Latest News (Page 64)

തിരുവനന്തപുരം: സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെയ്‌ക്കേണ്ടെന്ന നിലപാടിൽ സിപിഎം. ഒരിക്കൽ രാജിവെച്ച സാഹചര്യത്തിൽ ഇനി രാജിവേണ്ടെന്നാണ് സിപിഎമ്മിന്റെ നിലപാട്. ഭരണഘടനയെ വിമർശിച്ചുളള പ്രസംഗത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിർദ്ദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാനാണ് സജി ചെറിയാന്റെ തീരുമാനം. ഇതിനുള്ള നീക്കങ്ങളും അദ്ദേഹം ആരംഭിച്ചു.

തേർഡ് പാർട്ടി അപ്പീൽ നൽകാമെന്ന ഉപദേശമാണ് ഡയറക്ടർ ജനറൽ ഓഫ് പ്രൊസിക്യൂഷൻ നൽകിയത്. തന്റെ ഭാഗം കേൾക്കാതെയാണ് വിധിയെന്ന് സജി ചെറിയാൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചെന്ന കേസിൽ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോർട്ടാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. കേസിൽ കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. സംസ്ഥാന ക്രൈംബ്രാഞ്ചിലെ മിടുമിടുക്കനായ ഉദ്യോഗസ്ഥനെക്കൊണ്ട് ഡിജിപിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നാണ് നിർദേശം.

തിരുവനന്തപുരം: കിൻഫ്ര പാർക്കുകൾക്ക് വീണ്ടും ദേശീയതലത്തിൽ അംഗീകാരം. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ വ്യവസായ പാർക്കുകളിലെ ശുചിത്വവും മാലിന്യപരിപാലനവും പ്രോത്സാഹിപ്പിക്കുന്നതിനായി FICCI ഏർപ്പെടുത്തിയ സ്വച്ഛ് ഇൻഡസ്ട്രി പാർക്ക് പുരസ്‌കാരങ്ങളിൽ എൻവയോൺമെന്റ് സസ്റ്റെയിനബിലിറ്റി ചാംപ്യൻസ് ആയി കിൻഫ്രയുടെ പാലക്കാട് ഇന്റഗ്രേറ്റഡ് ഇൻഡസ്ട്രിയൽ ആൻഡ് ടെക്സ്റ്റയിൽ പാർക്കും ഇൻഫ്രാസ്ട്രക്ചർ ചാംപ്യൻസ് വിഭാഗത്തിൽ വിജയികളായി കളമശ്ശേരി ഹൈടെക് പാർക്കും തെരഞ്ഞെടുക്കപ്പെട്ടു.

ഇന്ന് ഡൽഹിയിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് രാജ്യത്തിന്റെ കൊമേഴ്‌സ് & ഇന്റസ്ട്രീസ് വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ പുരസ്‌കാരം കൈമാറി. സംസ്ഥാന സർക്കാരുകളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഉടമസ്ഥതയിലുള്ള, കുറഞ്ഞത് 100 ഏക്കർ ഭൂവിസ്തൃതിയും 50% ഒക്യുപ്പെൻസിയുമുള്ള പാർക്കുകളെയാണ് അവാർഡിനായി പരിഗണിച്ചത്. കിൻഫ്ര പുരസ്‌കാരത്തിന് പരിഗണിക്കാൻ നാമനിർദ്ദേശം ചെയ്ത രണ്ടു പാർക്കുകളും നേട്ടം കൈവരിച്ചുവെന്നത് അഭിമാനകരമാണ്. ദക്ഷിണേന്ത്യയിലെ മികച്ച പാർക്കുകളിലൊന്നായി കഴിഞ്ഞ തവണ തെരഞ്ഞെടുക്കപ്പെട്ട പാർക്ക് കൂടിയാണ് കളമശ്ശേരി ഹൈടെക് പാർക്ക്. കൂടുതൽ നിക്ഷേപങ്ങൾ കിൻഫ്ര പാർക്കുകളിലേക്ക് എത്തുന്നതിന് ഈ പുരസ്‌കാരനേട്ടം സഹായകമാകുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

കൊച്ചി: വയനാട്ടിലെ ഹർത്താലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ഹൈക്കോടതി. വയനാട്ടിലെ എൽഡിഎഫ് – യുഡിഎഫ് ഹർത്താൽ നിരുത്തരവാദപരമായ സമീപനമെന്ന് ഹൈക്കോടതി അറിയിച്ചു. പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹർത്താലിനെ എങ്ങനെയാണ് ന്യായീകരിക്കുക. അധികാരത്തിലിരിക്കുന്ന എൽഡിഎഫും ഹർത്താൽ നടത്തിയത് എന്തിനാണെന്നും കോടതി ചോദിച്ചു. ഹർത്താൽ മാത്രമാണോ ഏക സമര മാർഗ്ഗം. വലിയ ദുരന്തം സംഭവിച്ച മേഖലയിലാണ് ഹർത്താൽ നടത്തിയത്. ദുരന്തമേഖലയിലെ ജനങ്ങളോടുള്ള ഹർത്താൽ നിരാശപ്പെടുത്തുന്നു. ഇത്തരം ഹർത്താൽ അംഗീകരിക്കാനാകില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

കൊച്ചി: നടന്മാർക്കെതിരെ ഉന്നയിച്ച പീഡന പരാതികളിൽ നിന്ന് പിൻമാറുന്നുവെന്ന് നടി. മുകേഷ് അടക്കം നടൻമാർക്കെതിരായ പരാതികൾ പിൻവലിക്കുകയാണെന്ന് പരാതിക്കാരിയായ നടി പറഞ്ഞു. കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടൻ ഇമെയിൽ അയക്കുമെന്നും നടി വ്യക്തമാക്കി.

തനിക്ക് സർക്കാരിൽ നിന്നും പിന്തുണ കിട്ടിയില്ലെന്നും തനിക്കെതിരെ ചുമത്തിയ പോക്‌സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയാറായില്ലെന്നും നടി ആരോപിക്കുന്നു. മാധ്യമങ്ങളിൽ നിന്നു പോലും പിന്തുണ കിട്ടാത്തതിനാലാണ് പരാതികൾ പിൻവലിക്കാൻ തീരുമാനിച്ചതെന്നും നടി അറിയിച്ചു.

നടന്മാരായ എം മുകേഷ് എംഎൽഎ, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്കെതിരെയാണ് നടി ആരോപണവുമായി രംഗത്ത് വന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടി പീഡന ആരോപണം ഉന്നയിച്ചത്.

തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി നിലവിലുള്ള സ്പെഷ്യൽ മൊബൈൽ സ്‌ക്വാഡുകളുടെ യൂണിറ്റുകൾ വർദ്ധിപ്പിക്കാൻ മുഖ്യമന്ത്രി സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. സെക്രട്ടറിയേറ്റ് ലയം ഹാളിൽ നടന്ന പട്ടികജാതി പട്ടികവർഗ വികസന വകുപ്പിന്റെ സംസ്ഥാനതല ഉന്നതാധികാര വിജിലൻസ്, മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അതിക്രമങ്ങൾ ഫലപ്രദമായി തടയുന്നതിനായി പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കുള്ള സ്പെഷ്യൽ കോടതികൾ നിലവിലുള്ള നാലെണ്ണത്തിൽ നിന്നും 7 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. വകുപ്പിന്റെ ജില്ലാതല വിജിലൻസ്, മോണിറ്ററിംഗ് കമ്മിറ്റി സമയബന്ധിതമായി കൂടണമെന്ന് ജില്ലാ കളക്ടർമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.

അതിക്രമങ്ങൾക്ക് ഇരയാകുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള ആശ്വാസ സഹായത്തിന്റെയും മിശ്രവിവാഹത്തിന് നൽകുന്ന ധനസഹായത്തിന്റെയും കേന്ദ്ര വിഹിതം ലഭിക്കുന്നതിനുള്ള പ്രൊപ്പോസൽ കേന്ദ്രത്തിന് നൽകിയിട്ടുള്ളതായി പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു യോഗത്തിൽ അറിയിച്ചു. അതിക്രമങ്ങൾക്ക് ഇരയാകുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിലെ ആശ്രിതനിയമനം മറ്റ് വകുപ്പുകളിൽ കൂടി നടത്തുന്നതിനുള്ള നടപടികളെ കുറിച്ച് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.

യോഗത്തിൽ ധന വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ജില്ലാ കളക്ടർമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: ബാലാവകാശ കമ്മിഷന്റെ ഇടപെടലിനെതുടർന്ന് ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക് നോട്ട്സ് ഉൾപ്പടെയുള്ള പഠന കാര്യങ്ങൾ വാട്ട്സാപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിലൂടെ നല്കുന്നത് വിലക്കി. കോവിഡ് കാലത്ത് ഓൺലൈൻ പഠനമായിരുന്നുവെങ്കിലും നിലവിൽ സ്‌കൂളുകളിൽ നേരിട്ടാണ് ക്ലാസുകൾ നടക്കുന്നത്.

കുട്ടികൾക്ക് അവരുടെ പഠനകാര്യങ്ങൾ ഓർത്തിരിക്കാനും ശരിയായി മനസിലാക്കാനും നോട്ട്സ് ഉൾപ്പടെയുള്ള പഠന കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നല്കുന്നരീതി ഗുണകരമല്ല. കുട്ടികൾക്ക് നേരിട്ട് ക്ലാസിൽ ലഭിക്കേണ്ട പഠനാനുഭവങ്ങൾ നഷ്ടമാക്കുന്നത് പൂർണമായി ഒഴിവാക്കണം. ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ സ്‌കൂളുകളിൽ ഇടവിട്ട് സന്ദർശനം നടത്തി നിരീക്ഷണം ശക്തമാക്കേണ്ടതും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം ആരായേണ്ടതുമാണ്. പഠന കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നല്കുന്ന രീതി കുട്ടികൾക്ക് അമിതഭാരവും പ്രിന്റ് എടുത്ത് പഠിക്കുമ്പോൾ സാമ്പത്തിക ബുദ്ധിമുട്ടും വരുത്തുന്നതായി രക്ഷിതാക്കൾ പരാതി നൽകിയതിനെതുടർന്ന് ബാലാവകാശ കമ്മിഷൻ അംഗം എൻസുനന്ദ നൽകിയ നോട്ടീസിനെ തുടർന്നാണ് എല്ലാ ആർ.ഡി.ഡിമാർക്കും സ്‌കൂൾ പ്രിൻസിപ്പൽമാർക്കും വിദ്യാഭ്യാസ വകുപ്പ് സർക്കുലർ നൽകിയത്.

തിരുവനന്തപുരം: യു എൻ ഷാങ്ഹായ് അടക്കം ഒരു ഡസനോളം പുരസ്‌കാരങ്ങൾ നേടിയ തിരുവനന്തപുരം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ നഗരമായി മാറിയതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

തിരുവനന്തപുരം മാനവീയം വീഥിയിൽ നടന്ന ചടങ്ങിൽ നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി ലഭ്യമാക്കുന്ന വൈദ്യുതി ഹോവർ-ഇലക്ട്രിക് സെൽഫ് ബാലൻസിംഗ് സ്‌കൂട്ടറുകളുട കൈമാറ്റവും ഡ്രഗ്സ് കൺട്രോൾ കിറ്റുകളുടെ വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.യു എൻ ഷാങ്ഹായ് എന്ന അഭിമാനകരമായ പുരസ്‌കാരം ഇന്ത്യയിൽ ആദ്യമായി നേടിയ നഗരമാണ് തിരുവനന്തപുരം. ഈ പുരസ്‌കാരം നേടിയ മറ്റ് നഗരങ്ങൾ മെൽബൺ, ദോഹ എന്നിവയാണ് എന്നത് നേട്ടത്തിന്റെ വ്യാപ്തി ബോധ്യപ്പെടുത്തുന്നു.

ഈജിപ്റ്റിൽ നടന്ന ചടങ്ങിൽ യു എൻ സെക്രട്ടറി ജനറൽ, ഈജിപ്ഷ്യൻ പ്രധാനമന്ത്രി എന്നിവരുടെ സാന്നിധ്യത്തിലാണ് പുരസ്‌കാര ദാന ചടങ്ങ് നടന്നത് എന്നതും ശ്രദ്ധേയമാണ്. വിവിധ വെല്ലുവിളികളെ അതിജീവിച്ച് സ്മാർട്ട് സിറ്റി ഉൾപ്പെടെയുള്ള പദ്ധതികൾ കോർപ്പറേഷൻ പൂർത്തീകരിച്ച് വരികയാണ്. സുരക്ഷാപരിശോധനയിൽ ആധുനികവും മികച്ച സൗകര്യവുമുളള നഗരമായി മാറുന്നതിന്റെ ഭാഗമായാണ് വൈദ്യുതി ഹോവർ പോലീസ് സേനക്ക് കൈമാറുന്നത്.ഇവ ശരിയായി വിനിയോഗിക്കാനും പരിപാലിക്കാനും സേനക്ക് കഴിയണം. എം എഡി എം എ അടക്കമുള്ള മയക്കുമരുന്നുകളുടെ ശരീരത്തിലെ സാന്നിധ്യം തിരിച്ചറിയാൻ കഴിയുന്ന ഡ്രഗ്സ് കൺട്രോൾ കിറ്റ് ശാസ്ത്രീയ തെളിവിനും പരിശോധനക്കും സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ, ഡപ്യൂട്ടി മേയർ പി കെ രാജു , സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാർ തുടങ്ങിയവർ സംബന്ധിച്ചു.

ഹേഗ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അറസ്റ്റ് വാറന്റ്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയാണ് അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഗാസയിൽ സ്ത്രീകളും കുട്ടികളുമടക്കം നാൽപതിനായിരത്തിലേറെ പേരെ കൂട്ടക്കൊല നടത്തിയതിനും ആശുപത്രികളടക്കം തകർത്തതിനുമാണ് യുദ്ധക്കുറ്റം ചുമത്തി നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യൊആവ് ഗാലൻറിനും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

ഐസിസി പ്രീ-ട്രയൽ ചേംബർ (ഒന്ന്) ലെ മൂന്ന് ജഡ്ജിമാർ ഏകകണ്ഠമായാണ് ഇവർക്കെതിരെ വാറന്റ് പുറപ്പെടുവിച്ചത്. ഹമാസ് നേതാവ് മുഹമ്മദ് ദയീഫിന് എതിരെയും കോടതി വാറന്റ് പുറപ്പെടുവിച്ചു. നെതന്യാഹുവോ ഗാലന്റോ ഐസിസി അംഗത്വമുള്ള 120ലധികം രാജ്യങ്ങളിൽ എവിടേക്കെങ്കിലും യാത്ര ചെയ്താൽ ഇരുവരെയും അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കും.

അറസ്റ്റിലായാൽ വിചാരണക്കായി ഇരുവരെയും ഹേഗിലെ കോടതിയിൽ ഹാജരാക്കും. എന്നാൽ, ഇസ്രായേലും അമേരിക്കയും ഐസിസിയിൽ അംഗത്വമെടുക്കാത്തതിനാൽ ഉത്തരവ് നടപ്പാക്കുന്നതിന് പ്രായോഗിക പരിമിതിയുണ്ടായേക്കും.

തിരുവനന്തപുരം: ശബരിമല വനവത്ക്കരണത്തിനായി റവന്യൂ ഭൂമി കൈമാറുന്നതിനുള്ള സർക്കാർ ഉത്തരവ് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൈമാറി. റവന്യൂ വകുപ്പ് മന്ത്രിയുടെ ചേംബറിൽ ദേവസ്വം മന്ത്രി വി. എൻ. വാസവന്റെയും കൃഷി മന്ത്രി പി പ്രസാദിന്റെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ശബരിമല റോപ്പ് വേ പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരുന്ന 4.5336 ഹെക്ടർ വനഭൂമിക്ക് പകരം പരിഹാര വനവൽക്കരണത്തിനായിട്ടാണ് ഭൂമി കൈമാറ്റം. കൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിൽ കുളത്തൂപ്പുഴ വില്ലേജിൽ സർവെ 976/1-ൽപ്പെട്ട 4.5336 ഹെക്ടർ ഭൂമിയാണ് വനം വകുപ്പിന് കൈമാറിയത്.

മൂന്ന് വകുപ്പുകളുടെ സംയുക്തമായ സഹകരണത്തോടെയുള്ള നടപടി ശബരിമലയിലെ തീർത്ഥാടന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് ഉപകാരപ്പെടുമെന്നും ശബരിമലയിലേക്കുള്ള ചരക്ക് ഗതാഗതവും തീർത്ഥാടകരുടെ യാത്രാസൗകര്യവും സുഗമമാകുമെന്നും മന്ത്രി വി എൻ വാസവൻ അഭിപ്രായപ്പെട്ടു. വകുപ്പുകളുടെ വേഗത്തിലുള്ള ഇടപെടൽ ഭൂമി കൈമാറ്റ നടപടികൾ വേഗത്തിലാക്കിയെന്നു മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഭൂമി കൈമാറ്റം നടപടിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ജീവനക്കാരെ റവന്യൂ മന്ത്രി അഭിനന്ദിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കേന്ദ്ര ധനസഹായമുൾപ്പെടെയുള്ള ആവശ്യങ്ങളിൽ എം പിമാർ സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്കു വേണ്ടി പാർലമെന്റിലുൾപ്പെടെ നിലപാട് സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൈക്കാട് സർക്കാർ അതിഥി മന്ദിരത്തിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി മുഖ്യമന്ത്രി വിളിച്ചു ചേർത്ത എം പിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിനു ലഭിക്കുന്ന കേന്ദ്ര വിഹിതവും ഗ്രാന്റും വലിയതോതിൽ കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ നമുക്ക് 24,000 കോടി രൂപയുടെ സ്‌പെഷ്യൽ പാക്കേജ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നമ്മുടെ കടമെടുപ്പ് പരിധി 3.5 ശതമാനമായി ഉയർത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്ക് 15-ാം ധനകാര്യ കമ്മീഷൻ വകയിരുത്തിയ തുകയും, എൻ എച്ച് എമ്മിന്റെ ഭാഗമായി അനുവദിക്കാനുള്ള തുകയും, യു ജി സി ശമ്പളപരിഷ്‌ക്കരണ കുടിശ്ശികയും ഒന്നും കേന്ദ്ര സർക്കാർ ഇനിയും ലഭ്യമാക്കിയിട്ടില്ല.

ഈയൊരു സാഹചര്യം നിലനിൽക്കെയാണ് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തമുണ്ടായത്. അതിനും കേന്ദ്രത്തിൽ നിന്നു പ്രത്യേക ധനസഹായമൊന്നും നമുക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഇത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു.

ദുരന്തമുണ്ടായ ഉടനെ തന്നെ ആർമി, നേവി, കോസ്റ്റ് ഗാർഡ്, ദുരന്ത പ്രതികരണ സേന എന്നിവയുടെ എല്ലാം സഹായം നമുക്കു ലഭ്യമായി. അതാകട്ടെ രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനും ഗതാഗത സൗകര്യങ്ങൾ അതിവേഗത്തിൽ പുനഃസ്ഥാപിക്കുന്നതിനും വളരെ സഹായകരമാവുകയും ചെയ്തു. അവയോടെല്ലാം ഉള്ള നന്ദി സംസ്ഥാനം ഔദ്യോഗികമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ നൽകിയ സഹകരണവും വിവിധ സേനകളെ ലഭ്യമാക്കുന്നതിലും ഏകോപിപ്പിക്കുന്നതിലും എടുത്ത നേതൃത്വവും പാർലമെന്റിൽ അഭിനന്ദിക്കുന്നത് ഉചിതമാവും. അതേസമയം, കേരളത്തിന് അർഹമായ ദുരന്തസഹായം വൈകുന്നതിലുള്ള അസംതൃപ്തി അറിയിക്കുകയും വേണം.

ജൂലൈ 30 ന് പുലർച്ചെയാണ് വയനാട് മേപ്പാടി പഞ്ചായത്തിൽ മുണ്ടക്കൈ, ചൂരൽമല, അട്ടമല, പുഞ്ചിരിമട്ടം, കുഞ്ഞോം എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു അത്. അതുകൊണ്ടാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കേന്ദ്ര സംഘം വന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും അവലോകനം നടത്തുകയും ചെയ്തത്. അതിനു തൊട്ടുപുറകെ ആഗസ്റ്റ് 10 ന് പ്രധാനമന്ത്രി തന്നെ നേരിട്ട് ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ചെയ്തു. കേന്ദ്ര സംഘത്തിനു മുമ്പാകെയും പ്രധാനമന്ത്രിയുടെ മുമ്പാകെയും ദുരന്തത്തിന്റെ പശ്ചാത്തലത്തിലെ നമ്മുടെ ആവശ്യങ്ങൾ കൃത്യമായി അവതരിപ്പിച്ചിരുന്നു.

ആഗസ്റ്റ് 17 നു തന്നെ ദുരന്തത്തിൽ ഉണ്ടായ നഷ്ടവും ദേശീയ ദുരന്ത പ്രതികരണനിധിയുടെ (എൻ ഡി ആർ എഫ്) മാനദണ്ഡങ്ങൾക്ക് അനുസൃതമായി കേരളത്തിന് ആവശ്യപ്പെടാവുന്ന തുകയും ഇനംതിരിച്ച് തയ്യാറാക്കി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നിവേദനം നൽകുകയും ചെയ്തു. പ്രതീക്ഷിക്കുന്ന ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളുമടക്കം ഉൾപ്പെടുത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1,202 കോടി രൂപയുടെ പ്രാഥമിക സഹായമാണ് ആവശ്യപ്പെട്ടത്.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു ശേഷം നൂറു ദിവസത്തിലധികവും മെമ്മോറാണ്ടം സമർപ്പിച്ചിട്ട് മൂന്ന് മാസത്തിലധികവും കേന്ദ്ര സംഘം വന്നുപോയിട്ട് മാസങ്ങളുമായിട്ടും അനുകൂല നിലപാടുണ്ടായില്ല. മറ്റ് പല സംസ്ഥാനങ്ങൾക്കും അവർ രേഖാമൂലം ആവശ്യപ്പെടാതെ തന്നെ സഹായം നൽകിയിട്ടുണ്ട്. എന്നിട്ടും പ്രത്യേക ധനസഹായമായി ഒരു രൂപാ പോലും കേരളത്തിന് ഇതുവരെ ലഭിച്ചിട്ടില്ല.

എന്നാൽ ഇതിനോടകം, എസ് ഡി ആർ എഫിൽ നിന്നും സി എം ഡി ആർ എഫിൽ നിന്നുമായി അടിയന്തിര സഹായമായും ശവസംസ്‌കാരത്തിനുള്ള സഹായമായും മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള സഹായമായും ചികിത്സാ സഹായമായും ഉപജീവന സഹായമായും വീട്ടുവാടകയായും ഒക്കെ 25 കോടിയിലധികം രൂപ കേരളം അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമെ മാതാപിതാക്കൾ മരണപ്പെട്ട കുഞ്ഞുങ്ങൾക്കുള്ള പ്രത്യേക ധനസഹായം വനിത – ശിശുവികസന വകുപ്പിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാനം ഇതൊക്കെ ചെയ്തപ്പോൾ പി എം എൻ ആർ എഫിൽ നിന്ന് മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള സഹായമായും ഗുരുതര പരിക്കേറ്റവർക്കുള്ള ചികിത്സാ സഹായമായും ആകെ 3.31 കോടി രൂപ മാത്രമാണ് കേന്ദ്രം ലഭ്യമാക്കിയിട്ടുള്ളത്.

ദുരന്തബാധിത പ്രദേശത്തെ പുനർനിർമിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ – വിദ്യാഭ്യാസ സൗകര്യങ്ങൾ ഉൾപ്പെടെ അടങ്ങുന്ന സമഗ്രമായ ഒരു ടൗൺഷിപ്പാണ് മേപ്പാടിയിൽ നമ്മൾ വിഭാവനം ചെയ്തിരിക്കുന്നത്. നേരത്തെ നൽകിയ മെമ്മോറാണ്ടത്തിനു പുറമെ പോസ്റ്റ് ഡിസാസ്റ്റർ നീഡ്‌സ് അസസ്‌മെന്റ് നടത്തി വിശദമായ റിപ്പോർട്ട് നവംബർ 13 ന് കേന്ദ്ര സർക്കാരിനു നൽകിയിട്ടുണ്ട്. റിക്കവറി ആൻഡ് റീകൺസ്ട്രക്ഷൻ എസ്റ്റിമേറ്റായി മേപ്പാടിക്ക് 2,221 കോടി രൂപയും വിലങ്ങാടിന് 98.1 കോടി രൂപയുമാണ് കണക്കാക്കിയിട്ടുള്ളത്. ഈ എസ്റ്റിമേറ്റ് അംഗീകരിക്കപ്പെടേണ്ടതുണ്ട്.

കേന്ദ്രത്തിനു സമർപ്പിച്ച നിവേദനത്തിൽ മൂന്ന് പ്രധാന കാര്യങ്ങളാണ് നമ്മൾ ആവശ്യപ്പെട്ടിട്ടുള്ളത്. ഒന്നാമത്തെ ആവശ്യം മേപ്പാടി-ചൂരൽമല ഉരുൾപൊട്ടലിനെ ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡം അനുസരിച്ച് ‘Disaster of Severe Nature’ – അതായത് തീവ്രസ്വഭാവമുള്ള ദുരന്തം – ആയി പ്രഖ്യാപിക്കണം എന്നതായിരുന്നു. ഇത്തരത്തിൽ പ്രഖ്യാപിച്ചാൽ പുനരധിവാസത്തിനായി വിവിധ അന്തർദേശീയ, ബഹുരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്ന് സംസ്ഥാന സർക്കാരിന് കൂടുതൽ തുക കണ്ടെത്താൻ ശ്രമിക്കാം. കൂടാതെ ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്നും കേരളത്തിനു സഹായം നൽകാൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥമാവുകയും ചെയ്യും.

രണ്ടാമത്തെ ആവശ്യം ദുരന്തനിവാരണ നിയമത്തിന്റെ 13-ാം വകുപ്പു പ്രകാരം ദേശീയ ദുരന്തനിവാരണ അതോറിറ്റിയിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ദുരന്തബാധിതരുടെ എല്ലാ കടങ്ങളും എഴുതിത്തള്ളണം എന്നതായിരുന്നു. അതിനും ഈ പ്രഖ്യാപനം വഴിയൊരുക്കുമായിരുന്നു. മൂന്നാമത്തെ ആവശ്യം മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ബാധിത മേഖലയ്ക്കായി ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്നും അടിയന്തര സഹായം അനുവദിക്കണം എന്നതായിരുന്നു.

ഈ മൂന്ന് ആവശ്യങ്ങളിൽ ഒന്നിനുപോലും കേന്ദ്രം ഇതുവരെ അനുകൂലമായ ഒരു മറുപടി തന്നിട്ടില്ല. മേപ്പാടിയിലെ ദുരന്തത്തെ തീവ്രസ്വഭാവമുള്ള ദുരന്തമായി പ്രഖ്യാപിച്ചിട്ടില്ല. ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്ന് അടിയന്തര സഹായം അനുവദിച്ചിട്ടില്ല. ദുരന്തബാധിതരുടെ ലോണുകൾ എഴുതിത്തള്ളിയിട്ടുമില്ല.

അതുകൊണ്ടുതന്നെ ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നമുക്ക് ഏറ്റവും പ്രധാനമായിട്ടുള്ളത് അടിയന്തര ധനസഹായം കേന്ദ്രത്തിൽ നിന്ന് നേടിയെടുക്കുക എന്നതും നമ്മൾ സമർപ്പിച്ചിട്ടുള്ള മെമ്മോറാണ്ടത്തിലെ ആവശ്യങ്ങൾ അനുവദിപ്പിക്കുക എന്നതും നമ്മുടെ റിക്കവറി ആൻഡ് റീകൺസ്ട്രക്ഷൻ എസ്റ്റിമേറ്റ് അംഗീകരിപ്പിച്ചെടുക്കുക എന്നതുമാണ്. അതിന് കേരളത്തിൽ നിന്നുള്ള എം പിമാരും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എം പിമാരായിട്ടുള്ള കേരളീയരും ഒറ്റക്കെട്ടായി നിൽക്കണം എന്നാണ് അഭ്യർത്ഥിക്കാനുള്ളതെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.

ചൂരൽമലയിലെയും വിലങ്ങാട്ടിലെയും ഉരുൾപൊട്ടലുകളെ കലാമിറ്റി ഓഫ് സിവിയർ നേച്ചർ ആയി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ പാർലമെന്റ് അംഗങ്ങൾക്കും ദുരന്തബാധിത പ്രദേശങ്ങളെ സഹായിക്കാനായി തങ്ങളുടെ എം പി ലാഡ് ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ വരെ ലഭ്യമാക്കാൻ കഴിയും. കേരളത്തിൽ നിന്നുള്ള എല്ലാ ലോക്‌സഭ – രാജ്യസഭാംഗങ്ങളും ദുരന്തബാധിത പ്രദേശങ്ങളെ ഈ വിധത്തിൽ സഹായിക്കാനായി മുന്നോട്ടുവരണം.

കേന്ദ്ര സർക്കാർ ഇതിനെ തീവ്രസ്വഭാവമുള്ള ദുരന്തമായി പ്രഖ്യാപിച്ചാൽ, രാജ്യത്താകെയുള്ള പാർലമെന്റ് അംഗങ്ങൾക്ക് ദുരന്തബാധിത പ്രദേശങ്ങളെ സഹായിക്കാനായി തങ്ങളുടെ എം പി ലാഡ് ഫണ്ടിൽ നിന്നും 1 കോടി രൂപ വരെ ലഭ്യമാക്കാൻ കഴിയും. കേന്ദ്രം പറയുന്നത് കേരളത്തിന്റെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ ഫണ്ടുണ്ട് എന്നാണ്. ധനകാര്യ കമ്മീഷന്റെ ശിപാർശ പ്രകാരം സാധാരണ ഗതിയിൽ കേരളത്തിന് ലഭിക്കുന്ന ഫണ്ടാണത്. അല്ലാതെ, മേപ്പാടിയിലെ ദുരന്തത്തിന്റെ പശ്ചത്താലത്തിൽ സവിശേഷമായി ലഭിച്ചതല്ല. അത്തരം വലിയ ദുരന്തങ്ങളെ നേരിടാൻ പര്യാപ്തമല്ല സാധാരണ നിലയ്ക്കുള്ള ഫണ്ട് വകയിരുത്തൽ.

എസ് ഡി ആർ എഫ് ഫണ്ടുകൾ ഉപയോഗിച്ചാണ് കേരളത്തിൽ വർഷാവർഷം ഉണ്ടാകുന്ന ചെറുതും വലുതും ആയ വിവിധ ദുരന്തങ്ങളുടെ നിവാരണം നടത്തുന്നത്. ഓരോ വർഷവും ശരാശരി 400 കോടി രൂപയുടെ പ്രവൃത്തികൾ ആ നിധിയിൽ നിന്നും നടത്തിവരുന്നുണ്ട്. റോഡുകൾ, വീടുകൾ, മരണങ്ങൾ, എന്നിങ്ങനെ ദുരന്തങ്ങൾ മൂലം കേരളത്തിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് മാനദണ്ഡങ്ങൾ പ്രകാരമുള്ള സഹായം ആ നിധിയിൽ നിന്നാണ് നൽകിവരുന്നത്. കണിശമായ മാനദണ്ഡങ്ങൾ പ്രകാരം മാത്രമേ ആ തുക വിനിയോഗിക്കുവാൻ കഴിയൂ.

വീട് നഷ്ടപ്പെട്ടാൽ എസ് ഡി ആർ എഫിന്റെ മാനദണ്ഡങ്ങൾ പ്രകാരം ശരാശരി ഒന്നേകാൽ ലക്ഷം രൂപ മാത്രമേ ലഭ്യമാക്കാൻ കഴിയൂ. നമ്മൾ ഇവിടെ സി എം ഡി ആർ എഫ് വിഹിതവും ചേർത്താണ് കുറഞ്ഞത് 4 ലക്ഷം രൂപ ലഭ്യമാക്കുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ എല്ലാ സൗകര്യങ്ങളുമുള്ള ടൗൺഷിപ്പ് പണിയാനാണ് നമ്മൾ ലക്ഷ്യമിടുന്നത്. ഒരു വീടിന് 10 ലക്ഷം രൂപയിലധികം ചിലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ എസ് ഡി ആർ എഫിലെ മാനദണ്ഡങ്ങൾ പ്രകാരം അത് യാഥാർത്ഥ്യമാക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് ഈ ദുരന്തത്തെ അതിജീവിക്കാനായി നമുക്ക് പ്രത്യേക ധനസഹായം വേണമെന്ന് ആവശ്യപ്പെടുന്നത്. മറ്റ് ചില വിഷയങ്ങൾകൂടി ഉണ്ട്. മൂലധന നിക്ഷേപത്തിനായി കേന്ദ്ര സർക്കാർ ആവിഷ്‌ക്കരിച്ച പദ്ധതികളിൽ 1,546.92 കോടി രൂപയുടെ വായ്പാ പദ്ധതികൾക്കുള്ള സഹായം സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. അത് നേടിയെടുക്കേണ്ടതുണ്ട്. ബ്രാൻഡിങ്ങിന്റെ പേരിൽ സംസ്ഥാനത്തിന് ലഭിക്കേണ്ട പല പദ്ധതികൾക്കുമുള്ള ധനസഹായം അനുവദിക്കാത്തതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.