Latest News (Page 62)

തിരുവനന്തപുരം: വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ പൂർണ്ണമായും ഓൺലൈനാക്കാൻ കെ എസ് ഇ ബി. പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാകുന്നതിൽ ചിലപ്പോഴെങ്കിലും കാലതാമസമുണ്ടാകുന്നു എന്ന ഉപഭോക്താക്കളുടെ പരാതി പരിഗണിച്ചാണ് നടപടി.

പുതിയ കണക്ഷനും മറ്റ് സേവനങ്ങൾക്കുമുള്ള ആപ്ലിക്കേഷനുകൾ ഡിസംബർ 1 മുതൽ ഓൺലൈനായി മാത്രമായിരിക്കും സ്വീകരിക്കുക. സെക്ഷൻ ഓഫീസിൽ നേരിട്ടുള്ള പേപ്പർ അപേക്ഷകൾ പൂർണ്ണമായും ഒഴിവാക്കും. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം സേവനം എന്ന നിലയിൽ മാത്രം അപേക്ഷകൾ പരിഗണിക്കുന്നു എന്ന് ഉറപ്പാക്കും.

അപേക്ഷാ ഫോം കെ എസ് ഇ ബിയുടെ ഉപഭോക്തൃ സേവന വെബ് സൈറ്റായ WSS.KSEB.IN ൽ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാക്കും. അപേക്ഷാഫീസടച്ച് രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ എസ്റ്റിമേറ്റെടുക്കും.

എസ്റ്റിമേറ്റനുസരിച്ചുള്ള പണമടച്ചാൽ ഉടൻ സീനിയോറിറ്റി നമ്പരും സേവനം ലഭ്യമാകുന്ന ഏകദേശ സമയവും എസ് എം എസ്/വാട്‌സാപ് സന്ദേശമായി ലഭിക്കും. അപേക്ഷയുടെ പുരോഗതി ഓൺലൈനായി ട്രാക്ക് ചെയ്യാനും ഉപഭോക്താവിനു കഴിയുമെന്ന് കെഎസ്ഇബി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്നതാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘടിതമായ കുപ്രചാരങ്ങളെയും കടന്നാക്രമണങ്ങളെയും മുഖവിലക്കെടുക്കാതെയാണ് ജനങ്ങൾ ചേലക്കര നിയോജക മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തിളങ്ങുന്ന വിജയം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.

പാലക്കാട്ട് മുൻ തെരഞ്ഞെടുപ്പിലേതിനേക്കാൾ കൂടുതൽ വോട്ടർമാർ എൽഡിഎഫിനൊപ്പം അണിനിരന്നു. ഇനിയുള്ള നാളുകളിൽ വികസന -ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് വർധിച്ച ഊർജ്ജം നൽകുന്നതാണ് ഈ ജനവിധി. എല്ലാത്തരം വർഗീയതയ്ക്കും എതിരായ മതനിരപേക്ഷ വോട്ടാണ് എൽ ഡി എഫിന് ലഭിച്ചത്. വർഗീയതയെ തുറന്നുകാട്ടി മതനിരപേക്ഷ രാഷ്ട്രീയം വിട്ടുവീഴ്ചയില്ലാതെ ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്ന ഒരു സന്ദേശമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണ വിരുദ്ധ വികാരം എന്ന പ്രചാരണം ലവലേശം പോലും ജനങ്ങളെ സ്വാധീനിച്ചിട്ടില്ല എന്നും വിവാദ-നുണ പ്രചാരകരെ ജനങ്ങൾ മുഖവിലയ്ക്കെടുത്തിട്ടില്ല എന്നും തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നു. വർഗീയ ശക്തികളെ കൂട്ടുപിടിച്ച് പാലക്കാട് നിലനിർത്താൻ യുഡിഎഫിന് കഴിഞ്ഞെങ്കിലും എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വോട്ടുകൾ നേരത്തേയുള്ളതിൽ നിന്നും കൂടുകയാണുണ്ടായത്. ചില താൽക്കാലിക നേട്ടങ്ങൾ ഉണ്ടാക്കുന്നതൊഴിച്ച് ബിജെപിക്ക് കേരളത്തിൽ ശാശ്വതമായ ചലനം ഉണ്ടാക്കാൻ സാധിക്കില്ല എന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വിജയിച്ചത് ചൂണ്ടിക്കാട്ടി അവർ മുഴക്കിയ അവകാശവാദങ്ങൾ ജനങ്ങൾ തിരസ്‌കരിച്ചതിലൂടെ വ്യക്തമാകുന്നത്. നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലെയും വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലെയും വിജയികളെ അഭിനന്ദിക്കുന്നു. എൽ ഡി എഫിന് വോട്ടുചെയ്ത മുഴുവൻ ജനങ്ങളെയും അഭിവാദ്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം സമരസമിതിയുമായി ഓൺലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നൽകിയത്.

ഭൂപ്രശ്നത്തിന് ശാശ്വതമായി പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രേഖകൾ ഉള്ള ഒരാളെ പോലും കുടിയൊഴിപ്പിക്കില്ലെന്നും മുഖ്യമന്ത്രി അസന്നിഗ്ദ്ധമായി വ്യക്തമാക്കി. ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമ്മീഷനായി നിയോഗിക്കാൻ തീരുമാനിച്ച വിവരം മുഖ്യമന്ത്രി സമര സമിതിയെ അറിയിച്ചു. നോട്ടീസടക്കമുള്ള നടപടികളൊന്നും നടത്തരുതെന്ന് വഖഫ് ബോർഡിനോട് സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്, ഇക്കാര്യം ബോർഡ് അംഗീകരിച്ചിട്ടുണ്ട്.

ഭൂമിയിലെ താമസക്കാരുടെ ഭാഗവും ആവലാതികളും കമ്മീഷൻ മുമ്പാകെ കൃത്യമായി ബോധിപ്പിക്കാനുള്ള അവസരമുണ്ടാകും. കോടതിയിലുള്ള കേസിൽ സർക്കാർ നിലപാട് അറിയിക്കും. നിലവിലെ താമസക്കാരുടെ അവകാശങ്ങൾ എന്തു വില കൊടുത്തും സംരക്ഷിക്കണമെന്ന നിലപാടാണ് സർക്കാരിനുള്ളത്. ഹൈക്കോടതി മുമ്പാകെ ഈ വിഷയത്തിൽ നിലവിലുള്ള കേസുകളിൽ താമസക്കാർക്ക് അനുകൂലമായി സർക്കാർ കക്ഷി ചേരുന്നതാണ്. നികുതി അടയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിലവിലെ ഹൈക്കോടതി സ്റ്റേ നീക്കിക്കിട്ടാനുള്ള സാധ്യമായ നടപടികളും സർക്കാർ സ്വീകരിക്കുന്നതാണ്. ജനങ്ങളുടെ ആശങ്കകൾ കോടതിയെ ബോധ്യപ്പെടുത്താൻ പരിശ്രമിക്കും. കമ്മീഷന്റെ പ്രവർത്തനം വേഗത്തിലാക്കാൻ താമസക്കാരുടെ പൂർണ്ണ സഹകരണം ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

ചർച്ചയിൽ റവന്യു മന്ത്രി കെ. രാജൻ, നിയമ മന്ത്രി പി. രാജീവ്, വഖഫ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് എന്നിവരും വൈപ്പിൻ എം എൽ എ കെ. എൻ ഉണ്ണികൃഷ്ണൻ, വരാപ്പുഴ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ, കോട്ടപുറം ബിഷപ്പ് ആംബ്രോസ് പുത്തൻവീട്ടിൽ, മുനമ്പം സമരസമിതി ചെയർമാൻ ജോസഫ് സെബാസ്റ്റ്യൻ, കൺവീനർ ബെന്നി, മുരുകൻ (എസ്. എൻ. ഡി. പി), പി.ജെ ജോസഫ് പ്രദേശവാസി) എന്നിവരും പങ്കെടുത്തു.

വയനാട്: വയനാട് പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ പടക്കംപൊട്ടി രണ്ട് കുട്ടികൾക്ക് നേരിയ പരിക്ക്. കൽപ്പറ്റയിലാണ് സംഭവം. പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കാണ് പരിക്കേറ്റത്. വിജയാഘോഷത്തിനിടെ പടക്കം പൊട്ടിക്കുമ്പോൾ കുട്ടികളും സമീപത്തുണ്ടായിരുന്നു. പെട്ടെന്ന് പൊട്ടിയ പടക്കം തെറിച്ച് കുട്ടികളുടെ ദേഹത്ത് വീഴുകയായിരുന്നു.

കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. യുഡിഎഫ് പ്രവർത്തകനോടൊപ്പം ഇരുചക്ര വാഹനത്തിൽ ഇരിക്കുകയായിരുന്ന കുട്ടികൾക്കാണ് പരിക്കേറ്റത്. കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.

പാലക്കാട്: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാലക്കാട് നഗരത്തിൽ നടത്തിയ റോഡ്‌ഷോയ്ക്കിടെ കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥ് കുഴഞ്ഞുവീണു. രാഹുൽ മാങ്കൂട്ടത്തിൽ, വി കെ ശ്രീകണ്ഠൻ എംപി, സന്ദീപ് വാര്യർ, പികെ ഫിറോസ്, ഷാഫി പറമ്പിൽ തുടങ്ങിയവർക്കൊപ്പം തുറന്ന ജീപ്പിൽ കയറി പ്രവർത്തകർക്കൊപ്പം വിജയം ആഘോഷിക്കുന്നതിനിടെയാണ് പി സി വിഷ്ണുനാഥിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ഉടൻ തന്നെ പിസി വിഷ്ണുനാഥിനെ പ്രവർത്തകരിലൊരാളുടെ വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന പിസി വിഷ്ണുനാഥിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് നേതാക്കൾ അറിയിച്ചു. ഭക്ഷണം കഴിക്കാത്തതിനെ തുടർന്നും കനത്ത ചൂടുകൊണ്ടും അവശനായി കുഴഞ്ഞുവീഴുകയായിരുന്നുവെന്നും മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്നുമാണ് നേതാക്കൾ അറിയിക്കുന്നത്.

ന്യൂഡൽഹി: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തിന്റെ വിജയം നേടിയതിന് പിന്നാലെ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി. വയനാട്ടിലെ വോട്ടർമാർക്ക് പ്രിയങ്ക നന്ദി പറഞ്ഞു. തന്നിലർപ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദിയുണ്ടെന്നും ഈ വിജയം നിങ്ങൾ ഓരോരുത്തരുടേതുമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രിയങ്കാഗാന്ധിയുടെ പ്രതികരണം.

വയനാട്ടിലെ പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയുടെ കുറിപ്പ് ആരംഭിക്കുന്നത്. നിങ്ങൾ ഓരോരുത്തരും എന്നിൽ അർപ്പിച്ച വിശ്വാസത്തിൽ അതീയായ സന്തോഷമുണ്ട്. വരും നാളുകളിൽ ഈ വിജയം നിങ്ങൾ ഓരോരുത്തരുടേതുമാണെന്ന് താൻ തെളിയിക്കും. നിങ്ങളുടെ സ്വപ്നങ്ങളും പോരാട്ടങ്ങളും മനസിലാക്കുന്ന ഒരാളെയാണ് നിങ്ങൾ തെരഞ്ഞെടുത്തതെന്നും ഉറപ്പുവരുത്തും.

പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകുമെന്നും പ്രിയങ്ക ഗാന്ധി കുറിപ്പിൽ പറഞ്ഞു. തനിക്ക് നൽകിയ അകമഴിഞ്ഞ പിന്തുണയ്ക്കും സ്‌നേഹത്തിനും ഒരുപാട് നന്ദിയുണ്ടെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുകളിലെ ജനവിധി അംഗീകരിക്കുന്നുവെന്നും സർക്കാരിന് അനുകൂലമായ പ്രതികരണമാണ് ഉണ്ടായിരിക്കുന്നതെന്നും എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. പാലക്കാട്ടെ യുഡിഎഫിന്റെ വിജയം വർഗീയ ശക്തികളെ കൂട്ടുപിടിച്ചാണെന്നും സരിൻ ഇടതുപക്ഷത്തിന് മുതൽ കൂട്ടാവുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

ചേലക്കരയിൽ ഇടതുപക്ഷത്തെ തോൽപ്പിക്കുമെന്ന കെ സി വേണുഗോപാൽ പറഞ്ഞിരുന്നു. എന്നാൽ, ചേലക്കരയിൽ മികച്ച ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് വിജയിച്ചത്. ഇത് സർക്കാരിന് അനുകൂലമായ ജനവിധിയാണ്. ഈ തെരഞ്ഞെടുപ്പിന്റെ വിജയം പരിശോധിക്കുമ്പോൾ കേരളത്തിന്റെ ജനങ്ങളുടെ ഭാവി ജീവിതത്തിന് സാധ്യമല്ലാതാക്കുന്ന ചില വസ്തുതകളുണ്ട്. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും നമ്മുടെ നാടിന് ആപത്താണ്. രണ്ടും വർഗീയതയും ഉയർത്തുന്നത് മതരാഷ്ട്രമാണ്. ഇത് നമ്മുടെ നാടിന് നല്ലതല്ല. പാലക്കാട്ടെ വിജയത്തിൽ ആദ്യം ആഹ്ലാദവുമായി വന്നത് എസ്ഡിപിഐ ആണ്. ഈ രാഷ്ട്രീയം മതനിരപേക്ഷ മൂല്യങ്ങൾക്കെതിരാണ്. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും യുഡിഎഫിനൊപ്പം നിലകൊണ്ടുകൊണ്ടു. ഇത്തരത്തിൽ വർഗീയ ശക്തികളെ കൂട്ടുപിടിച്ചുകൊണ്ടാണ് പാലക്കാട്ടെ യുഡിഎഫിന്റെ വിജയമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വയനാട് ലോക്‌സഭ മണ്ഡലത്തിൽ ഇടതു പക്ഷത്തിനു അനുകൂലമായ എല്ലാ വോട്ടും സമാഹരിച്ചു എന്ന് പറയാൻ ആവില്ല. പാലക്കാട് സരിന്റെ സ്ഥാനാർത്ഥിത്വം തിരിച്ചടിയല്ല. സരിൻ ഇടതുപക്ഷത്തിന് മുതൽക്കൂട്ടാവും. സരിനിലൂടെ പാലക്കാട് ഇടതുപക്ഷത്തിന്റെ വർധിപ്പിക്കാൻ കഴിഞ്ഞു. ബിജെപിയുടെ പരാജയത്തിൽ സന്തോഷമുണ്ട്. ബിജെപിക്കെതിരായ നിലപാടുകൾ എന്നും ഉയർത്തിപ്പിടിക്കുമെന്നും ടിപി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. റെക്കോർഡ് ഭൂരിപക്ഷത്തിലാണ് രാഹുലിന്റെ വിജയം. 18198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയമുറപ്പിച്ചത്. ഷാഫി പറമ്പിൽ നേടിയതിനേക്കാൾ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്റെ വിജയം. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മണ്ഡലത്തിൽ ബിജെപി രണ്ടാം സ്ഥാനത്തും എൽഡിഎഫ് മൂന്നാം സ്ഥാനത്തുമാണ്.

ബിജെപി കോട്ടകൾ പൊളിച്ചടുക്കിയാണ് രാഹുൽ മണ്ഡലത്തിൽ വിജയിച്ചത്. ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പും വലിയ പ്രതീക്ഷയാണ് രാഹുൽ പ്രകടിപ്പിച്ചത്. ഭൂരിപക്ഷം പറഞ്ഞില്ലെങ്കിലും വിജയിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

രാഹുലിന്റെ ലീഡ് കുത്തനെ ഉയർന്നത് പിരായിരി പഞ്ചായത്തിൽ വോട്ടെണ്ണിയപ്പോളാണ്. ഇവിടെ മാത്രം 6775 വോട്ട് നേടിയ രാഹുൽ കൃഷ്ണകുമാറിനെക്കാൾ 4124 വോട്ടുകളുടെ മുൻതൂക്കവും പിരായിരിയിൽ നേടി.

കൽപ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പ്രിയങ്കാ ഗാന്ധിയുടെ ലീഡ് മൂന്ന് ലക്ഷം കടന്നു. 357580 ലീഡുകൾക്ക് പ്രിയങ്കാ ഗാന്ധി കുതിക്കുന്നത്. ഇതുവരെ എണ്ണിയ എല്ലാ റൗണ്ടിലും പ്രിയങ്ക ഗാന്ധിയ്ക്ക് രാഹുൽ ഗാന്ധിയ്ക്ക് കിട്ടിയതിനേക്കാൾ ലീഡാണുള്ളത്.

രാഹുലിന്റെ ഭൂരിപക്ഷം പ്രിയങ്കയ്ക്ക് നിലനിർത്താനാവുമോ എന്ന് യുഡിഎഫിന് ആശങ്കയുണ്ടായിരുന്നു. എന്നാൽ ഫലം പുറത്തുവരുമ്പോൾ ഇത്തരം ആശങ്കകളെ ഇല്ലാതാക്കുകയാണ് പ്രിയങ്കയുടെ ഭൂരിപക്ഷം. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി രണ്ടാം സ്ഥാനത്തും ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്തുമാണ്.

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വലിയ ലീഡുമായി രാഹുൽ മാങ്കൂട്ടത്തിൽ. ബിജെപി കോട്ടകൾ പൊളിച്ചടുക്കിയാണ് രാഹുലിന്റെ മുന്നേറ്റം. ബിജെപിയുടെ സി കൃൃഷ്ണകുമാറിനെയും കോൺഗ്രസ് പാളയം വിട്ട് ഇടത് സ്ഥാനാർഥിയായ പി സരിനെയും നിഷ്പ്രഭനാക്കി രാഹുൽ കുതിപ്പ് തുടരുകയാണ്.

പാലക്കാട് ബിജെപി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്പോൾ ബിജെപി മുന്നിലായിരുന്നു. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. കോൺഗ്രസിലേക്കാണ് ബി ജെ പി വോട്ടുകൾ ചോർന്നത്. പിരായിരി പഞ്ചായത്തിൽ വോട്ടെണ്ണിയപ്പോളാണ് രാഹുലിന്റെ ലീഡ് കുത്തനെ ഉയർന്നത്. ഇവിടെ മാത്രം 6775 വോട്ട് നേടാൻ രാഹുലിന് കഴിഞ്ഞു.

രാഹുലിന്റെ വിജയം ഉറപ്പായ സാഹചര്യത്തിൽ യുഡിഎഫ് പ്രവർത്തകർ ആഘോഷം ആരംഭിച്ചിട്ടുണ്ട്.