Latest News (Page 60)

കൊച്ചി: ഇപി ജയരാജന്റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് പോലീസ് രവി ഡിസിയുടെ മൊഴിയെടുത്തു. കോട്ടയം ഡിവൈഎസ്പി കെജി അനീഷ് ആണ് മൊഴി രേഖപ്പെടുത്തിയത്. രണ്ട് മണിക്കൂറോളം നേരം മൊഴിയെടുക്കൽ നീണ്ടുനിന്നു. മുൻ നിശ്ചയിച്ച പ്രകാരം രവി ഡിസി ഡിവൈഎസ്പി ഓഫീസിൽ ഹാജരാവുകയായിരുന്നു.

പുസ്തക വിവാദത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്. പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ഇ പി ജയരാജനും ഡിസി ബുക്സും തമ്മിൽ കരാറുണ്ടോയെന്ന കാര്യമാണ് പ്രധാനമായും പൊലീസ് പരിശോധിച്ചത്. പുസ്തക വിവാദത്തിൽ (ഡിസി ബുക്‌സ്) ഫെസിലിറ്റേറ്റർ മാത്രമാണെന്നായിരുന്നു നേരത്തെ രവി ഡിസിയുടെ പ്രതികരണം.

പൊതുരംഗത്ത് നിൽക്കുന്നവരെ ബഹുമാനിക്കുന്നുണ്ടെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തിരുവനന്തപുരം: വിരബാധ കുട്ടികളുടെ വളർച്ചയേയും പൊതുവേയുളള ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രശ്‌നമായതിനാൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുട്ടികളിൽ വിളർച്ചയ്ക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 1 മുതൽ 14 വയസ് വരെയുളള 64% കുട്ടികളിൽ വിരബാധയുണ്ടാകുവാൻ സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ശക്തമായ ഇടപെടലുകളാണ് ആരോഗ്യ വകുപ്പ് നടത്തി വരുന്നത്. ഒരു വർഷത്തിൽ 6 മാസത്തെ ഇടവേളകളിലായി രണ്ടു പ്രാവശ്യം വിര നശീകരണത്തിനുള്ള ഗുളിക നൽകേണ്ടതാണ്. സ്‌കൂളുകളും അംഗണവാടികളും വഴി കുട്ടികൾക്ക് വിര നശീകരണത്തിനായി ആൽബൻഡസോൾ ഗുളിക നൽകിവരുന്നു. എല്ലാ കുട്ടികളും വിര നശീകരണത്തിനുള്ള ഗുളിക കഴിച്ചുവെന്ന് മാതാപിതാക്കൾ ഉറപ്പാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

നവംബർ 26-നാണ് ഈ വർഷം വിര വിമുക്ത ദിനമായി ആചരിക്കുന്നത്. അന്നേദിവസം വിദ്യാലയങ്ങളിൽ എത്തുന്ന കുട്ടികൾക്ക് അവിടെനിന്നും വിദ്യാലയങ്ങളിൽ എത്താത്ത 1 മുതൽ 19 വയസുവരെ പ്രായമുളള കുട്ടികൾക്ക് അങ്കണവാടികളിൽ നിന്നും ഗുളിക നൽകുന്നതാണ്. ഏതെങ്കിലും കാരണത്താൽ നവംബർ 26-ന് ഗുളിക കഴിക്കുവാൻ സാധിക്കാതെ പോയ കുട്ടികൾക്ക് ഡിസംബർ 3-ന് ഗുളിക നൽകുന്നതാണ്. ഈ കാലയളവിൽ ആരോഗ്യ കേന്ദ്രങ്ങളിൽ എത്തുന്ന ഈ പ്രായത്തിലുളള കുട്ടികൾ ഗുളിക കഴിച്ചിട്ടില്ലെങ്കിൽ അവർക്ക് ഗുളിക നൽകേണ്ടതാണ്.

ഒന്ന് മുതൽ 2 വയസുവരെ അര ഗുളികയും (200 മില്ലിഗ്രാം), 2 മുതൽ 19 വയസുവരെ ഒരു ഗുളികയും (400 മില്ലിഗ്രാം) നൽകണം. ചെറിയ കുട്ടികൾക്ക് തിളപ്പിച്ചാറ്റിയ വെളളത്തിൽ ഗുളിക അലിയിച്ചു കൊടുക്കണം. മുതിർന്ന കുട്ടികൾ ഉച്ചഭക്ഷണത്തിന് ശേഷം ഗുളിക ചവച്ചരച്ച് കഴിക്കണം. അതോടൊപ്പം തിളപ്പിച്ചാറിയ വെളളം കുടിക്കുകയും വേണം. അസുഖമുളള കുട്ടികൾക്ക് ഗുളിക നൽകേണ്ടതില്ല. അസുഖം മാറിയതിനു ശേഷം ഗുളിക നൽകാവുന്നതാണ്. ഗുളിക കഴിച്ചതിനു ശേഷം സാധാരണയായി ബുദ്ധിമുട്ടുകൾ ഉണ്ടാകാറില്ല. എന്നാൽ വിരബാധ കൂടുതലുളള കുട്ടികളിൽ ഗുളിക കഴിക്കുമ്പോൾ അപൂർവമായി വയറുവേദന, ഛർദ്ദി, ചൊറിച്ചിൽ, ശരീരത്തിൽ തടിപ്പുകൾ തുടങ്ങിയവ ഉണ്ടായോക്കാം.

വിരബാധ ഏറെ ശ്രദ്ധിക്കണം

വിരബാധ എല്ലാ പ്രായക്കാരെയും ബാധിക്കുമെങ്കിലും സാധാരണയായി കുട്ടികളെയാണ് കൂടുതൽ ബാധിക്കുന്നത്. മണ്ണിൽ കളിക്കുകയും പാദരക്ഷകൾ ഉപയോഗിക്കാതിരിക്കുകയും ചെയ്താൽ വിരബാധയുണ്ടാകാനുളള സാധ്യത കൂടുതലാണ്. ശരീരത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ ഭക്ഷണത്തിലെ പോഷക ഘടകങ്ങൾ വിരകൾ വലിച്ചെടുക്കുമ്പോൾ ശരീരത്തിൽ പോഷണക്കുറവ് അനുഭവപ്പെടുകയും അത് വളർച്ചയെ ബാധിക്കുകയും ചെയ്യുന്നു. സാധാരണ കുടലിലാണ് വിരകൾ കാണപ്പെടുന്നത്. ഉരുളൻ വിര (റൗണ്ട് വേം), കൊക്കൊപ്പുഴു (ഹുക്ക് വേം), കൃമി (പിൻ വേം), നാട വിര (ടേപ്പ് വേം) ചാട്ട വിര (വിപ്പ് വേം) എന്നിവയാണ് സാധാരണ കാണുന്ന വിരകൾ.

വിരബാധയുളള ആളുകളിൽ ഉത്സാഹക്കുറവ്, ക്ഷീണം, വിളർച്ച, വയറുവേദന, തലകറക്കം, ഛർദ്ദി, പോഷകക്കുറവ്, വിശപ്പില്ലായ്മ, ഭാരക്കുറവ്, ശ്രദ്ധക്കുറവ്, വയറിളക്കം മുതലായവ ഉണ്ടാകാം. കുട്ടികളിൽ വിരകളുടെ തോത് വളരെ കൂടുതലാണെങ്കിൽ കുടലിന്റെ പ്രവർത്തനം തടസപ്പെടാനും ശരിയായ ചികിത്സ യഥാസമയം ലഭ്യമായില്ലെങ്കിൽ സങ്കീർണമാകാനും സാധ്യതയുണ്ട്.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം, വനിതാ ശിശു വികസനം, പട്ടികവർഗ വികസനം തുടങ്ങിയ വകുപ്പുകൾ, ജനപ്രതിനിധികൾ എന്നിവരുമായി സംയോജിച്ചാണ് ജില്ലകളിൽ പരിപാടി നടപ്പിലാക്കുന്നത്.

ലക്‌നൗ: സംബാൽ സംഘർഷത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. സമാജ്വാദി പാർട്ടി എംപി അടക്കം 400 പേർക്കെതിരെയാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 25 പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംബാൽ എംപിയും SP നേതാവുമായ സിയാവൂർ റഹ്മാൻ ബാർഖും സഹപ്രവർത്തകൻ ഇഖ്ഹാൽ മഹ്മൂദിന്റെ മകൻ നവാബ് സുഹൈൽ ഇഖ്ബാലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

മുഗൾ കാലത്ത് നിർമിച്ചിട്ടുള്ള ഷാഹി ജുമാ മസ്ജിദിന്റെ സർവേ നടപടികൾ കോടതി ഉത്തരവുപ്രകാരം നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് സംഘർഷം നടന്നത്. ഉദ്യോഗസ്ഥർക്ക് നേരെ സംഘം കല്ലേറ് നടത്തുകയായിരുന്നു. മൂന്ന് ദിശയിൽ നിന്നായി ഇരച്ചെത്തിയ സംഘം കല്ലെറിഞ്ഞും വാഹനങ്ങൾ കത്തിച്ചും സംഘർഷമുണ്ടാക്കി. പൊലീസുകാർക്കും സർവേ ഉദ്യോഗസ്ഥർക്കും അടക്കം 20 സുരക്ഷാ ജീവനക്കാർക്ക് ആക്രമണത്തിൽ സാരമായി പരിക്കേറ്റു. ചില പൊലീസുകാരുടെ പരിക്ക് അതീവ ഗുരുതരമാണ്.

ന്യൂഡൽഹി: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരക്കൊതിയുള്ള പാർട്ടികളെ വോട്ടർമാർ തള്ളി. ജനങ്ങളുടെ ശബ്ദം പാർലമെന്റിലുയർത്താൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇനിയൊട്ട് ഉയർത്തുകയുമില്ല. ജനങ്ങൾക്ക് മോശം പ്രതിപക്ഷ പാർട്ടികളെ തിരിച്ചറിയാനുള്ള കഴിവ് ഉണ്ടായിരിക്കുന്നു.പാർലമെന്റിലെ തുറന്ന സംവാദങ്ങളെ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ നിരന്തരം തടസപ്പെടുത്തുന്നു. ജനം തള്ളിയ ഇക്കൂട്ടർ സഭയെ കൂടി മലീമസപ്പെടുത്തുന്നു. അസ്വസ്ഥമാക്കാൻ ശ്രമിക്കുന്നു. യുവ എംപിമാർക്ക് ഈ ബഹളത്തിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ല. അവരുടെ പ്രവർത്തനങ്ങളും തടസപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട്: പാലക്കാട്ട് വോട്ട് ശതമാനം ഉയർത്താൻ ബിജെപിക്ക് കഴിഞ്ഞില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇതിൽ ശരിയായ വിലയിരുത്തൽ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ബൂത്തിലും പരിശോധന നടത്തി ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ തവണ ഇ ശ്രീധരന് പൊതുസമൂഹത്തിൽ നിന്ന് നല്ല നിലയിൽ വോട്ട് കിട്ടിയിട്ടുണ്ട്. ആ വോട്ടുകൾ സമാഹരിക്കാൻ പാലക്കാട്ടെ സ്ഥാനാർത്ഥി കൃഷ്ണകുമാറിന് കഴിഞ്ഞില്ലെന്നത് വസ്തുതയാണ്. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയരുന്നുണ്ട്. ഏതെങ്കിലും ഒരു വ്യക്തിയല്ല സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്. സംസ്ഥാനത്ത് കുമ്മനം രാജശേഖരനായിരുന്നു സ്ഥാനാർത്ഥി നിർണയത്തിന്റെ ചുമതലയെന്ന് അദ്ദേഹം വ്യക്തമാക്കി.

മോദിയും അമിത് ഷായും അടങ്ങുന്ന പാർലമെന്ററി ബോർഡ് അംഗീകാരം നൽകിയ ആളാണ് പാലക്കാട് സ്ഥാനാർത്ഥിയായത്. മൂന്ന് പേരുകൾ ചർച്ചയിൽ വന്നിരുന്നു. ഇതിൽ രണ്ട് പേർ മത്സരിക്കാൻ സന്നദ്ധരായില്ല. അങ്ങനെയാണ് സ്ഥാനാത്ഥിത്വം കൃഷ്ണകുമാറിലേക്ക് എത്തിയത്. മത്സരിപ്പിക്കരുത് എന്ന നിലപാട് കൃഷ്ണകുമാറിനും ഉണ്ടായിരുന്നു. മലമ്പുഴയിൽ മൂവായിരം വോട്ടുകൾ അമ്പതിനായിരം ആക്കിയ സ്ഥാനാർഥിയാണ് കൃഷ്ണകുമാറെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് മാറ്റിക്കളിക്കുന്ന എൽഡിഎഫിന്റെ വർഗീയ കാർഡുകൾക്കൊപ്പമല്ല ജനം യുഡിഎഫിന്റെ മതേതരത്വത്തിന് ഒപ്പമാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ലീഗിനെതിരെ വിമർശനം ഉണ്ടാകും. ഇല്ലെങ്കിലെ അത്ഭുതമുള്ളൂ. വയനാട്ടിലും പാലക്കാടും യുഡിഫിന് വൻ ഭൂരിപക്ഷമാണ് ഉള്ളത്. ഈ വിജയത്തിൽ ലീഗിനും പാണക്കാട് തങ്ങൾക്കും ഉള്ള പങ്ക് വലുതാണ്. ഇന്ന് വന്ന കണക്ക് പ്രകാരം എൽഡി എഫ് പലയിടത്തും മൂന്നാമതാണ്. എസ്ഡിപിഐ ജമാത്തെ ഇസ്ലാമി ആരോപണം ഉന്നയിക്കുമ്പോ ഇടതുപക്ഷം അവരുടെ അവസ്ഥ കൂടി ആലോചിക്കണം വോട്ടുചോർച്ച ഉണ്ടാകുന്നത് എൽഡിഎഫിനാണെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കാർഡ് മാറ്റി കളിക്കുമ്പോൾ ഉണ്ടാകുന്ന ഫലം അവർ ചിന്തിക്കുന്നില്ല. മന്ത്രിയുടെ മണ്ഡലങ്ങളിൽ പോലും എൽഡിഎഫ് ബിജെപിക്കും പിന്നിലാണ്. അവരുടെ കാലിന്റെ അടിയിലെ മണ്ണ് ചോർന്നു പോകുന്നത് അറിയുന്നില്ല. ചേരിതിരിവിന് ഇടയാക്കുന്ന വിഷയങ്ങൾ പ്രചരിപ്പിക്കുമ്പോൾ അത് അവരെ എങ്ങനെ ബാധിക്കുന്നുവെന്ന് അവർ ഓർക്കണമെന്നുമാണ് മുഖ്യമന്ത്രിയുടെ വിമർശനത്തിന് പി കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ഇടതുപക്ഷമില്ലെങ്കിൽ മുസ്ലിംകൾ രണ്ടാംകിട പൗരന്മാരാകുമെന്ന് വരെ പറഞ്ഞവരാണ് സിപിഎമ്മുകാർ. പുരോഗമന രാഷ്ട്രീയത്തിന് പകരം വർഗീയ പ്രചാരണമാണ് ഇപ്പോൾ സിപിഎം നടത്തുന്നത്. ഭരണവിരുദ്ധ വികാരം ശക്തമായി അനുഭവപ്പെട്ട ഉപതെരഞ്ഞെടുപ്പാണിത്. യുഡിഎഫിന് 100 സീറ്റ് കിട്ടിയപ്പോഴും ചേലക്കര എൽഡിഎഫിനൊപ്പമായിരുന്നു. ആ ചേലക്കരയിൽ വലിയ വോട്ട് നഷ്ടമാണ് സിപിഎമ്മിനുണ്ടായത്. ഇടതുപക്ഷത്തിന് എവിടെയും ഒന്നും നേടാനായിട്ടില്ല. മതേതര കാഴ്ചപ്പാടോടെയാണ് യുഡിഎഫ് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് ജനം അംഗീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: പാലക്കാട് തോൽവിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രാജിവക്കണമെന്ന ആവശ്യം തള്ളി ബിജെപി ദേശീയ നേതൃത്വം. ആരും രാജിവെക്കുന്നില്ലെന്നും ആരോടും പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവദേക്കർ അറിയിച്ചു. സാമൂഹ്യ മാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇപ്പോഴത്തെ പ്രശ്‌നം പരിഹരിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

എൽഡിഎഫും യുഡിഎഫും കുപ്രചരണം നടത്തുകയാണ്. കേരളത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി മികച്ച പോരാട്ടം നടത്തുകയും മഹാരാഷ്ട്രയിൽ വൻ ജനവിധി നേടുകയും ചെയ്തു. 2026ൽ പാലക്കാടും മറ്റ് നിരവധി നിയമസഭാ സീറ്റുകളും ബിജെപി നേടും. കേരള രാഷ്ട്രീയത്തിൽ മാറ്റമുണ്ടാക്കാൻ ബിജെപി ഇവിടെയുണ്ട്. ജനങ്ങൾ ബിജെപിയെ ഉറ്റുനോക്കുന്നു. മിസ്ഡ് കോളും മുഴുവൻ വിവരങ്ങളും നൽകി 15,00,000 വോട്ടർമാർ ബിജെപിയിൽ സ്വമേധയാ അംഗങ്ങളായി. ബിജെപിയുടെ അംഗത്വ യജ്ഞം ശക്തമായി തുടരും. 8800002024 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ നൽകി ആർക്കും ബിജെപിയിൽ അംഗമാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി: കൊച്ചി ക്യാൻസർ റിസർച്ച് സെന്ററിൽ ക്യാൻസർ പഠനത്തിനായി അത്യാധുനിക സൗകര്യങ്ങൾ ഒരുക്കുകയാണ് സർക്കാർ. ഇതിന്റെ ഭാഗമായി
ക്യാൻസർ മേഖലയിലെ തുടർപഠനങ്ങൾക്കായി കൊച്ചി ക്യാൻസർ റിസേർച്ച് സെന്ററും രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുമായി ധാരണാ പത്രത്തിൽ ഒപ്പുവെച്ചു. ബഹു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പുവച്ച ധാരണാപത്ര പ്രകാരം 5.5 കോടി രൂപയുടെ ഉപകരണങ്ങൾ ആർജിസിബി സിസിആർസിയ്ക്ക് കൈമാറും. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്.

ശ്വാസകോശ ക്യാൻസർ, വായിലെ ക്യാൻസർ, സ്തനാർബുദം എന്നിവയിൽ പ്രാഥമിക ശ്രദ്ധ കേന്ദ്രീകരിച്ച് ക്യാൻസർ ചികിത്സയുടെ വികസനത്തിന് ഉതകുന്ന പദ്ധതികൾ ഈ തുക വിനിയോഗിച്ച് കൊച്ചി ക്യാൻസർ സെന്ററിൽ ആവിഷ്‌കരിക്കും. ജനിതക കാരണങ്ങൾ, സൂഷ്മാണു വ്യവസ്ഥ എന്നിവ സംബന്ധിച്ചാവും ഗവേഷണങ്ങൾ. ക്യാൻസർ ചികിത്സയുടെ പുരോഗതിക്കാവശ്യമായ കണ്ടുപിടിത്തങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാണ് പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്.

ധനുഷ് വിഷയത്തിൽ നയൻതാരയെ പിന്തുണച്ചതിന്റെ കാരണം വ്യക്തമാക്കി നടി പാർവതി തിരുവോത്ത്. ഒരു നിലപാട് എടുക്കുമ്പോൾ ചുറ്റുമുള്ളവരുടെ പിന്തുണ ലഭിക്കാതെ ഇരിക്കുമ്പോഴുള്ള ബുദ്ധിമുട്ട് അറിഞ്ഞിട്ടുള്ള വ്യക്തിയാണ് താനെന്നും ലേഡി സൂപ്പർസ്റ്റാർ എന്നു പറയാവുന്ന ഒരു താരം ഇത്തരത്തിൽ തുറന്ന കത്തെഴുതുമ്പോൾ അതൊരു യഥാർഥ പ്രശ്‌നമാണെന്നു തോന്നിയെന്നും പാർവതി തിരുവോത്ത് വ്യക്തമാക്കി.

നയൻതാരയെ പിന്തുണയ്ക്കുന്ന എല്ലാവരും ഈ കത്തിൽ സത്യമുണ്ടെന്ന് വിശ്വസിക്കുന്നവരാണ്. ഒരു ഘട്ടം കഴിയുമ്പോൾ നമുക്ക് നമ്മളെ തന്നെ എല്ലാവരിലും കാണാൻ കഴിയും. അതുകൊണ്ടും കൂടിയാണിത്. ഒരു മാറ്റത്തിനായോ തന്റെ അവകാശങ്ങൾക്കായോ ആരു സംസാരിക്കുകയാണെങ്കിലും അവരെ പലരും ഒറ്റപ്പെടുത്തും. അത് ഞാൻ അനുഭവിച്ചതുകൊണ്ടുതന്നെ തനിക്കറിയാം. ആദ്യമായി സൈബർ ആക്രമണം നേരിടുന്ന ആളുകൾക്ക് അത് നന്നായി ബാധിക്കും. അതൊരു ക്രൈമാണ്. ആരും ചെയ്യാൻ പാടില്ലാത്ത ഒന്ന്. പക്ഷേ അതൊന്നും ബാധിക്കാത്ത രീതിയിലേക്ക് നയൻതാര മാറിയിട്ടുണ്ട്. അത്രയും പ്രതിസന്ധികളും നെഗറ്റിവിറ്റിയും തരണം ചെയ്തിട്ടാണ് അവർ ഈ സ്ഥാനത്ത് എത്തിയത്. സൈബർ ആക്രമണം ഒരു വഴിയിൽ നടക്കും. അതിനായി തന്നെ ഇരിക്കുന്ന ആളുകളുണ്ട്. നമ്മളെ തരംതാഴ്ത്താൻ പലരും വരും. അതവർ ചെയ്യട്ടെ. പക്ഷേ ന്യായം നീതി എന്നത് എല്ലാവർക്കും പറഞ്ഞിട്ടുള്ള കാര്യമാണ്. എനിക്ക് പറയാൻ സ്‌പെയ്‌സ് കിട്ടിയാൽ ഞാൻ പറയും എന്നു തന്നെയാണ് നയൻതാര പറയുന്നതെന്ന് പാർവ്വതി പറഞ്ഞു.

ഈ വിഷയത്തിൽ എല്ലാവർക്കും അവരെ പിന്തുണയ്ക്കാൻ സാധിക്കില്ലായിരിക്കും, ഞാൻ ആരെയും കുറ്റപ്പെടുത്തുകയല്ല. പക്ഷേ പിന്തുണ ഇല്ലായ്മ ഞാൻ അറിഞ്ഞിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഉത്തർപ്രദേശിലെ സംബലിൽ സംഘർഷത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പ്പിൽ 3 പേർ കൊല്ലപ്പെട്ടു. നൗമാൻ, ബിലാൽ, നയീം എന്നിവരാണ് കൊല്ലപ്പെട്ടത്. മരണകാരണം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. 22 പേർക്ക് പരിക്കേറ്റതായും 18 പേരെ പോലീസ് കസ്റ്റഡിയിലെടുത്തെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കോടതി ഉത്തരവിനെ തുടർന്ന് ഷാഹി ജമാ മസ്ജിദിൽ സർവേ നടത്താൻ എത്തിയ അഭിഭാഷക കമ്മീഷനും പോലീസിനും നേരെ ഒരുകൂട്ടമാളുകൾ കല്ലേറ് നടത്തിയതാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധക്കാർ ചില വാഹനങ്ങൾക്കും തീയിടുകയും ചെയ്തിട്ടുണ്ട്. തുടർന്ന് പോലീസ് ലാത്തിചാർജ് നടത്തി കണ്ണീർ വാതകം പ്രയോഗിച്ചു.

അതേസമയം, കോടതി ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉച്ചയോടെ സർവേ നടപടികൾ അഭിഭാഷക കമ്മീഷൻ പൂർത്തിയാക്കി. മുഗൾ ഭരണകാലത്ത് ക്ഷേത്രം തകർത്താണ് ഷാഹി ജമാ മസ്ജിദ് സ്ഥാപിച്ചത് എന്നവകാശപ്പെട്ട് ഒരു അഭിഭാഷകൻ നൽകിയ ഹർജിയിലാണ് സർവ്വേ നടത്തണമെന്ന് കോടതി ഉത്തരവിട്ടത്.