Latest News (Page 59)

ന്യൂഡൽഹി: അവകാശങ്ങളുടെ കാവലാളാണ് ഭരണഘടനയെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ജനങ്ങൾക്ക് രാഷ്ട്രപതി ഭരണഘടനാ ദിനാശംസകൾ നേരുകയും ചെയ്തു. ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിലെ സംയുക്ത സമ്മേളനത്തിൽ സംസാരിക്കവേയായിരുന്നു രാഷ്ട്രപതിയുടെ പരാമർശം.

രാജ്യത്തെ ഏറ്റവും പവിത്രമായ ഗ്രന്ഥമാണ് ഭരണഘടന. സാമൂഹിക രാഷട്രീയ മേഖലകളുടെ ആധാരശിലയാണ് ഭരണഘടയെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഭരണഘടനാ മൂല്യങ്ങൾ ഓരോ പൗരനും ഉയർത്തിപ്പിടിക്കണം. സമൂഹത്തിന്റെ നെടും തൂണാണ് ഭരണഘടന. രാജ്യത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കാൻ ഭരണഘടന ശിൽപ്പികൾ ദീർഘവീക്ഷണം പുലർത്തി. ഇന്ത്യ ഇന്ന് ലോക ബന്ധുവാണ്. പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ നീതിയും ഭരണഘടന ഉറപ്പ് വരുത്തുന്നുവെന്നും ദ്രൗപതി മുർമു കൂട്ടിച്ചേർത്തു.

കൊച്ചി: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത് പൊലീസാണെന്ന് തിരുവമ്പാടി ദേവസ്വം. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് തിരുവമ്പാടി ദേവസ്വം ഇക്കാര്യം അറിയിച്ചത്. പൊലീസിന്റെ ഇടപെടലും വീഴ്ചകളും എണ്ണിപ്പറഞ്ഞായിരുന്നു തിരുവമ്പാടി ദേവസ്വം സത്യവാങ്മൂലം നൽകിയത്.

പൂരം എഴുന്നള്ളിപ്പിൽ പൊലീസ് ഇടപെട്ടു. സ്വരാജ് റൗണ്ടിലെ എല്ലാ വഴികളും പൊലീസ് ബ്ലോക്ക് ചെയ്തു. പൊതുജനങ്ങൾക്ക് എഴുന്നള്ളിപ്പ് കാണാനുള്ള അവസരം നിഷേധിച്ചു. പൊലീസിന്റെ ഇടപെടൽ മൂലം മഠത്തിൽവരവ് പേരിന് വേണ്ടിമാത്രമായി ചുരുക്കി. നിഷ്‌കളങ്കരായ പൂരപ്രേമികളെ തടയുന്നതിനായി പൊലീസ് ബലപ്രയോഗം നടത്തി. പൂരം നടത്തിപ്പിൽ മതിയായ കാരണങ്ങളില്ലാതെയാണ് പൊലീസ് ഇടപെട്ടതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

പൊലീസ് ഏകപക്ഷീയമായും അപക്വമായും പെരുമാറിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പൊലീസ് ബൂട്ടിട്ട് ക്ഷേത്ര പരിസരത്ത് കയറിയെന്നും തിരുവമ്പാടി ദേവസ്വം കുറ്റപ്പെടുത്തി.

കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ നിയമപരമായ നിലപാട് മാത്രമെ സര്‍ക്കാര്‍ സ്വീകരിക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നികുതി അടയ്ക്കുന്നതിലെ സ്റ്റേ നീക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും കാലങ്ങളായി മുനമ്പത്ത് താമസിക്കുന്ന കുടുംബങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഷയം സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക വിഷയമായി പരിഗണിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാലങ്ങളായി മുനമ്പത്ത് താമസിക്കുന്ന കുടുംബങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തും. അവരെ ഒഴിപ്പിക്കുന്ന നടപടി ഉണ്ടാകില്ല. നിയമപരമായി വിഷയത്തിന്റെ മെറിറ്റില്‍ നിന്നുകൊണ്ട് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നു. നിയമപരമായ വശങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. അതിനാണ് കമ്മീഷനെ നിയമിക്കാന്‍ തീരുമാനിച്ചത്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് ലഭിക്കുമെന്നും മുഖ്യമന്ത്രി വിശദമാക്കി.

തൃശൂർ: ഉറങ്ങിക്കിടന്ന നാടോടികൾക്കിടയിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞു കയറി. തൃശൂർ നാട്ടികയിലാണ് സംഭവം. കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന തടി ലോറി തെരുവിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. 5 പേർ സംഭവസ്ഥലത്തു വെച്ചു തന്നെ മരണമടഞ്ഞു. 7 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

2 കുട്ടികൾ ഉൾപ്പടെ 5 പേരാണ് മരിച്ചത്. 50കാരനായ കാളിയപ്പൻ, 4 വയസുകാരനായ ജീവൻ, 39 കാരിയായ നാഗമ്മ,
20 വയസ്സുള്ള ബംഗാഴി എന്നിവരാണ് മരണപ്പെട്ടത്. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

നാട്ടിക ജെകെ തിയ്യേറ്ററിനടുത്ത് പുലർച്ചെ നാലുമണിയോടെയാണ് ദാരുണ സംഭവം അരങ്ങേറിയത്. കിടന്നുറങ്ങിയ സംഘത്തിൽ 10 പേർ ഉണ്ടായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ 5 പേരും മരിച്ചു. 7 പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ബാരിക്കേഡ് മറിഞ്ഞുവന്ന ലോറിയാണ് അപകടമുണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്നാണ് പ്രാഥമിക നി​ഗമനം. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ കൂട്ടിച്ചേർത്തു.

കണ്ണൂർ: വയനാട് ദുരന്തത്തിൽ
ധനസഹായം വൈകുന്നതിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ഇന്ത്യയ്ക്ക് പുറത്താണോയെന്ന് അദ്ദേഹം ചോദിച്ചു. സഹായം ഒരു പ്രത്യേക കണ്ണിൽ മാത്രം കൊടുത്താൽ പോര. ആന്ധ്രയിലും ബിഹാറിലും അസമിലും ഗുജറാത്തിലും കേന്ദ്രം സഹായം അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കൂത്തുപറമ്പ് രക്തസാക്ഷിദിന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൂരൽ മല ദുരന്തം അതിതീവ്ര ദുരന്തം ആയി പ്രഖ്യാപിക്കാൻ കേന്ദ്രം തയ്യാറായില്ല. പ്രളയത്തിലും പ്രത്യേക സഹായം കേന്ദ്രം നൽകിയില്ല. സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിൽ എത്തി വീണ്ടും സഹായം ചോദിച്ചു. ദുരന്ത നിവാരണ നിധിയിൽ നിന്നും പണം എടുക്കാമെന്നാണ് പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അത് എടുത്താൽ കേന്ദ്രം തിരികെ തരും എന്നാണ് എല്ലാവരും പറയുന്നത്. അത് ഉപയോഗിക്കണം എങ്കിൽ മാനദണ്ഡം ഉണ്ട്. അതിന് കേന്ദ്രം പണം തിരികെ തരാൻ വ്യവസ്ഥ ഇല്ല. മറ്റു സംസ്ഥാനങ്ങൾക്ക് പണം നൽകിയപ്പോൾ കേരളത്തിന് ഒന്നും തന്നില്ല. രാജ്യത്ത് എല്ലായിടത്തും ഉള്ളത് ഇന്ത്യക്കാരല്ലേ. കേരളം ഇന്ത്യക്ക് പുറത്താണോ. കേരളം യാചിക്കുകയല്ല, ചോദിക്കുന്നത് അവകാശമാണ്. പുനരധിവാസത്തിനും കേന്ദ്ര പിന്തുണ വേണം. സർക്കാർ പ്രഖ്യാപിച്ച പുനരിധിവാസ പദ്ധതി അത് പോലെ നടപ്പാക്കും. സ്ഥലം ഏറ്റെടുപ്പിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി: ശബരിമല സന്നിധാനത്ത് പുഷ്പാലങ്കാരത്തിന് ഓര്‍ക്കിഡും ഇലകളും ഉപയോഗിക്കുന്നത് ഹൈക്കോടതി വിലക്കി. പുഷ്പാലങ്കാരത്തിന് ആചാരപ്രകാരമുള്ള പൂവുകള്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും ഓരോ ദിവസവും പൂവുകള്‍ മാറ്റണമെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.

കരാറുകാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡും ശബരിമല സ്‌പെഷല്‍ കമ്മീഷണറും കോടതിയെ അറിയിച്ചു. അപ്പം, അരവണ അടക്കമുള്ള പ്രസാദവിതരണത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയെ സ്വമേധയാ കക്ഷിചേര്‍ത്തു. പഴകിയ എണ്ണ പിടിച്ചെടുത്ത, പാണ്ടിത്താവളത്തെ ഹോട്ടലിന് 5000 രൂപയും കാലാവധി കഴിഞ്ഞ ഗരംമസാല സൂക്ഷിച്ച ഹോട്ടലിന് 10,000 രൂപയും പിഴയിട്ടതായി അധികൃതര്‍ കോടതിയെ അറിയിച്ചു.

അനധികൃത ലബോറട്ടറികളുടെ മൊബൈല്‍ യൂണിറ്റുകള്‍ നിലക്കലില്‍ പ്രവര്‍ത്തിക്കുന്ന സംഭവത്തില്‍ ഇടപെട്ട കോടതി നിലക്കല്‍ എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റും പൊലീസും ദേവസ്വം വിജിലന്‍സും ഇക്കാര്യത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് നിര്‍ദേശം നല്‍കി. പമ്പ ഹില്‍ടോപ്പില്‍ പത്തിലധികം കെഎസ്ആര്‍ടിസി ബസുകള്‍ ഒരേസമയം പാര്‍ക്ക് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ജില്ല പൊലീസ് മേധാവിയോട് കോടതി നിര്‍ദേശിച്ചു. 24 മണിക്കൂറിലധികം പാര്‍ക്കിങ്ങില്‍ തുടരാന്‍ കാറുകളടക്കം വാഹനങ്ങളെ അനുവദിക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: സിപിഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് ഡി സി ബുക്‌സ് പബ്ലിക്കേഷൻസ് വിഭാഗം മേധാവി എ വി ശ്രീകുമാറിനെ സസ്‌പെന്റ് ചെയ്തു. ആത്മകഥാ വിവാദത്തിൽ ജയരാജന്റെ പരാതിയിൽ പ്രസാധക സ്ഥാപനത്തിന്റെ ഉടമ രവി ഡിസിയിൽ നിന്ന് പൊലീസ് മൊഴിയെടുത്തതിന് പിന്നാലെയാണ് നടപടി. ഇ പി ജയരാജന്റെ ആത്മകഥയുടെ ചുമതല ഉണ്ടായിരുന്ന വ്യക്തിക്കെതിരെയാണ് ഡി സി ബുക്‌സ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ഇപി ജയരാജന്റെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തിൽ രവി ഡി സിയുടെ മൊഴി പുറത്തുവന്നതിന് പിന്നാലെ ഇത് തള്ളി ഡി സി ബുക്സ് രംഗത്ത് വന്നിരുന്നു. നടപടിക്രമങ്ങൾ പാലിച്ച് മാത്രമേ തങ്ങൾ പുസ്തകം പ്രസിദ്ധീകരിക്കാറുള്ളൂവെന്നും അന്വേഷണം നടക്കുന്ന ഘട്ടത്തിൽ അഭിപ്രായ പ്രകടനം അനുചിതമെന്നും ഡിസി ബുക്‌സ് അറിയിച്ചിരുന്നു.

തിരുവനന്തപുരം: റോഡ് മുറിച്ചു കടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി മോട്ടോർ വാഹന വകുപ്പ്. റോഡ് മുറിച്ചു കടക്കുമ്പോൾ സീബ്ര ക്രോസിങ്ങുകൾ തിരഞ്ഞെടുക്കണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

രാത്രി കാലങ്ങളിൽ റോഡ് മുറിച്ചു കടക്കുമ്പോൾ ഡ്രൈവർമാരുടെ കാഴ്ചയിൽ പെടുന്ന രീതിയിൽ തെളിച്ചമുള്ളതോ തിളങ്ങുന്നതോ ആയ വസ്ത്രങ്ങൾ ധരിക്കാൻ ശ്രമിക്കുക. റോഡിനു ഇരു പുറവും നോക്കി വാഹനങ്ങളില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രം റോഡ് മുറിച്ചു കടക്കുക.

റോഡ് മുറിച്ചു കചക്കുമ്പോൾ ശ്രദ്ധ വേണം. മൊബൈൽ ഫോൺ ഉപയോഗിച്ചോ ഹെഡ് ഫോൺ ഉപയോഗിച്ച് കൊണ്ടോ റോഡ് മുറിച്ചു കടക്കാതെ ഇരിക്കുക. ട്രാഫിക് സിഗ്‌നലുകളും കാൽനടയാത്രക്കാർക്കായി സ്ഥാപിച്ച ബോർഡുകളും എല്ലായ്പോഴും ശ്രദ്ധിക്കുക.

നടക്കുമ്പോൾ റോഡിന്റെ വശത്തു കൂടിയോ അനുവദിക്കപ്പെട്ട സ്ഥലത്തു കൂടിയോ മാത്രം നടക്കുക. കഴിയുമെങ്കിൽ റോഡിൽ വരുന്ന ഡ്രൈവർമാരുമായി നോട്ടം കൊണ്ടോ ആംഗ്യത്തിലൂടെയോ ആശയ വിനിമയം നടത്തി അവർ നിങ്ങളെ കണ്ടു എന്നുറപ്പിക്കുക. വളവുകളിൽ റോഡ് മുറിച്ചു കടക്കുമ്പോൾ വാഹനങ്ങൾ വരുന്നില്ല എന്നുറപ്പു വരുത്തുക.

തിരുവനന്തപുരം: രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള സേവനങ്ങൾ വിപുലീകരിച്ച് റീജിയണൽ കാൻസർ സെന്റർ. സൗജന്യമായി ഭക്ഷണവും മരുന്നുകളും ലഭ്യമാക്കുന്ന സൗജന്യ ഡ്രഗ് ബാങ്ക്, ഫുഡ് ബാങ്ക് എന്നിവ പ്രവർത്തനം തുടങ്ങി. ആർസിസിയിൽ ചികിത്സ തേടുന്ന നിർധനരായ രോഗികൾക്ക് സൗജന്യമായി മരുന്നുകൾ നൽകുന്ന സൗജന്യ ഡ്രഗ് ബാങ്കിന്റെ വിപുലീകരിച്ച കൗണ്ടർ രോഗികൾക്കും കൂട്ടിരുപ്പുകാർക്കുമുള്ള വിശ്രമ സങ്കേതവും അനുബന്ധസേവനങ്ങളും ലഭ്യമാക്കുന്ന പേഷ്യന്റ് വെൽഫയർ ആൻഡ് സർവീസ് ബ്ലോക്കിലാണ് പ്രവർത്തിക്കുന്നത്. കീമോതെറാപ്പി മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ, ഡിസ്പോസിബിൾസ്, സപ്പോർട്ടീവ് മരുന്നുകൾ എന്നിവ ഈ ഡ്രഗ് ബാങ്കിലൂടെ സൗജന്യമായി വിതരണം ചെയ്യും.

ആശുപത്രിയിൽ ചികിത്സ തേടുന്ന നിർധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യമായി ഭക്ഷണം നൽകുന്നതിന് സൗജന്യ ഫുഡ് ബാങ്കും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയിൽ അഡ്മിറ്റാകുന്ന എഫ് വിഭാഗത്തിലുള്ളവർക്ക് (ബിപിൽ കാർഡ് അംഗങ്ങൾ) നിലവിൽ ഭക്ഷണം സൗജന്യമാണ്. ഇതിന് പുറമേയാണ് ഒപിയിൽ എത്തുന്നവർക്കു കൂടി പ്രയോജനപ്പെടുത്താനാകും വിധം സൗജന്യ ഫുഡ് ബാങ്ക് പദ്ധതി ആരംഭിച്ചത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഈ സേവനം പ്രയോജനപ്പെടുത്താം. ആർസിസിയിലെത്തുന്നവർക്ക് ഭക്ഷണം നൽകാനാഗ്രഹിക്കുന്നവർക്ക് ഇതിനുള്ള പണം സംഭാവനയായി നൽകാവുന്നതാണ്. ഇതിനു പുറമേ നിർധനരായ രോഗികൾക്ക് സൗജന്യനിരക്കിൽ പരിശോധനകൾ നടത്തുന്നതിനും ചികിത്സ തേടുന്നതിനുമുള്ള പദ്ധതിയും പരിഗണനയിലാണ്. സംഭാവനകൾ ആർസിസിയിൽ നേരിട്ടോ ഓൺലൈനായോ അല്ലെങ്കിൽ ഡയറക്ടർ, ആർ.സി.സി തിരുവനന്തപുരം എന്ന പേരിൽ ചെക്ക്/ഡിഡി ആയോ നൽകാം. അക്കൗണ്ട് വിവരങ്ങൾ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മെഡിക്കൽ കോളേജ് ബ്രാഞ്ച്, പി.ബി നം. 2417, മെഡിക്കൽ കോളേജ് ക്യാമ്പസ്, തിരുവനന്തപുരം – 695011, അക്കൗണ്ട് നമ്പർ: 57036241251, എംഐസിആർ കോഡ്: 695009015, ഐഎഫ്എസ്സി കോഡ്: SBIN0070029.

തിരുവനന്തപുരം: വയനാട് ദുരന്തത്തിനുള്ള കേന്ദ്ര സർക്കാർ പാക്കേജ് സമയബന്ധിതമായി അംഗീകരിച്ച് നടപ്പിലാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസിനെ പാർലമെന്റിൽ നടന്ന ചർച്ചയിൽ അറിയിച്ചു.

കേന്ദ്രസർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം കഴിഞ്ഞ ഓഗസ്റ്റ് 8, 9, 10, തീയതികളിൽ വയനാട് സന്ദർശിക്കുകയും, കേരള ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തിയതിനുശേഷം റിപ്പോർട്ട് ആഭ്യന്തരമന്ത്രി, ധനകാര്യമന്ത്രി, കൃഷിമന്ത്രി എന്നിവരുടെ സബ് കമ്മിറ്റിക്ക് സമർപ്പിച്ചിട്ടുണ്ടെന്നും നിർമല സീതരാമൻ അറിയിച്ചു.

അതോടൊപ്പം കേരള സർക്കാരിന്റെയും വിശദമായ റിപ്പോർട്ടുകൾ കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ പരിശോധിച്ച് വയനാടിന് നൽകേണ്ട പ്രത്യേക കേന്ദ്ര സഹായം ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമല സീതാരാമൻ തോമസിനെ അറിയിച്ചു. മാത്രമല്ല കേരളത്തിന് കൂടുതൽ കടമെടുക്കുന്നതിനുള്ള അനുവാദം, ദേശീയപാതയുടെ ഭൂമി ഏറ്റെടുക്കേണ്ടതിന് നൽകേണ്ട കേന്ദ്ര സഹായം, വിഴിഞ്ഞം പ്രോജക്ടിന് നൽകേണ്ട കേന്ദ്ര സഹായം എന്നിവയെല്ലാം എത്രയും വേഗം ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകി.

പലവട്ടം മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ എന്നിവർ കേന്ദ്രമന്ത്രി നിർമലാ സീതാരാമനുമായി നടത്തിയിട്ടുള്ള ചർച്ചകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഗവൺമെന്റ് ഈ തീരുമാനം എടുത്തിട്ടുള്ളത്.