ബ്രഹ്മപുരം മാലിന്യ സംസ്ക്കരണം ;കൂറ്റൻ പ്ലാന്റുകൾ സ്ഥാപിക്കുന്നു

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ മാലിന്യങ്ങളുടെ സംസ്കരണം അക്ഷരാർത്ഥത്തിൽ തല വേദനയായി മാറിയിരിക്കുമ്പോൾ ഇതിന് പരിഹാരമായി പട്ടാള പുഴു പ്ലാന്റുകൾ സ്ഥാപിക്കാനൊരുങ്ങുകയാണ് കൊച്ചി കോർപ്പറേഷൻ.സ്വകാര്യ കമ്പനികളുമായി ചേർന്ന് 50 ടൺ ശേഷിയുള്ള പ്ലാന്റാണ് ബ്ലാക്ക് സോൾജിയേഴ്സ് എന്ന് പേരുള്ള പട്ടാള പുഴുക്കളെ ഉപയോഗിച്ച മാലിന്യ സംസ്കരണത്തിനായി നിർമിക്കുന്നത്. മാലിന്യത്തിൽ പുഴുക്കളുടെ മുട്ടകൾ നിക്ഷേപിച്ച് ലാർവകൾ ആക്കി മാറ്റുകയാണ് ആദ്യം ചെയ്യുന്നത്.ഇവയുടെ വളർന്നു വരുന്ന ലാർവകൾ വലിയ രീതിയിൽ മാലിന്യം അകത്താക്കുകയും ഇവ പുറത്ത് വിടുന്ന മാലിന്യം കമ്പോസ്റ്റ് ആക്കി മാറ്റുകയും ചെയ്യാം.

ലാർവകൾ ഈച്ചയായി മാറി മുട്ടയിട്ട് പെരുകും. എന്നാൽ പെൺ ഈച്ചകൾ മുട്ടയിടുന്നതോടെ ചത്ത് പോവുകയും ആൺ ഈച്ചകൾ ഇണ ചേരുന്നതോടെ ചത്ത് പോവുകയും ചെയ്യും.ലാർവകൾ പ്യുപ്പയായി മാറുമ്പോൾ ഇവയെ പന്നിക്കും കോഴിക്കും നൽകാം.ഈ വര്ഷം അവസാനത്തോടെ സ്ഥാപിക്കുന്ന പ്ലാന്റിന്റെ സ്ഥലം കൊച്ചി കോർപറേഷൻ കണ്ടെത്തി.പ്ലാന്റിനുള്ള നിർമാണ ചിലവ് സ്വകാര്യ കമ്പനികൾ വഹിക്കും.കിലോയ്ക്ക് രണ്ടര വച്ച് ടിപ്പിംഗ് ഫീസ് കോർപറേഷൻ മാലിന്യ സംസ്കരണത്തിന് നൽകണം. കോടിക്കണക്കിന് രൂപക്ക് കരാർ എടുത്ത കമ്പനികൾ പോലും മുട്ട് മടക്കിയടുത്തേക്കാണ് ഈയൊരു പുത്തൻ ആശയം കൊണ്ട് വന്നത്.