കോഴിക്കോട്: കേന്ദ്ര വിവര സാങ്കേതിക വകുപ്പു മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. നിയമവിരുദ്ധമായ സൈറ്റിൽ കയറിയതിനു പിഴയൊടുക്കണമെന്നു സൈബർ സെല്ലിന്റെ പേരിൽ വ്യാജ സന്ദേശം ലഭിച്ച വിദ്യാർഥി ഭയന്നു ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ടാണ് അദ്ദേഹം കേന്ദ്ര മന്ത്രിയ്ക്ക് കത്തയച്ചത്.
കോഴിക്കോട് സാമൂതിരി ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥിയായ ആദിനാഥനാണ് മരിച്ചത്. സെപ്ത്ബർ 17 നാണ് ആദിനാഥ് ആത്മഹത്യ ചെയ്്തത്. ലാപ്‌ടോപ്പിൽ സിനിമ കാണുന്നതിനിടയിലാണ് 33900 രൂപ അടയ്ക്കണമെന്ന സന്ദേശം ആദിനാഥിന് ലഭിച്ചത്. നിയമവിരുദ്ധമായ സൈറ്റിൽ കയറിയതിനാൽ പണം തന്നില്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുമെന്നും അറസ്റ്റു ചെയ്യുമെന്നുമായിരുന്നു ഈ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നത്.
സന്ദേശം ലഭിച്ച വെബ്‌സൈറ്റിന്റെ ഇന്റർനെറ്റ് പ്രോട്ടോക്കോൾ (ഐപി) വിലാസം പോളണ്ടിലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതേ വിലാസത്തിൽ വ്യാജമായി നിർമിച്ച 13 വെബ്‌സൈറ്റുകൾക്ക് നേരത്തെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വീണ്ടും പുതിയ രീതിയിൽ തുടങ്ങിയ വെബ്‌സൈറ്റാണ് ഇതെന്നു സൈബർ അന്വേഷണത്തിൽ തെളിഞ്ഞു.

