Latest News (Page 63)

തൃശൂർ: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ്. ലീഡ് 8500 കടന്നതോടെ മണ്ഡലത്തിൽ എൽഡിഎഫ് പ്രവർത്തകർ ആഘോഷം ആരംഭിച്ചു. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ മുതൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ അപ്രസക്തയാക്കി കൊണ്ടാണ് പ്രദീപിന്റെ മുന്നേറ്റം.

പ്രദീപിന്റെ ഭൂരിപക്ഷം 10,000 കടക്കുമെന്നാണ് എൽഡിഎഫ് ക്യാമ്പുകൾ ഉറപ്പിക്കുന്നത്. ചേലക്കരയിൽ പി വി അൻവറിന്റെ സ്ഥാനാർത്ഥിക്കും ചലനമുണ്ടാക്കാൻ സാധിച്ചിട്ടില്ല. ചേലക്കരയിൽ ഇടത് മുന്നേറ്റം തുടക്കത്തിൽ തന്നെ ദൃശ്യമായിരുന്നു. വരവൂർ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. എൽഡിഎഫ് തങ്ങളുടെ ഉരുക്കുകോട്ടയായി നിലനിർത്തിയ മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷ നിലനിർത്തിയാണ് യുഡിഎഫ് രമ്യ ഹരിദാസിനെ ഇറക്കിയത്. എന്നാൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ രമ്യ ഹരിദാസിന് കഴിഞ്ഞില്ല.

ഗോവ: മത്സ്യബന്ധന ബോട്ട് നാവിക സേനയുടെ മുങ്ങിക്കപ്പലുമായി കൂട്ടിയിടിച്ച് അപകടം. കിഴക്കൻ ഗോവ തീരത്തു നിന്ന് 70 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു. മാർത്തോമ എന്ന മത്സ്യബന്ധന ബോട്ടുമായാണ് ഇന്ത്യൻ നാവിക സേനയുടെ സ്‌കോർപിയൻ ക്ലാസ് മുങ്ങിക്കപ്പൽ കൂട്ടിയിടിച്ചത്.

13 പേരാണ് മത്സ്യബന്ധനബോട്ടിലുണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ നാവിക സേന രക്ഷാപ്രവത്തനം നടത്തി. ആറ് കപ്പലുകളും നാവിക സേനയുടെ നിരീക്ഷണ വിമാനങ്ങളും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിൽ മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന 11 പേരെയും കണ്ടെത്തി രക്ഷിക്കാനായി. രണ്ട് പേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. മുംബൈയിലെ മാരിടൈം റെസ്‌ക്യൂ കോർഡിനേഷൻ സെന്ററിന്റെ മേൽനോട്ടത്തിൽ കോസ്റ്റ് ഗാർഡിന്റേത് ഉൾപ്പെടെയുള്ള കൂടുതൽ കപ്പലുകളും ബോട്ടുകളും സ്ഥലത്തേക്ക് എത്തിച്ച് തെരച്ചിൽ തുടരുകയാണ്.

കൊച്ചി: മുനമ്പത്ത് സമരം ചെയ്യുന്നവരുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഓൺലൈനായിട്ടായിരിക്കും ചർച്ച നടത്തുക. വൈകിട്ട് 4 മണിക്കാണ് ചർച്ച. സമരം അവസാനിപ്പിക്കണമെന്ന് ചർച്ചയിൽ സമരക്കാരോട് മുഖ്യമന്ത്രി ആവശ്യപ്പെടും.

ആരെയും ഇറക്കി വിടില്ലെന്ന് സമരക്കാർക്ക് ഉറപ്പ് നൽകും. ജുഡീഷ്യൽ കമ്മീഷൻ നിയമപരിരക്ഷയ്ക്ക് എന്ന് സമരക്കാരെ അറിയിക്കുകയും ചെയ്യും. എറണാകുളം കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കുമെന്നാണ് വിവരം.

അതേസമയം, മുനമ്പത്തെ വഖഫ് ഭൂമി പ്രശ്‌നത്തിൽ പരിഹാരം കാണാനായി ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന സി. എൻ. രാമചന്ദ്രൻ നായരുടെ നേതൃത്വത്തിലാണ് കമ്മീഷൻ. മൂന്നു മാസത്തിനുള്ളിൽ കമ്മിഷൻ നടപടികൾ പൂർത്തീകരിക്കണമെന്നാണ് സർക്കാർ കാണുന്നതെന്ന് നിയമ വ്യവസായ മന്ത്രി പി. രാജീവ് വാർത്താസമ്പേളനത്തിൽ പറഞ്ഞു. റവന്യു മന്ത്രി കെ. രാജൻ, വഖഫ് മന്ത്രി വി. അബ്ദുറഹിമാൻ എന്നിവർ സന്നിഹിതരായിരുന്നു.

ആരെയും കുടിയൊഴിപ്പിക്കാതെ തന്നെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ജുഡീഷ്യൽ കമ്മിഷനെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്. ഭൂമിയിൽ കൈവശാവകാശം ഉള്ള ആരെയും ഒഴിപ്പിക്കില്ലെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു.

അവിടെ താമസിക്കുന്നവരുടെ നിയമപരമായ അവകാശം സർക്കാർ സംരക്ഷിക്കും. ഇനിയൊരു തീരുമാനം ഉണ്ടാകുന്നതുവരെ വഖഫ് ബോർഡ് നടപടികൾ സ്വീകരിക്കരുതെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ടെന്നും അവർ അത് അംഗീകരിച്ചതായും മന്ത്രി പറഞ്ഞു. വഖഫ് ബോർഡ് പുതിയ നോട്ടിസ് നൽകില്ലെന്നും നൽകിയ നോട്ടിസുകളിൽ തുടർനടപടിയുണ്ടാകില്ലെന്നും സമരം പിൻവലിക്കണമെന്നും സർക്കാർ അഭ്യർഥിച്ചു. കമ്മീഷൻ നടപടികൾക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും സർക്കാർ ഒരുക്കുമെന്നും മന്ത്രിമാർ പറഞ്ഞു.

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കേരളത്തോട് കേന്ദ്രസർക്കാർ തുടരുന്ന അവഗണനക്കെതിരെ എൽഡിഎഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ഡിസംബർ അഞ്ചിന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് മാർച്ച് സംഘടിപ്പിക്കും. മറ്റ് ജില്ലകളിൽ ജില്ലാ കേന്ദ്രങ്ങൾക്ക് മുന്നിൽ പ്രതിഷേധം നടത്തും. എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.

വയനാട്ടിൽ ടൗൺഷിപ്പ് മാതൃകയിൽ സംസ്ഥാന സർക്കാർ പുനരധിവാസ പദ്ധതി മുന്നോട്ടുവച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രസർക്കാർ സഹായിക്കും എന്ന് പ്രതീക്ഷിച്ചു. പ്രധാനമന്ത്രി നേരിട്ട് വയനാട് എത്തി സ്ഥിതിഗതികൾ വിലയിരുത്തി. എന്നാൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുകയാണ്. കേന്ദ്ര സമീപനം സഹിക്കാൻ കഴിയാത്തതാണ്. കേന്ദ്രം സഹായിച്ചില്ലെങ്കിലും പുനരധിവാസം ഉറപ്പാക്കും എന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇടതുമുന്നണി ഈ നിലപാട് സ്വാഗതം ചെയ്യുന്നു.

വയനാടിന്റെ പൊതു വികാരത്തിന്റെ അടിസ്ഥാനത്തിലാണ് ഹർത്താൽ നടത്തിയത്. കേരളത്തിന്റെ പൊതുപ്രശനമായിട്ടാണ് വയനാട് ദുരന്തത്തെ എൽഡിഎഫ് കാണുന്നത്. കക്ഷിരാഷ്ട്രീയത്തിന് അതീതമായ നിലപാട് ഈ വിഷയത്തിൽ വേണമെന്നതാണ് എൽഡിഎഫിന്റെ കാഴ്ചപ്പാട്. കേന്ദ്രത്തിനെതിരായ സമരത്തിൽ ആരെല്ലാം സഹകരിക്കാൻ തയ്യാറാകുമോ അവരെ എല്ലാം യോജിപ്പിച്ച് സമരം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

.

തിരുവനന്തപുരം: ഭാഷയിലും സാഹിത്യത്തിലും സർഗധനരായ എഴുത്തുകാരുടെ മാതൃകകൾ പിൻതുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതിഭവനിൽ നടന്ന ചടങ്ങിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനിക പുരസ്‌കാര വിതരണവും വെബ്‌പോർട്ടൽ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇത്തവണത്തെ വൈജ്ഞാനിക പുരസ്‌ക്കാരങ്ങൾക്ക് അർഹരായിരിക്കുന്നത് മൂന്ന് വ്യക്തികളാണ്. കവി, ചരിത്രകാരൻ, പത്രാധിപർ, അധ്യാപകൻ തുടങ്ങി ഒട്ടേറെ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മഹദ് വ്യക്തിത്വവും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ അധ്യക്ഷനുമായ എൻ വി കൃഷ്ണവാരിയരുടെ പേരിലുള്ള പുരസ്‌ക്കാരമാണ് കവിയായ പി എൻ ഗോപീകൃഷ്ണന് സമ്മാനിച്ചത്. അദ്ദേഹത്തിന്റെ ‘ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കഥ’ എന്ന പുസ്തകമാണ് ഈ പുരസ്‌ക്കാരത്തിന് അർഹമായിരിക്കുന്നത്. എൻ വിയെ പോലെ തന്നെ കാവ്യലോകത്തു മാത്രമായി തന്റെ ഇടപെടലുകൾ ചുരുക്കാത്ത പി എൻ ഗോപീകൃഷ്ണന്റെ കൈകളിലേക്ക് എൻ വിയുടെ പേരിലുള്ള പുരസ്‌കാരം എത്തിച്ചേരുന്നതിൽ തികഞ്ഞ ഔചിത്യഭംഗിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എഴുത്തുകാരനും ഭാഷാവിദഗ്ധനുമായിരുന്ന ഡോ. കെ എം ജോർജിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള ഗവേഷണ പുരസ്‌ക്കാരത്തിന് അർഹയായിരിക്കുന്നത് ഡോ. ടി തസ്ലീമയാണ്. ഗവേഷണ രംഗത്ത് കൂടുതൽ സംഭാവനകൾ നൽകാനും ഡോ. കെ എം ജോർജ്ജിനെ പോലുള്ളവർ ഏറ്റെടുത്ത ഭാഷാ പരിപോഷണ പ്രവർത്തനങ്ങൾക്ക് മികവുറ്റ സംഭാവന നൽകാനുമുള്ള പ്രോത്സാഹനമായി ഈ പുരസ്‌ക്കാരം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചരിത്രകാരനും ഗവേഷകനും എഴുത്തുകാരനുമായ എം പി കുമാരന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള വിവർത്തന പുരസ്‌ക്കാരത്തിന് അർഹയായിരിക്കുന്നത് ഡോ. എസ് ശാന്തിയാണ്. കൂടുതൽ ഇതര ഭാഷാ കൃതികൾ മലയാള ഭാഷയ്ക്കു പരിചയപ്പെടുത്താനുള്ള പ്രോത്സാഹനമായി മാറട്ടെ ഈ പുരസ്‌ക്കാരം എന്ന് ആശംസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

എൻ വി കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്‌കാരജേതാവ് പി എൻ ഗോപീകൃഷ്ണൻ, എം പി കുമാരൻ സ്മാരക വിവർത്തന പുരസ്‌കാര ജേതാവ് എസ് ശാന്തി എന്നിവർക്ക് ഒരു ലക്ഷം രൂപ വീതമുള്ള പുരസ്‌കാരവും ഡോ. ടി തസ്ലീമക്ക് മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള ഡോ. കെ എം ജോർജ് സ്മാരക ഗവേഷണപുരസ്‌കാരവും ചടങ്ങിൽ മുഖ്യമന്ത്രി സമ്മാനിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. വി കെ പ്രശാന്ത് എംഎൽഎ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ്‌കുമാർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം സത്യൻ എന്നിവർ സന്നിഹിതരായി.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ച് ദിവസം നീണ്ടുനിന്ന വിദേശ സന്ദർശനത്തിനിടെ നടത്തിയത് 31 ചർച്ചകൾ. ഉഭയകക്ഷി കൂടിയാലോചനകളും അനൗദ്യോഗിക സംഭാഷണങ്ങളും ഉൾപ്പെടെയുള്ള ചർച്ചകളാണ് പ്രധാനമന്ത്രി നടത്തിയത്. മൂന്ന് രാജ്യങ്ങളിലെ സന്ദർശനവും ജി20 ഉച്ചകോടിയിലെ പങ്കാളിത്തവും പൂർത്തിയാക്കിയാണ് പ്രധാനമന്ത്രി മടങ്ങിയത്.

നൈജീരിയയിൽ ഒരു ഉഭയകക്ഷി കൂടിക്കാഴ്ചയും ജി20 ഉച്ചകോടി നടന്ന ബ്രസീലിൽ ഉച്ചകോടിക്ക് അനുബന്ധമായി 10 ഉഭയകക്ഷി ചർച്ചകളും അവസാനമായി സന്ദർശിച്ച ഗയാനയിൽ ഒൻപത് കൂടിക്കാഴ്ചകളും പ്രധാനമന്ത്രി നടത്തി. ഇന്തോനേഷ്യ, പോർച്ചുഗൽ, ഇറ്റലി, നോർവെ, ഫ്രാൻസ്, യുകെ, ചിലി, അർജന്റീന, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളുമായി പ്രത്യേകം ഉഭയകക്ഷി ചർച്ചകൾ നടന്നു. ബ്രസീലിൽ വെച്ചു നടന്ന പത്ത് ചർച്ചകളിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ, പോർച്ചുഗൽ പ്രധാനമന്ത്രി ലൂയിസ് മോണ്ടെനെഗ്രോ, യുകെ പ്രധാനമന്ത്രി കിർ സ്റ്റാർമർ, ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക്, അർജന്റീനൻ പ്രസിഡന്റ് ഗബ്രിയേൽ ബോറിക് എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തി.

സിംഗപ്പൂർ, ദക്ഷിണ കൊറിയ, ഈജിപ്ത്, യുഎസ്എ, സ്‌പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളുമായും യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, ഐക്യരാഷ്ട്രസഭ അധ്യക്ഷൻ അന്റോണിയോ ഗുട്ടെറെസ്, ലോക വ്യാപാര സംഘടന ഡയറക്ടർ ജനറൽ എൻഗോസി ഒകോൻജോ-ഇവാല, ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനം ഗബ്രിയേസസ്, അന്താരാഷ്ട്ര നാണയ നിധി പ്രതിനിധികളായ ക്രിസ്റ്റലീന ജോർജിയേവ, ഗീതാ ഗോപിനാഥ് എന്നിവരുമായും മോദി അനൗദ്യോഗിക കൂടിക്കാഴ്ചകൾ നടത്തി.

തിരുവനന്തപുരം: ജയിൽ വകുപ്പ് കൃഷിക്കും നിർമാണ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കുന്ന വാഹനങ്ങളെ വാണിജ്യ വാഹന വിഭാഗത്തിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. ഇന്ധനം, അറ്റകുറ്റപ്പണികൾ, വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാരുടെ ദിവസ വേതനം തുടങ്ങിയ ചെലവുകൾക്കായി ജയിൽ വികസന ഫണ്ടിൽ നിന്ന് തുക അനുവദിക്കുന്നതിനും ഉത്തരവിൽ വ്യവസ്ഥയുണ്ട്.

ഫണ്ടിന്റെ ശരിയായ വിനിയോഗത്തിന് മേൽനോട്ടം നൽകുന്നതിന് രൂപീകരിച്ച ജയിൽ വികസന ഫണ്ട് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കണം ചെലവ് നടത്തേണ്ടത്. വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കുള്ള ആവശ്യങ്ങൾ സമിതി വിലയിരുത്തിയാകണം ഫണ്ട് അനുവദിക്കേണ്ടത്.

ഇതിനായി പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറുടെ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു.

തിരുവനന്തപുരം: ഡിസംബർ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മായാത്ത മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു.

നവംബർ 13, 20 തീയതികളിൽ സംസ്ഥാനത്ത് നടന്ന ലോക്‌സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടർമാരുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിൽ പുരട്ടിയ മഷി അടയാളം പൂർണമായും മാഞ്ഞു പോകാൻ ഇടയില്ലാത്തതിനാലാണിത്. തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാനെത്തുന്നവരുടെ നിജസ്ഥിതി ബോധ്യപ്പെടാൻ പോളിംഗ് ഉദ്യോഗസ്ഥർക്ക് സഹായകരമാകുന്നതിന് കൂടിയാണ് ഈ നടപടി.

ഈ നിർദേശം ഡിസംബർ 10ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനു വേണ്ടി മാത്രമുള്ളതായിരിക്കും. സംസ്ഥാനത്തെ 31 തദ്ദേശസ്ഥാപന വാർഡുകളിലേയ്ക്കാണ് ഡിസംബർ 10ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

തിരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ആൾമാറാട്ടത്തിനെതിരെയുള്ള മുൻകരുതൽ വ്യവസ്ഥ പ്രകാരം സമ്മതിദായകന്റെ നിജസ്ഥിതിയെപ്പറ്റി ബോധ്യമായാൽ ഇടതു കൈയ്യിലെ ചൂണ്ടുവിരൽ പ്രിസൈഡിംഗ് ഓഫീസറോ പോളിംഗ് ഓഫീസറോ പരിശോധിച്ച് അതിൽ മായാത്ത മഷി പുരട്ടേണ്ടതുണ്ട്. വോട്ടറുടെ ഇടതുചൂണ്ടുവിരലിൽ അത്തരത്തിലുള്ള മഷിയടയാളം നേരത്തേ ഉണ്ടെങ്കിൽ വോട്ട് ചെയ്യാനാകില്ല. ആയതിനാലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരത്തിൽ നിർദേശം പുറപ്പെടുവിച്ചത്.

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 26 ന് ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കൻ ആൻഡമാൻ കടലിന് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു. നവംബർ ഇരുപത്തിമൂന്നോടെ (2024 നവംബർ 23) ഇത് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്നുള്ള രണ്ട് ദിവസത്തിനുള്ളിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലെത്തി തീവ്രന്യൂനമർദമായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചു.

നവംബർ 26 ന് തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശ്ശൂർ
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ നവംബർ 26 ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരത്തെയും കൊച്ചിയെയും ബന്ധിപ്പിച്ച് പുതിയ വിമാന സർവീസ് ആരംഭിക്കുന്നു. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ സർവീസ് നാളെ മുതൽ ആരംഭിക്കും. ചൊവ്വ, ശനി ദിവസങ്ങളിൽ രാവിലെ 7:15 ന് പുറപ്പെട്ട് 08:05ന് കൊച്ചിയിലെത്തും.

കൊച്ചിയിൽ നിന്ന് തിങ്കൾ, വെള്ളി ദിവസങ്ങളിൽ രാത്രി 11 മണിക്ക് പുറപ്പെട്ട് 11:50ന് വിമാനം തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം-കൊച്ചി റൂട്ടിൽ ഇൻഡിഗോയുടെ പ്രതിദിന സർവീസിന് പുറമേയാണ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് ആരംഭിക്കുന്നത്.