ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാനം ; മമതയുമായി സഖ്യം ചേരാനില്ലെന്ന് യെച്ചൂരി

നിലവിലെ സാഹചര്യത്തിൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ പ്രതിപക്ഷ ഐക്യം ഉണ്ടാകില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ദേശീയ തലത്തിൽ ബിജെപിയ്‌ക്കെതിരെ പ്രതിപക്ഷ കക്ഷികൾ ഒന്നിക്കുന്ന സാഹചര്യം ഉറപ്പാക്കുമെന്നും എന്നാൽ ബംഗാളിൽ സ്ഥിതി വ്യത്യസ്ഥമാണെന്നുമാണ് യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞത്.

ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാനം. എന്നാൽ ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി വൻ അക്രമമാണ് തൃണമൂൽ അഴിച്ചുവിടുന്നത്. തൃണമൂലിന്റെ അക്രമണത്തിനെതിരെ കോൺഗ്രസ് സംസ്ഥാന ഘടകം രംഗത്തുവന്നിരുന്നു. സംസ്ഥാനത്ത് കേന്ദ്ര സേനയെ വിന്യസിക്കണമെന്നും ഗവർണർ വിഷയത്തിൽ ഇടപെടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. പാർട്ടി ലോക്‌സഭാ കക്ഷി നേതാവും പിസിസി അദ്ധ്യക്ഷനുമായ അധീർ രഞ്ജൻ ചൗധരിയാണ് ഗവർണർക്ക് പരാതി നൽകിയത്.

എന്നാൽ പട്‌നയിൽ നടന്ന പ്രതിപക്ഷ കക്ഷികളുടെ സംയുക്ത യോഗത്തിൽ ബംഗാളിലെ അക്രമങ്ങളെ കുറിച്ച് ഒരു കക്ഷികളും സംസാരിച്ചിരുന്നില്ല. എന്നാൽ യോഗം കഴിഞ്ഞ് നടന്ന പിബി യോഗത്തിലാണ് ബംഗാളിൽ തൃണമൂലിനൊപ്പം പ്രവർത്തിക്കാൻ സാധിക്കില്ലെന്ന് സിപിഎം വ്യക്തമാക്കിയിരുക്കുന്നത്. ഇതോടെയാണ് ബംഗാളിൽ പ്രതിപക്ഷ ഐക്യം ഉണ്ടാകില്ലെന്ന് ഉറപ്പിച്ചുപറഞ്ഞുകൊണ്ട് യെച്ചൂരി രംഗത്തെത്തിയത്.