തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്ക് സർവീസ് പ്രശ്നങ്ങളിൽ ഇനി മുതൽ കോടതിയെ നേരിട്ട് സമീപിക്കുന്നതിന് നിയന്ത്രണം. വകുപ്പ് മേധാവിയെ പരാതി അറിയിച്ച് വേണ്ടപ്പെട്ട നടപടി സ്വീകരിച്ചില്ലെങ്കിൽ മാത്രമേ കോടതിയെ സമീപിക്കാൻ കഴിയൂ എന്നതാണ് പുതിയ ഉത്തരവ്. ജീവനക്കാരെല്ലാം സർവീസ് പ്രശ്നം ഉന്നയിച്ച് കോടതിയെ കൂട്ടത്തോടെ സമീപിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം. ജീവനക്കാർ അവരുടെ പരാതി രേഖാമൂലം വകുപ്പ് മേധാവിയെ അറിയിക്കുമ്പോൾ മേധാവി ആ പരാതിയെപ്പറ്റി താഴെ തട്ടിൽ അന്വേഷിച്ച് വിവരം തേടുകയും പ്രശ്‌നത്തിന് മുൻകൈ എടുക്കുകയും വേണമെന്നാണ് കോടതി പറയുന്നത്.
പരാതി പരിഗണിച്ച ശേഷം ഇത് സംബന്ധിച്ച എല്ലാ വിവരങ്ങളും പരിശോധിച്ച് 15 ദിവസത്തിനുള്ളിൽ പരാതിക്കാരന് മറുപടി നൽകണമെന്നും ഈ പരാതിയും പരിഹാരവുമെല്ലാം നിശ്ചിത സോഫ്റ്റ് വയറിലൂടെ ആകണമെന്നും ഉത്തരവിൽ പറയുന്നു. അത് കൊണ്ട് തന്നെ ഇനി മുതൽ ഇത്തരത്തിൽ പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങൾ മാത്രമേ കോടതി സ്വീകരിക്കുകയുള്ളൂ. സർവീസ് സംബന്ധമായ പ്രശ്നങ്ങളിൽ ജീവനക്കാർ ആദ്യം അഡ്മിനിസ്ട്രീവ് ട്രിബ്യുണലിനെയാണ് സമീപിച്ചിരുന്നത്. ചെറിയ പ്രശ്നങ്ങളിൽ പോലും ജീവനക്കാർ ഹരിത ട്രിബ്യുണലിനെ സമീപിക്കുന്നതുകൊണ്ടാണ് വകുപ്പ് തലത്തിൽ തന്നെ പരിഹാരം കണ്ടെത്താൻ സർക്കാർ തീരുമാനിച്ചത്

