Politics (Page 5)

വാഷിംഗ്ടൺ: അമേരിക്കയിൽ മാർക്കോ റൂബിയോ പുതിയ വിദേശ കാര്യ സെക്രട്ടറിയാകും. ഡൊണാൾഡ് ട്രംപ് നടത്തിയ കാബിനറ്റ് പ്രഖ്യാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഫ്‌ലോറിഡയിൽ നിന്നുള്ള യുഎസ് സെനറ്ററാണ് റൂബിയോ. ഈ പദവിയിൽ എത്തുന്ന ആദ്യ ലറ്റിനോ വംശജൻ കൂടിയാണ് മാർക്കോ റൂബിയോ. റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് കൂറുമാറിയ തുൾസി ഗാബാർഡാണ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ. റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് ഈയിടെ കൂറുമാറിയ മുൻ ഡെമോക്രാറ്റ് ജനപ്രതിനിധിയാണ് ഗാബാർഡ്. തന്റെ വിശ്വസ്തരെ ഒപ്പം നിർത്തിയാണ് ട്രംപിന്റെ ക്യാബിനറ്റ് പ്രഖ്യാപനം.

മാറ്റ് ഗേറ്റ്‌സാണ് അറ്റോർണി ജനറൽ പദവിയിലേക്ക് എത്തുന്നത്. ട്രംപിന്റെ വിശ്വസ്തനും ഫ്‌ളോറിഡയൽ നിന്നുള്ള ജനപ്രതിനിധിയുമാണ് മാറ്റ് ഗേറ്റ്‌സ്. എന്നാൽ, നിരവധി കേസുകളിൽ അന്വേഷണം നേരിടുന്ന ഗേറ്റ്‌സിന്റെ നിയമനത്തിന് അംഗീകാരം നൽകുന്നതിൽ റിപ്പബ്ലിക്കൻ സെനറ്റർമാർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

വയനാട്: വയനാട് ലോക്‌സഭ മണ്ഡലത്തിലെയും തൃശൂരിലെ ചേലക്കര നിയമസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് പൂർത്തിയായി. വയനാട്ടിൽ ഇത്തവണ പോളിങ് ശതമാനത്തിൽ വലിയ കുറവുണ്ടായി. അതേസമയം, മികച്ച പോളിങ് ആണ് ചേലക്കരയിൽ രേഖപ്പെടുത്തിയത്. വൈകിട്ട് 6.40 വരെയുള്ള കണക്ക് പ്രകാരം 72.42 ശതമാനമാണ് ചേലക്കരയിലെ പോളിങ്. ചേലക്കരയിലെ പോളിങ് ശതമാനത്തിൽ റെക്കോഡ് വർധനവാണ് ഉണ്ടായിരിക്കുന്നത്. പോൾ ചെയ്ത വോട്ടുകളുടെ എണ്ണം വലിയ രീതിയിൽ ഉയർന്നു.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടുകളുടെ എണ്ണം മറികടന്നാണ് പുതിയ റെക്കോഡ് കുറിച്ചത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പോള് ചെയ്യപ്പെട്ടത് 1,53,673 വോട്ടുകളാണ്. എന്നാൽ, ഇന്ന് വൈകിട്ട് ആറരവരെയുള്ള കണക്ക് പ്രകാരം 1,54,356 വോട്ടുകളാണ് ചേലക്കരയിൽ ഇത്തവണ പോൾ ചെയ്തത്.

അതേസമയം, വയനാട്ടിൽ പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിന്റെ ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. 2019 ൽ രാഹുൽ നേടിയതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം നേടും. യുഡിഎഫ് കേന്ദ്രങ്ങളിൽ പോളിംഗ് ശതമാനം കുറഞ്ഞിട്ടില്ലെന്നും എൻഡിഎ, എൽഡിഎഫ് കേന്ദ്രങളിൽ വോട്ടിംഗ് ശതമാനം കുറഞ്ഞിരിക്കാമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മുൻ എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരള സർക്കാരിനെ കുറിച്ച് സിപിഎം പ്രവർത്തകർക്ക് പറയാനുള്ളതാണ് ഇ പി ജയരാജന്റെ വാക്കിലൂടെ പുറത്തുവന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപിയിലേക്ക് പോയ ഒരാളെ സിപിഎം സ്ഥാനാർത്ഥിയാക്കിയതിലുള്ള കലാപമാണ് പുറത്തായത്. ഡിസി ബുക്‌സ് പോലുള്ള ഒരു പ്രസാദകർക്ക് ആകാശത്തു നിന്ന് ആത്മകഥ എഴുതാൻ പറ്റുമോയെന്ന് സതീശൻ ചോദിക്കുന്നു. ഇ പി കൊടുത്തതിനെക്കാൾ നല്ല സർട്ടിഫിക്കറ്റ് പാലക്കാട് ഇടത് സ്ഥാനാർത്ഥിക്ക് ഇനി നൽകാനില്ലെന്നും വി ഡി സതീശൻ പ്രതികരിച്ചു.

ഇപിയുടെ ആത്മകഥ പ്രകാശനം തടയാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഫോൺ പോയി. ഡിസി ബുക്‌സ് ഓഫീസിലേക്കാണ് ഫോൺ വിളി എത്തിയത്. ഇപിയുടെ ആത്മകഥ സത്യമാണ്. പ്രകാശനം തടയാൻ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദ്ദം ചൊലുത്തി. ആത്മകഥയിൽ സിപിഎം പെട്ടുപോയിയെന്നും സതീശൻ കൂട്ടിച്ചേർത്തു.

മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയുടെ നാലുതലമുറ കഴിഞ്ഞാലും മുസ്ലീങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ, ഒബിസി വിഭാഗങ്ങൾക്കുള്ള സംവരണം ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

മുസ്ലീങ്ങൾക്ക് സംവരണം നൽകേണ്ടി വന്നാൽ എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ സംവരണം വെട്ടിക്കുറയ്ക്കേണ്ടിവരും. രാഹുൽ ബാബ, നിങ്ങളുടെ നാല് തലമുറ വന്നാലും എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്കുള്ള സംവരണം വെട്ടിക്കുറച്ച് മുസ്ലീങ്ങൾക്ക് നൽകാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കാനുള്ള കോൺഗ്രസ് ശ്രമങ്ങളെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. കശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ്. ഇന്ദിരാഗാന്ധി സ്വർഗത്തിൽ നിന്ന് മടങ്ങിയെത്തിയാൽപ്പോലും ആർട്ടിക്കിൾ 370 പുനസ്ഥാപിക്കാൻ സാധിക്കില്ല. ആർക്കും ഭയമില്ലാതെ ഇപ്പോൾ കശ്മീർ സന്ദർശിക്കാം. പത്തുവർഷത്തെ സോണിയ – മൻമോഹൻ സിങ് ഭരണത്തിൽ പാകിസ്ഥാനിൽ നിന്നെത്തുന്ന ആർക്കും സ്വതന്ത്രമായി ബോംബ് സ്ഫോടനം നടത്താമായിരുന്നു. എന്നാൽ മോദി ഭരണം അതെല്ലാം ഇല്ലാതാക്കിയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

വയനാട്: വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി. ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. എൽഡിഎഫാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ 10 നാണ് പ്രിയങ്ക ഗാന്ധി പള്ളിക്കുന്ന് ദേവാലയത്തിലെത്തി വോട്ട് തേടിയത്. വൈദികരുടെ സാന്നിധ്യത്തിൽ പ്രാർത്ഥന നടത്തുന്നതിന്റെ വീഡിയോ പ്രചരിപ്പിച്ചു. ആരാധനാലത്തിനുള്ളിൽ വിശ്വാസികളോട് വോട്ട് അഭ്യർത്ഥിച്ചെന്നും വോട്ടിനായി മതചിഹ്നം ദുരുപയോഗിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.

തിരുവനന്തപുരം: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. സാധാരണക്കാരായ ജനങ്ങളുടെ പ്രശ്‌നങ്ങളൊന്നും സിപിഎമ്മിനെ ബാധിക്കുന്ന വിഷയങ്ങളല്ലെന്നും മനുഷ്യത്വം തൊട്ടുതീണ്ടാത്ത ആളുകളാണ് കമ്യൂണിസ്റ്റ് പാർട്ടിയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പി പി ദിവ്യയെ എല്ലാ പാർട്ടി പദവികളിൽ നിന്നും ഒഴിവാക്കിയെന്ന് പറയുന്നവർ ദിവ്യ ജയിൽ മോചിതയായപ്പോൾ എന്തിനാണ് സ്വീകരിക്കാൻ പോയത്. നവീൻ ബാബുവിനെ നാവ് കൊണ്ട് കൊലപ്പെടുത്തിയ പ്രതിയാണ് സിപിഎമ്മിന്റെ ആളായ ദിവ്യ. പാർട്ടിയിലെ സഹയാത്രികരായ ആളുകളെ വരെ സിപിഎം വഞ്ചിക്കുകയാണ്.

സാധാരണക്കാരായ ജനങ്ങളുടെ പ്രശ്‌നങ്ങളൊന്നും അവർക്ക് ഗൗരവകരമായി തോന്നുന്നില്ല. നവീൻ ബാബുവിന്റെ കുടുംബം നേരിട്ട ആഘാതത്തിന് പരിഹാരം കണ്ടെത്താൻ സർക്കാരിന് കഴിയുന്നില്ല. നവീൻ ബാബുവിന്റെ വീട്ടിൽ പോയി കരഞ്ഞ റവന്യൂ മന്ത്രിയ്ക്ക് മിണ്ടാട്ടം മുട്ടി പോയോ എന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിന്റെ ഇലക്ടറൽ വോട്ടുകൾ 300 കടന്നു. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസ്ിന് 226 ഇലക്ടറൽ വോട്ടുകൾ ലഭിച്ചു.

സെനറ്റിലും ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കൻ പാർട്ടി തന്നെയാണ് ആധിപത്യം പുലർത്തുന്നത്. സെനറ്റിൽ 52 സീറ്റുകൾ റിപ്പബ്ലിക്കൻ പാർട്ടി സ്വന്തമാക്കിയപ്പോൾ 47 സീറ്റുകളിൽ ഡെമോക്രാറ്റുകൾ ഒതുങ്ങി. ജനപ്രതിനിധി സഭയിലെ 209 സീറ്റുകൾ ഡെമോക്രാറ്റുകൾ ഉറപ്പിച്ചെങ്കിലും 216 സീറ്റുകൾ റിപ്പബ്ലിക്കൻമാരാണ് കയ്യടക്കിയത്.

അരിസോണ, നെവാദ, വിസ്‌കോസിൻ, മിഷിഗൺ, പെൻസിൽവാനിയ, നോർത്ത് കരോലിന, ജോർജി എന്നീ ഏഴ് ചാഞ്ചാട്ട സംസ്ഥാനങ്ങളുംട്രംപിനൊപ്പമാണ് നിലകൊണ്ടത്. 2020ൽ ജോ ബൈഡനൊപ്പമാണ് അരിസോണ നിന്നത്. 1996ൽ ബിൽ ക്ലിന്റണ് ശേഷം ഒരു ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയോടൊപ്പം അരിസോണ നിലകൊണ്ടത് ബൈഡൻ സ്ഥാനാർത്ഥിയായപ്പോൾ മാത്രമായിരുന്നു.

ചെങ്ങന്നൂർ: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് കുമ്മനം രാജശേഖരൻ. സർക്കാർ ശബരിമലയെ വാണിജ്യവത്കരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല ഭക്തരുടേതാണ്. മതകാര്യങ്ങളിൽ ഇടപെടാനല്ല ജനപ്രതിനിധികളെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ നടന്ന ശബരിമല സംരക്ഷണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിൽ എന്തുചെയ്യണമെന്ന് സർക്കാർ ആലോചിക്കുന്നത് എന്തിനാണ്. ശബരിമലയിലെ തിക്കും തിരക്കും നിയന്ത്രിക്കുന്നതിനെ കുറിച്ചും അവിടുത്തെ ആചാരാനുഷ്ഠാനങ്ങളെ കുറിച്ചും തീരുമാനമെടുക്കുന്നത് അവരാണോ. അത് അവരല്ലെന്നും മറിച്ച് ജനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമലയെ സംബന്ധിച്ച് അവസാനവാക്ക് ഭക്തരുടേതാണ്. മത ഇതര കാര്യങ്ങളെ കുറിച്ച് ചിന്തിക്കാനും തീരുമാനങ്ങൾ കൈക്കൊള്ളാനുമാണ് ജനപ്രതിനിധികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലക്കാട്: ബാഗ് വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബാഗ് വിവാദം എൽഡിഎഫിന് വോട്ട് ആകുമെന്ന് അദ്ദേഹം പറഞ്ഞു. ബാഗ് വിഷയം ഉപേക്ഷിക്കേണ്ടതല്ലെന്നും അടഞ്ഞ അധ്യായമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബാഗ് വിഷയത്തിൽ താൻ പറഞ്ഞതാണ് പാർട്ടി നിലപാട്. അതല്ലാത്ത ഒരു അഭിപ്രായ പ്രകടനവും പാർട്ടിയുടേതല്ല. ട്രോളി ബാഗ് വിഷയം ഉപേക്ഷിക്കേണ്ട വിഷയമല്ല. ശരിയായി അന്വേഷിക്കേണ്ട വിഷയം തന്നെയാണ്. നീല ബാഗും ചുവന്ന ബാഗും എല്ലാം കുഴൽ പണ വിഷയവുമായി ബന്ധപ്പെട്ടതാണ്. അത് ചർച്ച ചെയ്യേണ്ടതാണ്. പെട്ടി വിഷയം അടഞ്ഞ അധ്യായമേ അല്ല. അത് മണ്ഡലത്തിലെ പ്രധാന വിഷയമാണ്. ചർച്ച ചെയ്യണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് കള്ളപ്പണമെത്തിച്ചെന്ന സിപിഎമ്മിന്റെ പരാതിയിൽ കേസെടുത്തില്ലെന്ന് പാലക്കാട് എസ്പി ആനന്ദ് പറഞ്ഞു. സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പ്രാഥമിക പരിശോധന നടത്തുന്നുണ്ട്. പരിശോധനയ്ക്ക് ശേഷം കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് എസ്പി വ്യക്തമാക്കി.