Latest News (Page 93)

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് നടി കരീന കപൂർ. തന്റെ ബിരിയാണി പ്രേമത്തെ കുറിച്ചാണ് കരീന കപൂർ വാചാലയായത്. ഈ ബിരിയാണി പ്രേമം കുടുംബപരമായി കൈമാറി കിട്ടിയതാണെന്ന് കരീന വ്യക്തമാക്കി. ഡൽഹിയിൽ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു കരീനയുടെ പരാമർശം.

കപൂർ കുടുംബത്തിൽ തനിക്ക് മാത്രമല്ല എല്ലാവർക്കും ബിരിയാണിയോടു ഇഷ്ടമുണ്ടെന്ന് താരം വ്യക്തമാക്കി. ബുഖാര ഹോട്ടലിലെ ഭക്ഷണമാണ് ഡൽഹിയിൽ ഏറ്റവും ഇഷ്ടപ്പെടുന്നത്. ചാന്ദിനി ചോക്കിലെ ചെറിയ ഭക്ഷണശാലകൾ തനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. എന്നാൽ അങ്ങോട്ടേക്ക് പോകാൻ ഇപ്പോൾ കുറച്ചുനാളുകളായി സാധിക്കുന്നില്ലെന്നും താരം ചൂണ്ടിക്കാട്ടി.

ഡൽഹിയിലെ ആലൂ പറാത്തയും, ചോലെ ബട്ടൂരെയും എല്ലാം തന്റെ ഇഷ്ടവിഭവങ്ങളുടെ ലിസ്റ്റിൽ ഇടം പിടിച്ചവയാണെന്നും കരീന കപൂർ കൂട്ടിച്ചേർത്തു. കരീനയുടെ ബിരിയാണിപ്രിയത്തെ കുറിച്ച് ആരാധകർക്ക് നേരത്തെ തന്നെ അറിയാം. ചെറുപ്രായത്തിൽ മുതൽ താൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ഒന്നാണ് ബിരിയാണി എന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച മിക്ക ചിത്രങ്ങളിലും കരീന വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: വിദേശ പഠനം, തൊഴിൽ കുടിയേറ്റം എന്നിവയിൽ വ്യാപകമായ തട്ടിപ്പുകൾ തടയുന്നതിന് ദേശീയതലത്തിൽ സമഗ്ര നിയമനിർമാണം അനിവാര്യമെന്ന് നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിവിധ ഏജൻസികളുടെ കൺസൽറ്റേഷൻ യോഗം വിലയിരുത്തി. രാജ്യത്ത് അനധികൃത വിദേശ തൊഴിൽ റിക്രൂട്ട്മെന്റുകൾ, വീസാ തട്ടിപ്പ്, സ്റ്റുഡന്റ് വീസാ തട്ടിപ്പ്, വിസിറ്റ് വീസയിലെത്തിയുളള റിക്രൂട്ട്‌മെന്റ് എന്നിവ നിയന്ത്രിക്കുന്നതിലും ലൈസൻസിങ് ഏർപ്പെടുത്തുന്നതിലും നിലവിലെ എമിഗ്രേഷൻ ആക്ടിൽ (1983) പരിമിതികളുണ്ട്.

സംസ്ഥാനത്തു മാത്രം ലൈസൻസില്ലാത്ത 10,000 ത്തോളം റിക്രൂട്ട്മെന്റ് കൺസൽട്ടിങ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് തിരുവനന്തപുരം പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് സി. ശ്യാംചന്ദ് ചൂണ്ടിക്കാട്ടി. നിയമപരമായ പരിമിതികളിലാണ് എജ്യൂക്കേഷണൽ കൺസൾട്ടൻസികളുടെ മറവിൽ നടത്തുന്ന വിദേശ റിക്രൂട്ട്മെന്റുകൾക്കെതിരെ നടപടിയെടുക്കുന്നതിനും ലൈസൻസ് ഏർപ്പെടുത്തുന്നതിനും കഴിയാത്തത്. വ്യാജ റിക്രൂട്ട്മെന്റുകൾ സംബന്ധിച്ച നോർക്ക റൂട്ട്സിന്റെ ആശങ്കകൾ റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ യോഗത്തെ അറിയിച്ചു. സംസ്ഥാന തലത്തിൽ പ്രത്യേക നിയമനിർമാണം സാധ്യമാകുമോ എന്നതു നിയമവകുപ്പുമായി ആലോചിക്കാനും യോഗത്തിൽ തീരുമാനിച്ചു.

കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങൾ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ 8 പേർക്കെതിരെ കേസെടുത്ത് പോലീസ്. ഏഴ് ക്ഷേത്ര കമ്മറ്റി ഭാരവാഹികൾക്കും വെടിക്കെട്ട് നടത്തിയ രാജേഷ് എന്നയാൾക്കുമെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അലക്ഷ്യമായി സ്‌ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തതിനാണ് കേസ്. കമ്മറ്റി പ്രസിഡന്റും സെക്രട്ടറിയും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.

കളിയാട്ടത്തിനിടെ പടക്കശാലക്ക് തീപിടിച്ചാണ് അപകടമുണ്ടായത്. പടക്കം സൂക്ഷിച്ച കലവറയിൽ പടക്കം പൊട്ടിച്ചതിന്റെ തീപ്പൊരി വീണാണ് സ്‌ഫോടനം ഉണ്ടായത്. 154 പേർക്ക് അപകടത്തിൽ പരിക്കേറ്റു. 15 പേരുടെ പരിക്ക് ഗുരുതരമാണ്. 5 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

പൊട്ടിച്ച മലപ്പടക്കത്തിൽ നിന്നുള്ള തീപ്പൊരി അടുത്തുള്ള പടക്ക ശേഖരത്തിലേക്ക് വീണാണ് അപകടമുണ്ടായതെന്നാണ് പരിക്കേറ്റവർ പറയുന്നത്.

കൊച്ചി: ലോകപ്രശസ്ത കമ്പനിയായ HCLTech കേരളത്തിൽ അവരുടെ ആദ്യ യൂണിറ്റ് ആരംഭിച്ചു. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചി ഇൻഫോപാർക്കിൽ ആരംഭിച്ചിരിക്കുന്ന യൂണിറ്റിൽ നിന്ന് ലോകത്തിലെ തന്നെ പ്രമുഖ ഓട്ടോമൊബൈൽ, സെമികണ്ടക്ടർ, മെഡിക്കൽ മേഖലയിലെ കമ്പനികൾക്കും മറ്റ് വ്യവസായങ്ങൾക്കും ആവശ്യമായ എഞ്ചിനീയറിങ്ങ് സഹായങ്ങളും R&D സഹായങ്ങളും ലഭ്യമാക്കും.

60ലധികം രാജ്യങ്ങളിലായി 2,18,000 ജീവനക്കാരുള്ള കമ്പനി കേരളം മുന്നോട്ടുവെക്കുന്ന നൂതന വ്യവസായ മേഖലകളിലെല്ലാം സഹായം ലഭ്യമാക്കാൻ സാധിക്കുന്ന യൂണിറ്റാണെന്നത് സംസ്ഥാനത്തിന് ഗുണകരമായ കാര്യമാണ്. കൊച്ചിയിലേക്കുള്ള HCLTech ന്റെ കടന്നുവരവ് ടെക്‌നോളജി രംഗത്ത് കേരളത്തിന്റെ സാധ്യതകൾ ഒന്നുകൂടി അടിവരയിടുകയാണ്. കൊച്ചിയിൽ നിർലോഭം ലഭ്യമായിട്ടുള്ള മികച്ച മാനവവിഭവവും പശ്ചാത്തലസൗകര്യവുമാണ് കമ്പനി ഇവിടെ ആരംഭിക്കുന്നതിന് കാരണമായത് എന്ന കമ്പനിയുടെ കോർപ്പറേറ്റ് വൈസ് പ്രസിഡന്റും എഞ്ചിനീയറിങ്ങ് – R&D വിഭാഗം തലവനുമായ ഹരി സാദരഹള്ളിയുടെ വാക്കുകൾ കൂടുതൽ ലോകോത്തര കമ്പനികളുടെ ശ്രദ്ധയാകർഷിക്കുന്നതിന് സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെ നിരവധി മേഖലകളിൽ ഇടപെടുന്ന യൂണിറ്റ് സെമി കണ്ടക്ടർ ചിപ്പ് മേഖലയിലും ശ്രദ്ധേയമായ ഇടപെടൽ നടത്താൻ പ്രാപ്തമായ ഒന്നാണ്. അതുകൊണ്ടുതന്നെ കേരളത്തിൽ HCLTech നൊപ്പം കൂടുതൽ മികച്ച സഹകരണം ഭാവിയിൽ സാധ്യമാകുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ആധുനിക ചികിത്സാരീതി, ഉപകരണങ്ങൾ എന്നിവയുടെ ഗുണപരമായ മാറ്റത്തിലൂടെ എല്ലാവർക്കും ആരോഗ്യം ഉറപ്പുവരുത്തുന്നതിൽ കേരളം ഒന്നാം സ്ഥാനത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ പൊതുജനാരോഗ്യ മേഖലയുടെ മുഖച്ഛായ മാറ്റാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സർക്കാർ ആരംഭിച്ച ആർദ്രം മിഷൻ വഴി ആരോഗ്യ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആക്കി മാറ്റി. ഇത് അവസാന ഘട്ടത്തിലാണ്. താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജ് വരെ സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങൾ ഏർപ്പെടുത്തി വരികയാണെന്നും അദ്ദേഹം അറിയിച്ചു.

കോവിഡ് വ്യാപകമായപ്പോൾ അതിനെ അതിജീവിക്കുന്നതിനായി സംസ്ഥാനം നടത്തിയ പ്രവർത്തനം ലോകപ്രശംസ നേടി. ആർദ്രം രണ്ടാംഘട്ടത്തിന്റെ ഭാഗമായി ജീവിതശൈലി രോഗങ്ങൾ, മാനസികാരോഗ്യം, വയോജനാരോഗ്യം, പകർച്ചവ്യാധി നിയന്ത്രണം, രോഗനിവാരണം എന്നീ മേഖലകളിൽ ക്യാമ്പയിൻ നടക്കുന്നു. ജീവിതശൈലി രോഗങ്ങൾ തുടക്കത്തിൽ തന്നെ തിരിച്ചറിയാനായി തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ അവയുടെ രജിസ്ട്രി തയ്യാറാക്കുകയാണ്. സർക്കാർ ആശുപത്രികളിൽ ക്യാൻസർ ചികിത്സാ സൗകര്യം ഒരുക്കി സാധാരണക്കാരുടെ ചികിത്സാ ചെലവ് കുറയ്ക്കാൻ ശ്രമിച്ചുവരുന്നു. സർക്കാർ ലാബുകളെ പരസ്പരം ബന്ധപ്പെടുത്തി മികച്ച രോഗ നിർണയം സാധ്യമാക്കുന്നുണ്ട്. നഗരപ്രദേശത്ത് 102 കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നു. പുതുതായി 93 നഗരപ്രദേശങ്ങളിലായി 380 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഓരോ നിയോജക മണ്ഡലത്തിലും ആധുനിക സൗകര്യങ്ങളോടെ 10 കിടക്കകളുള്ള ഐസൊലേഷൻ വാർഡുകൾ പൂർത്തിയായി വരികയാണ്. കുടുംബാരോഗ്യ കേന്ദ്രങ്ങൾ ദിവസം മുഴുവൻ പ്രവർത്തിക്കുന്ന നിലയിലേക്ക് മാറ്റി. തുറവൂരിൽ പുതിയ ട്രോമാകെയർ, മാവേലിക്കര ആശുപത്രിയിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് തുടങ്ങി ആരോഗ്യ പരിചരണത്തിൽ ആലപ്പുഴ ജില്ലയ്ക്ക് വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പകർച്ചവ്യാധി നിയന്ത്രണത്തിന് രോഗനിർണയം പ്രധാനമാണ്. കേരളത്തിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ഒരു ലക്ഷം ചതുരശ്ര അടിയിൽ രണ്ട് കെട്ടിടങ്ങൾ ഇതിനോടകം പ്രവർത്തിക്കുന്നു. 14 അത്യാധുനിക നിലവാരമുള്ള ലാബും ഒരുക്കിയിട്ടുണ്ട്. ജനറൽ ആശുപത്രിയിൽ 117 കോടി രൂപയാണ് കിഫ്ബിയിൽ നിന്നും കെട്ടിട നിർമ്മാണത്തിനും മെഡിക്കൽ ഉപകരണങ്ങൾക്കും ഫർണിച്ചറുകൾക്കുമായി സർക്കാർ വകയിരുത്തിയത്. പുതിയ എംആർഐ സ്‌കാൻ, സിടി സ്‌കാൻ, മാമോഗ്രാം, ആധുനിക ഉപകരണങ്ങളോടെയുള്ള മെഡിക്കൽ ലാബ് തുടങ്ങിയതെല്ലാം സജ്ജമാക്കിയിട്ടുണ്ട്. രണ്ടു നിലകളിൽ ഐപി വാർഡുകളും പ്രവർത്തിക്കും. ആലപ്പുഴ നഗരസഭ അമൃത പദ്ധതിയിൽ ഉൾപ്പെടുത്തി സിവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റും നിർമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദീപാവലി ആഘോഷങ്ങളിൽ നിശബ്ദ മേഖലകളായ ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, തുടങ്ങിയവയുടെ 100 മീറ്റർ ചുറ്റളവിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കാൻ പാടില്ലെന്ന ഉത്തരവ് ഗവൺമെന്റ് പുറത്തിറക്കി. സുപ്രീം കോടതി ഉത്തരവും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശവും കണക്കിലെടുത്ത് ഹരിതപടക്കങ്ങൾ മാത്രമേ സംസ്ഥാനത്ത് വിൽക്കാനും ഉപയോഗിക്കാനും പാടുള്ളൂ എന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് നടപടി.

ദീപാവലി അഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നത് രാത്രി 8 മുതൽ 10 വരെയും ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളിൽ രാത്രി 11.55 മുതൽ പുലർച്ചെ 12.30 വരെയുമാക്കി നിയന്ത്രിച്ച് സംസ്ഥാന സർക്കാർ മുൻപ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശത്തിന്റെയും അടിസ്ഥാനത്തിലാണ് ഉത്തരവ്.

തിരുവനന്തപുരം: തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനസഹസ്രങ്ങൾ പങ്കാളികളായ തൃശൂർ പൂരം പാടെ കലങ്ങിപ്പോയി എന്ന മട്ടിലുള്ള അതിശയോക്തിപരമായ പ്രചാരണങ്ങളാണ് പ്രതിപക്ഷം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണത്തെ തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ഉണ്ടായി എന്നത് വസ്തുതയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പൂരത്തോട് അനുബന്ധിച്ചുള്ള ചെറുപൂരങ്ങളും എഴുന്നള്ളിപ്പുകളും ഇലഞ്ഞിത്തറമേളം, കുടമാറ്റം തുടങ്ങിയ മറ്റെല്ലാ പ്രധാനപ്പെട്ട ചടങ്ങുകളും കൃത്യമായി നടക്കുകയുണ്ടായി. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടുകൂടിയുള്ള എഴുന്നള്ളിപ്പുകൾ അവസാനിക്കുന്നതോടുകൂടിയാണ് വെടിക്കെട്ട് ആരംഭിക്കേണ്ടത്. വെടിക്കെട്ടിന്റെ മുന്നോടിയായി തൃശ്ശൂർ റൗണ്ടിൽ നിന്നും (സ്റ്റെറയിൽ സോൺ) ജനങ്ങളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടാണ് തടസ്സവാദങ്ങൾ ഉന്നയിക്കപ്പെട്ടത്. വെടിക്കെട്ട് നടത്തുമ്പോഴുണ്ടാകേണ്ട നിയമാനുസൃതമായ സുരക്ഷാ ക്രമീകരണങ്ങളോട് ചില എതിർപ്പുകളും അതിന്റെ ഭാഗമായി ദീപാലങ്കാരങ്ങൾ ഓഫ് ചെയ്യുന്നതുൾപ്പെടെയുള്ള ചില നടപടികളും ഉണ്ടായിട്ടുണ്ട്. പുലർച്ചെ മൂന്നുമണിയോടുകൂടി നടക്കേണ്ട വെടിക്കെട്ട് രാവിലെയാണ് നടന്നത്. പിറ്റേന്ന് നടക്കേണ്ട സമാപന വെടിക്കെട്ടും വൈകി. ചില ആചാരങ്ങൾ ദേവസ്വങ്ങൾ ആ സമയത്ത് ചുരുക്കി നടത്തുകയാണ് ഉണ്ടായത്. സംഭവിച്ചതിന്റെയെല്ലാം കാരണങ്ങൾ അന്വേഷിച്ച് കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കവേ, പൂരം ആകെ അട്ടിമറിക്കപ്പെട്ടു എന്ന് സ്ഥാപിക്കാനുള്ള വ്യഗ്രത എന്തിനാണ് പ്രതിപക്ഷത്തിന് ഉണ്ടാവുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.

പൂരം അലങ്കോലപ്പെട്ടു എന്നല്ല, അലങ്കോലപ്പെടുത്താൻ ശ്രമങ്ങളുണ്ടായി എന്ന ഒരേ നിലപാടാണ് സർക്കാർ ഇക്കാര്യത്തിൽ എല്ലാ സമയത്തും സ്വീകരിച്ചിട്ടുള്ളത്. അന്വേഷണം സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിലും നിയമസഭയിലും ഇത് വ്യക്തമാക്കിയതാണ്. പൂരവും അതുപോലുള്ള ഉത്സവങ്ങളും വർഗീയ നേട്ടങ്ങൾക്കായി ഉപയോഗിക്കാനുള്ള താല്പര്യം സംഘപരിവാറിന്റേതാണ്. അത്തരം കുത്സിത നീക്കങ്ങൾ രാഷ്ട്രീയമായി തുറന്നു കാട്ടാനും തടയാനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനു പകരം സംഘപരിവാറിന്റെ അതേ ലക്ഷ്യത്തോടെ പൂരം കലങ്ങി എന്ന് സ്ഥാപിച്ച് നേട്ടം കൊയ്യാനുള്ള കുടില നീക്കമാണ് പ്രതിപക്ഷം നടത്തുന്നത്. അവ തുറന്നുകാട്ടുമ്പോൾ അസഹിഷ്ണുതയോടെ പൂരം കലങ്ങി എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് സംഘപരിവാറിന്റെ ബി ടീമായി കളിക്കുന്നത് കൊണ്ടാണ്. പൂരം കലക്കണം എന്നത് സംഘപരിവാറിന്റെ താല്പര്യം ആയിരുന്നു. കലങ്ങി എന്ന് സ്ഥാപിക്കാനുള്ളത് യുഡിഎഫിന്റെ താല്പര്യമായി മാറിയിരിക്കുന്നു. ഇതിന് രണ്ടിനോടും ഒപ്പം അല്ല പൂര പ്രേമികളും ജനങ്ങളാകെയും. ഉദ്യോഗസ്ഥതലത്തിൽ ആരെങ്കിലും കുറ്റം ചെയ്യുകയോ അനാസ്ഥ കാണിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് നിയമത്തിനു മുന്നിൽ കൊണ്ടുവരികയും അർഹമായ ശിക്ഷ നൽകുകയും ചെയ്യും എന്നതാണ് ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട്. പുരാഘോഷവുമായി ബന്ധപ്പെട്ട എല്ലാ ഇടപെടലുകളും പരിശോധിക്കപ്പെടും. വരും വർഷങ്ങളിൽ കുറ്റമുറ്റരീതിയിൽ പൂരം നടത്താനുള്ള ശ്രമങ്ങളാണ് സർക്കാരിന്റേതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പ്രേക്ഷരുടെ പ്രിയ താരമാണ് വിദ്യാ ബാലൻ. തനിക്ക് ഇഷ്ടപ്പെട്ട മലയാള താരങ്ങളെ കുറിച്ച് വിദ്യ ബാലൻ നടത്തിയ വെളിപ്പെടുത്തൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. നടൻ ഫഹദ് ഫാസിൽ ചെയ്യുന്ന വർക്കുകൾ തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് വിദ്യാ ബാലൻ പറയുന്നു. ഫഹദ് വളരെ അതിശയകരമായ സിനിമകളാണ് ചെയ്യുന്നത്. ഫഹദ് മാത്രമല്ല മലയാളത്തിൽ മികച്ച കുറേ ആളുകളുണ്ട്. ബേസിൽ ജോസഫ് അതിലൊരാളാണ്. അദ്ദേഹം ഒരേ സമയം, നടനും സംവിധായകനുമാണ്. ഒരു ആക്ടർ എന്ന നിലയിൽ അന്ന ബെന്നിനേയും തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും താരം ചൂണ്ടിക്കാട്ടി.

നമ്മൾ ഒടിടി പ്ലാറ്റ്‌ഫോമിനോട് വളരെ നന്ദി പറയണം. കാരണം ഒരുപാട് ആളുകൾ ഇപ്പോൾ മലയാള സിനിമകൾ കാണാറുണ്ട്. തനിക്ക് വളരെ സോളിഡായ റോൾ ലഭിക്കുകയാണെങ്കിൽ തീർച്ചയായും താൻ ആ സിനിമ ചെയ്യും. പക്ഷെ അങ്ങനെയുള്ള സിനിമ വരണമെന്നും വിദ്യാ ബാലൻ കൂട്ടിച്ചേർത്തു.

ഈയിടെ ഇറങ്ങിയ മലയാള സിനിമകൾ തനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. മഞ്ഞുമ്മൽ ബോയ്‌സ് സിനിമ കണ്ടില്ലെന്നും അപ്പോഴെക്കും തനിക്ക് തിരക്കായെന്നും ആ സിനിമ തനിക്ക് മിസ് ആയെന്നും വിദ്യാ ബാലൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ ട്രിപ്പിൾ വിൻ പദ്ധതിയുടെ ആറാമത് എഡിഷന്റെ ഭാഗമായി ജർമ്മനിയിലെ നഴ്സിങ് ഹോമുകളിലേയ്ക്കുള നഴ്സുമാരുടെ സ്പെഷ്യൽ റിക്രൂട്ട്മെന്റിന് നേരത്തേ അപേക്ഷ നൽകാൻ കഴിയാത്തവർക്ക് സ്പോട്ട് രജിസ്ട്രേഷന് അവസരം. ഇതിനായി നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) കോഴിക്കോട് സെന്ററിൽ (സി.എം. മാത്യുസൺസ് ടവർ, രാം മോഹൻ റോഡ്) നവംബർ ഒന്നിനോ തിരുവനന്തപുരം സെന്ററിൽ (മേട്ടുക്കട ജംഗ്ഷൻ,തൈക്കാട്) നവംബർ 4 നോ നേരിട്ടെത്തി രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ നടപടികൾ രാവിലെ 10 ന് ആരംഭിക്കും. നഴ്സിംങിൽ ബിഎസ്സി/പോസ്റ്റ് ബേസിക് വിദ്യാഭ്യാസ യോഗ്യതയും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും വേണം. വിശദമായ സി.വി, പാസ്പോർട്ട്, ജർമ്മൻ ഭാഷായോഗ്യത (ഓപ്ഷണൽ), നഴ്സിംഗ് രജിസ്ട്രേഷൻ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയമുൾപ്പെടെയുളള മറ്റ് രേഖകൾ കൊണ്ടുവരണം. മുൻപ് അപേക്ഷ നൽകിയവരിൽ നിന്നും തിരഞ്ഞെടുത്തവർക്കുളള സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും ഇതിനൊപ്പം നടക്കും.

വയോജന പരിചരണം/പാലിയേറ്റീവ് കെയർ/ജറിയാട്രിക് എന്നിവയിൽ 2 വർഷം പ്രവൃത്തി പരിചയമുള്ളവർക്കും ജർമ്മൻ ഭാഷയിൽ ബി1, ബി2 യോഗ്യതയുളള ഉദ്യോഗാർത്ഥികൾക്കും (ഫാസ്റ്റ് ട്രാക്ക്) മുൻഗണനയുണ്ട്. പ്രായപരിധി 38 വയസ്സ്. അഭിമുഖം നവംബർ 13 മുതൽ 21 വരെ തിരുവനന്തപുരത്ത് നടക്കും. നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇൻറർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിൾ വിൻ. കൂടുതൽ വിവരങ്ങൾക്ക്: www.norkaroots.org, www.nifl.norkaroots.org, ടോൾ ഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്).

മികച്ച അഭിനയ ശൈലിയിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് പാർവതി തിരുവോത്ത്. മലയാളത്തിന് പുറമേ തമിഴിലും പാർവതി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. വിക്രം നായകനായി എത്തിയ തങ്കലാൻ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ പ്രകടനമാണ് പാർവതി കാഴ്ചവച്ചത്. ഇപ്പോൾ വിക്രത്തെക്കുറിച്ച് പാർവതി സംസാരിച്ച വാക്കുകളാണ് വൈറൽ ആകുന്നത്.

ഒട്ടും ഈഗോ ഇല്ലാത്ത നടനാണ് വിക്രം എന്നാണ് പാർവതി പറയുന്നത്. വിക്രത്തെപ്പോലെ നല്ല അഭിനേതാവായും നല്ല സുഹൃത്തുമൊക്കെയായും മാറാൻ തനിക്കും കഴിയണമെന്ന് ആഗ്രഹമുണ്ടെന്ന് താരം വ്യക്തമാക്കി. ഈഗോ എന്ന സാധനം ഒട്ടും ഇല്ലാത്ത ഒരു നടനാണ് വിക്രം. തങ്കലാന്റെ സെറ്റിൽ അദ്ദേഹം തങ്കലാനും താൻ ഗംഗാമ്മാളും ആയിരുന്നു. അത് അത്രേയുള്ളൂ. തന്നോട് മാത്രമല്ല ആ സെറ്റിലെ എല്ലാവരോടും അദ്ദേഹം അങ്ങനെയാണെന്നും പാർവ്വതി പറഞ്ഞു.

അങ്ങനെയുള്ള നടന്മാരെ കാണുമ്പോൾ അവരെപ്പോലെ ആകാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് തനിക്ക് തോന്നും. എല്ലാവർക്കും അങ്ങനെ ഒരു സഹ അഭിനേതാവായും സുഹൃത്തായും മാറാൻ തനിക്ക് അവസരം കിട്ടണേ എന്ന് നമ്മൾ ആഗ്രഹിച്ചു പോകുമെന്നും താരം ചൂണ്ടിക്കാട്ടി.