Latest News (Page 92)

മുംബൈ: എൻസിപി നേതാവ് സിദ്ധിഖിയുടെ കൊലപാതകത്തിന് ശേഷം നടൻ സൽമാൻ ഖാന് നേരെ ഉറങ്ങാൻ സാധിക്കുന്നില്ലെന്ന് വെളിപ്പെടുത്തൽ. ബാബ സിദ്ധിഖിയുടെ മകൻ സഷീനാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. സൽമാൻ ഖാനും സിദ്ധിഖിയും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നും രാത്രി തന്നെ സൽമാൻ വിളിക്കുമെന്നും ഉറങ്ങാൻ കഴിയാറില്ലെന്നു നടൻ പറയാറുണ്ടെന്നും സുഷിൻ വ്യക്തമാക്കി.

സിദ്ധിഖിയുടെ കൊലപാതകത്തിന് പിന്നാലെ സൽമാൻ ഖാന്റെ സുരക്ഷ വർദ്ധിപ്പിച്ചിരുന്നു. സിദ്ധിഖിയുടെ കൊലപാതകത്തിന്റ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയി രംഗത്തെത്തിയിരുന്നു. സൽമാനെ സഹായിക്കാൻ ആരെങ്കിലും സഹായിച്ചാൽ വകവരുത്തുമെന്ന ഭീഷണിയും ലോറൻസ് ബിഷ്‌ണോയ് നടത്തിയിരുന്നു.

നേരത്തെ സൽമാൻ ഖാനെ കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നു. സൽമാൻ ഖാനെ അപായപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സൽമാനെ കൊലപ്പെടുത്താൻ ലോറൻസ് ബിഷ്ണോയ് 20 ലക്ഷം വാഗ്ദാനം ചെയ്തിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ പ്രതികരിച്ച് നടി മിയ ജോർജ്. താരത്തിനെതിരെ കറി പൗഡർ കമ്പനി ഉടമ പരാതി സമർപ്പിച്ചുവെന്ന വ്യാജ വാർത്തയ്‌ക്കെതിരെയാണ് താരം പ്രതികരിച്ചത്. ഇത്തരമൊരു നടപടിയെ കുറിച്ച് തനിക്ക് രേഖാമൂലം അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾ വഴിയാണ് ഇക്കാര്യം അറിയുന്നത്. ഒരു ബ്രാൻഡ് ഉടമ എന്തിനാണ് അതിനെ പ്രമോട്ട് ചെയ്യുന്ന ബ്രാൻഡ് അംബാസഡർക്കെതിരെ പരാതി നൽകുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും മിയാ ജോർജ് വ്യക്തമാക്കി.

കറി പൗഡറിന്റെ പരസ്യത്തിൽ തെറ്റായ അവകാശ വാദങ്ങൾ ഉന്നയിച്ചതിന് കമ്പനി ഉടമ മിയയ്ക്കെതിരെ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു എന്നായിരുന്നു സാമൂഹ്യ മാദ്ധ്യമങ്ങളിലെ പ്രചാരണം.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് ഉയരത്തിൽ. ഇന്ന് ഒരു പവന് 520 രൂപയാണ് വർധിച്ചത്. 59,520 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില.

കഴിഞ്ഞ ദിവസവും സ്വർണ്ണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. 480 രൂപയാണ് കഴിഞ്ഞ ദിവസം സ്വർണ്ണത്തിന് വർദ്ധിച്ചത്. അന്താരാഷ്ട്ര സ്വർണ്ണവില 25 ഡോളറിൽ അധികം വർധിച്ചതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര സ്വർണ്ണവില 2,778 ഡോളറിലും, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.07 ആണ്.

7,440 രൂപയാണ് ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6,130 രൂപയാണ്. വെള്ളിയുടെ വിലയിലും വർധനവ് രേഖപ്പെടുത്തി. 106 രൂപയാണ് ഒരു ഗ്രാം വെള്ളിയുടെ വില.

മലപ്പുറം: പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് വലിയ ശബ്ദം കേട്ട ആനക്കല്ല് പട്ടികവർഗ നഗറിൽ പരിശോധന നടത്താൻ വിദഗ്ധ സംഘം. കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് വലിയ ശബ്ദം അനുഭവപ്പെട്ടത്. ഇന്നലെ രാത്രി 9.30 ഓടെയാണ് ശബ്ദമുണ്ടായത്. ഭൂമിക്കടിയിൽ നിന്നും ആദ്യം സ്‌ഫോടനം പോലെയാണ് ശബ്ദം കേട്ടത്. പിന്നാലെ പ്രദേശവാസികളെ സ്ഥലത്ത് നിന്നും മാറ്റി. ഇവരെ ബന്ധുവീടുകളിലേക്കും സ്‌കൂളിലേക്കുമാണ് മാറ്റി താമസിപ്പിച്ചത്. രണ്ട് വീടുകൾക്ക് വിളളൽ വീണതായി പരിശോധനയിൽ കണ്ടെത്തി.

വില്ലേജ് ഓഫീസറും പഞ്ചായത്ത് അംഗങ്ങളും കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയിരുന്നു. ഭൂമി കുലുക്കമല്ല ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇന്നലെ രാത്രി 9.30 ഓടെയുണ്ടായ ശബ്ദം ഒരു കിലോമീറ്റർ അകലെ വരെ കേട്ടുവെന്ന് പരിസരവാസികൾ പറയുന്നു.

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയർത്താൻ ജനപങ്കാളിത്തതോടെ പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. വിദ്യാഭ്യാസ മേഖലയുടെ ഉന്നതിക്ക് പൊതുബോധം മാറ്റിയെടുക്കാനാവണമെന്നും അതിൽ അധ്യാപകർക്ക് പ്രധാന പങ്ക് വഹിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പാക്കുന്നതിന് അധ്യാപകർക്കാണ് പ്രധാന പങ്ക് വഹിക്കാനാവുക. അധ്യാപന ശേഷി മെച്ചപ്പെടുത്താനാവശ്യമായ പരിശീലനങ്ങൾ നൽകണം. ഓരോ സ്‌കൂളിന്റെയും നില മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടൽ വേണം. അതിന് സ്‌കൂൾതല ആസൂത്രണം നടത്തണം. കുട്ടികളുടെ വായനാശീലം, എഴുത്ത് എന്നിവ മെച്ചപ്പെടുത്താൻ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം അറിിച്ചു.

ഓരോ കുട്ടിക്കും അധ്യാപകരുടെ ശ്രദ്ധ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. മെന്ററിങ്ങ് ഫലപ്രദമായി നടപ്പാക്കുകയും മോണിറ്ററിങ്ങ് ശക്തിപ്പെടുത്തുകയും വേണം. മുഖാമുഖ പഠനത്തിന് ആവശ്യമായ സമയം കിട്ടുന്നില്ലെന്ന പരാതി ഗൗരവമായി പരിശോധിക്കണം. എ ഇ ഒ, ഡി ഇ ഒമാർ അക്കാദമിക് കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാൻ ഇംഗ്ലീഷ് അധ്യാപകർ വേണമെന്ന തീരുമാനം സമയബന്ധിതമായി നടപ്പാക്കുകയും. പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് പൊതുമാനദണ്ഡം നിശ്ചയിക്കുകയും വേണം. പ്രധാന അധ്യാപകർക്കും വിദ്യാഭ്യാസ ഓഫീസർമാക്കും മാനേജ്മെന്റ് പരിശീലനം ഉറപ്പാക്കണം. അക്കാദമിക് ഗുണമേന്മ മെച്ചപ്പെടുത്താൻ സംഘടനകളുടെ സഹകരണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.

കാസർഗോഡ്: കാസർകോട് നീലേശ്വരത്ത് ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് 101 പേർ 13 വിവിധ ആശുപത്രികളിലായി ചികിത്സയിലാണെന്ന് റവന്യു മന്ത്രി കെ രാജൻ. ഇതിൽ 80 പേർ വാർഡുകളിലും 21 പേർ ഐസിയുവിലുമാണ്. ഐസിയുവിൽ ഉള്ളവരിൽ ഒരാളുടെ നില ഗുരുതരവും ഏഴുപേർ വെൻറിലേറ്ററിലുമാണ്. പരിക്കേറ്റവരിൽ ആറ് പേർ ചികിത്സയിൽ കഴിയുന്ന കോഴിക്കോട്ടെ മിംസ് ആശുപത്രി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

മിംസ് ആശുപത്രിയിൽ ആറുപേരാണ് ചികിത്സയിലുള്ളത്. ഇതിൽ നാലുപേർ വെൻറിലേറ്ററിലാണ്. നാലു വയസ്സുള്ള ഒരു കുട്ടിയെ പീഡിയാട്രിക് ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. ആശുപത്രിയിലെ പ്രത്യേക മെഡിക്കൽ സംഘമായി കൂടിയാലോചന നടത്തിയതായി മന്ത്രി അറിയിച്ചു. വെൻറിലേറ്ററിൽ ഉള്ളവരിൽ അറുപത് ശതമാനം പൊള്ളലേറ്റ വരുണ്ട്. അവരുടെ വിദഗ്ധ ചികിത്സയ്ക്കായി സ്‌കിൻ ഗ്രൈൻഡിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിച്ച് വരികയാണ്. സർക്കാറുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലെ ആശുപത്രി, പൊള്ളൽ ചികിൽസിക്കുന്ന നാഷണൽ ബേൺ സെൻറർ എന്നിവരുമായി ആശയവിനിമയം നടത്തുന്നുണ്ട്. എല്ലാ സഹായവും സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്തതായി മന്ത്രി അറിയിച്ചു.

സ്‌കിൻ ഗ്രൈൻഡിങ്ങിന് എല്ലാവിധ സൗകര്യവും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടെങ്കിലും തൊലി ദാനം ചെയ്യുക എന്നത് കേരളത്തിൽ പ്രചാരത്തിൽ ഇല്ലാത്തതിനാൽ ദാതാവിനെ കിട്ടാത്ത അവസ്ഥയാണ്. ഇതുകാരണം സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയുണ്ട് എന്ന് മന്ത്രി പറഞ്ഞു. മറ്റ് അവയവങ്ങളെ പോലെ തൊലി ദാനം ചെയ്യാൻ കേരളത്തിൽ ആളുകൾ മുന്നോട്ട് വരേണ്ടതുണ്ട്.

പരിക്കേറ്റവരുടെ ചികിത്സ വളരെ ഗൗരവമായിത്തന്നെ നടക്കുന്നതായി അറിയിച്ച റവന്യു മന്ത്രി ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാർ ഇടപെടുന്നുണ്ട് എന്ന് കൂട്ടിച്ചേർത്തു. ഇത് സംബന്ധിച്ച് പരിശോധിക്കാൻ കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

അപകടത്തെക്കുറിച്ച് പോലീസ് തലത്തിലും കളക്ടറുടെ നിർദ്ദേശപ്രകാരം എഡിഎം തലത്തിലും രണ്ട് അന്വേഷണങ്ങൾ നടക്കുന്നതായി മന്ത്രി രാജൻ അറിയിച്ചു. പരിക്കേറ്റവരുടെ ബന്ധുക്കളെ കണ്ട അദ്ദേഹം സർക്കാരിന്റെ എല്ലാ പിന്തുണയും അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിൽ 12 മെഡിക്കൽ പിജി സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡിഎം പീഡിയാട്രിക് നെഫ്രോളജി 2 സീറ്റ്, ഡിഎം പൾമണറി മെഡിസിൻ 2 സീറ്റ്, എംഡി അനസ്‌തേഷ്യ 6 സീറ്റ്, ആലപ്പുഴ മെഡിക്കൽ കോളേജിൽ എംഡി സൈക്യാട്രി 2 സീറ്റ് എന്നിങ്ങനെയാണ് അനുമതി ലഭിച്ചത്. ഈ വിഭാഗങ്ങളിലായി ബിരുദാനന്തര ബിരുദ കോഴ്‌സുകൾ ആരംഭിക്കുന്നതോടെ രോഗീ പരിചരണം, അധ്യാപനം, ഗവേഷണം എന്നിവയിൽ കൂടുതൽ വിദഗ്ധ സേവനം ലഭ്യമാക്കാനാകും. ഇതോടെ ഈ സർക്കാർ വന്ന ശേഷം പുതുതായി 92 മെഡിക്കൽ പിജി സീറ്റുകൾക്ക് അനുമതി നേടിയെടുക്കാനായി. കൂടുതൽ വിഭാഗങ്ങൾക്ക് പിജി സീറ്റുകൾ നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായാണ് പിഡീയാട്രിക് നെഫ്രോളജി വിഭാഗത്തിൽ സൂപ്പർ സ്‌പെഷ്യാലിറ്റി കോഴ്‌സ് ആരംഭിക്കാനുള്ള അനുമതി ലഭിക്കുന്നത്. കുട്ടികളുടെ വൃക്ക രോഗങ്ങൾ, ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കൽ എന്നിവയിൽ പരിശീലനം നൽകി വിദഗ്ധ ഡോക്ടർമാരെ സൃഷ്ടിച്ചെടുക്കാൻ ഇതിലൂടെ സാധിക്കുന്നു. രാജ്യത്ത് തന്നെ ഈ മേഖലയിൽ ഡോക്ടർമാരുടെ എണ്ണം കുറവാണ്. അതിനാൽ തന്നെ കൂടുതൽ സൂപ്പർ സ്‌പെഷ്യാലിറ്റി ഡോക്ടർമാരെ സൃഷ്ടിക്കാൻ ഇതിലൂടെ സഹായിക്കും.

പീഡിയാട്രിക് നെഫ്രോളജി പ്രത്യേക വിഭാഗമുള്ള സംസ്ഥാനത്തെ ഏക മെഡിക്കൽ കോളേജ് കൂടിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ്. എസ്.എ.ടി. ആശുപത്രിയിലാണ് പീഡിയാട്രിക് നെഫ്രോളജി വിഭാഗം പ്രവർത്തിക്കുന്നത്. ഡിഎം പീഡിയാട്രിക് നെഫ്രോളജി തുടങ്ങുന്നതിനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സാധ്യമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ശ്വാസകോശ രോഗങ്ങളുടെ ചികിത്സ സംബന്ധിച്ച സൂപ്പർ സ്‌പെഷ്യാലിറ്റി കോഴ്‌സാണ് ഡിഎം പൾമണറി മെഡിസിൻ. നിദ്ര ശ്വസന രോഗങ്ങളും ക്രിട്ടിക്കൽ കെയറും ഇന്റർവെൻഷണൽ പൾമണോളജിയും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. മാത്രമല്ല ഗവേഷണ രംഗത്തും ഏറെ സാധ്യതയുണ്ട്. സംസ്ഥാനത്ത് നിലവിൽ സർക്കാർ മേഖലയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരു ഡിഎം പൾമണറി മെഡിസിൻ സീറ്റ് മാത്രമാണുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജിന് കൂടി അനുമതി ലഭ്യമായതോടെ ഈ രംഗത്ത് കൂടുതൽ വിദഗ്ധ ഡോക്ടർമാരെ സൃഷ്ടിക്കാനാകും.

അനസ്‌തേഷ്യാ രംഗത്തും സൈക്യാട്രി രംഗത്തും കൂടുതൽ പിജി സീറ്റുകൾ ലഭിച്ചതോടെ ഈ രംഗങ്ങളിൽ കൂടുതൽ വിദഗ്ധ ഡോക്ടർമാരെ സൃഷ്ടിക്കാനും സാധിക്കുന്നു. മെഡിക്കൽ കോളേജുകളിൽ സർക്കാർ നടത്തി വരുന്ന വികസന പ്രവർത്തനങ്ങളുടെ ഫലം കൂടിയാണിത്. എത്രയും വേഗം ഈ കോഴ്‌സുകൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കണ്ണൂർ: എഡിഎമ്മിന്റെ മരണത്തിൽ പ്രതിയായ പിപി ദിവ്യ പോലീസിന് മുന്നിൽ കീഴടങ്ങി. കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലാണ് ദിവ്യ കീഴടങ്ങിയത്. ദിവയെ പോലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണെന്നാണ് പുറത്തു വരുന്ന വിവരം.

ഇവരെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. പോലീസ് കസ്റ്റഡിയിലാണ് ചോദ്യം ചെയ്യൽ. പൊലീസും ദിവ്യയും തമ്മിൽ ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് കീഴടങ്ങിയത്. കണ്ണൂർ ജില്ലയിലെ കണ്ണപുരത്ത് ദിവ്യയുടെ വീടിന് സമീപത്തെ സ്ഥലത്ത് നിന്നാണ് കീഴടങ്ങിയത്. നേരത്തെ ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി തള്ളിയിരുന്നു.

പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ച ശക്തമായ വാദങ്ങളാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളാൻ കാരണം. കുറഞ്ഞത് 10 തവണ വിധിപ്പകർപ്പിൽ പ്രൊസിക്യൂഷനെ കോടതി പരാമർശിച്ചിട്ടുണ്ട്. എഡിഎം നവീൻ ബാബുവിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് യാത്രയയപ്പ് യോഗത്തിലെ പിപി ദിവ്യയുടെ അധിക്ഷേപങ്ങളാണെന്നാണ് ദിവ്യക്കെതിരായ കേസ്.

നടൻ ജോജു ജോർജ് സംവിധാനം നിർവ്വഹിച്ചിരിക്കുന്ന പണി എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. അഭിനയ എന്ന നടിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അഭിനയയ്ക്ക് കേൾക്കാനോ സംസാരിക്കാനോ കഴിയില്ല. എന്നാൽ, മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ അഭിനയ വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് മലയാളത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട താരത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അഭിനയ. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് അഭിനയ ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്.

ടൊവിനോ തോമസിനെ തനിക്ക് വലിയ ഇഷ്ടമാണെന്നാണ് അഭിനയ പറയുന്നത്. തന്റെ ഫേവറൈറ്റ് ആക്ടറാണ് ടൊവിനൊ. ഭാവിയിൽ ടൊവിനൊയുടെ കൂടെ ഒരു സിനിമ ചെയ്യാനുള്ള ഭാഗ്യം ഉണ്ടാകട്ടെയെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അഭിനയ അറിയിച്ചു.

ജോജു സാറിന്റെയും വലിയ ഫാനാണ് താൻ. അദ്ദേഹത്തോടൊപ്പം അഭിനയിക്കാനുള്ള അവസരം തനിക്ക് ലഭിച്ചു. ജോജു സാറിനൊപ്പം സിനിമ ചെയ്യാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും അഭിനയ കൂട്ടിച്ചേർത്തു.

ആരാധകരുടെ പ്രിയ താരജോഡികളാണ് നടൻ മാധവനും ശാലിനിയും. ഇരുവരും ഒന്നിച്ചുള്ള സെൽഫി ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ ശാലിനിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘അലൈപായുതേ’യിലെ ഹിറ്റ് ഗാനമായ എൻട്രെട്രും പുന്നഗൈ എന്ന പാട്ടിന്റെ ആദ്യ വരികൾ ചേർത്താണ് ചിത്രത്തിന് താഴെ അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്.

തങ്ങളുടെ പ്രിയപ്പെട്ട കാർത്തിയെയും ശക്തിയെയും 24 വർഷങ്ങൾക്ക് ശേഷം ഒന്നിച്ചു കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകർ. യുവ ഡോക്ടറായ ശക്തി, യുവ സോഫ്റ്റ് വെയർ എൻജിനീയറായ കാർത്തി എന്നിവരുടെ പ്രണയകഥ പറഞ്ഞ ചിത്രമാണ് അലൈപായുതേ. മണിരത്നം സംവിധാനം ചെയ്ത ചിത്രം 2000 ത്തിലാണ് റിലീസ് ചെയ്തത്.

ഈ പ്രണയജോഡിയെ വീണ്ടും ബിഗ് സ്‌ക്രീനിൽ കാണാൻ കഴിയുമോ എന്നാണ് ഫോട്ടോയ്ക്ക് താഴെ ആരാധകർ ചോദിക്കുന്നത്. ‘അലൈപായുതെ’ രണ്ടാം ഭാഗം വരണമെന്ന കമന്റുകളും ചിലർ നടത്തുന്നുണ്ട്.