കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തെ കുടുംബ ബന്ധത്തിന്റെ മഹത്വം പറഞ്ഞ് മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്;എന്‍.കെ. പ്രേമചന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ വിമര്‍ശവുമായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. കോവിഡ് ബാധിച്ചു ഡൽഹിയിലെ ഓൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിൽ കഴിയവെ, പിപിഇ കിറ്റ് ധരിച്ചാണെങ്കിലും ഒപ്പം നിൽക്കാൻ അനുവദിക്കണമെന്ന ഭാര്യ ഡോ. ഗീതയുടെ അഭ്യർഥന ഡോക്ടർമാർ തള്ളിക്കളഞ്ഞ സംഭവം ചൂണ്ടിക്കാട്ടിയാണു പ്രേമചന്ദ്രൻ മുഖ്യമന്ത്രിയ്ക്കു സമൂഹമാധ്യമത്തിലൂടെ മറുപടി നൽകുന്നത്.

സംസ്ഥാനത്തിന്റെ ഭരണത്തലവന് കോവിഡ് പ്രോട്ടോക്കോൾ തിരിച്ചറിയാൻ കഴിയാതെ പോകുന്നത് ജനാധിപത്യത്തിന്റെ ദുരന്തവും അധികാരം സമ്മാനിച്ച ഫാസിസ്റ്റ് പ്രവണതയുടെ പ്രതിഫലനവുമാണെന്നു പ്രേമചന്ദ്രൻ വിമർശിക്കുന്നു.താന്‍ നടത്തിയ ഗുരുതര കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തെ കുടുംബ ബന്ധത്തിന്റെ മഹത്വം പറഞ്ഞ് മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്ന് പ്രേമചന്ദ്രന്‍ ആരോപിച്ചു.

കോവിഡ് മുക്തനായതിനു പിന്നാലെ, മുഖ്യമന്ത്രി കോവിഡ് ബാധിതയായ ഭാര്യയ്‌ക്കൊപ്പം വീട്ടിലേക്ക് മടങ്ങിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളത്തിനിടെ ഇക്കാര്യത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോടു ചോദിച്ചിരുന്നു. എന്നാല്‍ താന്‍ പ്രോട്ടോകോള്‍ ലംഘനം നടത്തിയെന്ന പ്രതിപക്ഷ ആരോപണം മുഖ്യമന്ത്രി തള്ളി.

ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പ്രേമചന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, അങ്ങു മനസ്സിലാക്കണം, താങ്കള്‍ ചെയ്തതു ഗുരുതരമായ പ്രോട്ടോക്കോള്‍ ലംഘനമാണ്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ്. ഗുരുതരമായ വീഴ്ച താങ്കളുടെ ഭാഗത്തു നിന്നു ഉണ്ടായി”- പ്രേമചന്ദ്രന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.