Latest News (Page 57)

തിരുവനന്തപുരം: പൊതു ശുചിമുറികളുടെ ശുചിത്വ, സേവന ഗുണനിലവാരം മെച്ചപ്പെടുത്തി പൊതുജന സൗഹൃദമാക്കുന്നതിനുള്ള നടപടികൾ സർക്കാരിന്റെ മുൻഗണനാ വിഷയമാണെന്ന് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. അന്താരാഷ്ട്ര ശുചിമുറി ദിനാചരണത്തിന്റെ ഭാഗമായി കേരളത്തിൽ ശുചിത്വ മിഷൻ സംഘടിപ്പിക്കുന്ന ടോയിലറ്റ് ക്യാമ്പയിന്റെ ഉദ്ഘാടനം കാമ്പയിൻ പോസ്റ്റർ പുറത്തിറക്കി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വീടുകൾ, പൊതുസ്ഥാപനങ്ങൾ, പൊതുവിടങ്ങൾ എന്നിവിടങ്ങളിൽ വൃത്തിയുളളതും ശാസ്ത്രീയമായ വിസർജ്യ സംസ്‌കരണ സംവിധാനത്തോട് കൂടിയതുമായ ശുചിമുറി എല്ലാ വിഭാഗം ജനങ്ങൾക്കും ഉറപ്പാക്കുവാൻ ലക്ഷ്യമിട്ടുള്ളതാണ് കാമ്പയിൻ. ഗാർഹിക ശുചിമുറികൾ ഇല്ലാത്തവരായി ആരും അവശേഷിക്കുന്നില്ല എന്നുറപ്പാക്കുന്നതോടൊപ്പം സാനിറ്റേഷൻ മേഖലയിലെ രണ്ടാം തലമുറ വിഷയങ്ങളായ കക്കൂസ് മാലിന്യ സംസ്‌കരണ പദ്ധതികൾ എല്ലാ ജില്ലകളിലും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പബ്ലിക്ക് ടോയിലറ്റുകളുടെ ശുചിത്വ – സേവന നിലവാരം മെച്ചപ്പെടുത്തി പൊതുജന സൗഹൃദമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പൊതുശുചിമുറി ഗുണനിലവാര വിലയിരുത്തൽ സർവ്വേ നടപടികൾക്കും തുടക്കമായി. ഇതിനായി ശുചിത്വ മിഷന് വേണ്ടി WASH ഇൻസ്റ്റിറ്റ്യൂട്ട് തയാറാക്കിയ കൈപുസ്തകത്തിന്റെ പ്രകാശനം മന്ത്രി നിർവ്വഹിച്ചു.

സംസ്ഥാനത്തെ മുഴുവൻ ആളുകൾക്കും ഗാർഹിക ശുചിമുറി ലഭ്യത ഉറപ്പാക്കുവാൻ ശുചിത്വ മിഷൻ ലക്ഷ്യമിടുന്നു. ഇതിനായി അർഹതപ്പെട്ടവർക്ക് 15400/-രൂപ ശുചിമുറി നിർമ്മാണത്തിനുളള പ്രോൽസാഹനമായി നൽകും. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുളള നടപടികൾ ടോയിലറ്റ് കാമ്പയിന്റെ ഭാഗമായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ സംഘടിപ്പിക്കും. ഡിസംബർ 25 വരെയാണ് കാമ്പയിൻ.

നിലവിലുളള ശുചിമുറികളുടെ നിലവാരം വർദ്ധിപ്പിക്കുന്നതിനും ശുചിത്വം ഉറപ്പാക്കുന്നതിനും അവ ഓൺലൈൻ സംവിധാനത്തിലൂടെ ജനങ്ങൾക്ക് ട്രാക്ക് ചെയ്യുന്നതിനുമുളള സംവിധാനങ്ങൾ ഉടൻ നിലവിൽ വരും. ഏറ്റവും അടുത്തുളളതും വൃത്തിയുളളതുമായ ശുചിമുറി എവിടെയാണുളളതെന്ന് മനസ്സിലാക്കി അവ ഉപയോഗപ്പെടുത്തുന്നതിനും ശുചിമുറി ഗുണനിലവാരത്തെപ്പറ്റി പ്രതികരണം അറിയിക്കുന്നതിനും ഇതിലൂടെ സാധിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ പ്രായം ഉയർത്തില്ല. നാലാം ഭരണപരിഷ്‌ക്കാര കമ്മീഷന്റെ ശുപാർശകൾ പരിശോധിക്കാൻ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ ശുപാർശകൾ ഭേദഗതികളോടെ മന്ത്രിസഭായോഗം അംഗീകരിച്ചു. പെൻഷൻ പ്രായം 60 ആയി ഉയർത്തണമെന്ന ശുപാർശ അംഗീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. KSR, KS&SSRs, Conduct rules എന്നിവ സംയോജിപ്പിച്ച് കേരള സിവിൽ സർവ്വീസ് കോഡ് രൂപീകരിക്കും. ഇതിനായി ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പിനെ ചുമതലപ്പെടുത്തി. സബോഡിനേറ്റ് സർവ്വീസിലും സ്റ്റേറ്റ് സർവ്വീസിലും പ്രൊബേഷൻ ഒരു തവണ മാത്രമാകും.

എല്ലാ വകുപ്പുകളും രണ്ട് വർഷത്തിനകം വിശേഷാൽ ചട്ടങ്ങൾ രൂപീകരിക്കുന്നതിന് നിർദ്ദേശം നൽകും. പ്രത്യേക ലക്ഷ്യത്തോടുകൂടി സൃഷ്ടിക്കപ്പെടുന്ന തസ്തികകൾ ലക്ഷ്യം പൂർത്തിയായാൽ അവസാനിപ്പിക്കും. പ്രസ്തുത വകുപ്പിലെ ജീവനക്കാരെ ആവശ്യമായ മറ്റ് വകുപ്പുകളിലേക്ക് പുനർവിന്യസിക്കും. സ്ഥലം മാറ്റം സംബന്ധിച്ച തർക്കം പരിഹരിക്കുന്നതിനായി സർവ്വീസ് സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി സംയുക്ത സമിതി രൂപീകരിക്കും.

ഏതെങ്കിലും തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ പ്രത്യേകമായ പരിജ്ഞാനം (Skill) ആവശ്യമാണെങ്കിൽ അത് ആർജിക്കാൻ അർഹതാപരീക്ഷ നടത്തുന്നതിനുള്ള ശുപാർശ തത്വത്തിൽ അംഗീകരിച്ചു. നിയമനാധികാരികൾ എല്ലാ വർഷവും ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്. റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ റദ്ദു ചെയ്യാൻ പാടില്ല. തസ്തികകൾ ഒഴിവു വരുന്ന ദിവസം പ്രധാനമായി പരിഗണിക്കണം. റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളിൽ എംപ്ലോയ്‌മെൻറ് നിയമനം പാടില്ല. ഓരോ തസ്തികകളിലെയും ഒഴിവുകൾ സ്പാർക്ക് മുഖേന ലഭ്യമാക്കേണ്ടതാണ്. പെൻഷൻ പറ്റുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങൾ സംബന്ധിച്ച കാര്യങ്ങൾ ലഘൂകരിക്കും.

സെക്രട്ടറിയേറ്റിലെ ലിങ്ക് ഓഫീസ് സംവിധാനം എല്ലാ ഓഫീസിലും ഏർപ്പെടുത്തും. ബൈ ട്രാൻസ്ഫർ മുഖേനയുള്ള എല്ലാ നിയമനങ്ങളും പി എസ് സി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കണം. പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ കാലാവധി, തസ്തികയിലേക്കുള്ള മുഖ്യ ലിസ്റ്റിന്റെ കാലാവധി കഴിയുമ്പോൾ അവസാനിക്കണം. ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികകളിൽ നിയമനം വേഗത്തിലാക്കാൻ അംഗപരിമിതർക്കനുസൃതമായി അനുയോജ്യമായ തസ്തികകളെയും യോഗ്യതകളെയും സംബന്ധിച്ച് വ്യക്തത വരുത്തണം.

എല്ലാ ജീവനക്കാർക്കും വാർഷിക ആരോഗ്യ പരിശോധന ഏർപ്പെടുത്തും. വിരമിക്കുന്നതിന് ഒരു മാസം മുമ്പ് ജീവനക്കാരൻറെ പേരിലുള്ള അച്ചടക്ക നടപടികൾ പൂർത്തീകരിക്കണം.

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിലെ മുഴുവൻ വിദ്യാർഥികളെയും കായിക സംസ്‌കാരത്തിൻറെ ഭാഗമാക്കാൻ ലക്ഷ്യമിട്ടാണ് കേരള കോളേജ് സ്പോർട്സ് ലീഗ് രൂപീകരിക്കുന്നതെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരള കോളേജ് സ്പോർട്സ് ലീഗിന്റെ ഭാഗമായി കോളേജുകളിൽ സ്പോർട്സ് ക്ലബ്ബുകൾ ആരംഭിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

രാജ്യത്താദ്യമായിട്ടാണ് കേരളത്തിൽ കോളേജ് വിദ്യാർഥികൾക്കായി പ്രത്യേക സ്‌പോർട്സ് ലീഗ് ആരംഭിക്കുന്നത്. ലീഗിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കോളേജുകളിലും സ്‌പോർട്‌സ് ക്ലബ് തുടങ്ങും. വിദ്യാഭ്യാസ കായിക മേഖലകളിൽ മുന്നിട്ടു നിൽക്കുന്ന യൂണിവേഴ്സിറ്റി കോളേജിൽ ഇതിന് തുടക്കമിടുകയാണ്. കായിക മേഖലയിലെ പ്രവർത്തനങ്ങൾ കായിക പ്രതിഭകളായിട്ടുള്ള കുട്ടികളെ കേന്ദ്രീകരിച്ചാണ് നടക്കുന്നതെങ്കിൽ കോളേജ് സ്പോർട്സ് ലീഗ് തൽപരരായ എല്ലാ വിദ്യാർഥികളെയും അതിന്റെ ഭാഗമാക്കും. മികച്ച കായിക സംസ്‌കാരം വാർത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് സ്‌പോർട്സ് ലീഗ് പദ്ധതി നടപ്പിലാക്കുന്നത്. കായിക ഉച്ചകോടിയുടെ ഭാഗമായി ഉയർന്നു വന്ന ആശയത്തെ വിദ്യാർഥി സമൂഹവും കോളേജുകളും സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.

ഫുട്‌ബോൾ, ക്രിക്കറ്റ്, വോളിബോൾ, കബഡി ഇനങ്ങളിലാണ് കോളേജ് സ്പോർട്സ് ലീഗ് ആരംഭിക്കുകയെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു. കോളേജ് സ്പോർട്സ് ലീഗിന്റെ ഔദ്യോഗിക പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഭാവിയിൽ കൂടുതൽ ഇനങ്ങൾ ഉൾപ്പെടുത്തും. സംസ്ഥാനത്തെ കോളേജുകളെ നാല് സോണുകളായി തിരിച്ച് മൂന്നു മുതൽ ആറുമാസം വരെ നീളുന്ന സ്പോർട്സ് ലീഗാണ് സംഘടിപ്പിക്കുക. സ്‌പോർട്‌സ് ക്ലബുകളെ ഏകോപിപ്പിക്കാൻ ജില്ലാതല കമ്മിറ്റികൾ ഉണ്ടാകും. കമ്മിറ്റിയിൽ ഉന്നതവിദ്യാഭ്യാസ, കായിക, വകുപ്പുകളുടെ ഉദ്യോഗസ്ഥരും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഭാരവാഹികളും കായിക സംഘടനാ പ്രതിനിധികളും മുൻതാരങ്ങളുമുണ്ടാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയും കായിക മന്ത്രിയും വൈസ് ചാൻസലർമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംസ്ഥാനതല സമിതിയാകും ഭരണനിർവഹണം നടത്തുകയെന്ന് മന്ത്രി പറഞ്ഞു.

കായികരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാൻ കോളേജുകളെ സഹയിക്കുന്നതിന്റെ ഭാഗമായി സ്വന്തമായി വരുമാനമുണ്ടാക്കാൻ സാധിക്കുന്ന രീതിയിലാണ് കോളേജ് സ്‌പോർട്‌സ് ക്ലബുകളുടെ പ്രവർത്തനം വിഭാവനം ചെയ്തിരിക്കുന്നത്. കോളേജ് ലീഗിൽ മികച്ച പ്രകടനം നടത്തുന്നവർക്ക് പൊഫഷണൽ ലീഗിലേക്കും വഴിയൊരുങ്ങും. പുതിയ കായിക താരങ്ങളെ വളർത്തിയെടുക്കുന്നതോടൊപ്പം അവരെ ലോക നിലവാരത്തിലേക്ക് ഉയർത്താൻ ലീഗിലൂടെ കഴിയും. സ്വദേശത്തും വിദേശത്തുമുള്ള മികച്ച പരിശീലകരുടെ സേവനവും വിദ്യാർഥികൾക്ക് നൽകാനാകുമെന്ന് മന്ത്രി പറഞ്ഞു.

സ്പോർട്സ് യുവജനകാര്യ ഡയറക്ടർ പി. വിഷ്ണുരാജ്, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പൽ ഡോ. സന്തോഷ് കുമാർ, ഉന്നത വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി എസ് ജോയ് തുടങ്ങിയവർ സംസാരിച്ചു.

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർ ക്ഷേമ പെൻഷൻ വാങ്ങുന്നത് തെറ്റായ കാര്യമാണെന്ന് വ്യക്തമാക്കി ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായി നടപടി ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ക്ഷേമ പെൻഷനുകൾ അർഹതപ്പെട്ടവർക്കുള്ളതാണ്. ഇതുവരെ അനധികൃതമായി വാങ്ങിയ പണം തിരികെ പിടിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പൂർണ്ണമായും പട്ടിക പുറത്ത് വിട്ടാൽ ഞെട്ടും. ക്ഷേമ പെൻഷന് അവകാശമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടാകും. സംസ്ഥാനത്തെ 1458 സർക്കാർ ജീവനക്കാരും സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നതായാണ് കണ്ടെത്തൽ. ധന വകുപ്പ് നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഗസറ്റഡ് ഉദ്യോഗസ്ഥർ അടക്കമാണ് പെൻഷൻ കൈപ്പറ്റുന്നത്. കോളേജ് അസിസ്റ്റന്റ് പ്രൊഫസർമാർ, ഹയർ സെക്കണ്ടറിയിലെ അധ്യാപകരുമുൾപ്പെടെ ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം തിരിച്ചു പിടിക്കാനാണ് ധനവകുപ്പിന്റെ നിർദേശം. കുറ്റക്കാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കാൻ ധനമന്ത്രി കെഎൻ ബാലഗോപാൽ നിർദേശിച്ചു.

എറണാകുളം: ഉത്സവങ്ങൾക്കടക്കം ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയും ആനകളുടെ പരിപാലനവും കൂടി പരിഗണിച്ചാണ് കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതെന്നും ഇക്കാര്യത്തിൽ ദേവസ്വങ്ങൾ പിടിവാശി ഉപേക്ഷിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

ഉത്സവങ്ങളിൽ ആനകളെ എഴുന്നളളിക്കുന്നത് ഒഴിവാക്കാനാകാത്ത മതാചാരമാണെന്ന് പറയാനാകില്ല. അകലപരിധി കുറയ്ക്കാൻ മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ അറിയിക്കാം. അഭിപ്രായ പ്രകടനങ്ങൾ പരിഗണിച്ച് മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താൻ കഴിയില്ലെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.

ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പൂരാഘോഷം ചുരുക്കേണ്ടിവരുമെന്ന് തിരുവമ്പാടി ദേവസ്വം പ്രതികരിച്ചു. ഒരാനപ്പുറത്ത് ശീവേലി പോലെ നടത്തേണ്ടി വരും. പുതിയ നിയന്ത്രണങ്ങൾ തടസ്സങ്ങൾ സൃഷ്ടിക്കുമെന്നും ദേവസ്വം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കേരളത്തിൽ സ്ഥലമേറ്റെടുപ്പ് സുഗമമായി നടക്കാത്തതിനാൽ റെയിൽവേ വികസന പദ്ധതികൾക്ക് തടസം നേരിടുന്നുവെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷണവ്. സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് റയിൽവേമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. 470 ഹെക്ടർ സ്ഥലം ഏറ്റെടുക്കാനായി 2100 കോടി രൂപ കേരളത്തിന് നൽകിയിട്ടും 64 ഹെക്ടർ മാത്രമാണ് ഏറ്റെടുക്കാനായത്.

നിലവിൽ 12350 കോടി രൂപയുടെ പദ്ധതികളാണ് കേരളത്തിനായി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം കന്യാകുമാരി, എറണാകുളം- കുമ്പളം, കുമ്പളം തുറവൂർ തുടങ്ങിയ പാതകളുടെ ഇരട്ടിപ്പിക്കൽ, അങ്കമാലി ശബരിമല പുതിയ പാത എന്നീ പദ്ധതികളിൽ സ്ഥലമേറ്റെടുപ്പ് പ്രതിസന്ധിയിലായിരിക്കുകയാണെന്നും റയിൽവേ മന്ത്രി കത്തിൽ വിശദീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം: ശബരിമലയിൽ എത്തുന്ന തീർത്ഥാടകർ യാത്രമധ്യേ വന്യമൃഗങ്ങൾക്ക് ഭക്ഷണസാധനങ്ങൾ യാതൊരു കാരണവശാലും നൽകാൻ പാടില്ലെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. വഴിയിലുടനീളം ഇത് സംബന്ധിച്ച അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചിലർ ഇത് ലംഘിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്.

വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകുമ്പോൾ ചില മൃഗങ്ങൾ ആക്രമണകാരികളാകാൻ സാധ്യതയുണ്ട്. അതുപോലെ ഭക്ഷണ അവശിഷ്ടങ്ങളും പൊതികളും അലക്ഷ്യമായിവലിച്ചെറിയാൻ പാടില്ല. പ്ലാസിറ്റിക് കവറുകൾ മൃഗങ്ങൾ ഭക്ഷിക്കാൻ ഇടയായാൽ അവ മരണപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ഭക്ഷണാവശിഷ്ടങ്ങൾ വേസ്റ്റ് ബിന്നുകളിൽതന്നെ നിക്ഷേപിക്കണമെന്നും വനംവകുപ്പ് അധികൃതർ അഭ്യർത്ഥിച്ചു.

ന്യൂഡൽഹി: നിയുക്ത വയനാട് എംപി പ്രിയങ്ക ഗാന്ധി നവംബർ 30 ന് കേരളത്തിലെത്തും. രണ്ട് ദിവസത്തേക്കാണ് പ്രിയങ്ക ഗാന്ധിയുടെ കേരള സന്ദർശനം. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ വയനാടിന് വേണ്ടി പോരാട്ടം തുടരുമെന്ന് ടി സിദ്ധിഖ് എംഎൽഎ അറിയിച്ചു.

രാഹുൽ ഗാന്ധി തുടങ്ങിവെച്ച ശ്രമങ്ങൾ പ്രിയങ്ക ഗാന്ധിയും തുടരും. പാർലമെന്റ് അകത്തും പുറത്തും വയനാടിനായി പോരാട്ടം തുടരുമെന്നും ടി സിദ്ധിഖ് എംഎൽഎ കൂട്ടിച്ചേർത്തു. അതേസമയം, കേന്ദ്ര – സംസ്ഥാന സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് വയനാട്ടിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ചൂരൽമല മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ഇരകൾക്കായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒന്നും ചെയ്യുന്നില്ലെന്നാണ് വിമർശനം.

ചെന്നൈ: ഫെങ്കൽ ചുഴലിക്കാറ്റ് ഭീതിയിൽ തമിഴ്‌നാട്. ചെന്നൈ തീരത്ത് നിന്ന് ഏകദേശം 670 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ആഴത്തിലുള്ള ന്യൂനമർദം തമിഴ്‌നാട്ടിലേക്ക് നീങ്ങി ഫെങ്കൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ നിർദേശം.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ശക്തമായതോ അതിശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതേതുടർന്ന് നാഗപട്ടണം, മയിലാടുതുറൈ, തിരുവാരൂർ എന്നിവിടങ്ങളിലെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കൊച്ചി: ഹേമ കമ്മറ്റി റിപ്പോർട്ടിൽ നോഡൽ ഓഫീസറെ നിയമിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം. പരാതിക്കാർ നേരിടുന്ന ആക്ഷേപങ്ങളും അധിക്ഷേപങ്ങളും നോഡൽ ഓഫീസറെ അറിയിക്കാമെന്നും ഹൈക്കോടതി. ഹേമ കമ്മറ്റിക്ക് മുൻപിൽ പരാതി നൽകിയവർക്ക് നേരെ ഭീഷണിയെന്നും ഒട്ടേറെ ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നതായും ഡബ്ല്യുസിസി കോടതിയെ അറിയിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഹർജികൾ പരിഗണിക്കുന്ന ബഞ്ചിന് മുന്നിലാണ് ഡബ്ല്യുസിസി നിർണായകമായ വിവരങ്ങൾ അറിയിച്ചത്. ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകിയവർക്ക് ഭീഷണികൾ ലഭിക്കുന്നുവെന്നും അവരെ അധിക്ഷേപിക്കുന്നതും പൊതുമധ്യത്തിൽ അപമാനിക്കുന്നതുമായ പ്രസ്താവനകളും പലരും നടത്തുന്നതായും ഡബ്ല്യുസിസി കോടതിയെ അറിയിച്ചു. ഈയൊരു സാഹചര്യത്തിൽ പ്രത്യേക നോഡൽ ഓഫീസറെ നിയമിക്കണമെന്നാണ് ഡിവിഷൻ ബഞ്ച് നിർദേശിച്ചിട്ടുള്ളത്. പ്രത്യേക അന്വേഷണസംഘത്തിനാണ് ഹൈക്കോടതി നിർദേശം നൽകിയത്.

ആർക്കെങ്കിലും ഇത്തരത്തിൽ അധിക്ഷേപങ്ങളോ, ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ അത് നോഡൽ ഓഫീസറെ അറിയിക്കണം. നോഡൽ ഓഫീസറെ നിയമിച്ച കാര്യങ്ങൾ പരസ്യമാക്കണമെന്നും ഹൈക്കോടതി എസ്ഐടിക്ക് നിർദേശം നൽകിയിട്ടുണ്ട്.