പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി നിർണയം; അഭിപ്രായം വ്യക്തമാക്കി മുസ്ലിം ലീഗ്

കോഴിക്കോട്: പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച അഭിപ്രായം വ്യക്തമാക്കി മുസ്ലീം ലീഗ്. കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്റെ അഭിപ്രായത്തെ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പിന്തുണച്ചു. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് തന്നെയാകും സ്ഥാനാർത്ഥിയെന്ന തീരുമാനത്തിലേക്കാണ് കോൺഗ്രസ് എത്തിനിൽക്കുന്നതെന്ന സൂചനയാണ് കെ സുധാകരൻ നൽകിയത്.

പുതുപ്പള്ളിയിൽ ആരു മത്സരിക്കും എന്ന് കോൺഗ്രസ് തീരുമാനിക്കട്ടെയെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അറിയിച്ചു. കോൺഗ്രസിന്റെ സീറ്റാണ് പുതുപ്പള്ളിയെന്നും കോൺഗ്രസ് ആരെ മത്സരിപ്പിച്ചാലും മുസ്ലീം ലീഗ് പിന്തുണയ്ക്കുമെന്നും പിഎംഎ സലാം പറഞ്ഞു. പുതുപ്പള്ളിയിൽ സിപിഎമ്മും ബിജെപിയും മത്സരിക്കരുതെന്ന സുധാകരന്റെ നിർദേശത്തിൽ തെറ്റില്ലെന്നും അതിൽ തീരുമാനം എടുക്കേണ്ടത് അതാത് പാർട്ടികളാണെന്നും അദ്ദേഹം പ്രതികരിച്ചു.