Latest News (Page 80)

തിരുവനന്തപുരം: മൊബൈൽ ഫോൺ റീച്ചാർജിംഗ് എന്ന പേരിൽ തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. മൊബൈൽ ഫോൺ റീചാർജിങ് കുറഞ്ഞ നിരക്കിൽ ലഭിക്കുന്നു എന്ന വ്യാജപ്രചരണം സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതോടൊപ്പം ഒരു വ്യാജ ലിങ്കും ലഭിക്കും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോൺ പേ, ഗൂഗിൾ പേ, പേടിഎം മുതലായ ആപ്പുകളിലേയ്ക്കു പ്രവേശിക്കുന്നു. തുടർന്ന് റീചാർജിങിനായി യു.പി.ഐ പിൻ നൽകുന്നതോടെ പരാതിക്കാരന് തൻറെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

ഇത്തരത്തിൽ ലഭിക്കുന്ന വ്യാജ റീചാർജ് സന്ദേശങ്ങൾ തീർച്ചയായും അവഗണിക്കണം. ഇത്തരം തട്ടിപ്പിന് ഇരയായാൽ പരമാവധി ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ് സൈറ്റ് മുഖേനയോ സൈബർ പോലീസിനെ അറിയിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.

പാലക്കാട്: ബാഗ് വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബാഗ് വിവാദം എൽഡിഎഫിന് വോട്ട് ആകുമെന്ന് അദ്ദേഹം പറഞ്ഞു. ബാഗ് വിഷയം ഉപേക്ഷിക്കേണ്ടതല്ലെന്നും അടഞ്ഞ അധ്യായമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബാഗ് വിഷയത്തിൽ താൻ പറഞ്ഞതാണ് പാർട്ടി നിലപാട്. അതല്ലാത്ത ഒരു അഭിപ്രായ പ്രകടനവും പാർട്ടിയുടേതല്ല. ട്രോളി ബാഗ് വിഷയം ഉപേക്ഷിക്കേണ്ട വിഷയമല്ല. ശരിയായി അന്വേഷിക്കേണ്ട വിഷയം തന്നെയാണ്. നീല ബാഗും ചുവന്ന ബാഗും എല്ലാം കുഴൽ പണ വിഷയവുമായി ബന്ധപ്പെട്ടതാണ്. അത് ചർച്ച ചെയ്യേണ്ടതാണ്. പെട്ടി വിഷയം അടഞ്ഞ അധ്യായമേ അല്ല. അത് മണ്ഡലത്തിലെ പ്രധാന വിഷയമാണ്. ചർച്ച ചെയ്യണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് കള്ളപ്പണമെത്തിച്ചെന്ന സിപിഎമ്മിന്റെ പരാതിയിൽ കേസെടുത്തില്ലെന്ന് പാലക്കാട് എസ്പി ആനന്ദ് പറഞ്ഞു. സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പ്രാഥമിക പരിശോധന നടത്തുന്നുണ്ട്. പരിശോധനയ്ക്ക് ശേഷം കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് എസ്പി വ്യക്തമാക്കി.

കണ്ണൂർ: സിപിഎം തനിക്കെതിരെയെടുത്ത നടപടിയിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് പി പി ദിവ്യ. ജയിലിൽ കിടക്കുമ്പോൾ തനിക്കെതിരെ നടപടി വേണ്ടിയിരുന്നില്ലെന്ന് ദിവ്യ വ്യക്തമാക്കി. ദിവ്യ നേതാക്കളെ ഫോണിൽ വിളിച്ച് അതൃപ്തി അറിയിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.

തന്റെ ഭാഗം കേൾക്കാൻ പാർട്ടി തയ്യാറായില്ലെന്ന പരാതിയാണ് ദിവ്യ മുന്നോട്ടുവെയ്ക്കുന്നത്. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാന്റിൽ കഴിയുന്ന സമയത്താണ് പിപി ദിവ്യയെ തരംതാഴ്ത്തിയത്. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയത്.

ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തൽ സിപിഎമ്മിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ്. ദിവ്യയെ തരംതാഴ്ത്താൻ കണ്ണൂർ ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം സംസ്ഥാന നേതൃത്വത്തിന്റെ അനുമതിക്കായി വിട്ടിരുന്നു. ഇത് പ്രകാരം ഓൺലൈനായി ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് നടപടിക്ക് അംഗീകാരം നൽകിയത്.

ഇടുക്കി: പാചകത്തിനിടെ ഗ്യാസ് സിലിണ്ടറിൽ നിന്നും തീ പടർന്ന് നാല് പേർക്ക് പൊള്ളലേറ്റു. കാറ്ററിംഗ് സ്ഥാപനനത്തിൽ വെച്ചാണ് സംഭവം. തോക്കുപാറ സ്വദേശികളായ ജോയി, ജോമോൻ, അഖില, അന്നമ്മ എന്നിവർക്കാണ് പൊള്ളലേറ്റത്. തോക്കുപാറ സൗഹൃദഗിരിയിൽ പ്രവർത്തിക്കുന്ന കാറ്ററിംഗ് യൂണിറ്റിൽ പാചകത്തിനിടെ ഗ്യാസ് കുറ്റിയിൽ തീ പടർന്നാണ് പൊള്ളലേറ്റത്.

പാചകത്തിനിടെ ഗ്യാസ് സിലിണ്ടറിൽ തീ പിടിക്കുകയും തുടർന്ന് ആളിപ്പടരുകയുമായിരുന്നു. സമീപത്ത് ഉണ്ടായിരുന്നവർ ഉടൻ തീ അണച്ചതിനാൽ വലിയ ദുരന്തം ഒഴിവായത്. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന നാല് പേരുടെയും ശരീരത്തിൽ പൊള്ളലേറ്റു. പരിക്കേറ്റ നാല് പേരെയും ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി. ആരുടെയും പൊള്ളൽ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഒരിക്കലും ഒരാളുടെ ആരോഗ്യം സിക്‌സ് പാക്കിന് വേണ്ടി കോംപ്രമൈസ് ചെയ്യാനാവില്ല എന്ന് നടൻ സൂര്യ. സിക്‌സ് പാക്ക് ഉണ്ടാക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും പ്രധാന കാര്യം എന്ന് താൻ ഒരിക്കലും പറയില്ലെന്ന് സൂര്യ പറഞ്ഞു. താൻ എപ്പോഴും സിക്‌സ് പാക്ക് ചെയ്തിട്ടുള്ളത് തന്റെ കഥാപാത്രത്തിന് വേണ്ടിയാണ്. എല്ലാ സിനിമകൾക്കും വേണ്ടി സിക്‌സ് പാക്കിനായി ശ്രമിച്ചിട്ടില്ല എന്നും സൂര്യ വ്യക്തമാക്കി.

മറ്റൊരാളെ കാണിക്കണമെന്നോ ആരെങ്കിലും പ്രൂവ് ചെയ്യണമെന്നോ കരുതി ആരോഗ്യം കോംപ്രമൈസ് ചെയ്യരുത്. നിങ്ങൾക്ക് ഒരിക്കലും നിങ്ങളുടെ ആരോഗ്യം സിക്‌സ് പാക്കിന് വേണ്ടി കോമ്പ്രമൈസ് ചെയ്യാനാവില്ല. നൂറു ദിവസം വളരെ ഡിസിപ്ലിൻഡായി ഡെഫിസിറ്റ് ഡയറ്റ് ഫോളോ ചെയ്താൽ തീർച്ചയായും സിക്‌സ് പാക്ക് വരും.

താനൊരു 10 ദിവസത്തിനു വേണ്ടിയാണ് സിക്‌സ് പാക്ക് ചെയ്തത് അല്ലാതെ ഒരു വർഷം പോലും സിക്‌സ് പാക്ക് നിലനിർത്താൻ തനിക്ക് കഴിഞ്ഞിട്ടില്ല. പ്രൊഫഷണൽ റീസണിന് വേണ്ടി മാത്രമാണ് സിക്‌സ് പാക്ക് ചെയ്തത്. ബോഡി ബിൽഡിംഗ് കോമ്പറ്റീഷന് വേണ്ടിയോ മറ്റോ ആണെങ്കിൽ നിങ്ങൾക്ക് ചെയ്യാം അല്ലാതെ ഒരിക്കലും ആരോഗ്യം കളയരുത്. ഹെൽത്തിന്റെ കാര്യം പിന്നിലേക്ക് തള്ളി കണ്ണു മൂടി സിക്‌സ് പാക്ക് ചെയ്യരുതെന്നും സൂര്യ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് സീപ്ലെയിൻ സർവീസ് നവംബർ 11ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫ്‌ളാഗ് ഓഫ് ചെയ്യും. വിനോദസഞ്ചാര മേഖലയിൽ വൻ വികസനത്തിന് വഴിയൊരുക്കുന്ന പദ്ധതിയാണിത്. കൊച്ചി കെടിഡിസി ബോൾഗാട്ടി പാലസ് ഹോട്ടലിൽ രാവിലെ 9.30 ന് നടക്കുന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും.

കേന്ദ്ര സർക്കാരിന്റെ ഉഡാൻ റീജിയണൽ കണക്ടിവിറ്റി സ്‌കീമിന് കീഴിലുള്ള സീപ്ലെയിൻ സർവീസാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി കേരളത്തിലെത്തുന്ന’ഡിഹാവ്‌ലാൻഡ് കാനഡ’ എന്ന സീപ്ലെയിൻ ആണ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്.

ഫ്‌ളാഗ് ഓഫിന് ശേഷം വിമാനം ഇടുക്കിയിലെ മാട്ടുപ്പെട്ടിയിലേക്ക് സർവീസ് നടത്തും. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ വിമാനത്തിന് മാട്ടുപ്പെട്ടി ഡാം പരിസരത്ത് സ്വീകരണം നൽകും. നവംബർ 10ന് ഉച്ചയ്ക്ക് 2നാണ് ‘ഡിഹാവ്‌ലാൻഡ് കാനഡ’ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുക. തുടർന്ന് വിമാനം ഉച്ചകഴിഞ്ഞ് 3.30ന് ബോൾഗാട്ടി പാലസ് വാട്ടർ ഡ്രോമിൽ എത്തും. വിമാനത്തിലെ പൈലറ്റുമാർക്കും ഇതര ജീവനക്കാർക്കും ബോൾഗാട്ടി പാലസ് ഹോട്ടലിൽ ടൂറിസം വകുപ്പ് ആതിഥേയത്വമൊരുക്കും.

സീപ്ലെയിൻ പദ്ധതി നടപ്പാക്കുന്നതിലൂടെ കേരളത്തിന്റെ ടൂറിസം വികസനത്തിൽ വലിയ കുതിച്ചുചാട്ടത്തിനാണ് സാധ്യത ഒരുങ്ങുന്നതെന്ന് ടൂറിസം മന്ത്രി പറഞ്ഞു. സംസ്ഥാനം നടപ്പാക്കുന്ന അനുഭവവേദ്യ, സുസ്ഥിര, ഉത്തരവാദിത്ത ടൂറിസം, ഡെസ്റ്റിനേഷൻ ചലഞ്ച് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ഇത് ഊർജ്ജമേകും. തീരദേശ, മലയോര ടൂറിസം ഡെസ്റ്റിനേഷനുകളിലേക്കുള്ള കണക്ടിവിറ്റി വർധിപ്പിക്കാനും സമയം ലാഭിക്കാനും സീപ്ലെയിൻ സർവീസുകളിലൂടെ സാധിക്കും. ഉൾനാടൻ ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്യാനും അനുഭവവേദ്യ ടൂറിസത്തിൻറെ ഭാഗമാകാനും സഞ്ചാരികൾക്ക് അവസരമൊരുങ്ങുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സ്വിറ്റ്‌സർലാൻഡിൽ നിന്നുള്ള സ്വകാര്യ കമ്പനിയും സ്‌പൈസ്‌ജെറ്റും ചേർന്നാണ് ഡിഹാവ്‌ലാൻഡ് കാനഡയുടെ സർവീസ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ആന്ധാപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലെ പരീക്ഷണ സർവീസിനു ശേഷമാണ് വിമാനം കേരളത്തിലെത്തുന്നത്. സർവീസ് നടത്തുന്നത് സംബന്ധിച്ച് കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ഇന്ത്യൻ നേവി, ഡിഹാവ്‌ലാൻഡ് കാനഡ പ്രതിനിധികളെ ഉൾപ്പെടുത്തി സ്ഥലങ്ങൾ സന്ദർശിച്ച് ഉന്നതതല നിരീക്ഷണം നടത്തിയിരുന്നു. സാധ്യതാ സർവേ, ഹൈഡ്രോഗ്രാഫിക് സർവേ എന്നിവയും പൂർത്തിയാക്കി.

ചേലക്കര: പി പി ദിവ്യക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതിരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മൊഴിയാണ് പി പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. എഡിഎം നവീൻ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ച് കളക്ടർ കള്ളമൊഴി നൽകിയത് കൊണ്ടാണ് ദിവ്യക്ക് ജാമ്യം ലഭിച്ചതെന്ന് അദ്ദേഹം വിമർശിച്ചു.

പാർട്ടി തന്നെയാണ് ദിവ്യയെ സംരക്ഷിച്ചത്. സർക്കാർ അഭിഭാഷകന്റെ സഹായം ദിവ്യക്ക് ലഭിച്ചു. പാലക്കാട് റെയ്ഡ് അനാവശ്യമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞിട്ടില്ല. റെയ്ഡ് വിവരം പോലീസിൽ നിന്നും സിപിഎമ്മിലെ ഒരു വിഭാഗത്തിൽ നിന്നും ചോർന്നു. കെ സുധാകരന്റെ സ്ഥലത്ത് പോയി വി ഡി സതീശൻ പണം പിരിച്ചു എന്ന് പറഞ്ഞ് കോൺഗ്രസിൽ വലിയ വിവാദം നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സുധാകരൻ പറഞ്ഞുവെച്ച 5 ലക്ഷം രൂപ സതീശൻ വാങ്ങിപ്പോയി എന്ന് പറഞ്ഞാണ് വിവാദം നടക്കുന്നതെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു എന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു.

മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.

തിരുവനന്തപുരം: വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു എന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു.

മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.

അതേസമയം, വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമേട് ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്തുവെന്ന വാർത്തയിൽ സംസ്ഥാന ഭക്ഷ്യകമ്മീഷൻ തുടർനടപടികൾ സ്വീകരിച്ചു. നിർമാൺ എന്ന സന്നദ്ധ സംഘടന മേപ്പാടി ഗ്രാമപഞ്ചായത്ത് മുഖേന വിതരണം ചെയ്ത ഭക്ഷ്യകിറ്റുകളാണ് ഉപയോഗ ശൂന്യമായതെന്ന് വയനാട് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടതിന് മറുപടി നൽകി. പ്രാണികളെ കണ്ടെത്തിയ സാഹചര്യത്തിൽ മുഴുവൻ ഭക്ഷ്യവസ്തുക്കളും പരിശോധനയ്ക്ക് വിധേയമാക്കാനും ഭക്ഷ്യയോഗ്യമല്ലാത്തവ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനും മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിർദേശം നൽകിയതായും എ ഡി എം ഭക്ഷ്യകമ്മീഷനെ അറിയിച്ചു.

ന്യൂഡൽഹി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർട്ടിക്കിൾ 370 പിൻവലിച്ചത് അംബേദ്കർക്കുള്ള ശ്രദ്ധാഞ്ജലിയെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ നാസിക്കിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കോൺഗ്രസിന്റേത് നുണയുടെ കടയെന്നും മോദി വിമർശിച്ചു. കർണാടകയിലും ഹിമാചലിലും തെലങ്കാനയിലും അധികാരത്തിൽ വന്നത് നുണ പരത്തിയെന്നും അധികാരത്തിൽ വന്നതോടെ വാഗ്ദാനങ്ങൾ മറന്നുവെന്നും അദ്ദേഹം പറഞ്ഞു. ഖജനാവ് കാലിയായി. അഴിമതി പെരുകി. മറ്റു പാർട്ടികളുടെ സഹായത്തോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട ഗതികേടിലാണ് കോൺഗ്രസ്. തെരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടി SC-ST-OBC വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ ഉണ്ടാക്കുന്നുവെന്നും മോദി ആരോപിച്ചു.

കോൺഗ്രസ് ഭരണഘടനയെ അപമാനിക്കുകയാണെന്നും ഭരണഘടനയെ സംരക്ഷിക്കുന്നവർ എന്ന് പറഞ്ഞു കാലി പേജുകളുള്ള ഭരണഘടനയുമായി കറങ്ങുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് 30 കോടി രൂപകൂടി സർക്കാർ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ ആഴ്ചയിൽ 20 കോടി നൽകിയിരുന്നു. പ്രതിമാസ 50 കോടി രൂപ വീതമാണ് കോർപറേഷന് സർക്കാർ സഹായമായി നൽകുന്നത്.

ഈ വർഷം ബജറ്റിൽ 900 കോടി രൂപയാണ് കെഎസ്ആർടിസിക്ക് വകയിരുത്തിയത്. ഇതിനകം 1111 കോടി നൽകി. ഈ സർക്കാർ ഇതുവരെ 6100 കോടി രൂപ കെഎസ്ആർടിസിക്കായി അനുവദിച്ചു.