തിരുവനന്തപുരം : കെ പി സി സി യുടെ ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിൽ മുഖ്യമന്ത്രിയെ ഉദ്ഘാടകനായി ക്ഷണിച്ചതിൽ കോൺഗ്രസിൽ അതൃപ്തി. സോളാർ കേസിൽ മുഖ്യമന്ത്രി മുൻപ് ഉമ്മൻചാണ്ടിയെ വ്യക്തിയധിക്ഷേപം നടത്തിയതാണ് ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തിക്കുള്ള കാരണമായി ചൂണ്ടി കാട്ടുന്നത്. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന്റെയും ഒരു വിഭാഗം മുതിർന്ന നേതാക്കളുടെയും സമ്മർദ്ദം മൂലമാണ് പിണറായി വിജയനെ ക്ഷണിച്ചതെന്നാണ് കോൺഗ്രസ് പറയുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി പ്രസിഡന്റ് കെ സുധാകരനും കെ പി സി സി മീഡിയ സെല്ലും യു ഡി എഫിലെ ഘടക കക്ഷി നേതാക്കളും ആദ്യം മുതൽ മുഖ്യമന്ത്രിയെ ക്ഷണിക്കേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്.
പക്ഷെ എ കെ ആൻ്റണി അടക്കമുള്ള മുതിർന്ന നേതാക്കൾ മുഖ്യമന്ത്രി തന്നെ ഉദ്ഘാടകനായി എത്തണമെന്ന നിലപാട് സ്വീകരിച്ചതോടെയാണ് മുഖ്യമന്ത്രിക്ക് ക്ഷണം നൽകിയത്. മുതിർന്ന നേതാക്കളുടെ തീരുമാനത്തെ ഉമ്മൻ ചാണ്ടിയുടെ കുടുംബവും അംഗീകരിച്ചത് കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കിയതോടെ വി ഡി സതീശൻ നേരിട്ടാണ് മുഖ്യമന്ത്രിയെ ചടങ്ങിലേക്ക് ക്ഷണിച്ചത്

