ട്രൂകോളറിനെ വെല്ലുന്ന കോളര്‍ ഐഡന്റിഫിക്കേഷന്‍ ആപ്പ് ‘ഭാരത് കോളര്‍’ വികസിപ്പിച്ച് ഇന്ത്യ !

ന്യൂഡല്‍ഹി: ഭാരത് കോളര്‍ എന്ന പേരില്‍ കോളര്‍ ഐഡന്റിഫിക്കേഷന്‍ ആപ്പ് വികസിപ്പിച്ച് ഇന്ത്യ. നിലവില്‍ ഉപയോഗത്തിലുള്ള ട്രൂകോളര്‍ ആപ്പിനെ വെല്ലുന്നതാണ് ഭാരത് കോളര്‍.

ബാംഗ്ലൂരിലെ പ്രശസ്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ (ഐഐഎം) പൂര്‍വ്വ വിദ്യാര്‍ത്ഥിയായ പ്രജ്വല്‍ സിന്‍ഹയാണ് ഭാരത് കോളര്‍ നിര്‍മ്മിച്ചത്. അതിന്റെ സഹസ്ഥാപകന്‍ കുനാല്‍ പസ്രിച്ചയാണ്. 2020 ലെ ദേശീയ സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് ജേതാക്കളായിരുന്നു സിന്‍ഹയും പസ്രിച്ചയും. ഉപയോക്താക്കളുടെ ആശയവിനിമയം സുരക്ഷിതവും സൗകാര്യത പാലിക്കുന്നതുമായിരിക്കുമെന്ന് ഇവര്‍ അവകാശപ്പെടുന്നു.

ഭാരത് കോളര്‍ അതിന്റെ സെര്‍വറില്‍ ഉപയോക്താക്കളുടെ കോണ്‍ടാക്റ്റുകളും കോള്‍ ലോഗുകളും സൂക്ഷിച്ച് വെക്കുന്നില്ല. അവരുടെ സ്വകാര്യതയെ ഇത് ബാധിക്കില്ല. കൂടാതെ, ഓര്‍ഗനൈസേഷനിലെ ജീവനക്കാര്‍ക്ക് ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകളുടെ ഒരു വിവരവും ശേഖരിക്കാന്‍ സാധിക്കില്ല. അത്തരം ഡാറ്റകളിലേക്കൊന്നും ഇവര്‍ക്ക് ആക്‌സസ് ഇല്ല. ഭാരത്‌കോളറിന്റെ എല്ലാ ഡാറ്റയും എന്‍ക്രിപ്റ്റ് ചെയ്ത ഫോര്‍മാറ്റിലാണ് സംഭരിച്ചിരിക്കുന്നത്. ആര്‍ക്കും അതിന്റെ സെര്‍വര്‍ ഇന്ത്യക്ക് പുറത്ത് ഉപയോഗിക്കാനും കഴിയില്ല. ഇംഗ്ലീഷിന് പുറമേ, ഹിന്ദി, മറാത്തി, തമിഴ്, ഗുജറാത്തി തുടങ്ങിയ ഭാഷകളിലും ആപ്ലിക്കേഷന്‍ ലഭ്യമാണ്.

ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുന്നതു, പ്രവര്‍ത്തനമികവില്‍ ട്രൂകോളറിനേക്കാള്‍ മികച്ച് നില്‍ക്കുന്നതുമാണ് ഭാരത് കോളറെന്ന് പ്രമുഖ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറിലും ഐഒഎസിലും സൗജന്യമായി ലഭ്യമാണ്.