Latest News (Page 74)

ഇസ്ലാമാബാദ്: വിവാഹ സംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് വധൂവരന്മാരടക്കം 26 പേർ മരണപ്പെട്ടു. പാകിസ്ഥാനിലാണ് സംഭവം. സിന്ധുനദിയിലേക്കാണ് വാഹനം മറിഞ്ഞത്. ഗിൽജിത് -ബാൾട്ടിസ്താൻ പ്രവിശ്യയിലെ ദിയാമെർ ജില്ലയിയാണ് അപകടം ഉണ്ടായത്.

ഗിൽജിത് -ബാൾട്ടിസ്താനിലെ അസ്‌തോറിൽനിന്ന് പഞ്ചാബിലെ ചക്വാലിലേക്ക് പോകുകയായിരുന്നു സംഘം. അപകടത്തിൽ ഒരാൾ രക്ഷപ്പെട്ടു. ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് റിപ്പോർട്ട്.

ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വധു മരണത്തിന് കീഴടങ്ങിയത്. നദിയിൽ നിന്നും 13 പേരുടെ മൃതദേഹം കണ്ടെത്തി. ബാക്കിയുള്ളവർക്കായുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.

തന്റെ വിവാഹത്തെ കുറിച്ചും തുടർന്ന് ജീവിതത്തിലുണ്ടായ മോശം അനുഭവങ്ങളെ കുറിച്ചും തുറന്നു സംസാരിച്ച് ഗായിക അമൃത സുരേഷ്. താൻ കാരണം കുടുംബം മൊത്തം പഴികേട്ടുവെന്ന് അമൃത പറയുന്നു. വളർത്തുദോഷമാണെന്ന് പറഞ്ഞു. അമൃതം ഗമയ യൂട്യൂബ് ചാനലിൽ സഹോദരി അഭിരാമി സുരേഷിനൊപ്പമുള്ള വ്ളോഗിൽ സംസാരിക്കവെയായിരുന്നു അമൃതയുടെ വെളിപ്പെടുത്തൽ. വിവാഹത്തെത്തുടർന്നുണ്ടായ ട്രോമകൾ മറികടന്നോയെന്ന് ഇപ്പോഴും അറിയില്ലെന്ന് അമൃത വ്യക്തമാക്കി.

കുറേയൊക്കെ കരഞ്ഞു തീർത്തിട്ടുണ്ട്. തന്റെ ജീവിതത്തിലെ സംഭവങ്ങൾ കാരണം ഏറ്റവും കൂടുതൽ പഴികേട്ടത് അച്ഛയും അമ്മയും ആണ്. വളർത്തുദോഷം, അവർ അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു, മക്കളെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചു. താൻ കാരണം എന്റെ മൊത്തം കുടുംബം 14 വർഷം പഴികേട്ടു. അതിന് ആരേയും കുറ്റംപറഞ്ഞിട്ടും കാര്യമില്ല. താൻ പറയാതിരുന്നതുകൊണ്ടും നിങ്ങൾക്ക് കിട്ടിയ അറിവുകൾ കൊണ്ടും നിങ്ങൾ പറഞ്ഞ കാര്യങ്ങളാണ്’, ഇപ്പോൾ നിങ്ങളെല്ലാം മനസിലാക്കിയല്ലോ എന്നൊരു ആശ്വാസം കുടുംബത്തിന് മൊത്തമുണ്ടെന്ന് അമൃത ചൂണ്ടിക്കാട്ടി.

മനുഷ്യർ തെറ്റുകൾ ചെയ്യും. അത് സ്വാഭാവികമാണ്. എല്ലാവരുടേയും ജീവിതത്തിൽ ഒരുപാട് തെറ്റുകൾ പറ്റിയിട്ടുണ്ടാവും. ചിലപ്പോൾ എന്റെയത്രേം മണ്ടത്തരങ്ങൾ പറ്റിയിട്ടുണ്ടാവില്ല. മകൾ പാപ്പു ഇല്ലായിരുന്നെങ്കിൽ താൻ തളർന്ന് മൂലയിൽ ആയിപ്പോയേനെ. പാപ്പുവിന് വേണ്ടി ഞാൻ പണിയെടുക്കണം, ഹാപ്പിയായിട്ട് ഇരിക്കണം, ഹെൽത്തിയായിട്ടിരിക്കണം. എന്ത് സംഭവിച്ചാലും ജീവിതം മുന്നോട്ടുപോകണമെന്നും അമൃത കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമേഹരോഗ നിയന്ത്രണ പദ്ധതികളെ ശാക്തീകരിക്കുന്നതിന് ഒരു വർഷം നീണ്ടുനിൽക്കുന്ന സംയോജിത തീവ്രയജ്ഞ പരിപാടി നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലോക പ്രമേഹ ദിനമായ നവംബർ 14ന് തുടങ്ങി അടുത്ത വർഷത്തെ പ്രമേഹ ദിനം വരെ നീളുന്നതാണ് പദ്ധതി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിന്റെ സാങ്കേതിക സഹകരണം കൂടി ഇതിലുണ്ടാകും. ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും പ്രമേഹ നിയന്ത്രണത്തിന്റെ ശാസ്ത്രീയവും നൂതനവുമായ ചികിത്സാ വിധികളുടെ പരിശീലനത്തോട് കൂടിയാണ് ഈ സഹകരണം ആരോഗ്യ വകുപ്പ് ആരംഭിക്കുന്നത്. പ്രമേഹ രോഗത്തിന് പുറമേ പ്രമേഹ രോഗികൾക്കുണ്ടാകുന്ന വൃക്കരോഗങ്ങൾ, ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് ഫൂട്ട്, പെരിഫെറൽ ന്യൂറോപ്പതി തുടങ്ങിയ സങ്കീർണതകൾ കൂടി കണ്ടെത്തി ചികിത്സിക്കുന്നതിനും ആവശ്യമായ പരിശീലനവും സാങ്കേതിക സഹായവും നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.

പദ്ധതിയുടെ ഭാഗമായി ജനുവരിയിൽ സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കുമായി ഒരു അന്താരാഷ്ട്ര സെമിനാർ നടത്തുന്നതിന് പദ്ധതിയുണ്ട്. ദേശീയവും അന്തർ ദേശീയവുമായിട്ടുള്ള പ്രമേഹ രോഗ വിദഗ്ധരെ ഉൾക്കൊള്ളിച്ച് കൊണ്ടാണ് സംസ്ഥാനത്തിന് പ്രമേഹ രോഗ ചികിത്സയിൽ റോഡ്മാപ്പ് സൃഷ്ടിക്കുന്നതിനായി ഈ സെമിനാർ നടത്താൻ ഉദ്ദേശിക്കുന്നത്. അന്തർദേശീയ തലത്തിൽ പ്രമേഹ രോഗ ചികിത്സയിൽ വന്നിട്ടുള്ള നൂതന സംവിധാനങ്ങളും, ചികിത്സാ വിധികളും ആരോഗ്യ വകുപ്പിലെ ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും പരിചയപ്പെടുത്തുക എന്ന ഉദ്ദേശം കൂടി ഈ സെമിനാറിനുണ്ട്. സെമിനാറിന് ശേഷം തയ്യാറാക്കുന്ന പ്രമേഹരോഗ ചികിത്സയുടെ റോഡ്മാപ്പിന് അനുസൃതമായിട്ടായിരിക്കും ആരോഗ്യവകുപ്പിലെയും ചികിത്സ ശാക്തീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നത്.

‘തടസ്സങ്ങൾ നീക്കാം, വിടവുകൾ നികത്താം: പ്രമേഹരോഗ നിയന്ത്രണത്തിനും രോഗികളുടെ ക്ഷേമത്തിനായി ഒരുമിക്കാം’ (Breaking barriers and bridging gaps: uniting to strengthen diabetes well-being) എന്നുള്ളതാണ് ഈ വർഷത്തെ പ്രമേഹദിന സന്ദേശം. പ്രമേഹ രോഗികളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ക്ഷേമം തടസ്സങ്ങളില്ലാതെ ഉറപ്പുവരുത്തുക എന്നുള്ളതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. നല്ല വ്യായാമത്തിലൂടെ, ചിട്ടയായ ജീവിതത്തിലൂടെ, ആരോഗ്യകരമായ ഭക്ഷണത്തിലൂടെ, വ്യക്തികളും സമൂഹവും പ്രമേഹത്തെ പ്രതിരോധിക്കുക അതിലൂടെ ആരോഗ്യപരമായ ക്ഷേമം കണ്ടെത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. മാനസിക പിരിമുറുക്കവും മറ്റ് മാനസിക അസ്വാസ്ഥ്യങ്ങളും ഒഴിവാക്കിക്കൊണ്ട് പ്രമേഹ രോഗത്തെ ചെറുക്കുക, ലഹരിയിൽ നിന്നും മുക്തി നേടുക അതിലൂടെ പ്രമേഹ നിയന്ത്രണത്തിലേക്ക് എത്തുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു.

സംസ്ഥാന ആരോഗ്യ വകുപ്പ് പ്രമേഹരോഗ നിയന്ത്രണത്തിനായി വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു വരുന്നു. 30 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ ജനങ്ങളെയും ഗൃഹസന്ദർശനം നടത്തി അവരുടെ വിവരങ്ങൾ ‘ശൈലി’ എന്ന ആപ്ലിക്കേഷനിലൂടെ ശേഖരിക്കുന്ന ജനസംഖ്യാധിഷ്ഠിത ജീവിതശൈലി നിയന്ത്രണ പരിപാടി സംസ്ഥാനത്ത് പുരോഗമിച്ചുവരുന്നു. ഈ പദ്ധതിയിലൂടെ പ്രമേഹ രോഗമുള്ള ആൾക്കാരെയും പ്രമേഹ രോഗം വരാൻ സാധ്യതയുള്ള ആൾക്കാരെയും കണ്ടെത്തുന്നതിന് സാധ്യമായിട്ടുണ്ട്. രണ്ടാംഘട്ട സർവേയിൽ ഇതിനോടകം തന്നെ 50 ലക്ഷത്തിലധികം ആൾക്കാരെ സർവേക്ക് വിധേയരാക്കുന്നതിന് സാധിച്ചിട്ടുണ്ട്. പ്രമേഹരോഗം കണ്ടെത്തിയ ആൾക്കാർക്ക് വിദഗ്ധമായ ചികിത്സ നൽകുന്നതിന് ആരോഗ്യ വകുപ്പിലെ എല്ലാ സ്ഥാപനങ്ങളും സുസജ്ജമാണ്.

പ്രമേഹ രോഗികൾക്കുണ്ടാകാവുന്ന ഡയബറ്റിക് റെറ്റിനോപ്പതി കണ്ടെത്തുന്നതിനുള്ള ‘നയനാമൃതം പദ്ധതി’ 172 കേന്ദ്രങ്ങളിൽ ഇന്ന് ലഭ്യമാണ്. ഇത് കൂടുതൽ കേന്ദ്രങ്ങളിലേക്ക് വികസിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. ‘ഡയബറ്റിക് ഫൂട്ട്’ അല്ലെങ്കിൽ ഡയബെറ്റിസ് രോഗികൾക്കുണ്ടാകുന്ന കാലിലെ വ്രണം നേരത്തെ കണ്ടെത്തുന്നത്തിനായി 84 ആശുപത്രികളിൽ ബയോതിസിയോ മീറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതുനുപുറമേ എല്ലാ ജില്ലകളിലേയും രണ്ട് പ്രധാന ആശുപത്രികളിൽ പ്രമേഹത്തിന്റെ എല്ലാ സങ്കീർണതകളും പരിശോധിക്കുന്നതിന് ആവശ്യമായിട്ടുള്ള സംവിധാനങ്ങൾ തയ്യാറാക്കി കൊണ്ട് 360 ഡിഗ്രി മെറ്റബോളിക് സെന്ററുകളുടെ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. പ്രമേഹ രോഗികൾക്കുള്ള ഇൻസുലിൻ ഉൾപ്പെടയുള്ള എല്ലാ മരുന്നുകളും സൗജന്യമായി പ്രാഥമികാരോഗ്യ തലം മുതൽ ആരോഗ്യ വകുപ്പ് നൽകി വരുന്നുണ്ട്. ഏകദേശം 21 ലക്ഷത്തോളം വരുന്ന പ്രമേഹരോഗികൾക്ക് ഇതിന്റെ സൗജന്യം ലഭിക്കുന്നുണ്ട്. ടൈപ്പ്1 പ്രമേഹം ബാധിച്ച പ്രമേഹ രോഗികൾക്കും ആരോഗ്യ വകുപ്പിലൂടെ ഇപ്പോൾ നൂതന ചികിത്സ നൽകി വരുന്നുണ്ട്. പ്രമേഹം ബാധിച്ച ടി.ബി രോഗികൾക്കും, ഗർഭിണികൾക്കുണ്ടാകുന്ന പ്രമേഹത്തിനും ആവശ്യമായ ചികിത്സയും ആരോഗ്യ വകുപ്പ് നൽകി വരുന്നു.

വയനാട്: വയനാട് ലോക്‌സഭ മണ്ഡലത്തിലെയും തൃശൂരിലെ ചേലക്കര നിയമസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് പൂർത്തിയായി. വയനാട്ടിൽ ഇത്തവണ പോളിങ് ശതമാനത്തിൽ വലിയ കുറവുണ്ടായി. അതേസമയം, മികച്ച പോളിങ് ആണ് ചേലക്കരയിൽ രേഖപ്പെടുത്തിയത്. വൈകിട്ട് 6.40 വരെയുള്ള കണക്ക് പ്രകാരം 72.42 ശതമാനമാണ് ചേലക്കരയിലെ പോളിങ്. ചേലക്കരയിലെ പോളിങ് ശതമാനത്തിൽ റെക്കോഡ് വർധനവാണ് ഉണ്ടായിരിക്കുന്നത്. പോൾ ചെയ്ത വോട്ടുകളുടെ എണ്ണം വലിയ രീതിയിൽ ഉയർന്നു.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടുകളുടെ എണ്ണം മറികടന്നാണ് പുതിയ റെക്കോഡ് കുറിച്ചത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പോള് ചെയ്യപ്പെട്ടത് 1,53,673 വോട്ടുകളാണ്. എന്നാൽ, ഇന്ന് വൈകിട്ട് ആറരവരെയുള്ള കണക്ക് പ്രകാരം 1,54,356 വോട്ടുകളാണ് ചേലക്കരയിൽ ഇത്തവണ പോൾ ചെയ്തത്.

അതേസമയം, വയനാട്ടിൽ പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിന്റെ ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. 2019 ൽ രാഹുൽ നേടിയതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം നേടും. യുഡിഎഫ് കേന്ദ്രങ്ങളിൽ പോളിംഗ് ശതമാനം കുറഞ്ഞിട്ടില്ലെന്നും എൻഡിഎ, എൽഡിഎഫ് കേന്ദ്രങളിൽ വോട്ടിംഗ് ശതമാനം കുറഞ്ഞിരിക്കാമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ആത്മകഥാ വിവാദത്തിൽ ഡിജിപിയ്ക്ക് പരാതി നൽകി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നും പരാതിയിൽ പറയുന്നു. ആത്മകഥ ഇതേ വരെ എഴുതി കഴിയുകയോ, പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇപി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

തെരെഞ്ഞെടുപ്പ് ദിവസം വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് മാറ്റിയതിലെ പ്രയാസം പാർട്ടി മനസ്സിലാക്കിയില്ലെന്നാണ് പുറത്ത് വന്ന ആത്മകഥയുടെ ഭാഗങ്ങളിൽ പറഞ്ഞിരുന്നത്. രണ്ടാം പിണറായി സർക്കാർ ദുർബ്ബലമാണെന്നും പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി സരിൻ വയ്യാവേലിയാകുമെന്നും ആത്മകഥയിൽ പരാമർശിക്കുന്നു.

എന്നാൽ, പുറത്ത് വന്ന ആത്മകഥയിലെ ഭാഗങ്ങൾ തന്റേതല്ലെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ഇപി നേരത്തെ അറിയിച്ചിരുന്നു.

തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ സബ്സിഡിയായി 175 കോടി രൂപ അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. നെല്ല് സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തിരമായി തുക ലഭ്യമാക്കിയത്. കേന്ദ്രത്തിന്റെ താങ്ങുവില സഹായത്തിൽ 900 കോടി രൂപ കുടിശികയാണ്. 2017 മുതലുള്ള കുടിശിക തുകയാണിത്.

കേന്ദ്ര സർക്കാർ വിഹിതത്തിന് കാത്തുനിൽക്കാതെ, നെല്ല് സംഭരിക്കുമ്പോൾതന്നെ കർഷകർക്ക് വില നൽകുന്നതാണ് കേരളത്തിലെ രീതി. സംസ്ഥാന സബ്സിഡിയും ഉറപ്പാക്കി നെല്ലിന് ഏറ്റവും ഉയർന്ന തുക ലഭ്യമാക്കുന്നതും കേരളത്തിലാണ്. മറ്റ് സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ താങ്ങുവില നൽകുമ്പോൾ മാത്രമാണ് കർഷകന് നെൽവില ലഭിക്കുന്നത്.

കേരളത്തിൽ പിആർഎസ് വായ്പാ പദ്ധതിയിൽ കർഷകന് നെൽവില ബാങ്കിൽനിന്ന് ലഭിക്കും. പലിശയും മുതലും ചേർത്തുള്ള വായ്പാ തിരിച്ചടവ് സംസ്ഥാന സർക്കാർ നിർവഹിക്കും. കർഷകന് നൽകുന്ന ഉൽപാദന ബോണസിന്റെയും വായ്പാ പലിശയുടെയും ബാധ്യത സംസ്ഥാന സർക്കാരാണ് തീർക്കുന്നത്. ഇതിലൂടെ നെല്ല് ഏറ്റെടുത്താൽ ഉടൻ കർഷകന് വില ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. വായ്പാ ബാധ്യത കർഷകന് ഏറ്റെടുക്കേണ്ടി വരുന്നതുമില്ല. കേരളത്തിൽ മാത്രമാണ് നെൽ കർഷകർക്കായി ഇത്തരമൊരു പദ്ധതി നിലവിലുള്ളത്.

തിരുവനന്തപുരം: മുൻ എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരള സർക്കാരിനെ കുറിച്ച് സിപിഎം പ്രവർത്തകർക്ക് പറയാനുള്ളതാണ് ഇ പി ജയരാജന്റെ വാക്കിലൂടെ പുറത്തുവന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപിയിലേക്ക് പോയ ഒരാളെ സിപിഎം സ്ഥാനാർത്ഥിയാക്കിയതിലുള്ള കലാപമാണ് പുറത്തായത്. ഡിസി ബുക്‌സ് പോലുള്ള ഒരു പ്രസാദകർക്ക് ആകാശത്തു നിന്ന് ആത്മകഥ എഴുതാൻ പറ്റുമോയെന്ന് സതീശൻ ചോദിക്കുന്നു. ഇ പി കൊടുത്തതിനെക്കാൾ നല്ല സർട്ടിഫിക്കറ്റ് പാലക്കാട് ഇടത് സ്ഥാനാർത്ഥിക്ക് ഇനി നൽകാനില്ലെന്നും വി ഡി സതീശൻ പ്രതികരിച്ചു.

ഇപിയുടെ ആത്മകഥ പ്രകാശനം തടയാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഫോൺ പോയി. ഡിസി ബുക്‌സ് ഓഫീസിലേക്കാണ് ഫോൺ വിളി എത്തിയത്. ഇപിയുടെ ആത്മകഥ സത്യമാണ്. പ്രകാശനം തടയാൻ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദ്ദം ചൊലുത്തി. ആത്മകഥയിൽ സിപിഎം പെട്ടുപോയിയെന്നും സതീശൻ കൂട്ടിച്ചേർത്തു.

മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയുടെ നാലുതലമുറ കഴിഞ്ഞാലും മുസ്ലീങ്ങൾക്ക് പട്ടികജാതി, പട്ടികവർഗ, ഒബിസി വിഭാഗങ്ങൾക്കുള്ള സംവരണം ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

മുസ്ലീങ്ങൾക്ക് സംവരണം നൽകേണ്ടി വന്നാൽ എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ സംവരണം വെട്ടിക്കുറയ്ക്കേണ്ടിവരും. രാഹുൽ ബാബ, നിങ്ങളുടെ നാല് തലമുറ വന്നാലും എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്കുള്ള സംവരണം വെട്ടിക്കുറച്ച് മുസ്ലീങ്ങൾക്ക് നൽകാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കാനുള്ള കോൺഗ്രസ് ശ്രമങ്ങളെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. കശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ്. ഇന്ദിരാഗാന്ധി സ്വർഗത്തിൽ നിന്ന് മടങ്ങിയെത്തിയാൽപ്പോലും ആർട്ടിക്കിൾ 370 പുനസ്ഥാപിക്കാൻ സാധിക്കില്ല. ആർക്കും ഭയമില്ലാതെ ഇപ്പോൾ കശ്മീർ സന്ദർശിക്കാം. പത്തുവർഷത്തെ സോണിയ – മൻമോഹൻ സിങ് ഭരണത്തിൽ പാകിസ്ഥാനിൽ നിന്നെത്തുന്ന ആർക്കും സ്വതന്ത്രമായി ബോംബ് സ്ഫോടനം നടത്താമായിരുന്നു. എന്നാൽ മോദി ഭരണം അതെല്ലാം ഇല്ലാതാക്കിയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

പറ്റ്‌ന: ബിഹാറിൽ 12,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ ദർഭംഗയിൽ നിർമിക്കുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ നിർമ്മാണോദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. കർപ്പൂരി ഠാക്കൂറിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നത് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളുടെ ആരോഗ്യത്തിന് പ്രഥമ പരിഗണനയാണ് സർക്കാർ നൽകുന്നത്. രാജ്യത്തെ എയിംസ് ആശുപത്രികളുടെ എണ്ണം 24 ആയി വർദ്ധിച്ചു. കഴിഞ്ഞ പത്ത് വർഷം കൊണ്ട് ഒരു ലക്ഷം മെഡിക്കൽ സീറ്റുകളാണ് പുതിയതായി കൂട്ടിച്ചേർത്തത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 75,000 പുതിയ മെഡിക്കൽ സീറ്റുകൾ കൂടി അനുവദിക്കും. ഹിന്ദിയിലും മറ്റ് പ്രാദേശിക ഭാഷകളിലും മെഡിക്കൽ വിദ്യാഭ്യാസം നൽകാൻ പദ്ധതിയുണ്ട്. കുടുംബത്തിലെ ഒരംഗത്തിന് അസുഖം വന്നാൽ തന്നെ കുടുംബത്തിന്റെ താളം തെറ്റും. സമാന സാമൂഹിക പശ്ചാത്തലത്തിൽ നിന്നുള്ള തനിക്ക് ഇത് മനസ്സിലാകുമെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി: ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഒരാളുടെ വാസസ്ഥലം എങ്ങനെ തകർക്കാനാകുമെന്ന ചോദ്യവുമായി സുപ്രീംകോടതി. പ്രതികളുടെ വീടുകൾ തകർക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ബുൾഡോസർ ഹർജികളിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാർ സംവിധാനത്തിന് ഒരു വ്യക്തി കുറ്റക്കാരനാണെന്ന് എങ്ങനെ പറയാനാകുമെന്ന് സുപ്രീം കോടതി ചോദിച്ചു.

വ്യക്തി കുറ്റക്കാരനാണോ അല്ലയോയെന്ന് സർക്കാരിന് എങ്ങനെ പറയാനാകും. അങ്ങനെ നിർദേശിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. കോടതിയുടെ ജോലി സർക്കാർ ഏറ്റെടുക്കേണ്ട. പാർപ്പിടം ജന്മാവകാശമെന്നും കോടതി ചൂണ്ടിക്കാട്ടി. കേസുകളിൽ ഉൾപ്പെട്ടവരുടെ വീടുകൾ തകർക്കാനാവില്ല. നിരാലംബരായ സ്ത്രീകളേയും കുട്ടികളേയും തെരുവിലേക്ക് വലിച്ചിഴക്കാനാവില്ല. അത് നിയമവാഴ്ചയെ തകർക്കുന്ന നടപടിയാകും. അനധികൃത നിർമ്മാണങ്ങളുടെ കാര്യത്തിലല്ല ഈ നിർദേശങ്ങളെന്നും കോടതി അറിയിച്ചു.

അവകാശ ലംഘനമെങ്കിൽ നഷ്ട പരിഹാരത്തിന് അർഹതയുണ്ടാകും. മുൻകൂട്ടി നോട്ടീസ് നൽകാതെ വീടുകൾ പൊളിക്കരുത്. 15 ദിവസം മുൻപെങ്കിലും നോട്ടീസ് നൽകണം. പൊളിക്കൽ നടപടി ചിത്രീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.