എന്നും ഉമ്മൻ ചാണ്ടിയുടെ മകളായി അറിയപ്പെടാനാണ് ആഗ്രഹം; സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് അച്ചു ഉമ്മൻ

തിരുവനന്തപുരം: എന്നും ഉമ്മൻ ചാണ്ടിയുടെ മകളായി അറിയപ്പെടാനാണ് ആഗ്രഹമെന്ന് അച്ചു ഉമ്മൻ. സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ വ്യക്തമാക്കി. തന്റെ പേരിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ അവസാനിപ്പിക്കണമെന്നും അച്ചു ആവശ്യപ്പെട്ടു.

ചാണ്ടി ഉമ്മൻ ആണ് കുടുംബത്തിലെ രാഷ്ട്രീയക്കാരൻ. ചാണ്ടി ഉമ്മൻ യോഗ്യനാണ്. മക്കൾ സ്വന്തം കഴിവു കൊണ്ട് രാഷ്ട്രീയത്തിൽ വരണമെന്നായിരുന്നു അപ്പയുടെ നിലപാട്. പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത് കോൺഗ്രസ് പാർട്ടിയാണ്. അത് ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്ന് വേണമെന്ന് പറഞ്ഞാൽ അത് കുടുംബത്തിന് ലഭിക്കുന്ന അംഗീകാരമാണ്. അപ്പയുടെ യാത്ര അയപ്പ് കണ്ടപ്പോഴാണ് ഇത്രയധികം ആളുകളുടെ മനസ്സിൽ ആഴത്തിലിറങ്ങിയ സ്നേഹമാണ് ഉമ്മൻചാണ്ടിയോടുള്ളത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞതെന്നും അച്ചു ഉമ്മൻ പറഞ്ഞു.

ആൾക്കൂട്ടത്തിനിടയിലായിരുന്നു എപ്പോഴും ഉമ്മൻചാണ്ടി. അപ്പ ചടങ്ങുകളിലൊക്കെ പങ്കെടുക്കുന്ന സമയത്ത് വലിയ ജനത്തിരക്ക് ഉണ്ടാകാറുണ്ട്. അപ്പ പോകുന്നിടത്തെല്ലാം ആൾക്കൂട്ടം ഉണ്ടാകാറുണ്ട്. എന്നാൽ, അപ്പയുടെ യാത്രയയപ്പ് ചടങ്ങിൽ പാതിരായ്ക്കും വെളുപ്പിനും കൈക്കുഞ്ഞുങ്ങളുമായും രോഗികളായവരും വാർദ്ധക്യത്തിലെത്തിയവരും എല്ലാവരും വന്നു നിൽക്കുകയാണ്. ജനങ്ങളാണ് നിൽക്കുന്നത്. അത് കണ്ടപ്പോഴാണ് അപ്പ ജനമനസ്സിൽ എത്രമാത്രം ഉണ്ടെന്ന് മനസ്സിലായതെന്നും അച്ചു ഉമ്മൻ കൂട്ടിച്ചേർത്തു.