Latest News (Page 91)

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൻ ഓൺലൈൻ തട്ടിപ്പ്. വ്യാജ ട്രേഡിംഗ് ആപ്പ് വഴി ഐടി എഞ്ചിനീയർക്ക് 6 കോടി രൂപ നഷ്ടമായി. സംഭവത്തിൽ സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിദേശത്ത് ഐടി മേഖലയിൽ ജോലി ചെയ്ത് മടങ്ങി എത്തിയ തിരുവനന്തപുരം സ്വദേശിയാണ് തട്ടിപ്പിനിരയായത്.

വ്യാജ ട്രേഡിങ് ആപ്പിൽ കുരുങ്ങിയാണ് ഇയാൾക്ക് പണം നഷ്ടമായത്. വിദേശത്ത് നിന്ന് മടങ്ങിയ ശേഷം പരാതിക്കാരനായ ഐടി എഞ്ചിനിയർ പ്രമുഖ ഓൺലൈൻ സൈറ്റ് വഴി ട്രേഡിംഗ് നടത്തുമായിരുന്നു. ഇതിനിടെയാണ് പേരുകേട്ട ട്രേഡിംഗ് കമ്പനികളുടെ പേരിൽ വാട്ട്‌സ് ആപ്പ് മെസേജുകൾ വരുന്നത്. മെസേജിലുണ്ടായിരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്പ് ഡൗൺലോഡ് ചെയ്ത് ട്രേഡിങ് നടത്തി.

വലിയ ഓഫറുകൾ കിട്ടിയപ്പോൾ വൻ തുക നിക്ഷേപിച്ചു. സൈബർ തട്ടിപ്പ് സംഘം ഉണ്ടാക്കിയ വ്യാജ അക്കൗണ്ടിൽ ഓരോ പ്രാവശ്യവും ലക്ഷങ്ങളും കോടികളും എത്തിയതായി കാണിച്ചു .അങ്ങനെ ആറ് കോടി രൂപ പരാതിക്കാരൻ നിക്ഷേപിച്ചു. പണം പിൻവലിക്കാൻ നോക്കിയപ്പോൾ ലാഭത്തിന്റെ ഇരുപത് ശതമാനം തുക നിക്ഷേപിച്ചാൽ മാത്രമേ പണം പിൻവലിക്കാൻ കഴിയൂവെന്ന് തട്ടിപ്പ് സംഘം അറിയിച്ചു. ഈ മാസം 27 തീയതിയാണ് തട്ടിപ്പിലൂടെ പണം നഷ്ടമായതായി വ്യക്തമായത്.

തുടർന്ന് ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതി അറിയിക്കുന്ന പോർട്ടലിൽ വിവരം അറിയിച്ചു. അപ്പോഴേക്കും പണമെല്ലാം പല അക്കൗണ്ടുകൾ വഴി നഷ്ടമായിരുന്നു. വെറും ഒരുമാസം കൊണ്ടാണ് ഇത്രയുമധികം പണം നഷ്ടമായതെന്ന് പോലീസ് വ്യക്തമാക്കി.

തിരുവനന്തപുരം: സാമൂഹിക സേവന പ്രവർത്തനങ്ങളിലൂടെ ചരിത്രത്തോടും വർത്തമാനത്തോടും നീതി പുലർത്താൻ നാഷണൽ സർവീസ് സകീമിനു കഴിയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന സംസ്ഥാനതല എൻഎസ്എസ് പുരസ്‌കാര വിതരണ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 37 സർവകലാശാലകളിൽ 40000 വോണ്ടിയർമാരുമായി പ്രവർത്തനമാരംഭിച്ച എൻഎസ്എസ് ഇന്ന് 40 ലക്ഷത്തോളം വോളണ്ടിയർമാർ ഉൾപ്പെടുന്ന സന്നദ്ധ സംഘടനയായി മാറി. നവോത്ഥാന മൂല്യങ്ങളടക്കം പിൻതുടരുന്ന പുരോഗമനപരമായ നിലപാടിലൂടെയാണ് എൻഎസ്എസ് മുന്നോട്ട് പോകുന്നത്. മതനിരപേക്ഷതയുടെ മാതൃകയായ നമ്മുടെ വിദ്യാലയങ്ങളും കലാലയങ്ങളും യാതൊരുവിധ വിവേചനങ്ങളുമില്ലാതെയാണ് മുന്നോട്ട് പോകുന്നത്. നാഷണൽ സർവീസ് സ്‌കീമിന്റെ സ്വാഗതഗാനത്തിലെ മനസ്സു നന്നാകട്ടെ എന്നു തുടങ്ങുന്ന വരികളും ഇതേ മൂല്യത്തെ ഉയർത്തിപ്പിടിക്കുന്നു. വിഷലിപ്തമായ ആശയങ്ങൾ നമ്മുടെ മനസിലേക്ക് കയറാതെ മാതൃകാപരമായ മതനിരപേക്ഷത ഉയർത്തിപ്പിടിക്കാനും തലമുറയെ നയിക്കാനും നാഷണൽ സർവീസ് സ്‌കീമിന് കഴിയുന്നു.

ഇന്ന് മാലിന്യ നിർമ്മാർജ്ജനത്തിലും ശുചീകരണ പ്രവർത്തനങ്ങളുമായുള്ള വിവിധ പരിപാടികൾ എൻഎസ്എസിന് സംസ്ഥാന വ്യാപകമായി വിജയകരമായി പൂർത്തിയാക്കൻ സാധിച്ചു എന്നത് അഭിമാനകരമാണ്. സഹപാഠികളുടെ അവസ്ഥകൾ പരിഗണിക്കുകയും അവരുടെ ജീവിതത്തിൽ ഇടപെടുകയും ചെയ്യുന്ന വോളണ്ടിയർമാരാണ് എൻഎസ്എസിന്റെ ഭാഗമായുള്ളത്. സമൂഹത്തിന്റെ പിന്തുണയോടെ വീടില്ലാത്തവർക്ക് വീട് നിർമ്മിച്ചു നൽകുന്ന പദ്ധതി ഏറെ ശ്രദ്ധേയമായ ഒന്നാണ്.

കേരളത്തിന്റെ ഗ്രാമീണ മേഖലകളിൽ പതിനായിരത്തോളം മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ച് രണ്ട് ലക്ഷത്തിലധികം ബ്ലഡ് യൂണിറ്റുകൾ സംഭാവന ചെയ്തു. ജൈവ വൈവിധ്യ സംരക്ഷണ കേന്ദ്രങ്ങൾ, ആദിവാസി സംരക്ഷണ കേന്ദ്രങ്ങൾ, കരിയർ ഡെവലപ്‌മെന്റ് പരിപാടികൾ, പച്ചക്കറിത്തോട്ടങ്ങൾ, വയോജന സംരക്ഷണ പരിപാടികൾ തുടങ്ങിയ നിരവധി പരിപാടികൾ എൻഎസ്എസ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കി വരുന്നു. ഇതിനെ പ്രോൽസാഹിപ്പിക്കുന്ന നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. അരക്കോടിയിലധികം രൂപ ബജറ്റിൽ എൻഎസ്എസ് പ്രവർത്തനങ്ങൾക്കായി വകയിരുത്തിയതും നാല് വർഷ ബിരുദ കോഴ്‌സുകളുടെ പാഠ്യപദ്ധതിയിൽ നാഷണൽ സർവ്വീസ് സ്‌കീം സേവനങ്ങൾ ഉൾപ്പെടുത്തിയതും ഇതിനുദാഹരണങ്ങളാണ്. ചൂരൽമല ദുരന്തത്തിലടക്കമുള്ള പ്രതിസന്ധികളിൽ നാഷണൽ സർവീസ് സ്‌കീം നടത്തിയ പ്രവർത്തനങ്ങളും ദുരന്തബാധിതർക്ക് വീട് നിർമ്മിച്ച് നൽകുമെന്ന പ്രഖ്യാപനവും മാതൃകാപരമാണ്.

വിദ്യാർഥി കാലഘട്ടങ്ങളിൽ വോളണ്ടിയർമാർ കാട്ടുന്ന സന്നദ്ധതയും നൻമയും സ്‌നേഹവും തുടർന്നുള്ള ജീവിത ഘട്ടങ്ങളിലും ആവർത്തിക്കാൻ കഴിയണം. മാതൃകാപരമായ സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളിലൂടെ അവാർഡ് ജേതാക്കളായവരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ലഹരിക്കെതിരായ ആസാദ് സേന രൂപീകരിച്ചും സാമൂഹിക നീതി വകുപ്പിന്റെ വയോജന പരിപാടികളിലടക്കം സഹകരിച്ചും വൈവിധ്യമാർന്ന പദ്ധതികളിലൂടെ എൻ എസ് എസ് മാതൃക തീർക്കുന്നതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. യുവാക്കളുടെ കർമശേഷി രാഷ്ട്ര പുനർനിർമാണത്തിന് എങ്ങനെ ഉപയോഗിക്കാം എന്ന ചിന്തയാണ് എൻ എസ് എസ് രൂപീകരണത്തിന് കാരണമായത്. ഇന്ന് സംസ്ഥാനത്തിന്റെ സേവന പ്രവർത്തനങ്ങളിൽ സമാനതകളില്ലാത്ത ചരിത്രം നാഷണൽ സർവീസ് സ്‌കീം സൃഷ്ടിക്കുന്നു.

മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ ഉദ്യാനങ്ങളാക്കി മാറ്റിയ സ്നേഹാരാമം പദ്ധതി വിജയകരമായി പൂർത്തിയാക്കി സംസ്ഥാനത്തെ മൂന്നര ലക്ഷം വരുന്ന നാഷണൽ സർവീസ് സ്‌കീം വോളണ്ടിയമാർ നടത്തുന്ന പ്രവർത്തനങ്ങളാണ് അവാർഡ് നിർണയത്തിൽ പരിഗണിച്ചതെന്നും മന്ത്രി പറഞ്ഞു.

2022 – 23 വർഷത്തെ നാഷണൽ സർവീസ് സ്‌കീമിന്റെ മികച്ച സേവന പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പുരസ്‌കാരങ്ങളാണ് ചടങ്ങിൽ വിതരണം ചെയ്തത്. മികച്ച സ്നേഹാരാമങ്ങൾ നിർമിച്ച എൻ എസ് എസ് യൂണിറ്റുകൾക്കുള്ള പുരസ്‌കാര വിതരണവും ചടങ്ങിൽ നടന്നു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ വി. കെ. പ്രശാന്ത് എം എൽ എ, സ്റ്റേറ്റ് എൻ എസ് എസ് ഓഫീസർ ഡോ. അൻസർ ആർ എൻ, എൻ എസ് എസ് റീജീയണൽ ഡയറക്ടർ പി എൻ സന്തോഷ്, കാലിക്കറ്റ് സർവകലാശാല ഇ ടി ഐ ട്രെയിനിംഗ് കോർഡിനേറ്റർ ഡോ. സണ്ണി എൻ എം, കേരള സർവകലാശാല എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ.ഷാജി എ തുടങ്ങിയവർ സംബന്ധിച്ചു.

തിരുവനന്തപുരം: ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകാശത്തിന്റെ ഉത്സവമാണ് ദീപാവലി. ഭേദചിന്തകൾക്കതീതമായ, സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം ഓരോ മനുഷ്യമനസ്സിലും നിറയ്ക്കുന്നതാകട്ടെ ദീപാവലി ആഘോഷങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എല്ലാവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ദീപാവലി ആശംസകൾ നേർന്നു. ആഘോഷത്തിന്റെ ആഹ്ലാദത്താൽ ജനമനസ്സുകളെ ധന്യമാക്കുന്നതോടൊപ്പം സമഷ്ടിസ്നേഹവും ഐക്യബോധവും കൊണ്ട് സാമൂഹിക ഒരുമയെ ശക്തിപ്പെടുത്താനും ദീപങ്ങളുടെ ഉത്സവം നമുക്ക് പ്രചോദനമേകട്ടെയെന്ന് അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം: പാരിസ് ഒളിമ്പിക്‌സിൽ വെങ്കലനേട്ടം ആവർത്തിച്ച ഇന്ത്യൻ ഹോക്കി താരം പി. ആർ. ശ്രീജേഷിന് സംസ്ഥാന സർക്കാരിന്റെ ആവേശോജ്വല സ്വീകരണം. തിരുവനന്തപുരം വെള്ളയമ്പലത്തെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സ്വീകരണ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ ഹോക്കിയുടെ തിരിച്ചുവരവിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് പി ആർ ശ്രീജേഷെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടീം പ്രതിസന്ധിയിലായ അവസരങ്ങളിൽ ഗംഭീര പ്രകടനങ്ങളിലൂടെ ടീമിനെ വിജയിപ്പിക്കാനും സഹതാരങ്ങൾക്ക് പ്രചോദനമാകാനും ശ്രീജേഷന് കഴിഞ്ഞു. ഈ മികവ് കൊണ്ടാണ് 18 വർഷം ദേശീയ ടീമിൽ പ്രധാന കളിക്കാരനായി നിലനിൽക്കാൻ അദ്ദേഹത്തിന് സാധിച്ചത്. ഇന്ത്യൻ ഹോക്കിയിലെ എക്കാലത്തെയും മികച്ച ഗോൾ കീപ്പറാണ് ശ്രീജേഷെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മന്ത്രിമാരും ജനപ്രതിനിധികളും അന്താരാഷ്ട്ര താരങ്ങളും ഉൾപ്പെടെ കായികരംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. സർക്കാർ പ്രഖ്യാപിച്ച 2 കോടി രൂപയുടെ പാരിതോഷികവും ശ്രീജേഷിന് ചടങ്ങിൽ സമ്മാനിച്ചു.

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ അഞ്ച് കായിക താരങ്ങൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്‌പോർട്സ് ഓർഗനൈസറായുള്ള നിയമന ഉത്തരവും ചടങ്ങിൽ കൈമാറി.

പി ആർ ശ്രീജേഷിനെ കൂടാതെ പാരിസ് ഒളിമ്പിക്‌സിൽ പങ്കെടുത്ത രാധാകൃഷ്ണൻ നായർ( അത്ലറ്റിക്‌സ് ചീഫ് കോച്ച്), മുഹമ്മദ് അനസ്(4×400), മുഹമ്മദ് അജ്മൽ(4×400), അബ്ദുള്ള അബൂബക്കർ(ട്രിപ്പിൾ ജമ്പ്), എച്ച് എസ് പ്രണോയി (ബാഡ്മിന്റൺ) എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

വൈകുന്നേരം മൂന്നരയോടെ മാനവീയം വീഥിയിൽ നിന്നും തുറന്ന ജീപ്പിൽ ഘോഷയാത്രയായിട്ടാണ് ശ്രീജേഷിനെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലേക്ക് ആനയിച്ചത്.

രണ്ടായിരത്തോളം വരുന്ന കായികതാരങ്ങളും സ്‌കൂൾ- കോളേജ് വിദ്യാർത്ഥികളും റോളർ സ്‌കേറ്റിംഗ് എന്നിവയും പഞ്ചാരിമേളം ബാൻഡ് സെറ്റ് എന്നിവയും ഘോഷയാത്രയുടെ ഭാഗമായി.

തിരുവനന്തപുരം: കാസർകോട് ജില്ലയിലെ നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സർക്കാർ വഹിക്കും. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.

മന്ത്രിസഭാ യോഗത്തിലെ മറ്റ് തീരുമാനങ്ങൾ:

ഭിന്നശേഷി നിയമപ്രകാരം ജോലി

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വെങ്ങാനൂർ ഗവ. മോഡൽ എച്ച്.എസ് എസിലെ എൽ പി സ്‌കൂൾ അസിസ്റ്റന്റ് സന്ധ്യാറാണിക്ക് ഭിന്നശേഷി നിയമപ്രകാരം സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് സർവ്വീസിൽ തുടരാൻ അനുവദിക്കും. വൈകല്യം സംഭവിച്ച 19.12.2023 മുതൽ ജോലിയിൽ പ്രവേശിക്കുവാൻ പ്രാപ്തയാകുന്ന തീയതി വരെയോ സർവ്വീസിൽ നിന്നും വിരമിക്കുന്നതുവരെയോ ഏതാണോ ആദ്യം അതുവരെയാണ് എൽ പി സ്‌കൂൾ അസിസ്റ്റന്റിന്റെ സൂപ്പർ ന്യൂമററി തസ്തിക വെങ്ങാനൂർ സർക്കാർ മോഡൽ എച്ച് എസ് എസിൽ സൃഷ്ടിക്കുക.

ദർഘാസ് അംഗീകരിക്കും

കാസർകോട് ബെല്ലൂർ ഗ്രാമപഞ്ചായത്തിലേക്കുള്ള ജലനിധി കുടിവെള്ള പദ്ധതിയുടെ ബദിയഡുക്ക മുതൽ സുള്ള്യപടവ് വരെയുള്ള പൈപ്പ് ലൈൻ, കെ ആർ എഫ് ബിയുടെ ഡെപ്പോസിറ്റ് വർക്കായി പുനഃസ്ഥാപിക്കുന്നതിനുള്ള ദർഘാസ് അംഗീകരിക്കാൻ ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടർക്ക് അനുമതി നൽകി.

മുദ്രവില ഒഴിവാക്കി

കേരള ഷിപ്പിംഗ് ആന്റ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡ് കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ നിന്നും 01.01.2012 മുതൽ 30 വർഷത്തേക്ക് പാട്ടത്തിനെടുത്ത കൊച്ചി താലൂക്ക് തോപ്പുംപടി വില്ലേജിലെ 2.75 ഏക്കർ സ്ഥലത്തിന്റെ ലീസ് ഡീഡ് റജിസ്ട്രേഷന് ആവശ്യമായി വരുന്ന മുദ്രവില ഒഴിവാക്കി.

അനുമതി നൽകി

കോഴിക്കോട് തൂണേരി വില്ലേജിലെ കുടിവെള്ള പദ്ധതിയുടെ ഭാഗമായി നാദാപുരം ജംഗ്ഷൻ മുതൽ കക്കംവെള്ളിക്കുന്ന് ജി എൽ എസ് ആർ വരെ നിലവിലുള്ള 200 എം എം എസി ഗ്രാവിറ്റി മെയിൻ മാറ്റി 200 എം എം ഡി ഐ കെ 9 പൈപ്പ് സ്ഥാപിക്കുന്നതിന് ക്വാട്ട് ചെയ്ത കരാർ നൽകുവാൻ അനുമതി നൽകി.

ടെണ്ടർ അംഗീകരിച്ചു

ഇരവിപുരം നിയോജക മണ്ഡലത്തിലെ ബി എം ആന്റ് ബി സി ടു വൈ എം സി എ റോഡ് പ്രവർത്തിക്കായി സമർപ്പിച്ച ടെണ്ടർ അംഗീകരിച്ചു.

അങ്കമാലി നിയോജക മണ്ഡലത്തിൽ കിഫ്ബി സഹായത്തോടെ പാർട്ട് 1 പാക്കേജ് 2 ൽ ഉൾപ്പെടുത്തി ജലവിഭവ ജോലികൾക്കുള്ള ടെണ്ടർ അംഗീകരിച്ചു.

ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റിനെതിരെ കൂടുതൽ നടപടികളുമായി കേന്ദ്രസർക്കാർ. ഇതിനായി ആഭ്യന്തര മന്ത്രാലയം ഉന്നത തല സമിതി രൂപീകരിച്ചു. ബോധവത്ക്കരണത്തിനായി രാജ്യവ്യാപകമായി പ്രചാരണ പരിപാടികൾ നടത്താനും കേന്ദ്രം തീരുമാനിച്ചു,. മൻ കി ബാത്തിലൂടെ ഡിജിറ്റൽ അറസ്റ്റിനെതിരെ പ്രധാനമന്ത്രി ജാഗ്രതാ നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് കേന്ദ്രം കൂടുതൽ നടപടികളിലേക്ക് കടക്കുന്നത്.

ഉന്നത തലസമിതി രൂപീകരിച്ചത് ആഭ്യന്തര സുരക്ഷയുടെ ചുമതലയുള്ള സെക്രട്ടറിയുടെ നേതൃത്വത്തിലാണ്. സംസ്ഥാനങ്ങളുമായി സമിതി ബന്ധം പുലർത്തുകയും കേസുകളിൽ ഉടനടി ഇടപെടലുണ്ടാകുകയും ചെയ്യുമെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. ഡിജിറ്റൽ അറസ്റ്റ് കേസുകൾ കൂടുന്ന സാഹചര്യം കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ വിലയിരുത്തിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ തന്നെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രചരണ പരിപാടികൾ നടത്താനാണ് തീരുമാനം. സമൂഹമാധ്യമങ്ങളിലൂടെയും ബോധവത്ക്കരണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

കൊച്ചി: വയനാട് ദുരന്തം അതിതീവ്രദുരന്തമായി പ്രഖ്യാപിക്കണോ എന്നതിൽ രണ്ടാഴ്ചയ്ക്കം തീരുമാനമുണ്ടാകുമെന്ന് ഹൈക്കോടതിയെ അറിയിച്ച് കേന്ദ്ര സർക്കാർ. ഉന്നത അധികാരസമിതി രണ്ടാഴ്ചയ്ക്കകം ഇക്കാര്യം പരിശോധിച്ച് അറിയിക്കും.

അതേസമയം, ദുരിത ബാധിതർക്ക് നഷ്ടപരിഹാരം കിട്ടുന്നില്ലെന്ന വാർത്തകൾ വരുന്നതിൽ സംസ്ഥാന സർക്കാരിനോട് കോടതി കാരണം ചോദിച്ചു. ദുരിതബാധിതർക്ക് പ്രതിദിനം 300 നൽകുന്ന സ്‌കീം 30 ദിവസത്തേക്ക് കൂടി തുടരുമെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ മറുപടി നൽകി.

നഷ്ടപരിഹാരം ട്രഷറി അക്കൗണ്ട് വഴിയോ, ബാങ്ക് അക്കൗണ്ട് വഴിയോ ദുരിതബാധിതർക്ക് നൽകാൻ സംവിധാനമുണ്ടാകണമെന്ന് കോടതി നിർദേശിച്ചു. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ പാരാമെട്രിക് ഇൻഷുറൻസ് ഏർപ്പെടുത്തണമെന്ന നിർദ്ദേശവും അമിക്കസ് ക്യൂറി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ കൂടാതെ സ്വകാര്യ മേഖലയെയും സഹകരിപ്പിച്ചു കൊണ്ട് പാരാമെട്രിക് ഇൻഷുറൻസ് പദ്ധതി നടപ്പാക്കാനാകുമെന്ന് അമിക്കസ് ക്യൂറി വ്യക്തമാക്കി.

പാലക്കാട്: കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സുരേഷ് ഗോപിക്ക് ധിക്കാരമാണെന്നും സിനിമ സ്‌റ്റൈലിലാണ് ശരീരഭാഷയും സംസാരവുമെന്ന് വിഡി സതീശൻ വ്യക്തമാക്കി. സുരേഷ് ഗോപി ഉപയോഗിച്ചത് കേന്ദ്ര മന്ത്രി ഉപയോഗിക്കേണ്ട ഭാഷയല്ലെന്നും അദ്ദേഹം പറഞ്ഞു.

പൂരം കലക്കലിൽ സിബിഐ അന്വേഷണം വേണമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ ഒരു സിപിഎം നേതാവ് പോലും പ്രതികരിച്ചില്ല. ഏതെങ്കിലും ഒരു സിപിഎം നേതാവിന് അതിനെ ചോദ്യം ചെയ്യാൻ ധൈര്യമുണ്ടോയെന്നും വിഡി സതീശൻ വെല്ലുവിളിച്ചു. മൂവ് ഔട്ട് എന്നും പ്രതികരിക്കാൻ സൗകര്യമില്ലെന്നുമൊക്കെയുള്ള സുരേഷ് ഗോപിയുടെ പ്രതികരണം ധിക്കാരപരമാണെന്നും വിഡി സതീശൻ അഭിപ്രായപ്പെട്ടു.

പാലക്കാട്: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാന സർക്കാരിന്റേത് കർഷക വിരുദ്ധ സമീപനമാണെന്ന് അദ്ദേഹം പറഞ്ഞു. ആന്ധ്രാ ലോബിയെ സഹായിച്ച് പിണറായി സർക്കാർ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനം കർഷകരെ ഉപദ്രവിക്കുകയാണ്. കഷ്ടപ്പെട്ട് നെല്ലുണ്ടാക്കി കാത്തിരിക്കുന്ന കർഷകരിൽ നിന്നും നോക്കു കൂലി ഈടാക്കുന്നു. കർഷകർക്ക് നൽകാനുള്ള ഇൻസെന്റീവ് കേരളം കുറയ്ക്കുകയാണ്. മറ്റൊരു സംസ്ഥാനത്തും ഇതൊന്നും നടക്കില്ലെന്ന് അദ്ദേഹം വിമർശിച്ചു.

കേന്ദ്രത്തിൽ നിന്നും തുക കൃത്യമായി ട്രഷറിയിൽ എത്തുന്നുണ്ട്. എന്നാൽ ആ പണം പോലും സംസ്ഥാനം കർഷകർക്ക് നൽകുന്നില്ല. കേന്ദ്രം ഘട്ടം ഘട്ടമായി താങ്ങുവില ഉയർത്തുന്നതിന്റെ പ്രയോജനം ഇവിടത്തെ കർഷകർക്ക് ലഭിക്കുന്നില്ല. സംസ്ഥാന സർക്കാരിന് മറ്റ് സംസ്ഥാനങ്ങളിലെ അരി ലോബികളെ സഹായിക്കാനാണ് താത്പര്യമെന്നും വൻ കമ്മീഷനാണ് ഈയിനത്തിൽ കൈപ്പറ്റുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താര ദമ്പതികളാണ് നടൻ സൂര്യയും ജ്യോതികയും. മാതൃകാ ദമ്പതികളെന്നാണ് ഇവർ അറിയപ്പെടുന്നത്. ഇപ്പോഴിതാ ജ്യോതികയും കുട്ടികളുമൊത്ത് ചെന്നൈയിൽ നിന്നും മുംബൈയിലേക്ക് താമസം മാറ്റിയതിന്റെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് സൂര്യ. 18ാം വയസ്സിൽ മുംബൈയിലെ ജീവിത ശൈലികളും കുടുംബവും സുഹൃത്തുക്കളും എല്ലാം ഉപേക്ഷിച്ച് ചെന്നൈയിലേക്ക് വന്നതാണ് ജ്യോതിക. കഴിഞ്ഞ 27 വർഷം ജ്യോതിക ചെന്നൈയിൽ ആയിരുന്നു. തനിക്കും കുടുംബത്തിനുമൊപ്പം സന്തോഷത്തോടെ ഇത്രയും വർഷം ജീവിച്ച ജ്യോതിക ഇനിയെങ്കിലും സ്വന്തം മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം മുംബൈയിലെ ജീവിത ശൈലിയിലേക്ക് മടങ്ങണം എന്ന തോന്നലാണ് മുംബൈയിലേക്ക് താമസം മാറ്റാൻ കാരണമെന്ന് സൂര്യ വ്യക്തമാക്കി.

എല്ലാ സൗകര്യങ്ങളും തനിക്കു മാത്രം കിട്ടിയാൽ പോരാ അത് ജ്യോതികയ്ക്കും കിട്ടണം. കുട്ടികൾക്ക് സ്‌കൂൾ സൗകര്യവും കൂടുതൽ അവസരങ്ങളും മുംബൈയിൽ ആണ് ഉളളത്. ഒരു മാസത്തിൽ ഇരുപത് ദിവസം ജോലി ചെയ്യുകയും ബാക്കി പത്തു ദിവസം ഫോൺ കോൾ പോലും എടുക്കാതെ മുംബൈയിൽ മക്കളോടൊപ്പം സമയം ചെലവഴിക്കുന്നതിൽ സന്തോഷം കണ്ടെത്തുകയാണെന്നും താരം പറഞ്ഞു.

ഒരു പുരുഷന് എന്ത് ആവശ്യമുണ്ടോ അത് സ്ത്രീക്കും ആവശ്യമാണ്. അവൾക്ക് അവളുടെ കുടുംബം, സുഹൃത്തുക്കൾ, അവളുടെ സാമ്പത്തിക സ്വാതന്ത്ര്യം, ബഹുമാനം, അവളുടെ ഫിറ്റ്‌നസ് എല്ലാം വേണം. ഒരു പുരുഷന് ആവശ്യമായത് സ്ത്രീക്കും ഒരുപോലെ ആവശ്യമാണെന്ന് താൻ കരുതുന്നു. അവളുടെ മാതാപിതാക്കളിൽ നിന്നും അവളുടെ ജീവിതശൈലിയിൽ നിന്നും അവൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ നിന്നും അവളെ മാറ്റി നിർത്തുന്നതെന്തിനാണ്. എന്തിന് തനിക്ക് മാത്രം എല്ലാം ലഭിക്കണം. അതായിരുന്നു തന്റെ ചിന്തയെന്നും സൂര്യ കൂട്ടിച്ചേർത്തു.