കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ സുന്നി നേതാക്കൾ. ഏക സിവിൽകോഡിനെതിരെ പ്രതിഷേധങ്ങൾ ശക്തമാവുമ്പോഴും വ്യക്തികളുടെ നിയമത്തിൽ മാറ്റം വരുത്തണം, ലിംഗസമത്വ വാദം എന്നിവ ഉന്നയിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നിലപാട് ശരിയല്ലെന്നാണ് എസ്എംഎഫ് നേതാക്കൾ വ്യക്തമാക്കുന്നത്.
വ്യക്തി നിയമങ്ങൾ സംരക്ഷിക്കാനാണ് ഏക സിവിൽകോഡിനെ എതിർക്കുന്നതെന്ന് എസ്എംഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി യു ഷാഫി ഹാജി, സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് എന്നിവർ അറിയിച്ചു. വാർത്താക്കുറിപ്പിലൂടെയായിരുന്നു ഇവർ ഇക്കാര്യം അറിയിച്ചത്.
ഇസ്ലാമിക സ്വത്തവകാശത്തിൽ സ്ത്രീകളോട് വിവേചനമില്ല. സ്ത്രീയുടേയും കുടുംബത്തിന്റേയും എല്ലാ ചിലവുകളും വഹിക്കേണ്ടത് പുരുഷനാണ്. സ്ത്രീ തന്റെ സ്വത്തിൽ നിന്ന് അവരുടെ ആവശ്യത്തിന് പോലും ചിലവഴിക്കേണ്ടതില്ലെന്നും ശരീഅത്ത് പറയുന്നത് സ്ത്രീകൾക്ക് പരിഗണന നൽകുകയാണ് ചെയ്യുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു.
പുരുഷന്റെ സ്വത്തിൽ നിന്നും പകുതി സ്ത്രീക്ക് നൽകണം എന്ന് പറയുന്നതിലൂടെ ഇസ്ലാം നിർദ്ദേശിക്കുക വഴി അവർക്ക് കൂടുതൽ അവകാശമാണ് ലഭിക്കുന്നത്. ഇത് തിരിച്ചറിയാതെയാണ് വിമർശിക്കുന്നത്. അത് മനസ്സിലാക്കാതെയാണ് കമ്മ്യൂണിസ്റ്റുകാരും വിമർശിക്കുന്നത്. മതം രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നവർ രാഷ്ട്രീയം മതത്തിൽ ഇടപെടുന്നതിന് എന്ത് ന്യായമാണ് കാണുന്നതെന്നും ഇവർ ചോദിച്ചു.

