വാഷിംഗ്ടൺ: പാകിസ്ഥാനിലെ മാധ്യമങ്ങളെ നിയന്ത്രിക്കാൻ ചൈന ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുമായി അമേരിക്ക. തങ്ങൾക്കെതിരായ മാധ്യമ റിപ്പോർട്ടുകളെ ചെറുക്കാൻ ചൈന ശ്രമിക്കുന്നുവെന്നാണ് യുഎസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. പാകിസ്ഥാനുമായി മാധ്യമ ഇടനാഴി ഉൾപ്പെടെ ആരംഭിക്കാൻ ചൈന കരട് തയ്യാറാക്കിയെന്നാണ് ആരോപണമാണ് അമേരിക്ക മുന്നോട്ടുവെയ്ക്കുന്നത്.
ചൈന പ്രതിവർഷം കോടിക്കണക്കിന് ഡോളർ വിദേശത്ത് ചൈനീസ് അനുകൂല വാർത്തകൾ ഉറപ്പാക്കാൻ ചെലവഴിക്കുന്നുവെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. ചൈനയെയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ഉയർത്തിക്കാട്ടാൻ തെറ്റായതോ അല്ലെങ്കിൽ പക്ഷപാതപരമോ ആയ വിവരങ്ങൾ കൈമാറുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്.
അതേസമയം, ചൈന – പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) മീഡിയ ഫോറത്തിന് കീഴിൽ ഉൾപ്പെടെ പാകിസ്ഥാനുമായി സഹകരണം ആഴത്തിലാക്കാൻ ബീജിംഗ് ശ്രമിക്കുന്നുവെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ബീജിംഗും ഇസ്ലാമാബാദും ചേർന്ന് സിപിഇസി റാപ്പിഡ് റെസ്പോൺസ് ഇൻഫർമേഷൻ നെറ്റ് വർക്ക് പോലെയുള്ള സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. സമീപകാലത്ത്, ചൈന – പാകിസ്ഥാൻ മാധ്യമ ഇടനാഴി (സിപിഎംസി) ആരംഭിക്കാൻ തീരുമാനിച്ചെന്ന വിവരവും യുഎസ് റിപ്പോർട്ടിൽ പങ്കുവെച്ചിട്ടുണ്ട്.

