Politics (Page 14)

കോഴിക്കോട്: എസ്എഫ്‌ഐയെ വിമർശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് നേരെ ഭീഷണിയുമായി സിപിഎം പ്രവർത്തകൻ. രഞ്ജിഷ് ടിപി കല്ലാച്ചി എന്ന സിപിഎം പ്രവർത്തകനാണ് ബിനോയ് വിശ്വത്തിന് നേരെ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഭീഷണി. ബിനോയ് വിശ്വം നേരത്തെ നാദാപുരം എംഎൽഎയായിരുന്നു.

നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ ബിനോയ് വിശ്വം എസ്എഫ്‌ഐക്ക് ക്ലാസെടുക്കാൻ വരരുതെന്നാണ് സിപിഎം പ്രവർത്തകനായ രഞ്ജിഷ് പറയുന്നത്. ഇനിയും ആവർത്തിച്ചാൽ എസ്എഫ്‌ഐ ആയിരിക്കില്ല കണക്ക് ചോദിക്കുന്നതെന്നും അത് ഓർമ്മിക്കണമെന്നും രഞ്ജിഷ് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

കണ്ണൂരിൽ നിന്നും കേൾക്കുന്ന വാർത്തകൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ബന്ധുക്കളെ ആകെ വേദനിപ്പിക്കുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തെ പറഞ്ഞിരുന്നു. കയ്യൂരിന്റെയും കരിവെള്ളൂരിന്റെയും തില്ലങ്കേരിയുടെയും പാരമ്പര്യമുള്ള മണ്ണാണത്. അവിടെ നിന്ന് സ്വർണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴി ഞ്ഞാട്ടത്തിന്റെയും കഥകൾ പുറത്തു വരുന്നത് ചെങ്കൊടിക്ക് അപമാനമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സമൂഹ മാധ്യമങ്ങളിൽ ഇടതുപക്ഷത്തിന്റെ രക്ഷക വേഷം കെട്ടുന്നവർ അധോലോകത്തിന്റെ കാര്യസ്ഥരാണെന്ന അറിവ് ഇടതുപക്ഷത്തിന്റെ ബന്ധുക്കൾക്ക് പൊറുക്കാവുന്നതല്ല. പ്രസ്ഥാനത്തിനേറ്റ തിരിച്ചടികളിൽ ഇത്തരക്കാരുടെ പങ്കും ചെറുതല്ല. ഇടതുപക്ഷം അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ മറന്നുവോയെന്ന് ചിന്തിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത് ഈ കൂട്ടരാണ്. അവരിൽ നിന്ന് ബോധപൂർവം അകൽച്ച പാലിച്ചുകൊണ്ടേ ഇടതുപക്ഷത്തിന് ജനവിശ്വാസം വീണ്ടെടുത്ത് മുന്നേറാൻ ആകൂ. പ്രസ്ഥാനത്തിൽ വിശ്വാസം അർപ്പിച്ച ലക്ഷോപലക്ഷം ജനങ്ങളോട് നീതികാണിക്കാൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കടമയുണ്ട്. അവരുടെ കൂറും വിശ്വാസവും ആണ് കമ്മ്യൂണിസ്റ്റുകാർക്ക് വലുത്. ചീത്തപ്പണത്തിന്റെ ആജ്ഞാനുവർത്തികളായി മാറി അധോലോകത്തെ പിൻപറ്റുന്നവർ ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്നവരാണ്. അവർക്ക് മാപ്പില്ലായെന്ന് പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളുടെ വിചാര വികാരങ്ങളെയും വിശ്വാസങ്ങളെയും സിപിഐ എന്നും മാനിക്കുമെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: തുടർച്ചയായി നടക്കുന്ന നുണപ്രചാരണങ്ങളിൽ നിയമനടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നെഗറ്റീവ് പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിന്റെ ലക്ഷ്യമെന്താണെന്ന് ജനങ്ങൾക്കറിയാമെന്ന് അദ്ദേഹം വ്യക്തമാക്കി. മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്നാൽ ഇങ്ങനെ വലിച്ചിഴയ്ക്കുന്ന വിഷയങ്ങളിൽ വസ്തുതയില്ലെന്ന് ബോധ്യമായിട്ടും നുണപ്രചാരകർ തിരുത്താൻ തയ്യാറാകുന്നില്ല. ഇതു തുടർന്നു കൊണ്ടേയിരിക്കുകയാണ്. ഈ രീതി അന്യായമാണ്. അടുത്ത കാലത്തുണ്ടാകുന്ന ആരോപണങ്ങൾ ഒരു കാര്യവുമില്ലാതെ വ്യക്തിപരമായി അക്രമിക്കുന്നതാണ്. എന്നാൽ പിന്നീട് ആ വിഷയങ്ങൾ എവിടെയും എത്തിയിട്ടില്ലെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

ചെന്നൈ: അടുത്ത രണ്ട് വർഷം തമിഴ്‌നാട്ടിൽ ബിജെപിക്ക് നിർണായകമാണെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും തമിഴ്നാട്ടിൽ ഒരു രാഷ്ട്രീയ പുനഃക്രമീകരണം സംഭവിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ വനഗരത്ത് പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും നന്ദി പ്രകടന പൊതുയോഗങ്ങൾ സംഘടിപ്പിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ അദ്ദേഹം പാർട്ടി ഭാരവാഹികൾക്ക് നിർദേശം നൽകി. 2026ൽ സംസ്ഥാനത്ത് ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ യുവാക്കൾ താഴെത്തട്ടിലേക്ക് പോകണമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഡിഎംകെ സർക്കാർ സാധാരണക്കാരന്റെ ജീവന് ഉറപ്പില്ലാത്തതുപോലെയാണ് പ്രവർത്തിക്കുന്നത്. ഇത്രയും അക്രമാസക്തമായ ഒരു സംസ്ഥാനം മുമ്പ് തമിഴ്നാട് കണ്ടിട്ടില്ല. ഡിഎംകെ സർക്കാരിന്റെ കീഴിൽ കഴിഞ്ഞ മൂന്ന് വർഷമായി ഇത് തുടരുകയാണ്. ഡിഎംകെ സർക്കാർ സാധാരണക്കാരന്റെ ശബ്ദം അടിച്ചമർത്തുമ്പോൾ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ തിന്മയുടെ ഭരണം അട്ടിമറിക്കപ്പെടുന്നതുവരെ ബിജെപിയുടെ ശബ്ദം സാധാരണക്കാരന്റെ ശബ്ദമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ജനങ്ങളിൽ നിന്ന് പാർട്ടിയെയും നേതാക്കളെയും അകറ്റുന്ന എല്ലാ ശൈലികളും മാറ്റുമെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കെയാണ് അദ്ദേഹത്തിന്റെ പരാമർശം. ലോക്‌സഭ തെരഞ്ഞെടുപ്പ് അവലോകനത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി ഇന്ത്യയിലെ ആകെ സാഹചര്യം വിലയിരുത്തിയെന്നും അദ്ദേഹം അറിയിച്ചു.

നാല് മേഖലാ യോഗങ്ങളും കഴിഞ്ഞു. വിവിധ തലങ്ങളിലെ നേതാക്കൾക്കും പാർട്ടി മെമ്പർമാർക്കും റിപ്പോർട്ട് നൽകിയിട്ടുണ്ട്. സംസ്ഥാന സമിതി റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി തള്ളിയെന്ന വാർത്ത വാസ്തവമില്ലാത്തതാണ്. തെറ്റായ പ്രചാരണ വേല ജനങ്ങൾ തള്ളും. ഇപി ജയരാജന്റെ പേര് പറഞ്ഞ് യോഗത്തിൽ വിമർശനമുണ്ടായെന്ന പരാമർശവും തെറ്റാണ്. ഇതിനെതിരെ ജയരാജൻ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. ജയരാജൻ ചർച്ചയിൽ പോലും പങ്കെടുത്തിരുന്നില്ല എന്ന് യെച്ചൂരി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ തന്നെയാണ് സിസി റിപ്പോർട്ടിലുള്ളത്. സിപിഎമ്മിൽ തർക്കവും ബഹളവുമാണെന്ന് വരുത്തി തീർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ട്. ഇത് ജനം തള്ളിക്കളയുമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന് തെറ്റു തിരുത്താൻ ഒരവസരം കൂടി നൽകാൻ തീരുമാനിച്ച് സിപിഎം ജില്ലാകമ്മിറ്റി യോഗം. ഭരണത്തിലെ വീഴ്ചകൾ അധികാരം നഷ്ടപ്പെടാൻ ഇടയാക്കുമെന്നും മേയർ സ്ഥാനത്ത് നിന്ന് മാറ്റിയാൽ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നും വിലയിരുത്തലുണ്ടായ സാഹചര്യത്തിലാണ് ആര്യാ രാജേന്ദ്രന് അന്ത്യശാസനം നൽകാൻ തീരുമാനിച്ചത്.

മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതാണെന്നും അത് പൊതു ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്ന വിമർശനം യോഗത്തിൽ ശക്തമായിരുന്നു. കെ.എസ്ആർ.ടി.സി ഡ്രൈവറുമായുള്ള തർക്കത്തിൽ മേയറും കുടുംബവും നടുറോഡിൽ കാണിച്ചു കൂട്ടിയത് ഗുണ്ടായിസമാണെന്നായിരുന്ന വിമർശനം. ബസിലെ മെമ്മറി കാർഡ് കിട്ടാതിരുന്നത് ഭാഗ്യമായെന്നും ചില അംഗങ്ങൾ അഭിപ്രായപ്പെട്ടു.

മെമ്മറി കാർഡ് കിട്ടിയിരുന്നെങ്കിൽ സച്ചിൻ ദേവിന്റെ പ്രകോപനം ജനങ്ങൾ കാണുമായിരുന്നു. രണ്ടുപേരും പക്വത കാണിച്ചില്ല. മോശമായ കോർപറേഷൻ ഭരണം എതിരാളികൾക്കു ഗുണകരമായി. ധാർഷ്ട്യം കാണിക്കുന്ന വലിയ നേതാക്കളെ അനുകരിക്കുന്ന മേയറായി ആര്യ രാജേന്ദ്രൻ മാറിയെന്നും ജില്ലാകമ്മിറ്റിയിൽ അഭിപ്രായമുയർന്നു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണം ഉന്നയിച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കരമന ഹരിയോട് വിശദീകരണം തേടി സിപിഎം. തലസ്ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനം എന്നായിരുന്നു ജില്ലാ കമ്മിറ്റി യോഗത്തിൽ ഹരി നടത്തിയ പരാമർശം. തുടർന്ന് മുതലാളി ആരെന്ന് പറയണമെന്ന് യോഗത്തിൽ എം സ്വരാജ് ആവശ്യപ്പെട്ടു. എന്നാൽ, ഈ പേര് പറയാൻ ഹരി തയ്യാറാകാത്തതിനെ തുടർന്നാണ് പാർട്ടിയുടെ നടപടി.

കരമന ഹരിയുടെ പരാമർശം പരിശോധിക്കുമെന്നാണ് എം സ്വരാജ് അറിയിച്ചിരിക്കുന്നത്. ഇന്നലെ നടന്ന കമ്മിറ്റിയിൽ ഹരി പങ്കെടുത്തിരുന്നില്ല. അതേസമയം, മാസപ്പടി ആക്ഷേപത്തിൽ മൗനം പാലിച്ചത് ശരിയായില്ലെന്നും മുഖ്യമന്ത്രിക്കെതിരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നിട്ടുണ്ട്. നഗരസഭയ്‌ക്കെതിരെയും മേയർ ആര്യ രാജേന്ദ്രനെതിരെയും ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉണ്ടായി.

കോട്ടയം: തൃശൂർ, ആലത്തൂർ ലോക്‌സഭാ മണ്ഡലങ്ങളിലെ തോൽവി പഠിക്കാൻ കെപിസിസി നിയോഗിച്ചിരിക്കുന്ന അന്വേഷണ സമിതി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. തൃശൂർ മണ്ഡലത്തിലെ മൊഴിയെടുപ്പ് അന്വേഷണ സമിതി പൂർത്തിയാക്കി. അവസാന നിമിഷത്തിലെ സ്ഥാനാർഥി മാറ്റം തിരിച്ചടിയായെന്നാണ് നേതാക്കൾ അന്വേഷണ സമിതി മുൻപാകെ തൃശൂരിലെ പ്രമുഖ നേതാക്കളെല്ലാം മൊഴി നൽകിയത്.

മുരളീധരന് സ്ഥാനാർഥി എന്ന നിലയിൽ ഉയരാൻ കഴിഞ്ഞില്ലെന്ന് നേതാക്കൾ വ്യക്തമാക്കുന്നു. അതേസമയം, താൻ നിരപരാധിയാണെന്നും കെ മുരളീധരന്റെ വിജയത്തിനായി ആത്മാർഥമായാണ് പണിയെടുത്തതെന്നുമാണ് ടി എൻ പ്രതാപൻ അന്വേഷണ സമിതിയ്ക്കു മുൻപാകെ വെളിപ്പെടുത്തിയത്.

താനാകും സ്ഥാനാർഥിയെന്നു കരുതി പ്രചരണം അടക്കം ആരംഭിച്ചിരുന്നു. എന്നാൽ കെ മുരളീധരനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതെന്നും പ്രതാപൻ വിശദമാക്കി. പ്രാദേശിക തലത്തിലെ നേതാക്കളും പ്രവർത്തകരും അടക്കം 150 പേരെയാണ് അന്വേഷണ സമിതി കണ്ടത്.

താഴെത്തട്ടിൽ സംഘടനാ ദൗർബല്യങ്ങൾ ശക്തമാണെന്നും ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രവർത്തനങ്ങൾ തിരിച്ചടിയായെന്നും ചിലർമൊഴി നൽകിയിട്ടുണ്ട്. ജില്ലാതലത്തിലെ ഏകോപനമില്ലായ്മ വൻതോതിൽ പ്രവർത്തനങ്ങളെ ബാധിച്ചുവെന്നും ചിലർ വ്യക്തമാക്കി.

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന് ഇപ്പോഴേ ഒരുക്കം തുടങ്ങാൻ തീരുമാനിച്ച് ബിജെപി സംസ്ഥാന നേതൃയോഗം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്തിയ 60 നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് വിപുലമായ പ്രവർത്തനം നടത്താനും യോഗത്തിൽ തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി ബിജെപിയുടെ വിശാല നേതൃയോഗം ജൂലൈ 9ന് നടക്കും. തിരുവനന്തപുരത്ത് വെച്ചാണ് യോഗം ചേരുക. കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ പി നദ്ദ യോഗത്തിൽ പങ്കെടുക്കും.

അതേസമയം, സിപിഎമ്മിനും കോൺഗ്രസിനുമെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിലെ അന്വേഷണം പിണറായി വിജയനിലേക്ക് എത്തുമെന്നായപ്പോൾ സിപിഎമ്മും കോൺഗ്രസും ചേർന്ന് കേസ് ഒതുക്കിത്തീർക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കെ കെ രമ എംഎൽഎ ആയെങ്കിലും ചന്ദ്രശേഖരന് നീതി കിട്ടിയിട്ടില്ല. ചന്ദ്രശേഖരന്റെ വിധി മറ്റാർക്കും വരാതെ സംരക്ഷിക്കുമെന്ന് കോൺഗ്രസ് പറയുന്നത് തട്ടിപ്പാണ്. വെള്ളാപ്പള്ളി നടേശൻ അടക്കം സിപിഎം ഭീഷണി നേരിടുന്നവരെ സംരക്ഷിക്കുമെന്നും അവർക്കൊപ്പം നിൽക്കുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സിപിഎമ്മിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കണ്ണൂരിൽ നിന്ന് കേൾക്കുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പത്രക്കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അധോലോകത്തെ പിൻപറ്റുന്നവർ ഇടതുപക്ഷത്തിന്റെ ഒറ്റുകാരാണ്. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിക്ക് ഇത്തരക്കാരും കാരണമായി. കണ്ണൂരിൽ നിന്ന് കേൾക്കുന്ന വാർത്തകൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ബന്ധുക്കളെ ആകെ വേദനിപ്പിക്കുന്നതാണ്. കയ്യൂരിന്റെയും കരിവള്ളൂരിന്റെയും തില്ലങ്കേരിയുടെയും പാരമ്പര്യമുള്ള മണ്ണാണത്. അവിടെ നിന്ന് സ്വർണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകൾ പുറത്തു വരുന്നത് ചെങ്കൊടിക്ക് അപമാനമാണ്. സമൂഹ മാധ്യമങ്ങളിൽ ഇടതുപക്ഷത്തിന്റെ രക്ഷക വേഷം കെട്ടുന്നവർ അധോലോകത്തിന്റെ കാര്യസ്ഥരാണെന്ന അറിവ് ഇടതുപക്ഷത്തിന്റെ ബന്ധുക്കൾക്ക് പൊറുക്കാവുന്നതല്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

പ്രസ്ഥാനത്തിനേറ്റ തിരിച്ചടികളിൽ ഇത്തരക്കാരുടെ പങ്കും ചെറുതല്ല. ഇടതുപക്ഷം അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ മറന്നുവോയെന്ന് ചിന്തിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത് ഈ കൂട്ടരാണ്. അവരിൽ നിന്ന് ബോധപൂർവം അകൽച്ച പാലിച്ചുകൊണ്ടേ ഇടതുപക്ഷത്തിന് ജനവിശ്വാസം വീണ്ടെടുത്ത് മുന്നേറാൻ ആകൂ. ചീത്തപ്പണത്തിന്റെ ആജ്ഞാനുവർത്തികളായി മാറി, അധോലോകത്തെ പിൻപറ്റുന്നവർ ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്നവരാണ്. അവർക്ക് മാപ്പില്ലായെന്ന് പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളേയും നേതാക്കളേയും വേട്ടയാടുന്ന കേന്ദ്ര സർക്കാർ നിലപാടിന്റെ ഭാഗമാണ് കരുവന്നൂർ കേസിലെ ഇഡിയുടെ നീക്കമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേസിൽ സിപിഎമ്മിനെ പ്രതിയാക്കാനുള്ള ശ്രമം രാഷട്രീയപ്രേരിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേസിനെ രാഷട്രീയമായും നിയമപരമായും പാർട്ടി നേരിടും. ഇഡി നടപടിയെ കുറിച്ച് മാധ്യമങ്ങളിലൂടെയുള്ള അറിവേയുള്ളൂ. ഇഡി ഇതുവരെ പാർട്ടിയെ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ല. ലോക്കൽ കമ്മറ്റിയോ ബ്രാഞ്ച് കമ്മറ്റിയോ സ്‌ളം വാങ്ങിയാൽ അത് ജില്ല കമ്മറ്റിയുടെ പേരിലാണ് രജിസ്റ്റ് ചെയ്യുക. ഇത് പുതിയ സംഭവമല്ല. അതിന്റെ പേരിൽ പ്രതി ചേർക്കാനുള്ള നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം അറിയിച്ചു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിന്റേതുൾപ്പെടെ 29 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് കണ്ടുകെട്ടി. തൃശൂർ ജില്ലാ സെക്രട്ടറിയുടെ ഉടമസ്ഥയിലുളള സ്ഥലവും 60 ലക്ഷം രൂപയും ഇതിൽപ്പെടുന്നു. ബാങ്കിൽ നിന്ന് ലോണെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയതിൽ അധികവും. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന്റെ പേരിലുളള പൊറത്തുശേരി പാർട്ടി കമ്മിറ്റി ഓഫീസിനായുളള സ്ഥലവും കണ്ടുകെട്ടിയതിൽപ്പെടുന്നു.