വിശാല മുന്നണി യോഗം ചേരാൻ എൻഡിഎ; മുപ്പതോളം പാർട്ടികൾക്ക് ക്ഷണം

ന്യൂഡൽഹി: വിശാല മുന്നണി യോഗം ചേരാൻ എൻഡിഎ. ചൊവ്വാഴ്ച ഡൽഹിയിലാണ് യോഗം ചേരുക. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ബെംഗളൂരുവിൽ പ്രതിപക്ഷ പാർട്ടികൾ യോഗം ചേരാനിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് എൻഡിഎ യോഗം വിളിച്ചത്. പ്രതിപക്ഷ യോഗത്തിലേക്ക് 24 പാർട്ടികൾക്കും എൻഡിഎ യോഗത്തിലേക്ക് മുപ്പതോളം പാർട്ടികൾക്കുമാണ് ക്ഷണം ലഭിച്ചിരിക്കുന്നത്.

ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയുടേയും പ്രധാനമന്ത്രി മോദിയുടേയും അധ്യക്ഷതയിലാണ് എൻഡിഎ യോഗം ചേരുന്നത്. ഡൽഹിയിലെ അശോക് ഹോട്ടലിൽ ചൊവ്വാഴ്ച വൈകീട്ടാണ് യോഗം നടക്കുക. പാർലമെന്റിൽ അംഗങ്ങളില്ലാത്ത പാർട്ടികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

എൻഡിഎ യോഗത്തിൽ ബിഹാറിൽ നിന്ന് പുതുതായി നാല് പാർട്ടികൾ പങ്കെടു്കുന്നതാണ്. ചിരാഗ് പാസ്വാന്റെ എൽജെപി. (രാം വിലാസ്), അടുത്തിടെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം വിട്ട ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോർച്ച, ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമത പാർട്ടി, മുകേഷ് സാഹനിയുടെ വികാസ്ശീൽ ഇൻസാൻ പാർട്ടി തുടങ്ങിയവയാണ് പാർട്ടി യോഗത്തിൽ ചേരുന്നത്.