Latest News (Page 58)

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും സർക്കാരിന്റെ ഒളിച്ചുകളി തുടരുന്നു. കേസിൽ തുടരന്വേഷണത്തിൽ ഇതുവരെ തീരുമാനമെടുത്തില്ല. സജി ചെറിയാൻ അപ്പീലും നൽകിയില്ല. കോടതിയലക്ഷ്യനടപടി തുടങ്ങുമെന്ന് കേസിലെ പരാതിക്കാരൻ അഡ്വക്കേറ്റ് ബൈജു നോയൽ മാദ്ധ്യമങ്ങളെ അറിയിച്ചു.

സജി ചെറിയാനെ വെള്ളപൂശിയുള്ള പൊലീസ് അന്വേഷണ റിപ്പോർട്ട് തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്ന് പറഞ്ഞ് ഒരാഴ്ചയായിട്ടും സർക്കാരിന് അനക്കമില്ല.

കോടതി ഉത്തരവ് പൊലീസ് ആസ്ഥാനത്തെത്തിയിട്ടും പുതിയ അന്വേഷണ സംഘത്തിൽ തീരുമാനമായില്ല.

നടൻ നാഗചൈതന്യയെ പരിഹസിച്ച് മുൻഭാര്യയും നടിയുമായ സാമന്ത. സാമന്തയുടെ പുതിയ ത്രില്ലർ സീരിസായ സിറ്റാഡൽ; ഹണി ബണ്ണിയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് നാഗചൈതന്യയെ പരിഹസിക്കുന്ന പരാമർശം താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ആമസോൺ പ്രൈം വീഡിയോയിലെ ചാറ്റ് ഷോയിൽ സഹതാരമായ വരുൺധവാനുമായി സംസാരിക്കുന്നതിനിടെയാണ് സമാന്ത മുൻ ഭർത്താവിനെ പരിഹസിച്ചത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.

തികച്ചും ഉപയോഗശൂന്യമായ ഒരു കാര്യത്തിനായി നിങ്ങൾ ചെലവഴിച്ച ഏറ്റവും പരിഹാസ്യമായ തുക ഏതാണ്? എന്നായിരുന്നു വരുൺ ധവാന്റെ ചോദ്യം. തന്റെ എക്‌സിന് നൽകിയ വിലയേറിയ സമ്മാനങ്ങൾ എന്നായിരുന്നു ഇതിന് സാമന്ത നൽകിയ മറുപടി. എന്താണ്? എത്രയായിരുന്നു എന്ന ചോദ്യത്തിന് കുറച്ചധികം എന്നും താരം പറഞ്ഞു.

ഡിസംബറിൽ നാഗചൈതന്യയുടെ വിവാഹം നടി ശോഭിത ധൂലിപാലയുമായി നടക്കാനിരിക്കെയാണ് സാമന്തയുടെ പരാമർശം ചർച്ചയാകുന്നത്. 2017 ലാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരായത്. നാലു വർഷത്തെ ദാമ്പത്യത്തിന് ശേഷം 2021 ൽ ഇരുവരും വേർപിരിയുകയായിരുന്നു.

തിരുവനന്തപുരം: ശബരിമല പതിനെട്ടാം പടിയിൽ നിന്നുകൊണ്ട് ഫോട്ടോഷൂട് നടത്തിയ പോലീസുകാർക്കെതിരെ നടപടി. എസ്‍എപി ക്യാമ്പസിലെ 23 പോലീസുകാര്‍ക്ക് കണ്ണൂര്‍ കെഎപി -4 ക്യാമ്പിൽ നല്ല നടപ്പ് പരിശീലനത്തിന് നിര്‍ദേശം നൽകി എഡിജിപി എസ്‍ ശ്രീജിത്ത്.

പതിനെട്ടാം പടിയിൽ പുറം തിരിഞ്ഞിരുന്ന് പോലീസുകാര്‍ ഫോട്ടോ എടുത്തത് വിവാദമായിരുന്നു. ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. തുടര്‍ന്നാണ് പോലീസ് നടപടി. നടപടിയെ തുടര്‍ന്ന് 23 പോലീസുകാരും ശബരിമലയിൽ നിന്ന് പരിശീലനത്തിനായി മടങ്ങി. തീവ്ര പരിശീലനം നൽകണമെന്നാണ് എഡിജിപിയുടെ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നാളെ റിപ്പോര്‍ട്ട് നൽകും.

അലഹബാദ്: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണത്തിൽ വ്യക്തത തേടി കോടതി. അലഹബാദ് ഹൈക്കോടതിയാണ് കേസിൽ വ്യക്തതത തേടിയത്. രാഹുൽ ഗാന്ധിക്ക് ഇന്ത്യൻ പൗരത്വത്തിനൊപ്പം ബ്രിട്ടീഷ് പൗരത്വവുമുണ്ടെന്ന ഹർജിയിൽ ആഭ്യന്തര മന്ത്രാലയത്തോട് അലഹബാദ് ഹൈക്കോടതി വിവരങ്ങൾ തേടി.

3 ആഴ്ചക്കുള്ളിൽ വിവരങ്ങൾ നൽകണമെന്നാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. പൗരത്വം നിയമപരമാണോയെന്ന് പരിശോധിക്കുന്നുവെന്ന് കേന്ദ്രം മറുപടി നൽകിയിട്ടുണ്ട്. വിശദമായ മറുപടി 3 ആഴ്ചക്കുള്ളിൽ നൽകാമെന്നും കേന്ദ്രം വ്യക്തമാക്കി.

തിരുവനന്തപുരം: ഇരുപത്തൊമ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷനും ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ഫിലിം മാർക്കറ്റിന്റെ (കെഎഫ്എം -2) രണ്ടാംപതിപ്പ് ഡിസംബർ 11, 12, 13 തീയതികളിലായി തിരുവനന്തപുരത്ത് നടക്കും. കെഎഫ്എം 2 -ൽ ബി 2 ബി മീറ്റിങ്ങുകളും ലോകസിനിമയിലെ പ്രതിഭകൾ നയിക്കുന്ന ശില്പശാലകളും മാസ്റ്റർ ക്ലാസ്സുകളും ഉണ്ടായിരിക്കുമെന്നു സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ കരുൺ എറണാകുളം ഗസ്റ്റ് ഹൗസിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.

സിനിമ-ഏവിജിസി-എക്സ്ആർ മേഖലകളിലെ നൂതന അറിവുകൾ ലഭ്യമാക്കുക, മലയാള സിനിമയുടെ ആഗോള വാണിജ്യസാധ്യത വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടത്തുന്ന കെഎഫ്എം 2 വേദികൾ തിരുവനന്തപുരം ടാഗോർ തീയേറ്ററും തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയും ആയിരിക്കും. ലോകസിനിമ സഞ്ചരിക്കുന്ന വഴികൾ തിരിച്ചറിയാനുള്ള അവസരമാണ് കെഎഫ്എമ്മിലൂടെ ലഭിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ലോകസിനിമയിലെ പ്രതിഭകളുമായി സംവദിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനും അവസരമുണ്ടാകും.

പാരീസ് ആസ്ഥാനമായുള്ള ഫിലിം സെയിൽസ് ഏജൻസിയായ ആൽഫ വയലറ്റിന്റെ സ്ഥാപക കെയ്കോ ഫുനാറ്റോ, ബാരേന്റ്‌സ് ഫിലിംസ് എഎസിന്റെ മാനേജിങ് ഡയറക്ടറും പ്രശസ്ത നിർമാതാവുമായ ഇൻഗ്രിഡ് ലിൽ ഹോഗ്ടൻ എന്നിവരുമായി ബി 2 ബി മീറ്റിംഗിന് അവസരം ഉണ്ടായിരിക്കും. കൂടാതെ പ്രശസ്ത ഛായാഗ്രാഹകൻ ആഗ്നസ് ഗോദാർദ് നേതൃത്വം നൽകുന്ന സിനിമറ്റൊഗ്രഫി ശില്പശാല, പ്രശസ്ത ഫ്രഞ്ച് സംഗീതജ്ഞ ബിയാട്രിസ് തിരെ നേതൃത്വം നൽകുന്ന പശ്ചാത്തല സംഗീത ശില്പശാല എന്നിവയും മുഖ്യ ആകർഷണങ്ങളാകും.

ആഗ്നസ് ഗോദാർദ് (സിനിമറ്റൊഗ്രഫി), ബിയാട്രിസ് തിരെ (പശ്ചാത്തല സംഗീതം), ഇൻഗ്രിഡ് ലിൽ ഹോഗ്ടൻ (കോ-പ്രൊഡക്ഷനും ധനസമാഹരണവും), പ്രശസ്ത തിരക്കഥാകൃത്ത് ജൂലിയറ്റ് സെലസ് (തിരക്കഥാരചന), യൂനുസ് ബുഖാരി (വിർച്വൽ പ്രൊഡക്ഷൻ), ശ്രീകർ പ്രസാദ് (എഡിറ്റിംഗ്), അജിത് പത്മനാഭൻ (ഇമഴ്സീവ് ടെക്നോളജി ഫോർ ഹെറിറ്റേജ്), ലോയിക് ടാൻഗ(ഒരു ആശയത്തിന്റെ പ്രിന്റ് മുതൽ എക്സ്റ്റന്റഡ് റിയാലിറ്റി വരെ) എന്നിവർ മാസ്റ്റർ ക്ളാസുകൾ നയിക്കും.

അനവധി പ്രതിഭകൾ വ്യത്യസ്ത വിഷയങ്ങളിൽ ഡെലിഗേറ്റുകളുമായി സംവദിക്കും. കെഎഫ്എം 2 നടക്കുന്ന മൂന്നുദിവസങ്ങളിലും വിജയിച്ച മലയാള സിനിമകളുടെ നിർമാതാക്കളുമായുള്ള ആശയവിനിമയ സെഷനും ഉണ്ടാകും.

ഡിസംബർ 13 മുതൽ 20 വരെ തലസ്ഥാനത്ത് നടക്കുന്ന ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായുള്ള പ്രധാന പരിപാടിയാണു കേരള ഫിലിം മാർക്കറ്റ്. ചലച്ചിത്ര നിർമാതാക്കൾ, ക്രീയേറ്റീവ് പ്രൊഫഷണലുകൾ എന്നിവരുടെ സജീവ പങ്കാളിത്തം പ്രതീഷിക്കപ്പെടുന്ന കേരള ഫിലിം മാർക്കറ്റ് വരുംപതിപ്പുകളിൽ ഗോവ ഫിലിം ഫെസ്റ്റിവലിലെ ഫിലിം ബസാറിന് തുല്യമായ സംവിധാനമായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു രൂപപ്പെടുത്തിയിരിക്കുന്നതെന്നു ചെയർമാൻ പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, കോർപറേഷൻ മാനേജിങ് ഡയറക്ടർ പി എസ് പ്രിയദർശനൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലെ തീവ്ര ന്യുനമർദ്ദം അതിതീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. നാളെയോടെ ചുഴലിക്കാറ്റായി മാറി ശ്രീലങ്ക തീരം വഴി തമിഴ് നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 26, 27 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

  • ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
  • ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
  • അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
  • ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
  • മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
  • കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
  • ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
  • ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.
  • പട്ടം പറത്തുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
  • വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിയ്ക്കാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
  • അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല, കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
  • ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.
  • മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.

തിരുവനന്തപുരം: നാട്ടികയിൽ ലോറി പാഞ്ഞുകയറി അഞ്ചുപേർ കൊല്ലപ്പെട്ട സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ് കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ. ബി ഗണേഷ് കുമാർ. സെക്രട്ടറിയേറ്റിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുയായിരുന്നു മന്ത്രി.

ഉറങ്ങിക്കിടന്നവരുടെ മേൽ അമിത വേഗതയിലെത്തിയ ലോറി പാഞ്ഞു കേറിയുണ്ടായ അപകടം നിർഭാഗ്യകരമാണ്. നിയമലംഘനം നടത്തിയതിന് രണ്ടുപേർക്കുമെതിരെ കേസെടുക്കും. നിലവിൽ വണ്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കി. ഡ്രൈവറും ക്ലീനറും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. വാഹനങ്ങൾക്ക് പ്രവേശനമില്ലാതിരുന്ന ഭാഗത്ത് ബാരിക്കേഡുകൾ തകർത്താണ് അമിത വേഗത്തിലെത്തിയ ലോറി അപകടമുണ്ടാക്കിയതെന്നാണ് കമ്മീഷണറുടെ പ്രാഥമിക റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്.

ഇനിമുതൽ രാത്രികാല പരിശോധന കർശനമായിരിക്കും. അപകടശേഷം ലോറിയുമായി കടക്കാൻ ശ്രമിച്ചുവെന്നും നാട്ടുകാർ തടഞ്ഞതിനാൽ അവർക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു. അപകടത്തിൽ അഞ്ച് പേരാണ് മരിച്ചത്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. അപകടത്തിൽപ്പെട്ടവർക്കുള്ള ധനസഹായമടക്കമുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

രാത്രികാലങ്ങളിൽ വണ്ടികൾ അമിതവേഗതയിലാണ് ഓടിക്കുന്നതെന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള വണ്ടികൾ അമിതവേഗതയിൽ തെറ്റായ ദിശയിലേക്ക് കയറിവരുന്നത് പതിവാക്കിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. റോഡ് സൈഡിൽ ഉറങ്ങുന്നവരെ മാറ്റുന്നതിനുള്ള നടപടികൾ പോലീസുമായി സഹകരിച്ച് സ്വീകരിക്കും. ഇവിടെ കിടന്നുറങ്ങരുതെന്ന് മുന്നറിയിപ്പ് അപകടത്തിൽപെട്ടവർക്കും പോലീസ് നൽകിയിരുന്നു. റോഡ് സേഫ്റ്റി അതോറിറ്റിയുമായി സഹകരിച്ച് കൂടുതൽ ജാഗ്രത പാലിക്കും. ട്രാഫിക്കുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എൻ.ജി.ഒകളുമായി സഹകരിച്ചുകൊണ്ട് റോഡ് അപകടങ്ങൾ നിയന്ത്രിക്കാനുള്ള പദ്ധതികൾ ആലോചിക്കുന്നുണ്ട്. ട്രാഫിക് ലൈൻ തെറ്റിച്ചാൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് കുടുംബം. നിലവിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം വ്യക്തമാക്കി. സിപിഎം നേതാവ് പ്രതിയായ കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷ ഇല്ലെന്നും തങ്ങൾക്ക് നീതി ലഭ്യമാക്കാൻ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടാണ് കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.

എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കപ്പെടാതെയാണ് ക്യാമറാമാനേയും കൂട്ടി ജില്ലാ പഞ്ചായത്ത് പ്രസിഡൻറായിരുന്ന പിപി ദിവ്യ എത്തിയത്. പ്രസംഗത്തിൽ നവീൻ ബാബുവിനെ മോശക്കാരനാക്കി ചിത്രീകരിച്ച് പുറംലോകത്ത് പ്രചരിപ്പിച്ചത് മനപൂർവമാണ്. മരണത്തിനുശേഷവും പ്രതിയായ ദിവ്യയും മറ്റും നവീൻ ബാബുവിനെ വേട്ടയാടുന്നത് തുടരുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു.

കൈക്കൂലിയുടെ പേരിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ പരാതി പോലും വ്യാജമാണ്. എഡിഎമ്മിന്റെ മരണത്തിന് ശേഷമാണ് തങ്ങളുടെ സംശയങ്ങൾ വർധിച്ചത്. യാത്രയയപ്പ് ചടങ്ങിന് ശേഷം നവീൻ ബാബുവിനെ കണ്ടവർ ആരൊക്കെയെന്ന് വിശദമായ അന്വേഷണം വേണം. കലക്ട്രേറ്റിലേയും റെയിൽവേ സ്റ്റേഷനിലേയും ക്യാർട്ടേഴ്‌സിലേയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വ്യക്തത വരുത്തണം. ആത്മഹത്യയെന്ന പൊലീസ് നിഗമനം തങ്ങൾ വിശ്വസിക്കുന്നില്ല. കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് സംശയിക്കുന്നു. എഡിഎമ്മിന്റെ മരണത്തിന് ശേഷം രൂപീകരിച്ച പ്രത്യേക പൊലീസ് സംഘത്തിന് നാളിതുവരെ അന്വേഷണത്തിൽ കാര്യമായ യാതൊരു പുരോഗതിയും ഉണ്ടാക്കാനായില്ലെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥികൾക്ക് ഒരു ദിവസം ഭക്ഷണമുൾപ്പെടെ വ്യവസായ സ്ഥാപനങ്ങൾ സന്ദർശിക്കുന്ന ഇൻഡസ്ട്രിയൽ വിസിറ്റ് പ്രോഗ്രാമിന് കെ എസ് ആർ ടി സി തുടക്കം കുറിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ഉച്ച ഭക്ഷണം ഉൾപ്പെടുന്ന ടൂറിന് 500 രൂപയിൽ താഴെയായിരിക്കും ചാർജ്. രാവിലെ പുറപ്പെട്ട് വൈകിട്ട് തിരികെ എത്തുന്ന രീതിയിലാണ് ക്രമീകരണം. വ്യവസായ സ്ഥാപനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിന് പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം ഉപയോഗിക്കും. അടുത്തഘട്ടത്തിൽ കോളേജ് വിദ്യാർഥികൾക്കുൾപ്പെടെ ഈ സേവനം ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

112 കേന്ദ്രങ്ങളിൽ നിന്നും ശബരിമല ബജറ്റ് ടൂറിസം പദ്ധതിക്കും കെഎസ്ആർടിസിയിൽ തുടക്കമായി. ശബരിമല ദർശനം കഴിഞ്ഞ് തിരികെ എത്തിക്കുന്ന രീതിയിൽ സർവീസ്’ ക്ഷേത്രങ്ങൾ ക്രേന്ദ്രീകരിച്ചാണ് സർവീസുകൾ ആരംഭിക്കുക. ബുക്കിംഗിനനുസരിച്ച് കൂടുതൽ ബസുകൾ ക്രമീകരിക്കാനും കഴിയും. നിലവിൽ പമ്പയിൽ നന്നായി കെ എസ് ആർടി സി സർവീസുകൾ ക്രമീകരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഡ്രൈംവിഗിന്റെ ശാസ്ത്രീയ രീതികളും മോക്ക് ടെസ്റ്റുകളും ഉൾപ്പെടുന്ന ഗതാഗത വകുപ്പിന്റെ പുതിയ മൊബൈൽആപ്പ് ഉടൻ നിലവിൽ വരുമെന്ന് മന്ത്രി അറിയിച്ചു. ഇതിൽ ഡ്രൈംവിംഗുമായി ബന്ധപ്പെട്ട എല്ലാ നിയമവശങ്ങളും പഠിപ്പിക്കുന്ന വീഡിയോകൾ ഉൾപ്പെടും. മലയാളം കൂടാതെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളിലുള്ളതിനാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നടക്കം ലോകത്തിന്റെ എതു കോണിലുള്ളവർക്കും പ്രയോജനപ്പെടുത്താം. വിവിധ ലെവലുകൾ കഴിഞ്ഞ് പരീക്ഷ പാസാകുന്നവർക്ക് ട്രാൻസ്പോർട്ട് കമ്മീഷണർ നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കും. ഗതാഗത വകുപ്പിന്റെ എല്ലാ സേവനങ്ങളും ഉൾപ്പെടുന്ന മറ്റൊരു മൊബൈൽ ആപ്പിക്കേഷനും ഉടൻ നിലവിൽ വരുമെന്നും മന്ത്രി പറഞ്ഞു. റോഡ് സേഫ്റ്റിയും കെ എസ് ആർ ടി സി റിസർവേഷനുമടക്കമുള്ള മുഴുവൻ സേവനങ്ങളും ഈ ആപ്പിൽ ലഭിക്കും. ട്രാഫിക് സിഗ്നൽ ലൈറ്റുകളുടെ സമയക്രമത്തിലെ അപാകത പരിഹരിച്ചു കൊണ്ട് പലയിടങ്ങളിലും പരിപാലനച്ചുമതല ഗതാഗത വകുപ്പ് ഏറ്റെടുത്തിരിക്കുകയാണ്. അങ്കമാലി, പന്തളം, കാലടി ഉൾപ്പെടെ പല പ്രദേശങ്ങളിലും നിലവിലുണ്ടായിരുന്ന ഗതാഗത കുരുക്ക് പരമാവധി ഒഴിവാക്കാൻ ഇതിലൂടെ കഴിഞ്ഞതായും മന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

കൊച്ചി: ശബരിമലയിലെ പതിനെട്ടാം പടിയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവത്തിൽ രൂക്ഷവിമർശനം ഉന്നയിച്ച് ഹൈക്കോടതി. ഇത്തരം സംഭവങ്ങൾ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശബരിമല തിരുമുറ്റത്തും സോപാനത്തിലുമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള വീഡിയോ ചിത്രീകരണം സംബന്ധിച്ച് എക്‌സിക്യുട്ടീവ് ഓഫീസർ റിപ്പോർട്ട് നൽകണമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ദേവസ്വം ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.

സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം പ്രശംസനീയമാണ്. എന്നാൽ, ഇത്തരം നടപടികൾ അനുവദനീയമല്ല. തീർഥാടകരിൽ നിന്ന് ഭക്ഷണത്തിന് കൂടുതൽ തുക ഈടാക്കുന്ന കടകൾക്കെതിരെ നടപടിവേണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം, ശബരിമലയിൽ ഭക്തരുടെ തിരക്ക് നിയന്ത്രണ വിധേയമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു.

ശബരിമല പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദമായതോടെ എഡിജിപിയും റിപ്പോർട്ട് തേടിയിരുന്നു. ഡ്യൂട്ടിയ്ക്ക് ശേഷം ആദ്യ ബാച്ചിലെ പൊലീസുകാരാണ് പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോ എടുത്തത്. ഫോട്ടോ സമൂഹമാധ്യമങ്ങളിൽ അടക്കം പ്രചരിച്ചതോടെയാണ് വിവാദമായത്.