Latest News (Page 83)

വളരെ ചുരുക്കം ചില ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് പ്രണവ് മോഹൻലാൽ. യാത്രകൾ ചെയ്യുകയാണ് താരത്തിന്റെ ഏറ്റവും പ്രിയ ഹോബി. ഇപ്പോഴിതാ വീണ്ടുമൊരു ബാക്ക് പാക്കിംഗ് യാത്രയുടെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് പ്രണവ് മോഹൻലാൽ.

സിയേറ നെവാഡയിൽ നിന്നുള്ള ട്രെക്കിങ് ചിത്രങ്ങളും മരത്തിനു മുകളിൽ കയറുന്ന ചിത്രങ്ങളും പ്രണവ് പങ്കുവെച്ചു. മലനിരകളുടെ ചിത്രങ്ങളുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. സ്‌പെയിനിൽ സിയേറ നെവാഡ (Sierra Nevada ES) എന്നാണ് പ്രണവ് ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.

മഞ്ഞ് മൂടിയ പർവ്വതനിര എന്നാണ് സിയറ നെവാഡ എന്ന വാക്കിന്റെ അർഥം. സ്‌പെയിനിലെ ഗ്രാനഡയിലെ അൻഡലൂഷ്യൻ പ്രവിശ്യയിലെ ഒരു പർവതനിരയാണിത്. കോണ്ടിനെന്റൽ സ്പെയിനിലെ ഏറ്റവും ഉയർന്ന പോയിന്റ് ഇവിടെയാണ്. സമുദ്രനിരപ്പിൽ നിന്നു 3,479 മീറ്റർ (11,414 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്.

ഉയർന്ന ഊഷ്മാവിനും സമൃദ്ധമായ സൂര്യപ്രകാശത്തിനും പേരുകേട്ട മെഡിറ്ററേനിയൻ കടലിനോടു ചേർന്നുള്ള യൂറോപ്പിലെ ഏറ്റവും തെക്കൻ സ്‌കീ റിസോർട്ടുകളിൽ ഒന്നായ ഇവിടുത്തെ ഉയർന്ന കൊടുമുടികൾ സ്‌കീയിങ് ചെയ്യാൻ പ്രശസ്തമാണ്.

പാലക്കാട്: ഹോട്ടലിൽ കോൺഗ്രസ് വനിതാ നേതാക്കളുടെ മുറി പരിശോധിച്ച പോലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽമാങ്കൂട്ടത്തിൽ. പോലീസ് റെയ്ഡിന്റെ സമയത്ത് എല്ലാവരും മുറി തുറന്നുകൊടുത്തു. ഭർത്താവിനൊപ്പം താമസിച്ചിരുന്നതിനാൽ വനിതാ നേതാവായ ബിന്ദു കൃഷ്ണയും മുറി തുറന്നുനൽകി. എന്നാൽ ഷാനിമോൾ ഉസ്മാൻ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്ന് രാഹുൽ വ്യക്തമാക്കി.

രാത്രി പന്ത്രണ്ടരയാകുമ്പോൾ ഷാനിമോളുടെ മുറിയിലേക്ക് നാല് പുരുഷ പോലീസുകാർ ചെന്നു. മുറി പരിശോധിക്കണം എന്നുപറഞ്ഞപ്പോൾ വനിതാ പോലീസിന്റെ സാന്നിധ്യത്തിലേ പരിശോധിക്കാനാവൂ എന്നാണ് ഷാനിമോൾ പറഞ്ഞത്. അവർ ഒളിച്ചോടുകയായിരുന്നില്ല. പിന്നീട് വനിതാ പോലീസുകാർ വന്ന് നടത്തിയ പരിശോധനയിൽ ഒന്നുമില്ലെന്ന് കണ്ടെത്തുന്നു. ബിജെപിയുടെ വനിതാ നേതാക്കന്മാർ വനിതാ പോലീസില്ലാതെ പരിശോധിക്കാൻ പറ്റില്ലെന്ന് പറയുമ്പോൾ പോലീസിന് പരിശോധിക്കുകയും വേണ്ട, സി.പി.എമ്മിന് സമരവും ചെയ്യേണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

ഇടുക്കി: നടൻ നിവിൻപോളിക്കെതിരെ പുതിയ ആരോപണവുമായി പരാതിക്കാരി. നിവിൻ പോളിയെ രക്ഷിച്ചത് പൊലീസിന്റെ ഇടപെടൽ മൂലമാണെന്നാണ് പരാതിക്കാരിയുടെ പുതിയ ആരോപണം. പൊലീസുമായി നിവിൻപോളിക്ക് അടുത്ത ബന്ധമുണ്ടെന്നും പരാതിക്കാരി പറയുന്നു.

അന്വേഷണത്തിന്റെ തുടക്കം മുതൽ നിവിൻ പോളിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു പോലീസിന്റെത്. സംഭവത്തെക്കുറിച്ച് കൃത്യമായ ഒരു മൊഴിയെടുപ്പ് പോലും പ്രത്യേക അന്വേഷണസംഘം നടത്തിയില്ല. നിയമപരമായി തന്നെ മുന്നോട്ടു പോകും. നിവിൻ പോളിയെ കുറിച്ച് ഉന്നയിച്ച ആരോപണങ്ങളിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്നും പരാതിക്കാരി അറിയിച്ചു.

അതേസമയം, കേസ് സംബന്ധിച്ച റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം കോതമംഗലം കോടതിയിൽ റിപ്പോർട്ട് നൽകി. നിവിൻ പോളിയ്‌ക്കെതിരെ തെളിവില്ലെന്നാണ് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. തെളിവില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് കേസിൽ നിന്ന് നിവിൻ പോളിയെ ഒഴിവാക്കികൊണ്ട് പൊലീസ് റിപ്പോർട്ട് നൽകിയത്.

തിരുവനന്തപുരം: കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ഭഗവതി ക്ഷേത്രത്തിൽ കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട നാലുപേരുടെയും ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 4 ലക്ഷം രൂപ വീതം അനുവദിക്കാൻ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.

ഷൊർണ്ണൂർ റെയിൽവേ പാലത്തിൽ ശുചീകരണ പ്രവർത്തനത്തിനിടെ ട്രെയിൻ തട്ടി മരണപ്പെട്ട തമിഴ്നാട് സേലം സ്വദേശികളുടെ ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 3 ലക്ഷം രൂപ വീതം അനുവദിക്കാൻ തീരുമാനിച്ചു.

മന്ത്രിസഭാ യോഗത്തിലെ മറ്റ് തീരുമാനങ്ങൾ:

കാലാവധി ദീർഘിപ്പിച്ചു

സംസ്ഥാനത്ത് 2020 ജൂലൈ മുതൽ വിവിധ കേന്ദ്ര ഏജൻസികൾ നടത്തിവരുന്ന അന്വേഷണങ്ങൾ വഴിമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിന് 2021 മെയ് 7ന് നിയമിച്ച ജസ്റ്റിസ് വി കെ മോഹനൻ അന്വേഷണ കമ്മീഷന്റെ കാലാവധി 07.11.2024 മുതൽ ആറ് മാസത്തേക്കു കൂടി ദീർഘിപ്പിച്ച് വിജ്ഞാപനം പുറപ്പെടുവിക്കും.

മലപ്പുറം താനൂർ തൂവൽത്തീരം ബീച്ചിൽ 07.05.2023 ന് ഉണ്ടായ ബോട്ടപകടത്തിനിടയാക്കിയ കാരണങ്ങളെക്കുറിച്ചും ഭാവിയിൽ ഇത്തരത്തിൽ ദുരന്തങ്ങൾ ഒഴിവാക്കുവാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും അന്വേഷിക്കുന്നതിന് 2023 മെയ് 12 ന് രൂപീകരിച്ച ജസ്റ്റിസ് വി. കെ മോഹനൻ അന്വേഷണ കമ്മീഷന്റെ കാലാവധി 2024 നവംബർ 12 മുതൽ ആറ് മാസത്തേക്കു കൂടി ദീർഘിപ്പിച്ചു നൽകി വിജ്ഞാപനം പുറപ്പെടുവിക്കും.

സർക്കാർ ഗ്യാരന്റി

കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡിന് പ്രവർത്തന മൂലധനം ബാങ്കുകളിൽ നിന്നും സ്വരൂപിക്കുന്നതിന് 30 കോടി രൂപയുടെ സർക്കാർ ഗ്യാരന്റി അനുവദിക്കും.

മുദ്രവില ഒഴിവാക്കും

കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള വസ്തുവകകൾ ഈടായി നൽകി കെ.ടി.ഡി.എഫ്.സിയുടെ വായ്പാവിഹിതമായ 138.23 കോടി രൂപ കേരള ബാങ്ക് ഏറ്റെടുക്കുന്നതുമായി സംബന്ധിച്ച കരാർ രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായ മുദ്രവില, രജിസ്ട്രേഷൻ ഫീസ് ഇനങ്ങളിലുള്ള 9,67,61,000 രൂപ ഒഴിവാക്കി നൽകും.

ടെണ്ടർ അംഗീകരിച്ചു

ഇരവിപുരം നിയോജക മണ്ഡലത്തിലെ വൈ.എം.സി.എ റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട ടെണ്ടർ അംഗീകരിച്ചു.

തസ്തിക

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗത്തിൽ ഒരു അസോസിയേറ്റ് പ്രൊഫസർ തസ്തിക സൃഷ്ടിക്കും.
സാധൂകരിച്ചു

കോട്ടയം കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി വടക്ക്, എരുമേലി തെക്ക്, കോരിത്തോട് വില്ലേജുകളിലെ പട്ടയ അപേക്ഷകൾ പരിശോധിച്ച് പട്ടയം നൽകുന്നതിന് 17 തസ്തികകൾ ഒരു വർഷത്തേക്ക് താൽക്കാലികമായി സൃഷ്ടിച്ച് സ്പെഷ്യൽ ഓഫീസ് അനുവദിച്ച നടപടി സാധൂകരിച്ചു.

അനുമതി നൽകി

കൊല്ലം കെ.എം.എം.എല്ലിന്റെ 5 ഏക്കർ ഭൂമി 10 വർഷത്തേക്ക് പാട്ടത്തിനു നൽകി അയൺ ഓക്സൈഡ് റസിഡ്യൂ പ്രോസസ്സിംഗ് പ്ലാന്റ്, ഇ.ടി.പി. സ്ലഡ്ജ് പ്രോസസ്സിംഗ് പ്ലാന്റ് എന്നിവ സ്ഥാപിക്കുന്നതിന് കരാറിൽ ഏർപ്പെടാൻ കെ.എം.എം.എൽ ഡയറക്ടർക്ക് അനുമതി നൽകി.

ആരാധകർക്ക് വളരെ പ്രിയങ്കരിയായ താരമാണ് സാമന്ത. തന്റെ കരിയറിലും ജീവിതത്തിലും അപ്രതീക്ഷിതമായ പല തിരിച്ചടികളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതിലൊന്നും തളരാതെ തികഞ്ഞ ആത്മവിശ്വാസത്തോടെ മുന്നേറാനുള്ള ശ്രമങ്ങൾ താരം നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ കരിയറിനെക്കുറിച്ച് ചില തുറന്നുപറച്ചിലുകൾ നടത്തിയിരിക്കുകയാണ് സാമന്ത.

സാമന്ത കേന്ദ്രകഥാപാത്രമായെത്തുന്ന സിറ്റാഡൽ: ഹണി ബണ്ണി എന്ന ആക്ഷൻ ടിവി സീരീസ് പുറത്തിറങ്ങാനിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലെ ആസ്‌കി മീ എനിതിങ്ങ് സെഷനിടയിൽ തന്റെ ഫോളേവേഴ്സിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടെയാണ് തന്റെ കരിയറിനെ കുറിച്ചും സാമന്ത മനസ്സുതുറന്നത്.

താൻ തിരഞ്ഞെടുക്കുന്ന ഓരോ റോളുകളും എന്നെതന്നെ വെല്ലുവിളിക്കുന്നതാവണമെന്നും ഓരോ വെല്ലുവിളികളും കഴിഞ്ഞതിനേക്കാൾ പ്രയാസമേറിയതാവണമെന്നും താൻ സ്വയം വാഗ്ദാനം നൽകിയിട്ടുണ്ട്. ശരിയാണ് മുൻകാലങ്ങളിൽ തനിക്ക് തെറ്റുകൾ പറ്റി. പല കാര്യങ്ങളും വിചാരിച്ചതുപോലെ നടന്നില്ല. താൻ തോൽവി സമ്മതിക്കുന്നു. കഴിഞ്ഞ കുറച്ചു സിനിമകളിൽ തന്റെ പ്രകടനം മികച്ചതല്ലായെന്നത് താൻ സമ്മതിക്കുകയാണെന്നും താരം വ്യക്തമാക്കി.

പാലക്കാട്: പാലക്കാട് അർദ്ധരാത്രിയിൽ കോൺഗ്രസ് വനിതാ നേതാക്കൾ ഉൾപ്പെടെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ റെയ്ഡിൽ പ്രതിഷേധവുമായി യുഡിഎഫ്. കോൺഗ്രസ് പ്രവർത്തകരും മറ്റു യുഡിഎഫ് പ്രവർത്തകരുമടക്കം നൂറുകണക്കിനുപേരെ അണിനിരത്തി പാലക്കാട് എസ്പി ഓഫീസിലേക്കുള്ള മാർച്ച് സംഘർഷം.

പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷാവസ്ഥയുണ്ടായത്. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. നൂറുകണക്കിനുപേരാണ് മാർച്ചിൽ പങ്കെടുക്കുന്നത്. മാർച്ചിൽ പൊലീസുകാർക്കെതിരെ മുദ്രാവാക്യം വിളി ഉയർന്നു.

രാവിലെ 11.30ഓടെയാണ് മാർച്ച് ആരംഭിച്ചത്. മാർച്ചിന് മുന്നോടിയായി കോട്ടമൈതാനിയിൽ ആയിരങ്ങളാണ് ഒത്തുകൂടിയത്. തുടർന്ന് അഞ്ചുവിളക്കിൽ നിന്ന് പ്രതിഷേധ മാർച്ച് ആരംഭിക്കുകയായിരുന്നു.

പാലക്കാട്: സിപിഎമ്മിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇന്നേവരെ ഉണ്ടാകാത്ത രാഷ്ട്രീയ ഗൂഢാലോചനയാണ് പാലക്കാട്ടെ പാതിരാ റെയ്ഡ് നാടകമെന്ന് അദ്ദേഹം പറഞ്ഞു. കൊടകര കുഴൽപ്പണ കേസിൽ മുഖം നഷ്ടപ്പെട്ട സിപിഎം- ബിജെപി പാർട്ടികൾ നടത്തിയ നാടകമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോൺഗ്രസിലെ വനിതാ നേതാക്കളുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്തത്. കൈരളി ടിവിയെ അറിയിച്ചിട്ടാണോ പൊലിസ് റെയ്ഡിന് എത്തിയത്. അഴിമതിയുടെ പണപ്പെട്ടി ഇരിക്കുന്നത് ക്ലിഫ് ഹൗസിലാണ്. ഈ പൊലിസുകാർ മനസ്സിലാക്കേണ്ടത് ഭരണത്തിന്റെ അവസാന കാലമായി എന്നാണ്. ഷാനിമോൾ ഉസ്മാൻ തിരിച്ചറിയൽ കാർഡ് ചോദിച്ചപ്പോൾ പൊലീസ് നൽകിയില്ല. പാതിരാ നാടകം അരങ്ങിൽ എത്തുംമുമ്പ് പൊളിഞ്ഞു. എംബി രാജേഷും സിപിഎം നേതാവായ ഭാര്യാസഹോദരനും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ ഒത്താശയോടെ ചെയ്ത കാര്യമാണിത്. വാളയാർ കേസിൽ പ്രതികളെ രക്ഷിക്കാൻ സഹായിച്ചയാളും ഇന്നലെയുണ്ടായിരുന്നുവെന്ന് വി ഡി സതീശൻ കൂട്ടിച്ചേർത്തു.

സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് ജയറാം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും അദ്ദേഹം അഭിനയിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഒപ്പം അഭിനയിച്ച നടി സരിതയെ കുറിച്ച് ജയറാം പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. ഒരു തമിഴ് അവാർഡ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സരിത മാമിന്റെ ടാലന്റ് എന്താണെന്ന് പറയേണ്ട ആവശ്യമില്ല. എന്നാൽ സരിത മാമിന് ഇതുവരെ ഒരു ദേശീയ അവാർഡ് ലഭിച്ചിട്ടില്ലെന്ന് ഓർക്കുമ്പോൾ വളരെ സങ്കടം തോന്നുന്നു. ജൂലി ഗണപതി എന്ന സിനിമയിലെ ഓരോ സീനെടുക്കുമ്പോഴും ഇതിന് ദേശീയ അവാർഡ് കിട്ടുമെന്ന് താൻ പറയാറുണ്ടായിരുന്നു. എന്നാൽ കിട്ടിയില്ല. ഈ സിനിമ കാണുമ്പോഴേ തനിക്ക് സങ്കടം വരുമെന്നും ജയറാം ചൂണ്ടിക്കാട്ടി.

തന്റെ മക്കളുടെ വിവാഹ കാര്യത്തെ കുറിച്ചും അവാർഡ് പരിപാടിയിൽ ജയറാം സംസാരിച്ചു. ഈ വർഷം ജീവിതത്തിൽ ഏറെ പ്രധാനപ്പെട്ടതാണ്. രണ്ട് മക്കളുടെയും വിവാഹം ഒരു വർഷം തന്നെ നടക്കുകയെന്നത് ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡിസംബറിലാണ് മകൻ കാളിദാസിന്റെ വിവാഹമെന്നും ജയറാം കൂട്ടിച്ചേർത്തു. ജയറാമിന്റെ മകൾ മാളവികയുടെ വിവാഹം നടന്നത് കഴിഞ്ഞ മെയ് മാസത്തിലായിരുന്നു.

ആരാധകരുടെ ഇഷ്ട താരമാണ് സൂര്യ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കങ്കുവ റിലീസിന് ഒരുങ്ങുകയാണ്. മുംബൈയിൽ നടന്ന കങ്കുവ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ നടനെ അവതാരക സൂപ്പർസ്റ്റാർ എന്ന് അഭിസംബോധന ചെയ്തതും അതിന് സൂര്യ നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

താൻ സൂപ്പർസ്റ്റാർ അല്ലെന്നാണ് താരം പറയുന്നത്. തങ്ങൾക്ക് ഒരു സൂപ്പർസ്റ്റാറേയുളളൂ, അത് രജനികാന്താണെന്ന് സൂര്യ വ്യക്തമാക്കുന്നു. നിങ്ങൾക്ക് ഒരാളിൽ നിന്ന് ഒരു ടൈറ്റിലെടുത്ത് മറ്റൊരാൾക്ക് നൽകാനാവില്ലെന്നും സൂര്യ ചൂണ്ടിക്കാട്ടി.

രജനികാന്തിനോടുള്ള നടന്റെ ബഹുമാനം എന്ന രീതിയിലാണ് സോഷ്യൽമീഡിയയിൽ ഈ വാക്കുകൾ വൈറലാകുന്നത് നവംബർ 14 നാണ് കങ്കുവ റിലീസ് ചെയ്യുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കേരളത്തിൽ 500 ൽ അധികം സ്‌ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്യുക. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് കങ്കുവ കേരളത്തിലെത്തിക്കുന്നത്.

ബോളിവുഡ് നടി ദിഷ പഠാണിയാണ് ചിത്രത്തിലെ നായിക. ബോബി ഡിയോൾ, ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയിൽ വേഷമിടുന്നുണ്ട്.

തിരുവനന്തപുരം: പെരിയാർ കടുവാസങ്കേത്തിനകത്തെ ജനവാസ മേഖലകളായ പമ്പാവാലി, ഏയ്ഞ്ചൽവാലി പ്രദേശങ്ങളെയും തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെയും സങ്കേതത്തിൽ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോർഡിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി അംഗങ്ങൾ സ്ഥലം സന്ദർശിക്കും. 2024 ഡിസംബർ 19, 20, 21 തീയതികളിലാണ് സംഘം പരിശോധന നടത്തുക.

ദേശീയ വന്യജീവി ബോർഡിന്റ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവും പ്രശ്സത ശാസ്ത്രജ്ഞനുമായ ഡോ. സുകുമാർ, ദേശീയ വന്യജീവി വിഭാഗം ഇൻസ്‌പെക്ടർ ജനറൽ, സംസ്ഥാന സർക്കാരിന്റെ ഒരു പ്രതിനിധി തുടങ്ങിവരാണ് സമിതിയിലെ അംഗങ്ങൾ. ടൈഗർ റിസർവ്, കേന്ദ്ര വന്യജീവി വകുപ്പ് എന്നിവയിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരും സംഘത്തോടൊപ്പം ഉണ്ടായിരിക്കും.

ഒക്ടോബർ 5ന് വിളിച്ച സംസ്ഥാന വന്യജീവി ബോർഡ് യോഗമാണ് ജനവാസ മേഖലകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വന്യജീവി ബോർഡിന് ശുപാർശ ചെയ്യാനുള്ള തീരുമാനമെടുത്തത്. സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ കേന്ദ്ര വന്യജീവി ബോർഡിന്റെ അജണ്ടയിൽ ഉൾപ്പെടുത്തി പരിഗണനയ്ക്ക് കൊണ്ടുവരാൻ സാധിച്ചു എന്നത് സംസ്ഥാന സർക്കാരിന്റെ നേട്ടവും ഈ വിഷയത്തിലെ വനം വകുപ്പിന്റെ ആത്മാർത്ഥ പ്രവർത്തനത്തിന്റെ ഫലവുമാണെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. വിദഗ്ധ സമിതിയുടെ മുൻപാകെ കാര്യങ്ങൾ അവതരിപ്പിക്കാൻ ബന്ധപ്പെട്ട ജനപ്രതിനിധികൾക്കും പൊതുജനങ്ങൾക്കും സാഹചര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.