Latest News (Page 66)

ചെന്നൈ: രാമേശ്വരത്ത് മേഘവിസ്‌ഫോടനം. 362 മീല്ലീമീറ്റർ മഴയാണ് മൂന്ന് മണിക്കൂറിൽ രാമേശ്വരത്ത് അനുഭവപ്പെട്ടത്. വടക്കുകിഴക്കൻ മൺസൂൺ ശക്തിപ്രാപിച്ചതിന് പിന്നാലെ തമിഴ്‌നാട്ടിൽ വ്യാപക മഴയാണ് പെയ്യുന്നത്. തെക്കൻ ജില്ലകളിലാണ് മഴ ശക്തമായിരിക്കുന്നത്. വെള്ളക്കെട്ടും സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി മുൻകരുതലെന്ന നിലയിൽ പല ജില്ലാ ഭരണകൂടങ്ങളും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

അതേസമയം, തിരുനെൽവേലിയിൽ കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും ജില്ലാ കളക്ടർ കെ.പി കാർത്തികേയൻ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. തൂത്തുക്കുടി, തെങ്കാശി ജില്ലകളിലും സമാനമായ രീതിയിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഈ ജില്ലകളിലെ കോളേജുകൾ പതിവുപോലെ പ്രവർത്തിക്കും. രാമനാഥപുരത്ത് കളക്ടർ സിമ്രൻജീത് സിംഗ് കഹ്ലോൺ സ്‌കൂളുകളും കോളേജുകളും നൽകിയിരുന്ന അവധി നീട്ടി.

ചെന്നൈ: തിയേറ്ററിൽ യുട്യൂബർമാരെ വിലക്കണമെന്നാവശ്യപ്പെട്ട് തമിഴ് സിനിമ നിർമ്മാതാക്കളുടെ സംഘടന. തമിഴ്‌നാട് പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ തിയേറ്റർ ഉടമകളോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പടം ഇറങ്ങുന്ന ആദ്യ ദിവസം തന്നെ റിവ്യൂ നൽകി ആ ചിത്രത്തെ നശിപ്പിക്കുന്നുവെന്നാണ് ഇവർ ഉന്നയിക്കുന്ന ആരോപണം.

റിവ്യൂവിന്റെ പേരിൽ വ്യക്തിപരമായ അധിക്ഷേപങ്ങളും വ്യാപകമാണെന്നും ഇവർ പരാതിപ്പെടുന്നു. ഇന്ത്യൻ ടുവിനും വേട്ടയ്യനും പിന്നാലെ കങ്കുവയും പരാജയമായതോടെയാണ് നിർമാതാക്കളുടെ സംഘടന ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇന്ത്യൻ ടു, വേട്ടയ്യൻ, കങ്കുവ തുടങ്ങിയ ചിത്രങ്ങളുടെ ബോക്‌സോഫീസ് കളക്ഷനെ ആദ്യ ദിവസത്തെ മോശം തിയേറ്റർ റിവ്യൂകൾ ബാധിച്ചിട്ടുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

സിനിമയിലെ പിഴവുകൾ ചൂണ്ടിക്കാട്ടാൻ ഏവർക്കും അവകാശമുണ്ട്. എന്നാൽ വ്യക്തിപരമായി അധിക്ഷേപിക്കലും സിനിമയെ അപ്പാടെ നശിപ്പിക്കുന്നതും അനുവദിക്കാനാകില്ലെന്നും നിർമ്മാതാക്കളുടെ സംഘടന അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാനുള്ള ആരോഗ്യ വകുപ്പിന്റെ ഇടപെടലുകളുടെ ഫലമായി ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിൽ 20 മുതൽ 30 ശതമാനം വരെ കുറവ് ഉണ്ടായിട്ടുള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതായത് അത്രയും ശതമാനം ആന്റിബയോട്ടിക്കുകൾ ആവശ്യമില്ലാതെ കഴിച്ചിരുന്നത് നിർത്തലാക്കുവാർ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സാധിച്ചു. മെഡിക്കൽ സ്റ്റോറുകൾ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിച്ചു. ജനങ്ങൾക്ക് അത് വിളിച്ചറിയിക്കാവുന്ന ടോൾ ഫ്രീ നമ്പർ നൽകുകയും അവബോധം ശക്തമാക്കുകയും ചെയ്തു. എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അമിതവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വട്ടിയൂർക്കാവ് യു.പി.എച്ച്.സി.യിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

എഎംആർ (ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ്) വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി വിവിധ തരത്തിലുള്ള എഎംആർ അവബോധ പരിപാടികൾ നടത്തി വരുന്നു. ആന്റിബയോട്ടിക് സാക്ഷരതയിൽ ഏറ്റവും പ്രധാനമാണ് അവബോധം. സാധാരണക്കാരിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് വീടുകളിലെത്തി ബോധവത്ക്കരണം നൽകുന്നത്. ആരോഗ്യ പ്രവർത്തകർക്കൊപ്പം മന്ത്രി വീണാ ജോർജും പങ്കു ചേർന്നു. വട്ടിയൂർക്കാവ് പ്രദേശത്തെ വീടുകളിൽ മന്ത്രി നേരിട്ടെത്തിയാണ് അവബോധം നൽകിയത്. ഈ ഒരാഴ്ച കൊണ്ട് പരമാവധി വീടുകളിൽ ആശ പ്രവർത്തകരെത്തി അവബോധം നൽകുമെന്ന് വീണാ ജോർജ് അറിയിച്ചു.

ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകൾ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്. ഇതുൾക്കൊണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് രാജ്യത്തിന് മാതൃകയായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. അതിന്റെ തുടർച്ചയായാണ് ഈ ബോധവത്ക്കരണവും.

ഈ പോരാട്ടത്തിൽ നമുക്കും പങ്കാളികളാകാം

  1. മിക്ക അണുബാധകളും വൈറസ് മൂലമാണ് ഉണ്ടാകുന്നത്. അതിനാൽ ഇവയ്ക്കെതിരെ ആന്റിബയോട്ടിക്കുകൾ ഫലപ്രദമല്ല.
  2. ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രമേ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാവു.
  3. ഒരിക്കലും ആന്റിബയോട്ടിക്കുകൾ ആവശ്യപ്പെടുകയോ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങി കഴിക്കുകയോ ചെയ്യരുത്.
  4. ചികിത്സ കഴിഞ്ഞ് ശേഷിക്കുന്ന ആന്റിബയോട്ടിക്കുകൾ ഒരിക്കലും ഉപയോഗിക്കരുത്.
  5. ശേഷിക്കുന്നതോ കാലഹരണപ്പെട്ടതോ ആയ ആന്റിബയോട്ടിക്കുകൾ കരയിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്.
  6. രോഗശമനം തോന്നിയാൽ പോലും ഡോക്ടർ നിർദ്ദേശിച്ച കാലയളവിലേക്ക് ആന്റിബയോട്ടിക് ചികിത്സ പൂർത്തിയാക്കണം.
  7. ആന്റിബയോട്ടിക്കുകൾ ഒരിക്കലും മറ്റുള്ളവരുമായി പങ്കിടാൻ പാടില്ല.
  8. അണുബാധ തടയുന്നതിന് പതിവായി കൈകൾ കഴുകുക.
  9. രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക.
  10. പ്രതിരോധ കുത്തിവയ്പുകൾ കാലാനുസൃതമായി എടുക്കുക

വി.കെ. പ്രശാന്ത് എംഎൽഎ, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. വിനയ് ഗോയൽ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. നന്ദകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആശ വിജയൻ, കാർസാപ്പ് കൺവീനർ ഡോ. അരവിന്ദ്, കൗൺസിലർ പാർവതി ഐഎം, തിരുവനന്തപുരം എഎംആർ നോഡൽ ഓഫീസർ ഡോ ആതിരാ മോഹൻ, മെഡിക്കൽ ഓഫീസർ ഡോ. അരുണിമ ജി.കെ, ആശാ വർക്കർ അനിത വിജയൻ, ഹരിതകർമ്മ സേനാംഗങ്ങളായ മോളി, രമ എന്നിവർ മന്ത്രിയോടൊപ്പം വീടുകളിലെത്തി ബോധവത്ക്കരണത്തിൽ പങ്കാളികളായി.

തിരുവനന്തപുരം: കേരളത്തിന്റെ കായിക സംസ്‌കാരത്തിനും കായിക മേഖലയ്ക്കും പുത്തനുണർവ്വു പകരാൻ അർജന്റീന ടീമിന്റെ സന്ദർശനത്തിനു സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മെസ്സിക്കും കൂട്ടർക്കും ഊഷ്മളമായ വരവേൽപ്പു സമ്മാനിക്കാൻ നാടാകെ ആവേശപൂർവ്വം ഒരുമിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

ഫുട്‌ബോളിനെ ഹൃദയത്തോടു ചേർത്ത നാടാണ് കേരളം. ദേശരാഷ്ട്രങ്ങളുടെ അതിർവരമ്പുകളെല്ലാം ഭേദിച്ച് പടരുന്ന സ്‌നേഹമാണ് നമുക്ക് ഫുട്‌ബോളിനോടുള്ളത്. ലോകം അദ്ഭുതാദരങ്ങളോടെ നോക്കുന്ന കേരളത്തിന്റെ ഫുട്‌ബോൾ പ്രണയത്തിനുള്ള അംഗീകാരമാവുകയാണ് അടുത്ത വർഷം ലോക ചാമ്പ്യന്മാരായ അർജന്റീന ദേശീയ ടീം നടത്തുന്ന കേരള സന്ദർശനം. ലോകം കണ്ട ഏറ്റവും മികച്ച ഫുട്‌ബോൾ താരങ്ങളിൽ ഒരാളായ ലയണൽ മെസിയും ടീമിനൊപ്പം എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അസാധ്യമെന്ന് പലരും എഴുതിത്തള്ളിയ ഈ സമ്മാനം കേരളത്തിലെ സ്‌പോർട്‌സ് പ്രേമികൾക്ക് നൽകാൻ കഴിഞ്ഞത് സംസ്ഥാന സർക്കാരിന്റെ നിരന്തരമായ ഇടപെടൽ കൊണ്ടു മാത്രമാണ്. സാമ്പത്തികച്ചെലവുകൾ വഹിക്കാൻ കേരളത്തിലെ വ്യാപാരി സമൂഹം സന്നദ്ധത അറിയിച്ചിട്ടുണ്ട്. തുടക്കം മുതലേ അനുകൂല നിലപാട് സ്വീകരിച്ച അർജന്റീനിയൻ ഫുട്‌ബോൾ അസോസിയേഷൻ അധികൃതർ ഒന്നര മാസത്തിനകം കേരളത്തിലെത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: അർജന്റീനിയൻ ഫുട്‌ബോൾ ടീമിന്റെ കേരള സന്ദർശനം സ്ഥിരീകരിച്ച് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. 2025ലായിരിക്കും മെസിയും സംഘവും കേരളത്തിലെത്തുക. രണ്ട് മത്സരങ്ങളായിരിക്കും അർജന്റീനിയൻ ടീം കളിക്കുക. വേദിയായി കൊച്ചിക്കാണ് പ്രഥമ പരിഗണന.ഖത്തർ, ജപ്പാൻ തുടങ്ങിയ ഏഷ്യൻ ടീമുകളെയാണ് എതിരാളികളായി പരിഗണിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം പിന്നീടുണ്ടാകും.

ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സ്‌പെയിനിൽ വച്ച് അർജന്റീനിയൽ ഫുട്‌ബോൾ അസോസിയേഷനുമായി ചർച്ച നടത്തിയിരുന്നു എന്ന് മന്ത്രി അറിയിച്ചു. കൂടുതൽ ചർച്ചകൾക്കായി ഒന്നര മാസത്തിനകം അർജന്റീനിയൻ ഫുട്‌ബോൾ അസോസിയേഷൻ അധികൃതർ കേരളത്തിലെത്തും. തുടർന്ന് സംയുക്തമായി മല്‌സരം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

അർജൻറീനിയൻ ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തികച്ചെലവുകൾ സ്‌പോൺസർ ചെയ്യാൻ കേരളത്തിലെ വ്യാപാരി സമൂഹം സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്‌സ് അസോസിയേഷനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുമാണ് സംയുക്തമായി രംഗത്തുള്ളത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജനകീയമായി നടത്തും.എല്ലാ പ്രവർത്തനങ്ങൾ നേരിട്ട് മോണിറ്റർ ചെയ്ത് സർക്കാർ ഒപ്പമുണ്ടാകും. ഇത്തരമൊരു ജനകീയ ഫുട്‌ബോൾ മാമാങ്കത്തിന് പിന്തുണ നല്കാൻ തയ്യാറായ വ്യാപാരി സമൂഹത്തിന് കേരള സ്‌പോർട്‌സ് ഫൌണ്ടേഷന്റെ പേരിൽ നന്ദി അറിയിക്കുന്നതായും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് കായിക രംഗത്തെ കൂടുതൽ പ്രോൽസാഹിപ്പിക്കുന്നതിനും സ്‌പോർട്‌സ് എക്കോണമി വളർത്തുന്നതിനും ലക്ഷ്യമിട്ടാണ് അർജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഏതാനും മാസങ്ങൾ മുൻപ് കായിക ഉച്ചകോടി സംഘടിപ്പിച്ചതും ഇതിന്റെ ഭാഗമായിട്ടായിരുന്നു. ഇതേ തുടർന്ന് അയ്യായിരം കോടിയോളം രൂപയുടെ നിക്ഷേപം ഇതിനകം ഉറപ്പായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരള സ്‌പോർട്‌സ് കൌൺസിൽ പ്രസിഡന്റ് ഷറഫലി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര, വൈസ് പ്രസിഡന്റ് ധനീഷ് ചന്ദ്രൻ, ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്ര, ലിമാക്‌സ് അഡ്വർടൈസിങ് മാനേജിങ് ഡയറക്ടർ മുജീബ് ഷംസുദ്ദീൻ, സിംഗിൾ ഐഡി ഡയറക്ടർ സുഭാഷ് മാനുവൽ എന്നിവരും മന്ത്രിക്കൊപ്പം പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു

തിരുവനന്തപുരം: കേരളീയ തനിമയോടെ ആചാരങ്ങളിലും ഉത്സവങ്ങളിലും ആന എഴുന്നള്ളിപ്പ് നിലനിർത്തുന്നതോടൊപ്പം നാട്ടാനകളുടെ ആരോഗ്യവും സംരക്ഷണവും ഉറപ്പുവരുത്തുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കേരള ക്യാപ്റ്റീവ് എലിഫന്റ് കരട് ചട്ടത്തിന്മേലുള്ള ചർച്ചയൂം നാട്ടാന പരിപാലനം ഉപയോക്താക്കളുടെ സംസ്ഥാനതലയോഗവും തിരുവനന്തപുരത്തെ സോഷ്യൽ ഫോറസ്ട്രി ട്രെയിനിങ് കോംപ്ലക്സിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

രാജ്യത്ത് ആദ്യമായി നാട്ടാന പരിപാലന ചട്ടങ്ങൾ നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. 2003ൽ ആദ്യമായി വന്ന ചട്ടം 2012ൽ ഭേദഗതി ചെയ്തതാണ് നിലവിൽ പ്രാബല്യത്തിലുള്ളത്. 2018 ലെ നാട്ടാന സെൻസസ് പ്രകാരം കേരളത്തിൽ 521 നാട്ടാനകളുണ്ടായിരുന്നു. നിലവിലെ കണക്ക് പ്രകാരം 381 നാട്ടാനകൾ ഉള്ളതിൽ 39 എണ്ണം വനം വകുപ്പിന്റെ സംരക്ഷണയിലുള്ളതാണ്. ആനകളുടെ എണ്ണത്തിൽ കുറവ് വന്നതും ഉത്സവങ്ങളിലടക്കം ആനകൾക്ക് ആവശ്യം കൂടിയ സാഹചര്യം നിലവിലുണ്ട്. ഇതോടെ ആനകളുടെ പ്രദർശനവും ഉപയോഗവും നിയന്ത്രണാതീതമായി വർദ്ധിച്ചുവെന്ന് മന്ത്രി പറഞ്ഞു.

ആനകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ പ്രകൃതി, വന്യജീവി സംഘടനകളുടെ നിർദേശങ്ങളും വിവിധ കോടതി ഇടപെടലുകളും സർക്കാർ പ്രാധാന്യത്തോടെ കാണുന്നു. ഇന്നത്തെ സാഹചര്യങ്ങളുടെയും പ്രായോഗിക അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ കുറ്റമറ്റ രീതിയിലുള്ള കേരള ക്യാപ്റ്റീവ് എലിഫന്റ് (മാനേജ്മെന്റ് & മെയിന്റനൻസ്) കരട് ചട്ടം 2023ൽ തയാറാക്കി. ആനകളുടെ ഉടമസ്ഥർ, ഉത്സവ നടത്തിപ്പുകാർ, ആന പരിപാലന സംഘടനകൾ എന്നിവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കൂടി പരിഗണിച്ച് ചട്ടം നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ആനകളെ എഴുന്നള്ളിക്കുന്നതിലും അവയുടെ കൃത്യമായ സംരക്ഷണം ഉറപ്പു വരുത്തുന്നതുമായി ബന്ധപ്പെട്ട് മികച്ച രീതിയിൽ ചട്ടങ്ങൾ രൂപപ്പെടുത്താൻ ഇന്നത്തെ ചർച്ചയിലൂടെ സാധിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. അഡീ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഭരണം) പ്രമോദ് ജി. കൃഷ്ണൻ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഗംഗാ സിംഗ്, അഡീ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ രാജേഷ് രവീന്ദ്രൻ, പി. പുകഴേന്തി, എൽ. ചന്ദ്രശേഖർ, ജസ്റ്റിൻ മോഹൻ തുടങ്ങിയവർ സന്നിഹിതരായി.

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായാൽ അന്നു തന്നെ ഡിജിറ്റൽ ലൈസൻസ് ഡൗൺലോഡ് ചെയ്യാം. മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. പൊലീസായാലും എംവിഡി ആയാലും ചോദിച്ചാൽ ഫോണിലെ ഡിജിറ്റൽ ലൈസൻസ് കാണിച്ച് കൊടുത്താൽ മതിയെന്ന് അദ്ദേഹം പറഞ്ഞു.

പ്രിന്റഡ് ലൈസൻസിനായി നിർബന്ധിക്കരുതെന്ന് ഇന്ത്യയുടെ മോട്ടോർ വെഹിക്കിൾ ആക്ടിൽ പറഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ ഡിജിറ്റൽ ലൈസൻസ് ഏർപ്പെടുത്തുന്ന മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. ഡിജിറ്റൽ ലൈസൻസിന് 200 രൂപ സർവീസ് ചാർജ് ഏർപ്പെടുത്തിയെന്ന വ്യാജ പ്രചാരണം അടുത്ത കാലത്തുണ്ടായി. അങ്ങനെയൊരു ദ്രോഹം സർക്കാർ ചെയ്യില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

പ്രിന്റഡ് ലൈസൻസ് വേണ്ടവരാണ് പോസ്റ്റൽ ചാർജ് ഉൾപ്പെടെ അടയ്‌ക്കേണ്ടത്. അതിന്റെ ആവശ്യം വരുന്നില്ലെന്നും വേണമെങ്കിൽ ലൈസൻസ് സ്വയം പ്രിൻറെടുത്ത് സൂക്ഷിക്കാമെന്നും ക്യുആർ കോഡ് വ്യക്തമായിരിക്കണം എന്നേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായിട്ടും ലൈസൻസ് കിട്ടാൻ വൈകുന്നുവെന്ന പരാതി പല തവണ കേട്ടെന്നും അതുകൊണ്ടാണ് ലൈസൻസ് ഡിജിറ്റലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: രാജ്യത്തിന് വീണ്ടും അഭിമാനമായി കേരളം. കേന്ദ്ര സർക്കാരിന്റെ ഫിഷറീസ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ രാജ്യത്തെ മികച്ച മറൈൻ സംസ്ഥാനമായി കേരളവും മികച്ച മറൈൻ ജില്ലയായി കൊല്ലവും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മത്സ്യബന്ധന മേഖലയിലെ സമഗ്രമായ ഇടപെടലുകൾ പരിഗണിച്ചാണ് കേരളത്തെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്.

സമുദ്ര മത്സ്യ ഉത്പാദനത്തിലെ വർധനവ്, മത്സ്യത്തൊഴിലാളികൾക്കായും മത്സ്യമേഖലയിലെ വികസനത്തിനുമായുള്ള തനത് പദ്ധതികൾ, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ സുതാര്യവും സമയബന്ധിതവുമായ നടത്തിപ്പ് തുടങ്ങിയവയിലെ മികവാണ് കേരളത്തെ ഒന്നാമത് എത്തിച്ചത്.

തീരദേശത്തെ സാമൂഹ്യവികസനത്തിന്റെ കാര്യത്തിലും പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ ചേർത്തുപിടിക്കാനും സർക്കാർ നടത്തിയ നടപടികളുടെ പ്രതിഫലനമാണ് ഈ പുരസ്‌കാരങ്ങൾ. കടൽ സമ്പത്തിന്റെ സംരക്ഷണവും സുസ്ഥിര വികസനവും, മത്സ്യത്തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെയും അവകാശ സംരക്ഷണവും പുരോഗതിയും, മത്സ്യത്തൊഴിലാളികളുടെ ജീവനും സമ്പത്തിനുമുള്ള സംരക്ഷണം, ശുദ്ധമായ മത്സ്യം ലഭിക്കുന്നതിനുള്ള സാധാരണക്കാരായ ഉപഭോക്താക്കളുടെ അവകാശം എന്നിങ്ങനെ മത്സ്യബന്ധന മേഖലയിലെ വിവിധ ഘടകങ്ങളെ സംയോജിപ്പിച്ച് സമഗ്രമായ ഒരു മാറ്റം സൃഷ്ടിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഇതിന് ഏറെ പ്രചോദനമാണ് ഈ പുരസ്‌കാരലബ്ധി. ഈ നേട്ടത്തിനായി കൂട്ടായ പരിശ്രമം നടത്തിയ മുഴുവൻ ഉദ്യോഗസ്ഥരെയും മത്സ്യത്തൊഴിലാളി സംഘടനകളെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: പകുതി സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി ഡൽഹി. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്. ഡൽഹി സർക്കാരിന് കീഴിലെ ഓഫീസുകളിലാണ് നിയന്ത്രണം. മലിനീകരണ തോത് കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഇന്ന് വീണ്ടും അടിയന്തര യോഗം ചേരുമെന്ന് മന്ത്രി ഗോപാൽ റായ് വ്യക്തമാക്കി.

വായുമലിനീകരണം ഗുരുതരാവസ്ഥയിൽ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളേർപ്പെടുത്താൻ സർക്കാർ നിർബന്ധിതരായത്. നഗരത്തിന്റെ പല ഭാഗങ്ങളിലും വായുഗുണനിലവാര സൂചിക 500നും മുകളിലാണ്. മലിനീകരണ തോത് കൂടിയതോടെ കൃത്രിമ മഴ പെയ്യിക്കുന്നതടക്കമുള്ള നടപടികൾ എടുക്കണം എന്നാവശ്യപ്പെട്ട് ഡൽഹി സർക്കാർ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്.

ഡൽഹിയിൽ പത്ത്, പന്ത്രണ്ട് ഉൾപ്പെടെയുള്ള ക്ലാസ്സുകളും ഓൺലൈനിലേക്ക് മാറ്റി. നേരത്തെ 10, 12 ക്ലാസ്സുകൾ ഓൺലൈനാക്കിയിരുന്നില്ല. സുപ്രീം കോടതി ഇടപെട്ടതോടെയാണ് 10, 12 ക്ലാസ് വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസുകളാക്കിയത്. ഡൽഹി സർവകലാശാലക്ക് കീഴിലുള്ള കോളേജുകളിലും, വകുപ്പുകളിലും ഈ മാസം 23 വരെ ക്ലാസുകൾ ഓൺലൈനാക്കിയിട്ടുണ്ട്.

ന്യൂഡൽഹി: തൊണ്ടിമുതൽ കേസിൽ മുൻമന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് തിരിച്ചടി. തൊണ്ടി മുതൽ കേസിൽ തുടർ നടപടിയാകാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന തൊണ്ടി മുതലിൽ കൃത്രിമം കാണിച്ച് പ്രതിയെ അന്ന് അഡ്വക്കേറ്റായിരുന്ന ആന്റണി രാജു രക്ഷപ്പെടുത്തിയെന്ന കേസിലാണ് കോടതിയുടെ നടപടി.

പ്രതി വിചാരണ നേരിടണമെന്നും ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശം നൽകി. ആന്റണി രാജു അടക്കം പ്രതികൾ അടുത്ത മാസം 20ന് വിചാരണ കോടതിയിൽ ഹാജരാകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് സി ടി രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പ്രസ്താവം നടത്തിയത്.

ലഹരിമരുന്ന് കേസിലെ തൊണ്ടി മുതലായ അടിവസ്ത്രത്തിൽ അന്ന് ജൂനിയർ അഭിഭാഷകനായിരുന്ന ആന്റണി രാജു കൃത്യമം നടത്തിയെന്നായിരുന്നു കേസ്. തൊണ്ടിമുതൽ മാറ്റിയെന്ന കേസിൽ നടപടിക്രമങ്ങൾ പാലിച്ച് അന്വേഷണം നടത്താമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിജെഎം കോടതി അന്വേഷണം തുടങ്ങിയ സാഹചര്യത്തിൽ ഈ ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു ആന്റണി രാജു ഹർജി നൽകിയത്.