കൊച്ചി : കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് സാംസ്കാരിക മന്ത്രി സജിചെറിയാൻ പ്രഖ്യാപിക്കും. ഈ വട്ടം മികച്ച നടനുള്ള വിഭാഗത്തിലാണ് കടുത്ത മത്സരം. പുഴു, നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, ഭീഷ്മപർവ്വം എന്നീ സിനിമകളിലെ മികച്ച പ്രകടനത്തിലൂടെ മമ്മൂട്ടി മുന്നിലാണ്. ന്നാ താൻ കേസ് കൊട്, അറിയിപ്പ് എന്നീ ചിത്രങ്ങളിലൂടെ കുഞ്ചാക്കോ ബോബനും, മലയൻകുഞ്ഞു സിനിമയിലൂടെ ഫഹദ് ഫാസിലും, വഴക്ക്, അദൃശ്യ ജാലകങ്ങൾ എന്നീ ചിത്രത്തിലെ പ്രകടനത്തിലൂടെ ടോവിനോയും പിന്നിൽ തന്നെയുണ്ട്.
ജയ ജയ ജയ ഹേയിലെ പ്രകടനത്തിന് ദർശന രാജേന്ദ്രനും അറിയിപ്പ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ദിവ്യ പ്രഭയും മികച്ച നടി എന്ന പുരസ്കാരത്തിനായുള്ള പോരാട്ടത്തിലുണ്ട് . അപ്പൻ, ഇലവീഴാപൂഞ്ചിറ, സൗദി വെള്ളക്ക, നൻ പകൽ നേരത്തെ മയക്കം, ഏകൻ, അനേകൻ, അടിത്തട്ട്, ബി 32 മുതൽ 44 വരെ എന്നീ സിനിമകളാണ് അവസാനറൗണ്ടിലെത്തിയ 44 സിനിമകളിൽ ചിലത്. സൗദി വെള്ളക്കയിലെ പ്രകടനത്തിന് ദേവി വർമക്കും,അപ്പനിലെ പ്രകടനത്തിന് അലൻസിയറിനും പുരസ്‌കാര സാധ്യതയുണ്ട്. കൂടാതെ പുതുമയുള്ള ഒട്ടേറെ ചിത്രങ്ങൾ ഈ വട്ടവുമുണ്ട്. പുതുമയ്ക്കാണോ പ്രേക്ഷകപിന്തുണയ്ക്കാണോ പുരസ്കാരം നൽകുന്നതെന്ന് കണ്ടറിയേണ്ടതുണ്ട്

