മുത്തലാഖിനെ പിന്തുണക്കുന്നവർ മുസ്ലീം പെണ്‍കുട്ടികളോട് ചെയ്യുന്നത് അനീതി ; ഏക സിവിൽ കോഡ് നടപ്പിലാക്കാനൊരുങ്ങി പ്രധാനമന്ത്രി

രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന വ്യക്തമായ സൂചന നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനയും തുല്യ നീതിയാണ് ആവശ്യപ്പെടുന്നത്. ഒരു രാജ്യത്ത് രണ്ട് നിയമങ്ങൾ എങ്ങനെ സാധ്യമാകുമെന്ന് പ്രധാനമന്ത്രി ചോദിച്ചു. മുത്തലാഖിനെ പിന്തുണക്കുന്നവർ മുസ്ലീം പെണ്‍കുട്ടികളോട് ചെയ്യുന്നത് അനീതിയാണെന്നും മോദി കൂട്ടിച്ചേർത്തു.

എന്നാല്‍, ഏക സിവില്‍ കോഡില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമമെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാഷ്ട്രീയ നേട്ടത്തിനാണ് പ്രതിപക്ഷം ഏക സിവില്‍ കോ‍ഡിനെ ഉപയോഗിക്കുന്നത്. ഭയം കൊണ്ടാണ് പ്രതിപക്ഷം ഒന്നിക്കുന്നതെന്നും മോദി പരിഹസിച്ചു. അധികാരത്തിനായി പ്രതിപക്ഷം നുണ പറയുന്നു.

അഴിമതിക്കെതിരായ നടപടിയില്‍ നിന്ന് രക്ഷപ്പെടാനാണ് പ്രതിപക്ഷ നേതാക്കളുടെ ശ്രമം. 2024 ലും ബിജെപി വിജയിക്കുമെന്ന് പ്രതിപക്ഷം ഭയക്കുന്നുണ്ടെന്നും മോദി പരിഹസിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെയാണ് ഏക സിവിൽ കോഡ് മുഖ്യ വിഷയമാക്കി ഉയർത്തി കൊണ്ടുവരാൻ പ്രധാനമന്ത്രി ശ്രമിക്കുന്നത്.