Latest News (Page 65)

കൊച്ചി: ശബരിമലയിൽ പൂപ്പൽ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവത്തിൽ ഇടപെടലുമായി ഹൈക്കോടതി. വിഷയം ഗൗരവമെന്ന് ദേവസ്വം ബഞ്ച് നിരീക്ഷിച്ചു. വിഷയം തിങ്കളാഴ്ച്ച പരിഗണിക്കാമെന്നും കോടതി അറിയിച്ചു.

മഴയും ഈർപ്പവും കാരണമാകാം ഉണ്ണിയപ്പത്തിൽ പൂപ്പൽ പിടിച്ചതെന്നാണ് ദേവസ്വം ബോർഡ് നൽകിയ വിശദീകരണം. വിഷയത്തിൽ രേഖാമൂലം മറുപടി നൽകുമെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.

വിഷയത്തില്‍ രാവിലെ അമിക്കസ് ക്യൂറിയോടും കോടതി വിവരങ്ങൾ തേടിയിരുന്നു.

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയേറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടി വീണ് വനിതാ ജീവനക്കാരിക്ക് പരിക്ക്. തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥയ്ക്കാണ് പരിക്കേറ്റത്. അനക്‌സ് വണിലെ ശുചിമുറിയിലാണ് അപകടം നടന്നത്.

പരിക്കേറ്റ ജീവനക്കാരിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഇവരെ പിന്നീട് ഇവിടെ നിന്ന് കിംസ് ആശുപത്രിയിലേക്ക് മാറ്റി. മുറിവിൽ ഒൻപത് തുന്നലുകളിട്ടതായാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി വനം വകുപ്പ് പ്രതിരോധ ലഘൂകരണ പ്രവർത്തനങ്ങളടങ്ങിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതായി വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കഴിഞ്ഞ 10 വർഷത്തിനിടയിൽ സംസ്ഥാനത്ത് നടന്ന മനുഷ്യ-വന്യജീവി സംഘർഷങ്ങളെ സംബന്ധിച്ച സമഗ്ര പഠനം നടത്തിയതിൽ 273 പഞ്ചായത്തുകൾ സംഘർഷ മേഖലകളായും ഇതിൽ 30 പഞ്ചായത്തുകൾ അതിതീവ്ര സംഘർഷ മേഖലകളായും കണ്ടെത്തി. 273 ഹോട്ട്‌സ്‌പോട്ടുകൾ തിരിച്ചറിഞ്ഞ് പ്രതിരോധ ലഘൂകരണ പ്രവർത്തനങ്ങൾ അടങ്ങിയ മാസ്റ്റർ പ്ലാനുകളാകും തയ്യാറാക്കുകയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം കൂടുതലായിട്ടുള്ള പ്രദേശങ്ങളെ 12 ലാൻഡ്‌സ്‌കേപ്പുകളായി തിരിച്ചിട്ടുണ്ട്. ലാൻഡ്‌സ്‌കേപ്പ്തല മാസ്റ്റർ പ്ലാനുകൾ ക്രോഡീകരിച്ച് സംസ്ഥാനതല കർമപദ്ധതിയും തയ്യാറാക്കും. കർമ്മപദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹാക്കത്തോണായ സേഫ് ഹാബിറ്റാറ്റ് ഹാക്ക് പോർട്ടലും ബുക്ക്ലെറ്റും മന്ത്രി പ്രകാശനം ചെയ്തു.

ഹാക്കത്തോൺ

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാനും ആവാസവ്യവസ്ഥകളുടെ സുസ്ഥിര പരിപാലനത്തിനും നൂതനസാങ്കേതിക പരിഹാരങ്ങൾ കണ്ടെത്തനാണ് കെ-ഡിസ്‌കുമായി സഹകരിച്ച് ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്. വിവിധ സ്റ്റാർട്ടപ്പുകൾക്കും മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസികൾ, ഇന്നൊവേറ്റർമാർ, സാങ്കേതിക വിദഗ്ധർ, ഗവേഷകർ, ഹാബിറ്റാറ്റ് പരിപാലന മേഖലയിലെ വിദഗ്ധർ തുടങ്ങിയവർക്കും പങ്കാളികളാകാം. സൗരോർജ വേലികൾ, മതിലുകൾ തുടങ്ങിയവയുടെ കാര്യക്ഷമതയിലെ അപര്യാപ്തത, തത്സമയ നിരീക്ഷണത്തിനുള്ള നൂതന ഉപകരണങ്ങളുടെ കുറവും അവ വനമേഖലയിൽ സ്ഥിരമായി ഉപയോഗിക്കുവാനുള്ള പ്രായോഗിക ബുദ്ധിമുട്ട് തുടങ്ങിയവ സംബന്ധിച്ച പ്രായോഗിക പരിഹാര മാർഗങ്ങളാണ് ഹാക്കത്തോണിലൂടെ ലക്ഷ്യമിടുന്നത്.

കൂടാതെ വനമേഖല തുരുത്തുവത്കരിക്കപ്പെടുന്നതു മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ, മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും പൂർണമായ സഹകരണം ഉറപ്പുവരുത്തൽ, പ്രദേശങ്ങൾക്ക് അനുയോജ്യമായ പ്രതിവിധികൾ കണ്ടെത്തുന്നതിലെ പോരായ്മകൾ എന്നിവ സംബന്ധിച്ച പരിഹാര മാർഗങ്ങൾക്കും ഹാക്കത്തോൺ ഊന്നൽ നൽകുന്നുണ്ട്.

പ്രൊട്ടോടൈപ്പുകൾ, പ്രൊഡക്ട് ഡെവലപ്‌മെന്റ്, നൂതന സ്റ്റാർട്ടപ്പ് ആശയങ്ങൾ തുടങ്ങിയവ ഹാക്കത്തോണിലൂടെ കണ്ടെത്താനാകും. മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ജി ഐ എസ് അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങൾ, നൂതന സാങ്കേതിക വിദ്യകൾ, പൊതുജനപങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങൾ എന്നിവ ഹാക്കത്തോണിന്റെ ഭാഗമാകും. ഡിസംബർ 20 വരെ ഹാക്കത്തോണിലേക്ക് ആശയങ്ങൾ സമർപ്പിക്കാം. വിദഗ്ദ്ധ സമിതി തിരഞ്ഞെടുക്കുന്ന മികച്ച ആശയങ്ങൾ 2025 ഫെബ്രുവരി 15 നു ശേഷം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവതരിപ്പിക്കും. കൂടുതൽ വിവരങ്ങൾ വനം വകുപ്പിന്റെയും കെ ഡിസ്‌കിന്റെയും വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.

മിഷൻ ഫെൻസിങ് – 2024

സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ വനം വകുപ്പ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന തീവ്രയജ്ഞ പരിപാടിയാണ് ‘മിഷൻ ഫെൻസിങ് 2024’. സംസ്ഥാനത്തെ 1400 കി.മീ-കളിലായി സ്ഥാപിച്ചിട്ടുള്ള സൗരോർജ വേലികളിൽ തകരാറുള്ള ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് പൊതുജന പങ്കാളിത്തത്തോടുകൂടി സമയബന്ധിതമായി പദ്ധതിരേഖ തയ്യാറാക്കും. നവംബർ 25 മുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന ക്യാംപയിനാണിത്. നവംബർ 25 മുതൽ നവംബർ 30 വരെയുള്ള ആദ്യഘട്ടത്തിൽ സൗരോർജ വേലികളുടെ തത്സ്ഥിതി പരിശോധിച്ചു തരംതിരിക്കുകയും തകരാറിലായവയെ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള കണക്കെടുപ്പു നടത്തി ഫണ്ട് സമാഹരണം നടത്തുകയും ചെയ്യും. ഡിസംബർ ഒന്നു മുതൽ 15 വരെയുള്ള രണ്ടാം ഘട്ടത്തിൽ തകരാറിലായതായി കണ്ടെത്തിയ സൗരോർജ വേലികളുടെ അറ്റകുറ്റപ്പണികൾ പൊതുജനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും പങ്കാളിത്തത്തോടെ നിറവേറ്റും. അവസാന ഘട്ടമായ ഡിസംബർ 16 മുതൽ 24 വരെ പൊതുജന പങ്കാളിത്തത്തോടുകൂടി പ്രവർത്തനക്ഷമമാക്കിയ സൗരോർജവേലികൾ നാടിനു സമർപ്പിക്കും.

പാമ്പുവിഷബാധ ജീവഹാനിരഹിത കേരളം

സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണനിരക്ക് അടുത്ത അഞ്ചു വർഷംകൊണ്ട് പൂർണമായും ഇല്ലാതാക്കാൻ ‘പാമ്പുവിഷബാധ ജീവഹാനി രഹിത കേരളം’ പദ്ധതി വനം വകുപ്പ് നടപ്പാക്കും. പാമ്പുവിഷബാധയേറ്റുള്ള അപകട സാധ്യതാനിരക്ക് ആദ്യ രണ്ടു വർഷത്തിൽ 50 ശതമാനം കുറവ് വരുത്തുകയാണ് ഒന്നാം ഘട്ടത്തിലെ ലക്ഷ്യം. ആദ്യഘട്ടമായി പരിശീലനങ്ങൾ ജനുവരി മുതൽ ആരംഭിക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, വനം, ആരോഗ്യം, തദ്ദേശ സ്വയംഭരണം, റവന്യൂ, വെറ്ററിനറി മൃഗസംരക്ഷണം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ആന്റിവെനം ലഭ്യമല്ലാത്തതാണ് പാമ്പുകടിയേറ്റുള്ള മരണനിരക്ക് ഉയരുന്നതിന് പ്രധാന കാരണമെന്നും ഇത് ഒഴിവാക്കാൻ ആരോഗ്യവകുപ്പുമായി സഹകരിച്ച് എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഒരു വർഷത്തിനുള്ളിൽ ആന്റിവെനം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം: മല്ലപ്പളളിയിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിൽ പ്രതിതകരണവുമായി മന്ത്രി സജി ചെറിയാൻ. പ്രസംഗത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ രാജി വെക്കില്ലെന്ന് മന്ത്രി പറഞ്ഞു. കോടതി ഉത്തരവ് അംഗീകരിക്കുന്നു. പക്ഷേ തന്റെ ഭാഗം കേൾക്കാതെയാണ് കോടതി ഉത്തരവിട്ടതെന്നും അപ്പീൽ പോകുമെന്നും അദ്ദേഹം അറിയിച്ചു.

താനുമായി ബന്ധപ്പെട്ട വിഷയമെന്ന നിലയിൽ തന്റെ ഭാഗം കൂടി നീതിയെന്ന നിലയിൽ കേൾക്കേണ്ടിയിരുന്നു. പോലീസ് അന്വേഷിച്ചാണ് റിപ്പോർട്ട് ഹൈക്കോടതിയിൽ നൽകിയത്. ആ റിപ്പോർട്ട് മാത്രമാണ് കോടതി പരിശോധിച്ചത്. പ്രസംഗത്തിന്റെ മറ്റ് ഉളളടക്കത്തിലേക്ക് കോടതി പോയിട്ടില്ലെന്ന് തോന്നുന്നു. വിഷയത്തിൽ അന്ന് ധാർമ്മിക ഉത്തരവാദിത്തമേറ്റെടുത്ത് രാജിവെച്ചു. അതിന്റെ സമയം കഴിഞ്ഞു. ഒരു കോടതി ശരിയെന്നും മറ്റൊരു കോടതി തെറ്റെന്നും പറഞ്ഞു. ഇനി രാജിയില്ല. ഉത്തരവ് പഠിച്ച് പരിശോധിച്ച് നിയമനടപടിയുമായി മേൽക്കോടതിയിൽ പോകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പോലീസ് അന്വേഷിക്കാത്ത ചില ഭാഗങ്ങളുണ്ട്. അതും അന്വേഷിക്കണമെന്നല്ലേ കോടതി പറഞ്ഞത്. അന്വേഷിക്കട്ടേ. കോടതി പറഞ്ഞത് അംഗീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രി സജി ചെറിയാന്റെ മല്ലപ്പള്ളി പ്രസംഗത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് നൽകിയ സ്വകാര്യ ഹർജിയിലാണ് ഹൈക്കോടതി ഇതുസംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നാണ് കോടതി നിര്‍ദ്ദേശം. ജസ്റ്റിസ് ബെച്ചു കുര്യന്റെ ബെഞ്ചാണ് സ്വകാര്യ ഹർജിയിൽ വാദം കേട്ടത്. മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിനിടെ ഭരണഘടനയെ ആക്ഷേപിച്ച് സംസാരിച്ചുവെന്നാതായിരുന്നു സജി ചെറിയാനെതിരായ കേസ്.

ആരാധകരേറെയുള്ള തെന്നിന്ത്യൻ താരമാണ് തമന്ന ഭാട്ടിയ. ഇപ്പോഴിതാ മലയാള സിനിമയിൽ തനിക്ക് ഇഷ്ടമുള്ള നടന്മാരെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. പെർഫോമൻസിന്റെ കാര്യം എടുത്താൽ തനിക്ക് ഫഹദിനെയാണ് ഇഷ്ടമെന്ന് താരം പറയുന്നു. ഫഹദിനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹവും തമന്ന വെളിപ്പെടുത്തി.

രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് ഫഹദ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിനൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹം ഉണ്ട്. ഒരു നല്ല പെർഫോമർ ആണ് അദ്ദേഹം എന്നും തമന്ന പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തോട് സംസാരിക്കവെയാണ് താരം ഇക്കാര്യം അറിയിച്ചത്.

തനിക്ക് ഇഷ്ടമുള്ള മറ്റൊരു മലയാള നടനെ കുറിച്ച് കൂടി തമന്ന സംസാരിച്ചു. ദുൽഖർ സൽമാനാണ് തനിക്ക് ഇഷ്ടമുള്ള മറ്റൊരു മലയാല താരം. ഇന്നത്തെ തലമുറയ്ക്ക് മലയാളത്തിലെ അഭിനേതാക്കളെ പറ്റി ഒരു ധാരണ ഉണ്ടായിരുന്നു. അത് തിരുത്തിയത് ദുൽഖർ ആണ്. അദ്ദേഹം ഒരു പാൻ ഇന്ത്യൻ ആക്ടർ ആണ്. എല്ലാവർക്കും ദുൽഖറിനെ അറിയാം. തനിക്ക് ദുൽഖറിന്റെ കൂടെ അഭിനയിക്കാൻ ഇഷ്ടമാണെന്നും തമന്ന കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങളിൽ പിന്നീട് പീഡന ആരോപണമുയർത്തുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. പ്രണയ ബന്ധങ്ങൾ വിവാഹത്തിലേക്ക് എത്താതെ തെറ്റിപ്പിരിയുന്ന സംഭവങ്ങളിൽ ക്രിമിനൽ കേസുകൾ നൽകുന്നത് ശരിയല്ലെന്ന് കോടതി അറിയിച്ചു. ഡൽഹി സ്വദേശിയായ യുവാവിനെതിരെയുള്ള കേസ് റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

2019 ലാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. ഉഭയ കക്ഷി പ്രകാരമുള്ള ബന്ധമായിരുന്നുവെന്നും പരാതി അവിശ്വനീയമായിരുന്നുവെന്നും സുപ്രീം കോടതി ജസ്റ്റിന് നാഗരത്‌ന നിരീക്ഷിച്ചു. യുവതിയും യുവാവും വിദ്യാസമ്പന്നരാണ്. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങൾക്കിടയിലും കൂടിക്കാഴ്ച്ചകൾ നടന്നിരുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് ബന്ധം തുടങ്ങിയത് എന്നതിന് തെളിവില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് ഇപി ജയരാജന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. കരാർ ഇല്ലെങ്കിലും ധാരണ ഉണ്ടായിരുന്നെന്ന് ഡിസി ജീവനക്കാർ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപിയുടെ മൊഴി രേഖപ്പെടുത്താൻ പോലീസ് തീരുമാനിച്ചത്.

കേസുമായി ബന്ധപ്പെട്ട് ഡിസി രവിയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. തെരഞ്ഞെടുപ്പ് ദിവസം തന്നെ ഇപിയുടേതെന്ന പേരിൽ ആത്മകഥാഭാം പുറത്തുവന്നതും പിന്നീട് ഉണ്ടാ വിവാദങ്ങളും വലിയ ചർച്ചാ വിഷയമായിരുന്നു. തുടർന്നാണ് ഇപി പോലീസിൽ പരാതി നൽകിയത്.

എസ് പിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയത്ത് ഡിസി ബുക്‌സിന്റെ ആസ്ഥാനത്ത് ഉൾപ്പെടെ പരിശോധനകൾ നടന്നിരുന്നു. പരിശോധനയ്ക്കിടെ പല ജീവനക്കാരുടെയും മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തു. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ഇപിയുമായി കരാർ ഉണ്ടായിരുന്നില്ലെങ്കിൽ പോലും അത്തരത്തിലൊരു ധാരണ ഡിസിയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നുവെന്ന വിവരം പുറത്തുവരുന്നത്.

ന്യൂഡൽഹി: വ്യവസായി ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ കേസ്. തട്ടിപ്പിനും വഞ്ചനയ്ക്കുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 20 വർഷത്തിനുള്ളിൽ 2 ബില്യൺഡോളർ ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ്ജ വിതരണകരാറുകൾ നേടാൻ കൈക്കൂലി ഇടപാടുകൾ നടത്തിയെന്നും ഇക്കാര്യം മറച്ചുവെച്ച് അമേരിക്കയിൽ നിക്ഷേപത്തട്ടിപ്പ് നടത്തി എന്നുമാണ് കേസ്.

ഗൗതം അദാനി, ബന്ധു സാഗർ അദാനി ഉൾപ്പെടെ ഏഴ് പേരെ കേസിൽ പ്രതിചേർത്തിട്ടുണ്ട്. സൗരോർജ കരാറുകൾ നേടാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോടികൾ കൈക്കൂലി നൽകിയെന്നാണ് കേസ്. അദാനി ഗ്രീൻ എനർജി ഇന്ത്യയിൽ സൗരോർജ കരാറുകൾ നേടാൻ കോഴ നൽകിയ വിവരം യുഎസ് നിക്ഷേപരിൽ നിന്ന് മറച്ചുവെച്ചുവെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂയോർക്കിൽ യുഎസ് അറ്റോർണി ഓഫീസ് ആണ് കുറ്റപത്രം സമർപ്പിച്ചത്. വഞ്ചന, ക്രിമിനൽ ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. യുഎസ് സെക്യൂരിറ്റിസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷനും അദാനി ഗ്രീൻ എനെർജിക്കെതിരെ അഴിമതി കുറ്റം ചുമത്തി സിവിൽ കേസും ഫയൽ ചെയ്തിട്ടുണ്ട്. അദാനി ഗ്രീൻ എനർജി യുഎസ് നിക്ഷേപകരിൽ നിന്ന് 175 മില്യൻ സമാഹരിച്ചെന്നും കുറ്റപത്രത്തിൽ വിശദമാക്കിയിട്ടുണ്ട്.

കോഴിക്കോട്: സിനിമാ നടൻ മേഘനാഥൻ അന്തരിച്ചു. 60 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ആണ് അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്.

സംസ്‌കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടക്കും. നടൻ ബാലൻ കെ നായരുടെ മകനാണ് മേഘനാഥൻ. ഒട്ടേറെ സിനിമകളിൽ മേഘനാഥൻ അഭിനയിച്ചിട്ടുണ്ട്. 1983 ൽ ഇറങ്ങിയ അസ്ത്രമാണ് ആദ്യചിത്രം. ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, സേതുരാമയ്യർ സിബിഐ തുടങ്ങി 50ഓളം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അദ്ദേഹം ചെയ്തു.

തിരുവനന്തപുരം: വൻകരകളിലെ സമകാലിക കലകൾ പ്രദർശിപ്പിക്കുന്ന കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പ് 2025 ഡിസംബർ 12 മുതൽ 2026 മാർച്ച് 31 വരെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രശസ്ത ആർട്ടിസ്റ്റായ നിഖിൽ ചോപ്രയും എച്ച്എച്ച് ആർട്ട് സ്‌പേസസും ബിനാലെയുടെ പുതിയ പതിപ്പ് ക്യൂറേറ്റ് ചെയ്യുമെന്നും ഹോട്ടൽ വിവാന്തയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ബിനാലെയുടെ ആറാം പതിപ്പ് അവിസ്മരണീയമാകും. കലയുടേയും സമൂഹത്തിന്റേയും സംവാദത്തിന്റേയും ഒത്തുചേരലിന് വേദിയാകുന്ന ആഗോള പരിപാടിയിൽ ഭാഗമാകാൻ കേരളത്തിലെയും രാജ്യത്തേയും ലോകമെമ്പാടുമുള്ള ആസ്വാദകരേയും ക്ഷണിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. തത്സമയ പ്രകടനം, ചിത്രകല,ഫോട്ടോഗ്രാഫി, ശിൽപം, ഇൻസ്റ്റലേഷൻ എന്നിവ സമന്വയിപ്പിക്കുന്ന കലാകാരനാണ് ക്യൂറേറ്ററായി തിരഞ്ഞെടുക്കപ്പെട്ട നിഖിൽ ചോപ്രയെന്നും മുഖ്യമന്ത്രി പരിചയപ്പെടുത്തി.

കലാ മേഖലയിൽ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ ഷാനയ് ഝവേരി, ദയാനിത സിംഗ്, റജീബ് സംദാനി, ജിതീഷ് കല്ലാട്ട്, ബോസ് കൃഷ്ണമാചാരി എന്നിവരടങ്ങിയ സമിതിയാണ് ക്യൂറേറ്ററെ തെരഞ്ഞെടുത്തത്.

ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് സന്നിഹിതനായിരുന്നു. കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്‌സണും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ വി വേണു സ്വാഗതം ആശംസിച്ച ചടങ്ങിൽ ശശി തരൂർ എംപി ഓൺലൈനായി പങ്കെടുത്തു. കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, ട്രസ്റ്റിമാർ, ഉപദേശകസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.