Latest News (Page 79)

തിരുവനന്തപുരം: കേരളത്തിന്റെ വികസനചരിത്രത്തിൽ പുതിയ യുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമെന്ന് മന്ത്രി വി എൻ വാസവൻ. ട്രയൽ റൺ ആരംഭിച്ച് 4 മാസങ്ങൾ പിന്നിട്ടതോടെ ഒന്നിനു പിന്നാലെ ഒന്നായി ലോകത്തിലെ വമ്പൻ ചരക്ക് കപ്പലുകൾ കേരളത്തിന്റെ തീരത്തെത്തിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രിയോടെ ഒരു ലക്ഷം TEU കൈകാര്യം ചെയ്ത തുറമുഖമെന്ന നാഴികകല്ല് കൂടി പിന്നിട്ടിരിക്കുകയാണ് വിഴിഞ്ഞമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നവംബർ ഒൻപത് വരെയുള്ള കണക്ക് അനുസരിച്ച് 46 കപ്പലുകളാണ് തുറമുഖത്ത് എത്തിയത്. 1,00807 TEU വാണ് ഇവിടെ കൈകാര്യം ചെയ്തത്. ജൂലൈ മാസത്തിൽ 3, സെപ്റ്റംബറിൽ 12 ,ഒക്ടോബറിൽ 23 ,നവംബർ മാസത്തിൽ ഇതുവരെ 8 എന്നിങ്ങനെയാണ് തുറമുഖത്ത് എത്തിച്ചേർന്ന കപ്പലുകളുടെ എണ്ണം. 7.4 കോടി രൂപയുടെ വരുമാനമാണ് ജി.എസ്. ടി. ഇനത്തിൽ സർക്കാർ ഖജനാവിലേക്ക് എത്തിയത്.

ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളുടെ ശ്രേണിയിൽപ്പെടുന്ന എം.എസ്.സി ക്ലോഡ് ഗിരാർഡെറ്റ്, അന്ന, വിവിയാന, എന്നീ കപ്പലുകൾ എത്തിച്ചേർന്നു. ഇവയ്ക്ക് പിന്നാലെ മറ്റ് അതിഥികളും എത്തിച്ചേരും. അങ്ങനെ വിഴിഞ്ഞം ഇന്ത്യയുടെ സുവർണ്ണതീരമായി മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎമ്മിനെ കുഴിച്ചു മൂടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൂരം കലക്കി ബിജെപിയെ ജയിപ്പിച്ചതിന്റെ ജാള്യതയിലാണ് മുഖ്യമന്ത്രി യുഡിഎഫിനെ കുറ്റപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പാലക്കാട്ടെ പെട്ടി വലിച്ചെറിഞ്ഞ് സിപിഎം ഓടി. പാലക്കാട് 10,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടും. സിപിഎമ്മിന്റെ അവസാന മുഖ്യമന്ത്രിയാകും പിണറായി. ഉപതെരഞ്ഞെടുപ്പിൽ ചേലക്കര പിടിക്കും. സർക്കാരിനെതിരെയുള്ള അതിശക്തമായ വികാരം ചർച്ച ചെയ്യപ്പെടാതിരിക്കാനാണ് അപ്രധാനമായ കാര്യങ്ങൾ സിപിഎം കൊണ്ടുവരുന്നതെന്ന് വി ഡി സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിപിഎം കൊണ്ടുവന്ന വിഷയങ്ങളൊക്കെ അവർക്കു തന്നെ തിരിച്ചടിയായി. മന്ത്രി എം ബി രാജേഷും അളിയനും ചേർന്ന് ഒരുക്കിയ തിരക്കഥയായിരുന്നു പാതിരാ നാടകമെന്ന് എല്ലാവർക്കും ബോധ്യമായെന്നും അദ്ദേഹം പരിഹസിച്ചു.

പെട്ടി ചർച്ച ചെയ്യാൻ വന്നവർക്ക് തന്നെ പെട്ടി ദൂരത്തേക്ക് വലിച്ചെറിയേണ്ടി വരുന്ന വിചിത്രമായ കാഴ്ചയാണ് കാണുന്നത്. സ്വയം പരിഹാസ്യരായി നിൽക്കുകയാണ് സിപിഎം നേതാക്കൾ. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പിലെ യഥാർത്ഥ വിഷയങ്ങൾ മാറ്റാൻ യുഡിഎഫ് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുംബൈ: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി പിന്നാക്ക വിഭാഗം ജനങ്ങളെ ഭിന്നിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസിന്റെ വിഭജന തന്ത്രങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.

എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്ന ഒബിസിക്കാരനായ പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നതെന്ന സത്യം അംഗീകരിക്കാൻ ഇപ്പോഴും കോൺഗ്രസിന് കഴിയുന്നില്ല. ഒബിസി വിഭാഗത്തെ ജാതിയുടെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. പിന്നാക്ക വിഭാ?ഗത്തെ വിവിധ ജാതികളാക്കി മാറ്റാനുള്ള കളികളാണ് കോൺഗ്രസ് നടത്തുന്നത്. രാജ്യത്തെ തകർക്കണം എന്നതാണ് കോൺഗ്രസിന്റെ അജണ്ട. രാജ്യത്തെ നശിപ്പിക്കാനുള്ള കോൺഗ്രസിന്റെ നീക്കങ്ങൾ ജനങ്ങൾ മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോൺഗ്രസ് പാകിസ്താന്റെ അജണ്ടയെയാണ് പിന്തുടരുന്നത്. വിഘടനവാദികൾ സംസാരിക്കുന്നത് പോലെയാണ് കോൺഗ്രസ് സംസാരിക്കുന്നത്. ജനങ്ങൾ ബിജെപിക്കൊപ്പം നിൽക്കുന്നത് വരെ കോൺഗ്രസിന്റെ അജണ്ട ഇവിടെ നടക്കില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തിൽ ചീഫ് സെക്രട്ടറിയ്ക്ക് റിപ്പോർട്ട് കൈമാറി ഡിജിപി. വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണന്റെ ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഗോപാലകൃഷ്ണനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടും. ഇതിന് പിന്നാലെ ഗോപാലകൃഷ്ണനെതിരെ നടപടി ഉണ്ടാകുമെന്നാണ് വിവരം.

മല്ലു ഹിന്ദു വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് തന്റെ ഫോൺ ഹാക്ക് ചെയ്താണെന്നായിരുന്നു വ്യവസായ വകുപ്പ് സെക്രട്ടറി കെ ഗോപാലകൃഷ്ണന്റെ പരാതി. എന്നാൽ, ഈ പരാതി പൊലിസ് തള്ളിയിരുന്നു. ഫോറൻസിക് പരിശോധനയിലോ, മെറ്റയുടെ വിശദീകരണത്തിലോ ഹാക്കിങ് സ്ഥികരിക്കാൻ കഴിഞ്ഞില്ലെന്ന റിപ്പോർട്ടാണ് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർ ഡിജിപിക്ക് നൽകിയത്. ഫോണുകൾ ഫോർമാറ്റ് ചെയ്ത് കൈമാറിയതിനാൽ തെളിവ് കണ്ടെത്താനായില്ലെന്ന പൊലീസ് കണ്ടെത്തൽ ഗോപാലകൃഷ്ണന് തിരിച്ചടിയാകും.

ഗോപാലകൃഷ്ണന്റെ രണ്ടു ഫോണുകൾ ഫോറൻസിക് പരിശോധനക്ക് നൽകിയിരുന്നു. രണ്ട് ഫോണുകളും ഫോർമാറ്റ് ചെയ്ത് നൽകിയതിനാൽ പ്രത്യകിച്ചൊന്നും അതിൽ നിന്ന് കണ്ടെത്താൻ കഴിയില്ലെന്നാണ് ഫോറൻസിക് റിപ്പോർട്ട്. വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ ഇപ്പോൾ സജീവമല്ലാത്തിനാൽ ഹാക്കിങ് നടന്നിട്ടുണ്ടോ എന്ന് പറയാനാകില്ലെന്ന് മെറ്റ അറിയിച്ചിരുന്നു.

തിരുവനന്തപുരം: രാജ്യത്തെ ആദ്യ സമ്പൂർണ ഓൺ ഗ്രിഡ് സൗരോർജ ഡയറിയായി എറണാകുളം മേഖലാ ക്ഷീരോത്പാദക സഹകരണ സംഘം (മിൽമ) മാറി. മിൽമ എറണാകുളം യൂണിയന്റെ തൃപ്പൂണിത്തുറയിൽ സ്ഥാപിച്ച രണ്ട് മെഗാവാട്ട് സൗരോർജ്ജ പ്ലാന്റ് കേന്ദ്ര മൃഗസംരക്ഷണ-ക്ഷീരവകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ നാടിന് സമർപ്പിച്ചു. ചടങ്ങിൽ ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഓൺലൈനായി പങ്കെടുത്തു.

പ്രതിസന്ധികളെ എങ്ങിനെ അനുകൂലമാക്കാം എന്നതിന്റെ നേർക്കാഴ്ചയാണ് തൃപ്പൂണിത്തുറയിലെ സൗരോർജ പ്ലാന്റെന്ന് മന്ത്രി ജോർജ് കുര്യൻ പറഞ്ഞു. ചതുപ്പു നിലവും കുളവുമായിരുന്ന ഭൂപ്രകൃതി നിലനിറുത്തിക്കൊണ്ട് തന്നെ സോളാർ പാനൽ സ്ഥാപിക്കാനുള്ള തീരുമാനം പരിസ്ഥിതിയെ അലോസരപ്പെടുത്താതെ വികസനം കൊണ്ടുവരാമെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

ഉന്നതനിലവാരത്തിലുള്ള പാലുൽപ്പന്നങ്ങളും അതിന്റെ ഗുണമേന്മയും ഉറപ്പാക്കാനായുള്ള സംവിധാനമാണ് സെൻട്രൽ ക്വാളിറ്റി കൺട്രോൾ ലാബും, ഇടപ്പള്ളി പ്ലാന്റിന്റെ നവീകരണവുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. വിദേശപര്യടനത്തിലായിരുന്ന മന്ത്രി ഓൺലൈനായാണ് ചടങ്ങിനെ അഭിസംബോധന ചെയ്തത്.

കെ ബാബു എംഎൽഎ, എൻഡിഡിബി ചെയർമാൻ ഡോ. മീനേഷ് സി ഷാ, മിൽമ ഫെഡറേഷൻ ചെയർമാൻ കെ എസ് മണി, എം ഡി ആസിഫ് കെ യൂസഫ്, എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ എം ടി ജയൻ, എംഡി വിൽസൺ ജെ പുറവക്കാട്ട്, തൃപ്പൂണിത്തുറ മുൻസിപ്പൽ ചെയർപേഴ്സൺ രമ സന്തോഷ്, ക്ഷീരസഹകരണ സംഘം പ്രതിനിധികൾ, എൻഡിഡിബി-നബാർഡ് പ്രതിനിധികൾ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

16 കോടി രൂപയാണ് പദ്ധതിയുടെ ആകെ മുതൽമുടക്ക്. ഡയറി പ്രോസസിംഗ് ആന്റ് ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്മെന്റ് സ്‌കീമിൽ നിന്നുള്ള 9.2 കോടി രൂപയുടെ വായ്പയും, മേഖലാ യൂണിയന്റെ തനതു ഫണ്ടായ 6.8 കോടി രൂപയും ഉപയോഗിച്ചാണ് ഈ പദ്ധതി പൂർത്തീകരിച്ചിട്ടുള്ളത്.

ഡയറി കോമ്പൗണ്ടിലെ തടാകത്തിൽ സ്ഥാപിച്ചിരിക്കുന്ന എട്ട് കെവിയുടെ ഫ്ളോട്ടിംഗ് സോളാർ പാനലുകൾ, കാർപോർച്ച് മാതൃകയിൽ സജീകരിച്ച 102 കിലോ വാട്ട് സോളാർ പാനലുകൾ, ഗ്രൗണ്ടിൽ സ്ഥാപിച്ചിരിക്കുന്ന 1890 കിലോ വാട്ട് സോളാർ പാനലുകൾ എന്നീ രീതിയിലാണ് സോളാർ പ്ലാന്റ് ക്രമീകരണം.

മിൽമയുടെ സരോർജ്ജ നിലയം പ്രതിവർഷം 2.9 ദശലക്ഷം യൂണിറ്റുകൾ (ജിഡബ്ല്യുഎച്) ഹരിതോർജ്ജം ഉൽപ്പാദിപ്പിക്കുകയും ഇതുവഴി പ്രതിവർഷം 1.94 കോടി രൂപ ഊർജ്ജ ചെലവ് ഇനത്തിൽ ലാഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. പ്ലാന്റ് വഴി ഓരോ വർഷവും ഏകദേശം 2,400 മെട്രിക് ടൺ കാർബൺഡൈ ഓക്സൈഡ് പുറന്തള്ളലാണ് കുറയ്ക്കുന്നത്. ഇത് ഏകദേശം ~ഒരുലക്ഷം മരങ്ങൾ നടുന്നതിന് തുല്യമാണ്. പകൽ സമയങ്ങളിൽ ഡെയറിയുടെ മുഴുൻ ഊർജ ആവശ്യകതയും നിറവേറ്റുകയും ഡിസ്‌കോമിന്റെ കൈവശമുള്ള മിച്ച ഊർജ്ജം പീക്ക്, ഓഫ് പീക്ക് സമയങ്ങളിൽ ഉൾക്കൊള്ളാൻ സഹായിക്കുകയും ചെയ്യുന്നു.

അനെർട്ട് ആണ് പ്രൊജക്ടിന്റെ സാങ്കേതിക മേൽനോട്ടം വഹിച്ചത്. കെ.സി കോപർ എനർജി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് സോളാർ പാനലുകൾ സ്ഥാപിക്കുകയും, ടെസ്റ്റിംഗും, കമ്മീഷനിംഗും നിർവഹിക്കുകയും ചെയ്തു. ബിഐഎസ് അംഗീകരിച്ച 540 ഡബ്ല്യു പി സ്വെലെക്ട് എച് എച് വി മോണോ പെർക് ഹാഫ് കട്ട് മൊഡ്യൂളുകൾ, ഓസ്ട്രിയയിൽ നിന്നുള്ള ഫ്രോണിയസ് ഇൻവെർട്ടറുകൾ (100 കിലോവാട്ട് വീതമുള്ള 16 യൂണിറ്റുകൾ), മണിക്കൂറിൽ 150 കിലോമീറ്റർ വരെ കാറ്റിന് പ്രതിരോധിക്കാൻ തക്കവണ്ണം രൂപകൽപ്പന ചെയ്ത ഗാൽവനൈസ്ഡ് അയൺ മൗണ്ടിംഗ് ഘടനകൾ എന്നിവയാണ് പ്ലാന്റിൽ ഉള്ളത്. തടസ്സമില്ലാത്ത നീരിക്ഷണത്തിനും കെ.എസ്.ഇ.ബിക്ക് റിപ്പോർട്ട് ചെയ്യുന്നതിനുമുള്ള സ്‌കാഡ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.

ചെങ്ങന്നൂർ: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് കുമ്മനം രാജശേഖരൻ. സർക്കാർ ശബരിമലയെ വാണിജ്യവത്കരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല ഭക്തരുടേതാണ്. മതകാര്യങ്ങളിൽ ഇടപെടാനല്ല ജനപ്രതിനിധികളെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ നടന്ന ശബരിമല സംരക്ഷണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിൽ എന്തുചെയ്യണമെന്ന് സർക്കാർ ആലോചിക്കുന്നത് എന്തിനാണ്. ശബരിമലയിലെ തിക്കും തിരക്കും നിയന്ത്രിക്കുന്നതിനെ കുറിച്ചും അവിടുത്തെ ആചാരാനുഷ്ഠാനങ്ങളെ കുറിച്ചും തീരുമാനമെടുക്കുന്നത് അവരാണോ. അത് അവരല്ലെന്നും മറിച്ച് ജനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമലയെ സംബന്ധിച്ച് അവസാനവാക്ക് ഭക്തരുടേതാണ്. മത ഇതര കാര്യങ്ങളെ കുറിച്ച് ചിന്തിക്കാനും തീരുമാനങ്ങൾ കൈക്കൊള്ളാനുമാണ് ജനപ്രതിനിധികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃശ്ശൂർ: തെരഞ്ഞെടുപ്പിൽ കോൺഗ്രസ് -ബിജെപി ഡീൽ ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂരിലും ബിജെപി അക്കൗണ്ട് തുറന്നത് കോൺഗ്രസുമായുണ്ടായിരുന്ന ഡീലിന്റെ ഭാഗമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചേലക്കരയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

നേമത്ത് ഡീലിന്റെ ഭാഗമായാണ് ബിജെപി അക്കൗണ്ട് തുറന്നത്. അവിടെ കോൺഗ്രസ് വോട്ടുകൾ കാണാതായി. കോൺഗ്രസുകാർ വോട്ട് ബിജെപിക്ക് ചെയ്തു. ഇല്ലായിരുന്നെങ്കിൽ നേമത്ത് ബിജെപിക്ക് അക്കൌണ്ട് തുറക്കാൻ കഴിയുമായിരുന്നില്ല. അതിന് ശേഷം, അപ്പുറത്തൊരു കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വിജയവും ഡീലിന്റെ ഭാഗമായി ഉറപ്പാക്കിയെന്നും അദ്ദേഹം അറിയിച്ചു.

തൃശ്ശൂരിലൂടെ ലോക്‌സഭയിലേക്ക് ബിജെപിക്ക് അക്കൗണ്ട് തുറക്കാനായി. വോട്ട് കണക്ക് മാത്രം എടുത്താൽ കാര്യം മനസ്സിലാകും. കോൺഗ്രസ് അംഗീകാരമുള്ള ആളെ തന്നെ സ്ഥാനാർത്ഥിയാക്കി. 2019 ഇൽ കിട്ടിയ വോട്ടിനേക്കാൾ കുറവ് വോട്ടാണ് കോൺഗ്രസിന് കിട്ടിയത്. ആ വോട്ട് എങ്ങോട്ട് പോയെന്ന് വ്യക്തമാണ്. ബിജെപി- കോൺഗ്രസ് മാനസിക ഐക്യം അത്രത്തോളമാണ്. ഇരുവരുടെയും പ്രധാന ശത്രു എൽഡിഎഫാണെന്നും പിണറായി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: രാജ്യത്ത് മതം അടിസ്ഥാനമാക്കിയുള്ള സംവരണം ബിജെപി ഉള്ള കാലത്തോളം അനുവദിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കോൺഗ്രസിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. പിന്നാക്ക ദളിത് വിഭാഗക്കാരുടെ സംവരണം കുറച്ച് മുസ്ലിങ്ങൾക്ക് നൽകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കൾ മുസ്ലിങ്ങൾക്ക് 10 ശതമാനം സംവരണം നൽകാൻ സഹായിക്കുമെന്ന് പറയുന്നു. എന്നാൽ ഭരണഘടനയിൽ മതാടിസ്ഥാനത്തിൽ സംവരണം നൽകാൻ വ്യവസ്ഥയില്ല. മുസ്ലിങ്ങൾക്ക് 10 ശതമാനം സംവരണം നൽകിയാൽ പിന്നാക്ക വിഭാഗക്കാരുടെ സംവരണം കുറയും. ഇത് ബിജെപി ഉള്ളിടത്തോളം കാലം അനുവദിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ലാഹോർ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിൽ സ്‌ഫോടനം. 27 പേരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. അൻപതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരം ആണ്. ക്വറ്റ റെയിൽവേ സ്റ്റേഷനിലായിരുന്നു ഉഗ്ര സ്‌ഫോടനം ഉണ്ടായത്. പെഷവാറിലേക്കുള്ള എക്സ്പ്രസ് ട്രെയിൻ പുറപ്പെടാനൊരുങ്ങുമ്പോഴായിരുന്നു സ്‌ഫോടനം നടന്നത്. കൊല്ലപ്പെട്ടവരിൽ കൂടുതൽ പേരും യാത്രക്കാരാണ്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനകളൊന്നും രംഗത്തെത്തിയിട്ടില്ല. ചാവേർ സ്‌ഫോടനമാണ് നടന്നതെന്നാണ് റിപ്പോർട്ടുകൾ. പാകിസ്ഥാൻ ഭരണകൂടത്തിനെതിരെ നിരവധി സായുധ സംഘങ്ങൾ പ്രവർത്തിക്കുന്ന മേഖലയാണ് ബലൂചിസ്ഥാൻ. മുൻപ് പലതവണയും ക്വറ്റയിൽ ഭീകരാക്രമണം ഉണ്ടായിട്ടുണ്ട്.