Politics (Page 3)

ന്യൂഡൽഹി: പാലക്കാട് തോൽവിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രാജിവക്കണമെന്ന ആവശ്യം തള്ളി ബിജെപി ദേശീയ നേതൃത്വം. ആരും രാജിവെക്കുന്നില്ലെന്നും ആരോടും പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവദേക്കർ അറിയിച്ചു. സാമൂഹ്യ മാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇപ്പോഴത്തെ പ്രശ്‌നം പരിഹരിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

എൽഡിഎഫും യുഡിഎഫും കുപ്രചരണം നടത്തുകയാണ്. കേരളത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി മികച്ച പോരാട്ടം നടത്തുകയും മഹാരാഷ്ട്രയിൽ വൻ ജനവിധി നേടുകയും ചെയ്തു. 2026ൽ പാലക്കാടും മറ്റ് നിരവധി നിയമസഭാ സീറ്റുകളും ബിജെപി നേടും. കേരള രാഷ്ട്രീയത്തിൽ മാറ്റമുണ്ടാക്കാൻ ബിജെപി ഇവിടെയുണ്ട്. ജനങ്ങൾ ബിജെപിയെ ഉറ്റുനോക്കുന്നു. മിസ്ഡ് കോളും മുഴുവൻ വിവരങ്ങളും നൽകി 15,00,000 വോട്ടർമാർ ബിജെപിയിൽ സ്വമേധയാ അംഗങ്ങളായി. ബിജെപിയുടെ അംഗത്വ യജ്ഞം ശക്തമായി തുടരും. 8800002024 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ നൽകി ആർക്കും ബിജെപിയിൽ അംഗമാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാണക്കാട് തങ്ങളെ വിമർശിച്ചത് രാഷ്ട്രീയ വിമർശനമാണെന്നും മറ്റൊന്നും അല്ലെന്നും പിണറായി പറഞ്ഞു. കോഴിക്കോട് സൗത്ത് സിപിഎം ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

സ്വാതന്ത്ര സമരത്തെ തള്ളിപറഞ്ഞ ആർഎസ്എസ് നേതാക്കളെ ഇപ്പോൾ മഹത്വവത്കരിക്കാൻ ശ്രമിക്കുന്നു. ഒരു ദിവസത്തെ തോന്നൽ കൊണ്ട് ഉണ്ടാക്കിയത് അല്ല, ഭരണഘടന. അതിനെ തകർക്കാനാണ് ആർഎസ്എസ് ശ്രമം. കോൺഗ്രസ് ശക്തി കേന്ദ്രങ്ങൾ എല്ലാം പതിയെ ബിജെപി ശക്തി കേന്ദ്രങ്ങൾ ആയി മാറുന്നു. വർഗീയതയോട് വിട്ടുവീഴ്ച ചെയ്യുന്നത് കൊണ്ടാണ് ഈ മാറ്റം. ബാബരി മസ്ജിദ് തകർക്കുമ്പോൾ എല്ലാ സഹകരണവും ചെയ്തു കൊടുത്തത് കോൺഗ്രസ് ആണ്. അന്ന് കേരളത്തിൽ മന്ത്രിസഭയിൽ കോൺഗ്രസിന് ഒപ്പം ആയിരുന്നു ലീഗ്. കോൺഗ്രസ് നിലപാടിനോട് എതിർപ്പ് വേണം എന്നും ലീഗിൽ അഭിപ്രായം ഉണ്ടായി. എന്നിട്ടും ലീഗ് എതിർത്തില്ല. കേരളത്തിലെ മന്ത്രി സഭയിലെ സ്ഥാനം പോകുമോ എന്ന് ലീഗ് പേടിച്ചു. അന്ന് ഒറ്റപ്പാലം ഉപതെരഞ്ഞെടുപ്പ് ഉണ്ടായി. പാണക്കാട് തങ്ങൾ ഒറ്റപ്പാലത്തു പോയി. പക്ഷേ തങ്ങളെ കാണാൻ ആരും പോയില്ല. അധികാരം നിലനിർത്താൻ ചെയ്യാൻ പറ്റാത്ത പലതും ചെയ്യുന്ന രൂപത്തിൽ ലീഗ് മാറിയെന്നും പിണറായി പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും ലീഗ് ചേർത്ത് നിർത്തുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

തൃശൂർ: ചേലക്കര തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോൺഗ്രസിൽ ഭിന്നത. പാലക്കാടിനേക്കാൾ മെച്ചപ്പെട്ട പ്രചാരണം നടത്തിയിട്ടും ചേലക്കരയിൽ തോറ്റത് സംഘടനാ ദൗർബല്യം കൊണ്ടാണെന്ന് കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ചേലക്കരയിലുണ്ടായ തോൽവി പരിശോധിക്കുമെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം.

ചേലക്കരയിലെ പരാജയവും വയനാട്, പാലക്കാട് വിജയങ്ങളും പരിശോധിക്കും. നേതൃത്വമാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. നേതൃത്വത്തിനും അതുകൊണ്ട് ഉത്തരവാദിത്തമുണ്ട്. രമ്യ ഹരിദാസ് അവിടെ എംപിയായിരുന്ന ആളാണ്. രമ്യ ജയിക്കുമെന്നായിരുന്നു കരുതിയത്. ചേലക്കരയിൽ തന്റെ കണക്ക് തെറ്റിയെന്നും എന്നാൽ പ്രചാരണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

മൂന്ന് മാസം മുമ്പ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജനം കൈയ്യൊഴിഞ്ഞ സ്ഥാനാർഥിയെ വീണ്ടും അതേ ജനത്തിന്റെ തലയിൽ കെട്ടിവെയ്ക്കാൻ നോക്കിയതിന് കിട്ടിയ തിരിച്ചടിയാണ് ഈ പരാജയമെന്നാണ് കോൺഗ്രസിന്റെ പ്രാദേശിക നേതാക്കൾ വ്യക്തമാക്കുന്നത്.

ഉത്തരവാദിത്തം പൂർണമായും സംസ്ഥാന, ദേശീയ നേതൃത്വത്തിന് തന്നെയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ജില്ലയിലെ സംഘടനാ ദൗർബല്യം തിരിച്ചടിയായെന്നാണ് കെപിസിസി ഉപാധ്യക്ഷൻ ആരോപിക്കുന്നത്.

കൽപ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി നേരിട്ട പരാജയത്തിൽ ഇടത് ക്യാമ്പിൽ പൊട്ടിത്തെറി. വയനാട്ടിലെ സിപിഐ നേതൃത്വം കടുത്ത അതൃപ്തിയിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മറ്റു പ്രവർത്തനങ്ങളിലും വലിയ പാളിച്ചയുണ്ടായെന്നാണ് സിപിഐയുടെ വിലയിരുത്തൽ.

പ്രചാരണ റാലികളിലും പ്രവർത്തനത്തിലും സിപിഎം നേതാക്കളുടെ സാന്നിധ്യം കുറഞ്ഞു. പതിനായിരം പേരെങ്കിലും പങ്കെടുക്കേണ്ട മുഖ്യമന്ത്രിയുടെ റാലിയിൽ പോലും പങ്കെടുത്തത് പകുതിയിൽ താഴെ ആളുകളാണെന്നാണ് സിപിഐ വ്യക്തമാക്കുന്നത്. സിപിഎം നേതാക്കളും കാര്യമായി സത്യൻ മൊകേരിക്ക് വേണ്ടി പ്രചാരണത്തിന് എത്തിയില്ല. ഗൃഹസമ്പർക്കവും പോളിംഗ് ദിനത്തിലെ ഏകോപനവും മോശമായെന്നും വിലയിരുത്തലുണ്ട്.

സത്യൻ മൊകേരിയുടെ സ്വീകരണ പരിപാടിയും നാമനിർദ്ദേശ പത്രിക സമർപ്പണവും നിറംമങ്ങിയെന്നും സിപിഐ വിലയിരുത്തുന്നത്. സിപിഐ സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് സിപിഎം കാര്യമായ പ്രധാന്യം നൽകിയില്ലെന്ന വിമർശനവും സിപിഐ മുന്നോട്ടുവെയ്ക്കുന്നു.

തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം സമരസമിതിയുമായി ഓൺലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നൽകിയത്.

ഭൂപ്രശ്നത്തിന് ശാശ്വതമായി പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രേഖകൾ ഉള്ള ഒരാളെ പോലും കുടിയൊഴിപ്പിക്കില്ലെന്നും മുഖ്യമന്ത്രി അസന്നിഗ്ദ്ധമായി വ്യക്തമാക്കി. ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമ്മീഷനായി നിയോഗിക്കാൻ തീരുമാനിച്ച വിവരം മുഖ്യമന്ത്രി സമര സമിതിയെ അറിയിച്ചു. നോട്ടീസടക്കമുള്ള നടപടികളൊന്നും നടത്തരുതെന്ന് വഖഫ് ബോർഡിനോട് സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്, ഇക്കാര്യം ബോർഡ് അംഗീകരിച്ചിട്ടുണ്ട്.

ഭൂമിയിലെ താമസക്കാരുടെ ഭാഗവും ആവലാതികളും കമ്മീഷൻ മുമ്പാകെ കൃത്യമായി ബോധിപ്പിക്കാനുള്ള അവസരമുണ്ടാകും. കോടതിയിലുള്ള കേസിൽ സർക്കാർ നിലപാട് അറിയിക്കും. നിലവിലെ താമസക്കാരുടെ അവകാശങ്ങൾ എന്തു വില കൊടുത്തും സംരക്ഷിക്കണമെന്ന നിലപാടാണ് സർക്കാരിനുള്ളത്. ഹൈക്കോടതി മുമ്പാകെ ഈ വിഷയത്തിൽ നിലവിലുള്ള കേസുകളിൽ താമസക്കാർക്ക് അനുകൂലമായി സർക്കാർ കക്ഷി ചേരുന്നതാണ്. നികുതി അടയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിലവിലെ ഹൈക്കോടതി സ്റ്റേ നീക്കിക്കിട്ടാനുള്ള സാധ്യമായ നടപടികളും സർക്കാർ സ്വീകരിക്കുന്നതാണ്. ജനങ്ങളുടെ ആശങ്കകൾ കോടതിയെ ബോധ്യപ്പെടുത്താൻ പരിശ്രമിക്കും. കമ്മീഷന്റെ പ്രവർത്തനം വേഗത്തിലാക്കാൻ താമസക്കാരുടെ പൂർണ്ണ സഹകരണം ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

ചർച്ചയിൽ റവന്യു മന്ത്രി കെ. രാജൻ, നിയമ മന്ത്രി പി. രാജീവ്, വഖഫ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് എന്നിവരും വൈപ്പിൻ എം എൽ എ കെ. എൻ ഉണ്ണികൃഷ്ണൻ, വരാപ്പുഴ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ, കോട്ടപുറം ബിഷപ്പ് ആംബ്രോസ് പുത്തൻവീട്ടിൽ, മുനമ്പം സമരസമിതി ചെയർമാൻ ജോസഫ് സെബാസ്റ്റ്യൻ, കൺവീനർ ബെന്നി, മുരുകൻ (എസ്. എൻ. ഡി. പി), പി.ജെ ജോസഫ് പ്രദേശവാസി) എന്നിവരും പങ്കെടുത്തു.

പാലക്കാട്: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാലക്കാട് നഗരത്തിൽ നടത്തിയ റോഡ്‌ഷോയ്ക്കിടെ കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥ് കുഴഞ്ഞുവീണു. രാഹുൽ മാങ്കൂട്ടത്തിൽ, വി കെ ശ്രീകണ്ഠൻ എംപി, സന്ദീപ് വാര്യർ, പികെ ഫിറോസ്, ഷാഫി പറമ്പിൽ തുടങ്ങിയവർക്കൊപ്പം തുറന്ന ജീപ്പിൽ കയറി പ്രവർത്തകർക്കൊപ്പം വിജയം ആഘോഷിക്കുന്നതിനിടെയാണ് പി സി വിഷ്ണുനാഥിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ഉടൻ തന്നെ പിസി വിഷ്ണുനാഥിനെ പ്രവർത്തകരിലൊരാളുടെ വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന പിസി വിഷ്ണുനാഥിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് നേതാക്കൾ അറിയിച്ചു. ഭക്ഷണം കഴിക്കാത്തതിനെ തുടർന്നും കനത്ത ചൂടുകൊണ്ടും അവശനായി കുഴഞ്ഞുവീഴുകയായിരുന്നുവെന്നും മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്നുമാണ് നേതാക്കൾ അറിയിക്കുന്നത്.

ന്യൂഡൽഹി: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തിന്റെ വിജയം നേടിയതിന് പിന്നാലെ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി. വയനാട്ടിലെ വോട്ടർമാർക്ക് പ്രിയങ്ക നന്ദി പറഞ്ഞു. തന്നിലർപ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദിയുണ്ടെന്നും ഈ വിജയം നിങ്ങൾ ഓരോരുത്തരുടേതുമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രിയങ്കാഗാന്ധിയുടെ പ്രതികരണം.

വയനാട്ടിലെ പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയുടെ കുറിപ്പ് ആരംഭിക്കുന്നത്. നിങ്ങൾ ഓരോരുത്തരും എന്നിൽ അർപ്പിച്ച വിശ്വാസത്തിൽ അതീയായ സന്തോഷമുണ്ട്. വരും നാളുകളിൽ ഈ വിജയം നിങ്ങൾ ഓരോരുത്തരുടേതുമാണെന്ന് താൻ തെളിയിക്കും. നിങ്ങളുടെ സ്വപ്നങ്ങളും പോരാട്ടങ്ങളും മനസിലാക്കുന്ന ഒരാളെയാണ് നിങ്ങൾ തെരഞ്ഞെടുത്തതെന്നും ഉറപ്പുവരുത്തും.

പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകുമെന്നും പ്രിയങ്ക ഗാന്ധി കുറിപ്പിൽ പറഞ്ഞു. തനിക്ക് നൽകിയ അകമഴിഞ്ഞ പിന്തുണയ്ക്കും സ്‌നേഹത്തിനും ഒരുപാട് നന്ദിയുണ്ടെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. റെക്കോർഡ് ഭൂരിപക്ഷത്തിലാണ് രാഹുലിന്റെ വിജയം. 18198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയമുറപ്പിച്ചത്. ഷാഫി പറമ്പിൽ നേടിയതിനേക്കാൾ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്റെ വിജയം. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മണ്ഡലത്തിൽ ബിജെപി രണ്ടാം സ്ഥാനത്തും എൽഡിഎഫ് മൂന്നാം സ്ഥാനത്തുമാണ്.

ബിജെപി കോട്ടകൾ പൊളിച്ചടുക്കിയാണ് രാഹുൽ മണ്ഡലത്തിൽ വിജയിച്ചത്. ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പും വലിയ പ്രതീക്ഷയാണ് രാഹുൽ പ്രകടിപ്പിച്ചത്. ഭൂരിപക്ഷം പറഞ്ഞില്ലെങ്കിലും വിജയിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

രാഹുലിന്റെ ലീഡ് കുത്തനെ ഉയർന്നത് പിരായിരി പഞ്ചായത്തിൽ വോട്ടെണ്ണിയപ്പോളാണ്. ഇവിടെ മാത്രം 6775 വോട്ട് നേടിയ രാഹുൽ കൃഷ്ണകുമാറിനെക്കാൾ 4124 വോട്ടുകളുടെ മുൻതൂക്കവും പിരായിരിയിൽ നേടി.

കൽപ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പ്രിയങ്കാ ഗാന്ധിയുടെ ലീഡ് മൂന്ന് ലക്ഷം കടന്നു. 357580 ലീഡുകൾക്ക് പ്രിയങ്കാ ഗാന്ധി കുതിക്കുന്നത്. ഇതുവരെ എണ്ണിയ എല്ലാ റൗണ്ടിലും പ്രിയങ്ക ഗാന്ധിയ്ക്ക് രാഹുൽ ഗാന്ധിയ്ക്ക് കിട്ടിയതിനേക്കാൾ ലീഡാണുള്ളത്.

രാഹുലിന്റെ ഭൂരിപക്ഷം പ്രിയങ്കയ്ക്ക് നിലനിർത്താനാവുമോ എന്ന് യുഡിഎഫിന് ആശങ്കയുണ്ടായിരുന്നു. എന്നാൽ ഫലം പുറത്തുവരുമ്പോൾ ഇത്തരം ആശങ്കകളെ ഇല്ലാതാക്കുകയാണ് പ്രിയങ്കയുടെ ഭൂരിപക്ഷം. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി രണ്ടാം സ്ഥാനത്തും ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്തുമാണ്.

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വലിയ ലീഡുമായി രാഹുൽ മാങ്കൂട്ടത്തിൽ. ബിജെപി കോട്ടകൾ പൊളിച്ചടുക്കിയാണ് രാഹുലിന്റെ മുന്നേറ്റം. ബിജെപിയുടെ സി കൃൃഷ്ണകുമാറിനെയും കോൺഗ്രസ് പാളയം വിട്ട് ഇടത് സ്ഥാനാർഥിയായ പി സരിനെയും നിഷ്പ്രഭനാക്കി രാഹുൽ കുതിപ്പ് തുടരുകയാണ്.

പാലക്കാട് ബിജെപി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്പോൾ ബിജെപി മുന്നിലായിരുന്നു. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. കോൺഗ്രസിലേക്കാണ് ബി ജെ പി വോട്ടുകൾ ചോർന്നത്. പിരായിരി പഞ്ചായത്തിൽ വോട്ടെണ്ണിയപ്പോളാണ് രാഹുലിന്റെ ലീഡ് കുത്തനെ ഉയർന്നത്. ഇവിടെ മാത്രം 6775 വോട്ട് നേടാൻ രാഹുലിന് കഴിഞ്ഞു.

രാഹുലിന്റെ വിജയം ഉറപ്പായ സാഹചര്യത്തിൽ യുഡിഎഫ് പ്രവർത്തകർ ആഘോഷം ആരംഭിച്ചിട്ടുണ്ട്.