വ്യാജ സർട്ടിഫിക്കറ്റ് കേസ് ; വിദ്യയെ വീണ്ടും അറസ്റ്റ് ചെയ്തു

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ വിദ്യ വീണ്ടും അറസ്റ്റിൽ. കരിന്തളം ഗവ.കോളേജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ നീലേശ്വരം പോലീസാണ് വിദ്യയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അട്ടപ്പാടി കോളേജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ മുൻപ് അഗളി പോലീസ് അറസ്റ്റ് ചെയത വിദ്യ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. ശനിയാഴ്ചയായിരുന്നു മണ്ണാര്‍ക്കാട് കോടതി ഉപധികളോടെ വിദ്യയ്ക്ക് ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും നീലേശ്വരം പോലീസ് വിദ്യയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കരിന്തളം ഗവ.കോളേജിലാണ് വിദ്യ ആദ്യം വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. ഇവിടെ ഒരു വര്‍ഷം പഠിപ്പിക്കുകയും ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കുന്ന വിദ്യയെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടില്ലെന്നാണ് വിവരം. അതുകൊണ്ട് കോടതി ഇന്ന് തന്നെ വിദ്യക്ക് ജാമ്യം അനുവദിച്ചേക്കും.