Latest News (Page 75)

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കൊടും ശൈത്യത്തെ തുടർന്ന് കാഴ്ചാപരിധി പൂജ്യമായി ചുരുങ്ങി. ഇതോടെ ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിലായി. ഡൽഹിയിൽ നിന്നുള്ള ഒരു വിമാനം റദ്ദാക്കി. 10 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നിരവധി വിമാനങ്ങൾ വൈകി. മേഖലയിൽ നിലവിൽ കാഴ്ചാപരിധി 50 മീറ്റർ മാത്രമാണ്.

ഡൽഹിയിൽ കുറഞ്ഞ താപനില 24 മണിക്കൂറിനിടെ 17 ഡിഗ്രിവരെ താഴ്ന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പല വിമാനത്താവളങ്ങളിലും കാഴ്ചാപരിധി ചുരുങ്ങിയിട്ടുണ്ട്. ഇന്ന് ഡൽഹിയിൽ രേഖപ്പെടുത്തിയ വായുമലിനീകരണ തോത് ശരാശരി 361 ആണ്. വളരെ മോശം അവസ്ഥയാണിത്.

അതേസമയം, ഡൽഹിയിൽ മലിനീകരണത്തോത് കൂടിയാൽ സ്‌കൂളുകൾ അടക്കുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്നാണ് ആരോഗ്യ വിദഗ്ദർ വ്യക്തമാക്കിയത്. മലിനീകരണത്തോത് ഉയരുന്നത് ഏറ്റവുമധികം ബാധിക്കുന്നത് സാധാരണക്കാരെയും വഴിയോര കച്ചവടക്കാരെയുമാണ്. പലയിടങ്ങളിലും വായുഗുണനിലവാരസൂചിക 400നും മുകളിലാണ്.

കണ്ണൂർ: തന്റെ ആത്മകഥ താൻ എഴുതി തീർന്നിട്ടില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ. അത് പ്രസിദ്ധീകരിക്കാൻ ഒരാളെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിസി പുറത്തിറക്കും എന്ന് പറയുന്ന പുസ്തകം ഏതാണെന്ന് തനിക്കറിയില്ല. തികച്ചും മാനിപുലേറ്റ് ചെയ്തതാണ് പുസ്തകത്തിലെ കാര്യങ്ങൾ. പുറത്തു വന്നവയെല്ലാം പൂർണമായും വ്യാജമാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ആസൂത്രിതമായ നീക്കമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ന് പുറത്തുവന്ന ഒരു കാര്യവും ഞാൻ എഴുതിയതല്ല. ഇന്ന് പത്തരയ്ക്ക് പ്രസിദ്ധീകരിക്കും എന്നുള്ള വാർത്തയാണ് താൻ കാണുന്നത്. അതിനു താൻ ആരെയും ഏൽപ്പിച്ചിട്ടില്ലെന്നും ഇ പി ജയരാജൻ പ്രതികരിച്ചു. തന്റെ പുസ്തകം താമസിയാതെ പ്രസിദ്ധീകരിക്കുമ്പോൾ നിങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാകും. പുസ്തകം പ്രസിദ്ധീകരിക്കാൻ സന്നദ്ധത അറിയിച്ച മാതൃഭൂമിയോടും ഡിസി ബുക്‌സിനോടും ആലോചിച്ചിട്ട് പറയാമെന്നാണ് താൻ പറഞ്ഞത്. ഇന്ന് പുറത്തുവന്ന വാർത്തകൾ ബോധപൂർവം സൃഷ്ടിച്ചതാണ്. ഇതിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. പ്രസിദ്ധീകരണക്കാരുടെ പ്രത്യേക നടപടികൾ ഉണ്ടോ എന്നും സംശയമുണ്ട്. ഇതുവരെ പുസ്തകം താൻ എഴുതിക്കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

തെരഞ്ഞെടുപ്പ് കണക്കാക്കി സ്ഥാനാർത്ഥികളെ കുറിച്ചുള്ള പരാമർശം ബോധപൂർവം ഉണ്ടാക്കിയതാണ്. പ്രസിദ്ധീകരിക്കാൻ താൻ ഡിസി ബുക്സിനെ ഏൽപ്പിച്ചിട്ടില്ല. ഇതിനെതിരെ ആവശ്യമായ നിയമ നടപടി സ്വീകരിക്കും. പുസ്തകത്തിന്റെ കവർപേജ് പോലും താൻ കണ്ടിട്ടില്ല. തന്നെ ഉപയോഗിച്ചു കൊണ്ട് തെറ്റായ വാർത്തയുണ്ടാക്കുകയാണ്. തന്നെയും പാർട്ടിയെയും നശിപ്പിക്കാനുള്ള ലക്ഷ്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെന്നിന്ത്യൻ ആരാധകരുടെ പ്രിയങ്കരിയായ താരമാണ് തൃഷ. പ്രായം നാൽപത് പിന്നിട്ടെങ്കിലും തൃഷയുടെ താരമൂല്യത്തിന് ഇന്നും കുറവൊന്നുമില്ല. ഗുഡ് ബാഡ് അഗ്ലി എന്ന അജിത്ത് ചിത്രത്തിലാണ് നടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം സ്‌പെയ്‌നിൽ പുരോഗമിക്കുകയാണ്. അജിത്തുമായുള്ള തൃഷയുടെ രംഗങ്ങൾ ചിത്രീകരിച്ചുകൊണ്ടിരിക്കെ സിനിമയുടെ സെറ്റിൽ നിന്നും ഷൂട്ടിംഗ് ഉപേക്ഷിച്ച് തൃഷ പെട്ടെന്ന് ചെന്നൈയിൽ തിരികെ എത്തി എന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.

ഗുഡ് ബാഡ് അഗ്ലി ക്രൂവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണോ അതോ അജിത്തുമായി എന്തെങ്കിലും പ്രശ്നമുണ്ടോയതുകൊണ്ടാണോ താരം ചെന്നൈയിലേക്ക് തിരിച്ചെത്തിയതെന്ന ചോദ്യമാണ് ആരാധകർ ഉന്നയിക്കുന്നത്. എന്നാൽ നടി പെട്ടെന്ന് ചെന്നൈയിലെത്തിയതിന് പിന്നിലെ യഥാർത്ഥ കാരണം മറ്റൊന്നാണെന്നും പറയപ്പെടുന്നു. ഒരു ജ്വല്ലറിയുടെ പരസ്യത്തിൽ അഭിനയിക്കാനാണ് നടി തൃഷ ഗുഡ് ബാഡ് അഗ്ലിയുടെ സെറ്റിൽ നിന്നും തിടുക്കത്തിൽ ചെന്നൈയിലെത്തിയതെന്നാണ് വിവരം.

സിനിമയിലൂടെ മാത്രമല്ല പരസ്യങ്ങളിലൂടെയും കോടിക്കണക്കിന് രൂപയാണ് തൃഷ എല്ലാ വർഷവും സമ്പാദിക്കുന്നത്.

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തമിഴ്നാട് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലായി ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുവെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കു കിഴക്കൻ അറബിക്കടലിന് മുകളിലായി കേരള തീരത്തിന് സമീപം ചക്രവാതചുഴി സ്ഥിതിചെയ്യുന്നു

കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 13 -16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

2024 നവംബർ 13 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതലുകൾ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

  • ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
  • ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
  • അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
  • ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
  • മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
  • കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
  • ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
  • ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.
  • പട്ടം പറത്തുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
  • വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
  • അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല, കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
  • ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.
  • മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.

വയനാട്: വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി. ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. എൽഡിഎഫാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ 10 നാണ് പ്രിയങ്ക ഗാന്ധി പള്ളിക്കുന്ന് ദേവാലയത്തിലെത്തി വോട്ട് തേടിയത്. വൈദികരുടെ സാന്നിധ്യത്തിൽ പ്രാർത്ഥന നടത്തുന്നതിന്റെ വീഡിയോ പ്രചരിപ്പിച്ചു. ആരാധനാലത്തിനുള്ളിൽ വിശ്വാസികളോട് വോട്ട് അഭ്യർത്ഥിച്ചെന്നും വോട്ടിനായി മതചിഹ്നം ദുരുപയോഗിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.

തിരുവനന്തപുരം: ഭവന നിർമ്മാണ ബോർഡിന്റെ എരുമേലി ഡിവോഷണൽ ഹബ്ബ് വാഹന പാർക്കിംഗ് സംവിധാനം എരുമേലി ചെറിയമ്പലത്തിന് സമീപത്തുള്ള പദ്ധതി പ്രദേശത്ത് നവംബർ 13 ന് വൈകുന്നേരം 5 മണിക്ക് റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ആന്റോ ആന്റണി എംപിയും സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയും മുഖ്യാതിഥികളാവും. ഭവന നിർമ്മാണ ബോർഡ് ചെയർമാൻ ടി.വി. ബാലൻ, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സുജി സണ്ണി എന്നിവർ പങ്കെടുക്കും.

ശബരിമല തീർത്ഥാടകർക്കായി എരുമേലിയിൽ ചെറിയമ്പലത്തിന് സമീപത്തായുള്ള ഭവന നിർമാണ ബോർഡിന്റെ സ്ഥലത്താണ് വാഹന പാർക്കിന് സംവിധാനം. എരുമേലിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡിവോഷണൽ ഹബ് സജ്ജീകരിക്കുന്നതിനുള്ള ആദ്യഘട്ടമായാണ് മിതമായ നിരക്കിലുള്ള പാർക്കിംഗ് സംവിധാനം. മൂന്ന് ഘട്ടങ്ങളായി നടപ്പിലാക്കാക്കുവാൻ ഉദ്ദേശിക്കുന്ന എരുമേലി ഡിവോഷണൽ ഹബ്ബിന്റെ രണ്ടാം ഘട്ടത്തിൽ ഭക്ഷണശാല, റിഫ്രഷ്മെന്റ് സെന്റർ കഫെറ്റീരിയ എന്നിവയും, മൂന്നാം ഘട്ടത്തിൽ ഗസ്റ്റ് ഹൗസ്, ഡോർമെറ്ററി സൗകര്യങ്ങൾ എന്നിവയും സജ്ജീകരിക്കുമെന്ന് ഭവന നിർമാണ ബോർഡ് പത്രക്കുറിപ്പിൽ അറിയിച്ചു.

കൊച്ചി: വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി. വഖഫ് ഭൂമി കൈവശം വച്ചുവെന്ന് ആരോപിച്ച് രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. കലിക്കറ്റ് പോസ്റ്റൽ ഡിവിഷൻ സീനിയർ സൂപ്രണ്ട്, മാരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റർ എന്നിവർക്കെതിരായ കേസാണ് റദ്ദാക്കിയത്.

കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. വഖഫ് ബോർഡിന്റെ പരാതിയനുസരിച്ചാണ് പോസ്റ്റൽ ഉദ്യോഗസ്ഥർക്കെതിരായ കേസ് രജിസ്റ്റർ ചെയ്തത്. 1999 ൽ പ്രവർത്തനമാരംഭിച്ചതോണ് പോസ്റ്റ് ഓഫീസ്. ഇത് വഖഫ് ഭൂമിയിലാണെന്നാണ് കേസ്. 2013 ലാണ് വഖഫ് ഭേദഗതി നിയമം നിലവിൽ വന്നത്. ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ പോസ്റ്റൽ ഉദ്യോഗസ്ഥരെ പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

തിരുവനന്തപുരം: എല്ലാതരം പനിയും പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം. പ്രാരംഭ ഘട്ടത്തിൽ ചികിത്സിക്കാത്തത് കൊണ്ടാണ് എലിപ്പനി മരണങ്ങൾ പലപ്പോഴും ഉണ്ടാകുന്നത്. എലിപ്പനി സാധ്യതയുള്ളവർക്ക് പ്രോട്ടോക്കോൾ അനുസരിച്ചുള്ള ചികിത്സ സർക്കാർ, സ്വകാര്യ ആശുപത്രികൾ ഉറപ്പാക്കണം. മലിന ജലത്തിലിറങ്ങിയവരിൽ ഡോക്‌സിസൈക്ലിൻ കഴിക്കാത്തവരിൽ മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിനാൽ മലിന ജലത്തിലിറങ്ങിയവർ നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം. കൈകാലുകളിൽ മുറിവുകളുള്ളവർ മലിനജലവുമായി സമ്പർക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്യണം. കൊതുകിന്റെ ഉറവിട നശീകരണം പ്രത്യേകം ശ്രദ്ധിക്കാനും മന്ത്രി നിർദേശം നൽകി.

സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്‌പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ കൊണ്ടുള്ള മരണങ്ങൾ തദ്ദേശ സ്ഥാപന തലത്തിൽ അടുത്ത രണ്ടാഴ്ച വിലയിരുത്താൻ മന്ത്രി നിർദേശം നൽകി. പബ്ലിക് ഹെൽത്ത് ആക്ടിന്റെ അടിസ്ഥാനത്തിൽ പ്രാദേശികമായി അത് ചർച്ച ചെയ്ത് വിലയിരുത്തി തുടർ നടപടി സ്വീകരിക്കണം. ഗവേഷണ അടിസ്ഥാനത്തിൽ പഠനം നടത്താനായി ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് വീണാ ജോർജ് പറഞ്ഞു.

ഹെപ്പറ്റൈറ്റിസ് എ, മലേറിയ, എച്ച്1 എൻ1 തുടങ്ങിയ രോഗങ്ങളും പൊതുവായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ. സാലഡ്, ചട്‌നി, മോര് എന്നിവയിൽ ഉപയോഗിക്കുന്ന വെള്ളവും തിളപ്പിച്ച് ആറിയ വെള്ളം ആയിരിക്കണം. കുടിവെള്ള സ്രോതസുകൾ കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം. മണ്ണിലും ജലത്തിലും കലരുന്ന മാലിന്യം ആരോഗ്യ പ്രശ്‌നമുണ്ടാക്കുന്ന ഗുരുതരമായ സാഹചര്യമാണ് നേരിടുന്നത്. അവബോധം ശക്തമാക്കണം.

എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ഐഎസ്എം ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, ആർ.ആർ.ടി. അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

കണ്ണൂർ: തനിക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയും കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷയുമായ പി പി ദിവ്യ. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തന്നെയും തന്റെ കുടുംബത്തെയും മുഖ്യധാര മാധ്യമങ്ങളിലുടെയും സമൂഹ മാധ്യമങ്ങളിലൂടെയും അപമാനിക്കുന്നതിനായി വസ്തുതാവിരുദ്ധമായ വ്യാജവാർത്തകൾ കെട്ടിച്ചമച്ചവർക്കും വാട്‌സാപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയവയിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് ദിവ്യ ഫേസ്ബുക്ക് അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ദിവ്യ ഇക്കാര്യം അറിയിച്ചത്.

പറയാനുള്ളത് പാർട്ടി വേദികളിൽ പറയുമെന്ന് ദിവ്യ ഫേസ്ബുക്ക് കുറിപ്പിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഉത്തരവാദപ്പെട്ട ഒരു പാർട്ടി അംഗം എന്ന നിലയിൽ പറയാനുള്ളത് പാർട്ടി വേദികളിൽ പറയുന്നതാണ് ഇതുവരെ അനുവർത്തിച്ചുവരുന്ന രീതി. അത് തുടരും. തന്റെ സഖാക്കളും സുഹൃത്തുക്കും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്നും ദിവ്യ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.