ന്യൂഡൽഹി: കഴിഞ്ഞ ദിവസം ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 ഓഗസ്റ്റ് 23-നോ 24-നോ ചന്ദ്രനിലെത്തും. ഐഎസ്ആർഒ മേധാവി എസ് സോമനാഥാണ് ഇക്കാര്യം അറിയിച്ചത്. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ജൂലൈ 14-നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെസ് സെന്ററിൽ നിന്ന് ചന്ദ്രയാൻ-3 വിക്ഷേപിച്ചത്. അടുത്തഘട്ടം ട്രാൻസ് ലൂണാർ അല്ലെങ്കിൽ ഓർബിറ്റ് ഇൻഞ്ചെക്ഷൻ ആണ്. എല്ലാം നല്ലരീതിയിൽ നടക്കുകയാണെങ്കിൽ ഓഗസ്റ്റ് 1-ന് ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് ചന്ദ്രയാൻ-3 വേർപെടുമെന്ന് അദ്ദേഹം പറഞ്ഞു.
അതിന് ശേഷം ചന്ദ്രയാൻ-3 ചന്ദ്രനെ ലക്ഷ്യമാക്കി യാത്ര തുടങ്ങും. കാര്യങ്ങൾ എല്ലാം ശുഭമാകുകയാണെങ്കിൽ ഓഗസ്റ്റ് 23 അല്ലെങ്കിൽ 24-ന് ചന്ദ്രനിൽ എത്തിച്ചേരും. ചന്ദ്രയാൻ-3 ചന്ദ്രനിൽ എത്തിച്ചേരുന്ന സ്ഥലത്ത് തിളങ്ങുന്ന ഒരു സ്രോതസ്സുണ്ട്. ഇത് സൗരോർജ ഉത്പാദനത്തിന് സഹായിക്കും. ഇനി 15 ദിവസങ്ങളാണ് ഉള്ളത്. ജീവന്റെ സാന്നിധ്യമുള്ളതും അല്ലാത്തതുമായ ഗ്രഹങ്ങളെ വേർതിരിച്ചറിയാനുള്ള പ്രവർത്തനങ്ങൾക്ക് ആഗോളതലത്തിൽ കയ്യൊപ്പ് ചാർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

