ന്യൂഡൽഹി: ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം അറിയിക്കാൻ ദേശീയ നിയമ കമ്മിഷൻ നൽകിയ സമയപരിധി ദീർഘിപ്പിച്ചു. രണ്ടാഴ്ച്ചത്തേക്ക് കൂടിയാണ് സമയപരിധി ദീർഘിപ്പിച്ചത്. ജൂലൈ 28 വരെ ഇനി പൊതുജനങ്ങൾക്ക് ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട അഭിപ്രായം അറിയിക്കാം.
50 ലക്ഷത്തിലേറെ പ്രതികരണങ്ങളാണ് ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് വിവിധ മതസംഘടനകളിൽ നിന്നുൾപ്പെടെ കമ്മീഷന് ഇതുവരെ ലഭിച്ചിരിക്കുന്നത്. വെബ്‌സൈറ്റിലൂടെയും രേഖാമൂലവും അഭിപ്രായം ലഭിച്ചിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ ചർച്ച ആവശ്യമുണ്ടെന്നും നേരിട്ടുള്ള ചർച്ചയ്ക്ക് സമയം അനുവദിക്കണമെന്നുമാണ് ചില സംഘടനകൾ ഉന്നയിച്ചിരിക്കുന്ന ആവശ്യം.
അതേസമയം, ആവശ്യമെന്നു തോന്നിയാൽ നേരിട്ടുള്ള ആശയ വിനിമയത്തിനു ക്ഷണിക്കുമെന്നു കമ്മീഷനും മുൻപ് അറിയിച്ചിട്ടുണ്ട്. ഏക സിവിൽ കോഡിൽ നേരത്തെയുണ്ടായിരുന്ന ലോ കമ്മിഷനും പൊതുജനാഭിപ്രായം തേടിയിരുന്നു. നിലവിൽ ഏക വ്യക്തിനിയമം അഭികാമ്യമല്ലെന്ന ശുപാർശയോടെ 2018 ൽ ചർച്ചാ രേഖയും പ്രസിദ്ധീകരിച്ചു. ഇതിന്റെ കാലാവധി 3 വർഷം പിന്നിട്ടതു കണക്കിലെടുത്താണ് വീണ്ടും ജനാഭിപ്രായം തേടിയത്.

