. ഇത് ലംഘിച്ചു കൊണ്ടായിരുന്നു സ്റ്റോപ്പ് മെമ്മോ ലംഘിച്ചു കൊണ്ട് പാർട്ടി ഓഫീസുകൾ നിർമിക്കുന്നുവെന്ന വാർത്ത പുറത്തു വന്നത്. കോടതി ഉത്തരവെത്തിയതോടെ ശാന്തൻപാറ, ബൈസൺവാലി, ഉടുമ്പൻചോല എന്നിവിടങ്ങളിലെ സിപിഎം പാർട്ടി ഓഫീസ് നിർമാണങ്ങൾ നിർത്തിവെക്കേണ്ടിവരും.