ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തം

കൊച്ചി: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, മതിയായ സുരക്ഷാസംവിധാനങ്ങളൊരുക്കാതെ പരീക്ഷ നടത്തുന്നതിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. അതിനാൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു.എന്നാൽ പരീക്ഷയിൽമാറ്റമില്ലെന്നാണ് അധികൃതരുടെ നിലപാട്.

തിയറി പരീക്ഷയ്ക്ക് മുൻപായി ഫെബ്രുവരിയിൽ നടക്കാറുള്ള പ്രാക്ടിക്കൽ പരീക്ഷയാണ് താളംതെറ്റി ഇത്തവണ മേയിൽ നടത്തുന്നത്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കണക്ക്, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, അക്കൗണ്ടൻസി വിത്ത് കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് വിഷയങ്ങൾക്കാണ് പ്രായോഗിക പരീക്ഷ.

ഏപ്രിൽ 28 മുതൽ മേയ് 15 വരെ നടക്കുന്ന പ്രാക്ടിക്കൽ പരീക്ഷകളിൽ രണ്ടായിരത്തിലധികം കേന്ദ്രങ്ങളിലായി നാലു ലക്ഷത്തോളം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. മതിയായ ഉപകരണങ്ങളുടെ അഭാവം മൂലം പ്രാക്ടിക്കൽ നടത്തിപ്പിനിടെ ലാബുകളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുക അസാദ്ധ്യമാകും. മൈക്രോസ്‌കോപ്പുകളും പിപ്പറ്റുകളും കമ്പ്യൂട്ടർ ഉൾപ്പെടെ രോഗവ്യാപന സാദ്ധ്യത കൂടുതലുള്ള മറ്റുപകരണങ്ങളും കൈമാറ്റം ചെയ്യപ്പെടും.

മിക്ക സ്‌കൂളുകളിലും ലാബ് സൗകര്യങ്ങളും ഉപകരണങ്ങളും പരിമിതമാണ്. കമ്പ്യൂട്ടറുകളും ലാപ്‌ടോപ്പുകളും വിലപിടിപ്പുള്ള ലാബ് ഉപകരണങ്ങളും സാനിറ്റൈസ് ചെയ്യാൻ എളുപ്പമല്ലാത്തതിനാൽ പ്രാക്ടിക്കൽ പരീക്ഷകൾ രോഗവ്യാപനത്തിന് കാരണമാകുമെന്നാണ് ആശങ്ക. മാത്തമാറ്റിക്‌സിനും ആദ്യമായി ഇക്കുറി കമ്പ്യൂട്ടർ അധിഷ്ഠിതമായ പ്രായോഗിക പരീക്ഷയുള്ളതിനാൽ മിക്ക സ്‌കൂളുകളിലും സൗകര്യങ്ങൾ കൂടുതൽ പേർ പങ്കിടേണ്ടി വരും. അദ്ധ്യാപകർക്ക് കൂടുതൽ . ഒന്നിലേറെ സ്‌കൂളിൽ പോയി പ്രാക്ടിക്കൽ പരീക്ഷ നടത്തേണ്ടിയും വരും.