ആര്യന്റെ അറസ്റ്റില്‍ വന്‍ ട്വിസ്റ്റ് : കൈക്കൂലി നല്‍കിയതായി ആരോപണം

മുംബൈ:ബോളുവുഡ് കിങ് ഖാന്‍ ഷാരുഖ് ഖാന്റെ മകന്‍ പ്രതിയായ ലഹരിമരുന്ന് കേസില്‍ വന്‍ ട്വിസ്റ്റ്. എന്‍.സി.ബി. സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെ, കേസിലെ സാക്ഷിയായ കെ.പി. ഗോസാവി തുടങ്ങിയവര്‍ കേസുമായി ബന്ധപ്പെട്ട് ദൂഢാലോചന നടത്തിയിട്ടുണ്ടെന്നും കൈക്കൂലിയായി പണം കൈപ്പറ്റിയിട്ടുണ്ടെന്നും സാക്ഷികളിലൊരാളായ പ്രഭാകര്‍ സെയില്‍ ആരോപിച്ചു.ഇവര്‍ക്കിടയില്‍ നടന്ന 18 കോടി രൂപയുടെ ഇടപാടിനെക്കുറിച്ച് തനിക്കറിയാമെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഞായറാഴ്ച പ്രഭാകര്‍ സെയില്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തിലാണ് എന്‍.സി.ബിക്കെതിരായ വെളിപ്പെടുത്തലുകളെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. കേസില്‍ സാക്ഷിപ്പട്ടികയിലുള്ള കെ.പി. ഗോസാവിയുടെ ബോഡിഗാര്‍ഡാണ് പ്രഭാകര്‍.

സമീര്‍ വാംഖഡെയില്‍നിന്ന് താന്‍ ജീവന് ഭീഷണി നേരിടുന്നെണ്ടെന്നും
മാത്രമല്ല, ആഡംബര കപ്പലില്‍ റെയ്ഡ് നടന്ന ദിവസം നാടകീയ രംഗങ്ങള്‍ക്കാണ് താന്‍ സാക്ഷ്യംവഹിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.റെയ്ഡ് നടന്ന ദിവസം താന്‍ കപ്പലില്‍ പോയത് ഗോസാവിക്കൊപ്പമാണ്.റെയ്ഡിന് പിന്നാലെ എന്നെക്കൊണ്ട് ചില വെള്ളക്കടലാസുകളില്‍ ഒപ്പിടാന്‍ പറഞ്ഞു. എന്നാല്‍ ഇവിടെ നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തതിനെക്കുറിച്ച് തനിക്ക് ഒരു അറിവും ഇല്ല. റെയ്ഡിനിടെ താന്‍ കപ്പലില്‍നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളില്‍ ആര്യനെ ഫോണ്‍ ചെയ്യാന്‍ അനുവദിക്കുന്ന ദൃശ്യങ്ങളുണ്ടെന്നും പ്രഭാകര്‍ പറഞ്ഞു.

എന്നാല്‍ ഈ ആരോപണത്തെയെല്ലാം എന്‍.സി.ബി. സോണല്‍ ഡയറക്ടറായ സമീര്‍ വാംഖഡെ നിഷേധിച്ചു. കേസില്‍ തെറ്റായ ഒന്നും നടന്നിട്ടില്ലെന്നും ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്ക് ഉചിതമായ മറുപടി നല്‍കുമെന്നും അദ്ദേഹം പ്രതികരിച്ചു. ഇത് അന്വേഷണ ഏജന്‍സിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാനുള്ള ശ്രമമാണെന്നും എന്‍സിബി പറഞ്ഞു.