Latest News (Page 56)

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാരിന് 2034 മുതൽ വരുമാന വിഹിതം ലഭിക്കുമെന്ന് മന്ത്രി വി എൻ വാസവൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാണിജ്യ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള സപ്ലിമെന്ററി കൺസഷൻ കരാർ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ സംസ്ഥാന സർക്കാരും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും ഒപ്പുവച്ചു. 2045ൽ പൂർത്തിയാക്കേണ്ടിയിരുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ മുഴുവൻ ഘട്ടങ്ങളും കരാർ പ്രകാരം 2028 നുളളിൽ പൂർത്തീകരിക്കും. ഇതിലൂടെ ആദ്യ കരാർ അനുസരിച്ച് ലഭിക്കുന്നതിനെക്കാൾ കൂടുതൽ വരുമാനം സർക്കാരിന് ലാഭവിഹിതമായി ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. മുൻ കരാർ പ്രകാരം തുറമുഖം പ്രവർത്തനം ആരംഭിച്ചതിനുശേഷം 15-ാം വർഷം മുതലാണ് സംസ്ഥാന സർക്കാരിന് തുറമുഖ വരുമാനത്തിന്റെ വിഹിതം ലഭിച്ചു തുടങ്ങുക. വിവിധ കാരണങ്ങളാൽ പദ്ധതി പൂർത്തീകരണം വൈകിയ സാഹചര്യത്തിൽ വരുമാന വിഹിതം 2039 മുതൽ മാത്രം അദാനി ഗ്രൂപ്പ് നൽകിയാൽ മതിയായിരുന്നു. എന്നാൽ, ഇപ്പോൾ എത്തിച്ചേർന്ന ധാരണ പ്രകാരം 2034 മുതൽ തന്നെ തുറമുഖത്തിൽ നിന്നും വരുമാനത്തിന്റെ വിഹിതം സർക്കാരിന് ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

നിർമ്മാണം പൂർത്തീകരിക്കുന്നതനുസരിച്ച് തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവർഷം 30 ലക്ഷം കണ്ടെയ്‌നറാണ്. ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഉപയോഗിക്കുന്നത് വഴി തുറമുഖത്തിന്റെ ശേഷി പ്രതിവർഷം 45 ലക്ഷം വരെ ഉയരും. 2028-ൽ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ സ്ഥാപിത ശേഷിയുള്ള കണ്ടെയ്‌നർ ടെർമിനൽ ആയി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വികസിക്കും.

പഴയ കരാർ പ്രകാരം 408.90 കോടി രൂപയായിരുന്നു സംസ്ഥാന സർക്കാരിന്റെ വി.ജി.എഫ് വിഹിതമായി അദാനി കമ്പനിക്ക് നിർമ്മാണ വേളയിൽ നൽകേണ്ടിയിരുന്നത്. പുതിയ ധാരണയുടെ അടിസ്ഥാനത്തിൽ ഈ തുക 365.10 കോടി രൂപയായി കുറച്ചു. 43.80 കോടി രൂപ സംസ്ഥാന സർക്കാരിന് ഇതിലൂടെ കുറവ് ലഭിച്ചു. കമ്പനിക്ക് നൽകേണ്ട 365.10 കോടി രൂപയിൽ, 189.90 കോടി രൂപ മാത്രം ഇപ്പോൾ നൽകിയാൽ മതി. ബാക്കിയുള്ള 175.20 കോടി രൂപ, തുറമുഖത്തിന്റെ എല്ലാഘട്ടങ്ങളുടെയും നിർമ്മാണം പൂർത്തീകരിക്കുന്ന മുറയ്ക്ക് സർക്കാർ നൽകിയാൽ മതിയെന്നും തീരുമാനമായി.

തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിനായി പ്രതീക്ഷിക്കുന്ന 10000 കോടി രൂപയുടെ ചിലവ് പൂർണ്ണമായും അദാനി വഹിക്കും. 10000 കോടി രൂപയുടെ നിക്ഷേപം നടത്തുമ്പോൾ നിർമ്മാണ സാമഗ്രികൾക്കുമേൽ ലഭിക്കുന്ന നികുതി വരുമാനം സർക്കാരിന് ലഭിക്കും. ഇതിൽ നിന്നും അദാനി കമ്പനിക്കു 2028-ൽ തിരികെ നൽകേണ്ട 175.20 കോടി രൂപ കണ്ടെത്താൻ സർക്കാരിന് സാധിക്കും.

ഭൂമി സമയബന്ധിതമായി ഏറ്റെടുത്തു കൊടുക്കാൻ കഴിയാത്തത് മൂലം 30 കോടി രൂപയോളം നഷ്ടപരിഹാരമായി സംസ്ഥാന സർക്കാർ അദാനി കമ്പനിക്ക് നൽകണമെന്നതും പുതിയ കരാറിൽ ഒഴിവാക്കി. ആർബിട്രേഷൻ നടപടികൾ പിൻവലിച്ചതിനെത്തുടർന്ന് സർക്കാർ ചിലവഴിക്കേണ്ടി വരുമായിരുന്ന തുകയും ലാഭിക്കാനാകും.

വിഴിഞ്ഞം പദ്ധതിയുടെ സാധ്യതാ പഠന റിപ്പോർട്ട് അനുസരിച്ച് 40 വർഷ കരാർ കാലയളവിൽ ഏകദേശം 54750 കോടി രൂപ മൊത്ത വരുമാനമുണ്ടാക്കും. അതിൽ ഏകദേശം 6300 കോടി രൂപ സംസ്ഥാന സർക്കാരിന് ലഭിക്കും. എന്നാൽ 2028 ഡിസംബറോടെ ശേഷി വർധിപ്പിക്കൽ പൂർത്തിയാകുന്നതോടെ മൊത്തവരുമാനം 54750 കോടി രൂപയിൽ നിന്നും 215000 കോടി രൂപയാകും. വരുമാന വിഹിതം 6300 കോടി രൂപയിൽ നിന്ന് 35000 കോടി രൂപയായി വർദ്ധിക്കും. ശേഷി വർദ്ധന മൂലം വരുമാന വിഹിത ഇനത്തിലും ജിഎസ്ടി ഇനത്തിലും ഏകദേശം 48000 കോടി രൂപ സർക്കാരിന് അധികമായി ലഭിക്കും.

വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്കാവശ്യമായ 8867 കോടി രൂപയിൽ 5595 കോടി രൂപ സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വിജിഎഫ് വിഹിതം, സംസ്ഥാനം പണം ചെലവഴിക്കുന്ന പുലിമുട്ട് നിർമ്മാണം, ഭൂമി ഏറ്റെടുക്കൽ, റെയിൽ കണക്ടിവിറ്റി, ജീവനോപാധി നഷ്ടപരിഹാരം തുടങ്ങിയ ഘടകങ്ങൾക്കായാണ് 5,595 കോടി രൂപ വകയിരുത്തിയിട്ടുള്ളത്. സംസ്ഥാന സർക്കാർ വഹിക്കേണ്ട 5,595 കോടി രൂപയിൽ ഇതുവരെ 2,159.39 കോടി രൂപ ചെലവഴിച്ചു. അദാനിയുടെ വിഹിതം 2454 കോടിയും കേന്ദ്രസർക്കാരിന്റേത് 817.80 കോടിയുമാണ്. കേന്ദ്ര വിഹിതം ഇതുവരെ ലഭ്യമായിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.

കൊച്ചി: ശബരിമല പതിനെട്ടാം പടിയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവത്തിൽ നിലപാട് വ്യക്തമാക്കി ഹൈക്കോടതി. ഇത് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മനഃപൂർവ്വമായിരിക്കില്ലെങ്കിലും അംഗീകരിക്കാനാകില്ലെന്നാണ് കോടതി അറിയിച്ചത്.

ശബരിമലയിൽ അഭിനന്ദനാർഹമായ കാര്യങ്ങൾ പൊലീസ് ചെയ്യുന്നുണ്ട്. ഭക്തരുടെ സുരക്ഷിത തീർത്ഥാടനത്തിനാണ് പ്രാധാന്യം നൽകുന്നത്. സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം പ്രശംസനീയമാണ്. എന്നാൽ ഇത്തരം നടപടികൾ അനുവദനീയമല്ലെന്നാണ് നിലപാടാണ് ഹൈക്കോടതി മുന്നോട്ടുവെയ്ക്കുന്നത്.

അതേസമയം, മാളികപ്പുറത്തെ തേങ്ങ ഉരുട്ടൽ ആചാരമല്ലെന്നും അവസാനിപ്പിക്കേണ്ടതുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.

ചെന്നൈ: നടൻ ധനുഷും ഐശ്വര്യ രജനികാന്തും വിവാഹബന്ധം വേർപെടുത്തി. നവംബർ 21ന് നടന്ന ഹിയറിംഗിൽ ചെന്നൈ കോടതിയാണ് വിവാഹമോചനം അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെയുള്ള മൂന്ന് തവണത്തെ ഹിയറിംഗിന് ഹാജരാകാത്തതിനാൽ ഇവർ ഒരുമിയ്ക്കുമെന്ന് അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. എന്നാൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് അവസാന ഹീയറിംഗ് ദിനത്തിൽ ഇവർ കോടതിയിൽ ഹാജരായി വിവാഹ മോചനം നേടി.

ധനുഷും ഐശ്വര്യയും വേർപിരിയുന്നുവെന്ന് സോഷ്യൽ മീഡിയയിലൂടെ 2022ൽ ഇരുവരും അറിയിച്ചിരുന്നു. പിന്നീട് ഇവർ വിവാഹമോചനത്തിന് അപേക്ഷ നൽകുകയും ചെയ്തു. ഒന്നിച്ച് ജീവിക്കാൻ തങ്ങൾക്ക് താൽപര്യം ഇല്ലെന്ന് ഇരുവരും കോടതിയെ അറിയിച്ചു.

2004ൽ ആയിരുന്നു ധനുഷും ഐശ്വര്യയും വിവാഹിതരായത്. സുഹൃത്തുക്കളും പങ്കാളികളുമായി 18 വർഷത്തെ ഒരുമിച്ചുനിൽക്കൽ, മാതാപിതാക്കളായും പരസ്പരം അഭ്യൂദയകാംക്ഷികളായും. വളർച്ചയുടെയും മനസിലാക്കലിൻറെയും ക്രമപ്പെടുത്തലിൻറെയും ഒത്തുപോവലിൻറെയുമൊക്കെ യാത്രയായിരുന്നു അത്.. ഇന്ന ഞങ്ങളുടെ വഴികൾ പിരിയുന്നിടത്താണ് തങ്ങൾ നിൽക്കുന്നത്. പങ്കാളികൾ എന്ന നിലയിൽ വേർപിരിയുന്നതിനും വ്യക്തികൾ എന്ന നിലയിൽ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാൻ അവശ്യം വേണ്ട സ്വകാര്യത നൽകണമെന്നായിരുന്നു 2022ൽ ധനുഷും ഐശ്വര്യയും ചേർന്ന് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്.

ന്യൂഡൽഹി: ഡൽഹി പ്രശാന്ത് വിഹാറിൽ സ്‌ഫോടനം. പിവിആർ സിനിമ തീയറ്ററിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. ആളപായമുണ്ടായിട്ടില്ലെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

രാവിലെ 11.48 ഓടെയാണ് സ്‌ഫോടനം നടന്നത്. പൊലീസും ഫോറൻസിക് സംഘവും സംഭവ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ടസംഭവത്തിൽ വിശദമായ അന്വേഷണം നടക്കുമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്‌കൂളിന് സമീപം സ്‌ഫോടനം നടന്നിരുന്നു.

കൊച്ചി : സംസ്ഥാന വഖഫ് ബോർഡിന്റെ കാലാവധി താത്ക്കാലികമായി നീട്ടി ഹൈക്കോടതി. ഡിസംബർ 14ന് ആണ് 12 അംഗ ബോർഡിന്റെ സമയപരിധി അവസാനിക്കുന്നത്. പരമാവധി നാലുമാസമോ അല്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ അംഗങ്ങൾ ചുമതലയേൽക്കുന്നത് വരെയോ ആണ് കാലാവധി ദീർഘിപ്പിച്ച് നൽകിയത്.

ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സാധാരണ നിലയിൽ വഖഫ് ബോർഡിന്റെ കാലാവധി അഞ്ച് വർഷമാണ്. നിലവിലെ ഭരണസമിതി പരിഗണിച്ച കേസുകളിൽ ചിലത് ഇതേവരെ തീരുമാനമായില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.

ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നവജാത ശിശുവിന്റെ വൈകല്യം നേരത്തെ കണ്ടെത്തിയില്ലെന്ന ആരോപണത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തും. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും അന്വേഷണം നടത്തുക. മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.

സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ അന്വേഷണം നടത്താൻ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ജില്ലാതലത്തിലുള്ള അന്വേഷണം ഇന്നലെ ആരംഭിച്ചു. സ്‌കാനിങ് സെന്ററിനെപ്പറ്റിയും അന്വേഷണം നടത്തുന്നതാണ്. അന്വേഷണങ്ങളിൽ വീഴ്ച കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തിരുന്നു. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കും എതിരെയാണ് കേസെടുത്തിരുന്നത്. ആലപ്പുഴ സൗത്ത് പൊലീസാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.

ന്യൂഡൽഹി: വയനാട് എംപിയായി പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്ത് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. കേരളീയ വേഷത്തിലാണ് പ്രിയങ്ക ഗാന്ധി പാർലമെന്റിലെത്തിയത്. കേരളാ സാരി ധരിച്ച് ഭരണഘടന ഉയർത്തിപ്പിടിച്ച് വയനാട് എംപിയായി പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തു. കേരളത്തിൽ നിന്നുളള ഏക വനിതാ അംഗമാണ് പ്രിയങ്കാ ഗാന്ധി. വലിയ കയ്യടിയോടെയാണ് പ്രിയങ്കയെ കോൺഗ്രസ് എംപിമാർ വരവേറ്റത്.

അമ്മ സോണിയ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക പാർലമെന്റിലേക്ക് എത്തിയത്. ജീവിതപങ്കാളി റോബർട്ട് വാദ്രയും മക്കളും പ്രിയങ്കയുടെ സത്യപ്രതിജ്ഞ കാണാൻ എത്തിയിരുന്നു. നാല് ലക്ഷത്തിലേറെ വോട്ടുകൾക്കാണ് വയനാട്ടിൽ പ്രിയങ്ക വിജയിച്ചത്.

പ്രിയങ്ക എംപിയാകുന്നതിൽ അഭിമാനമുണ്ടെന്ന് സോണിയ ഗാന്ധി പ്രതികരിച്ചു. പ്രിയങ്കയുടെ സത്യപ്രതിജ്ഞക്ക് സാക്ഷിയാകാൻ ലോക്‌സഭാ സന്ദർശക ഗ്യാലറിയിൽ സോണിയ ഗാന്ധിയുമെത്തിയിരുന്നു. പാർലമെന്റിൽ പ്രിയങ്കാ ഗാന്ധി എത്തുന്നതോടെ ഇന്ത്യ മുന്നണിയ്ക്ക് കരുത്ത് വർധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ന്യൂഡൽഹി: കേരളത്തിന് വിവിധ പദ്ധതികൾക്കായി 1,059 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ ഉൾപ്പെടെയുള്ളവയ്ക്കയാണ് തുക അനുവദിച്ചത്. 50 വർഷത്തേക്കുള്ള പലിശരഹിത വായ്പയാണ് അനുവദിച്ചത്.

കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായിട്ടാണ് തുക അനുവദിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. നേരത്തെ കേരളം ആവശ്യപ്പെട്ട പ്രകാരമുള്ള തുകയാണ് അനുവദിച്ചതെന്ന് കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് അറിയിച്ചു.

ആലപ്പുഴ: നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തിൽ ഡോക്ടർമാർക്കെതിരെ നടപടി. സംഭവവുമായി ബന്ധപ്പെട്ട് നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തു. ആലപ്പുഴയിലാണ് സംഭവം. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ആലപ്പുഴ സൗത്ത് പൊലീസാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. നവജാത ശിശുവിന് ഉള്ളത് ഗുരുതര വൈകല്യങ്ങളാണ്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുമുണ്ട്. ഗർഭകാലത്ത് പലതവണ നടത്തിയെങ്കിൽ സ്‌കാനിംഗിൽ ഡോക്ടർമാർ വൈകല്യം തിരിച്ചറിഞ്ഞില്ലെന്ന് കുട്ടിയുടെ അമ്മ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിയ്ക്ക് പരാതി നൽകുകയും ചെയ്തു.

വിഷയത്തിൽ ആരോഗ്യ വിഭാഗം ഡയറക്ടർ ഡിഎംഒയോട് റിപ്പോർട്ട് തേടി. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ സൂപ്രണ്ടിനോട് അടിയന്തരമായി റിപ്പോർട്ട് നൽകാനാണ് ഡിഎംഒ ആവശ്യപ്പെട്ടത്.

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നവരെ പിടികൂടി ശിക്ഷിക്കുന്നതോടെ അവസാനിക്കുന്നതല്ല അഴിമതിക്കെതിരെയുള്ള പോരാട്ടമെന്നും അഴിമതി നടത്താനുള്ള മനോഭാവം ഇല്ലാതാക്കുക എന്നതും പ്രധാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനതപുരത്തെ വിജിലൻസ് ആസ്ഥാനത്ത് നടന്ന വിവിധ വകുപ്പുകളിലെ ചീഫ് വിജിലൻസ് ഓഫീസർമാരുടെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അന്വേഷണമികവ് തെളിയിച്ച വിജിലൻസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി ചടങ്ങിൽ ബാഡ്ജ് ഓഫ് ഓണർ വിതരണം ചെയ്തു.

അഴിമതി എന്ന സാമൂഹ്യവിപത്തിനെ ഇല്ലാതാക്കാനുള്ള നിരന്തരമായ ബോധവത്ക്കരണം സർക്കാർ സർവീസിലേക്ക് പ്രവേശിക്കുന്ന ഘട്ടം മുതൽ സർവ്വീസിന്റെ അവസാന ഘട്ടം വരെ ജീവനക്കാർക്ക് ലഭിക്കണം. അങ്ങനെ ജീവനക്കാരുടെ മനോഭാവത്തിൽ തന്നെ അഴിമതിവിരുദ്ധമായ ഒരു കാഴ്ചപ്പാട് വളർത്തിയെടുക്കേണ്ടതുണ്ട്. ആ നിലയ്ക്കുള്ള സാമൂഹിക പ്രതിബദ്ധത രൂപപ്പെടുത്തുന്നതിന് ഉതകുന്ന നിർദ്ദേശങ്ങൾ വിജിലൻസിന്റെ ഭാഗത്തുനിന്നും ഉണ്ടാകമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അഴിമതിരഹിതവും കാര്യക്ഷമവുമായ ഭരണസംവിധാനം എന്ന ആശയം മുന്നോട്ടുവെച്ചാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ 2016 ൽ അധികാരത്തിൽ വന്നത്. ആ കാഴ്ചപ്പാട് വലിയൊരളവോളം പ്രാവർത്തികമാക്കാൻ കഴിഞ്ഞുവെന്നത് അഭിമാനകരമായ വസ്തുതയാണ്. ഇത് പെട്ടെന്നു സംഭവിച്ചതല്ല. വളരെ ചിട്ടയോടെയുള്ള ക്രിയാത്മകമായ ഇടപെടലുകൾ അതിനു പിന്നിലുണ്ട്. ‘സീറോ ടോളറൻസ് ടു കറപ്ഷൻ’ എന്ന നയം നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികൾ വലിയ തോതിൽ ഫലപ്രാപ്തിയിലെത്തി എന്നതിനു തെളിവാണ് അഴിമതിരഹിത സുസ്ഥിര വികസനം നടപ്പിലാക്കിയ രാജ്യത്തെ ഏക സംസ്ഥാനമായി കേരളം മാറിത്തീർന്നു എന്ന വസ്തുത.

പൊതുജനങ്ങൾക്ക് അർഹമായതും അവകാശപ്പെട്ടതുമായ സേവനങ്ങൾ സുതാര്യമായും കാര്യക്ഷമമായും സമയബന്ധിതമായും എത്തിക്കുകയെന്നതാണ് സർക്കാരിന്റെ നയം. കഴിഞ്ഞ എട്ടര വർഷക്കാലമായി ഈ കാഴ്ചപ്പാടു തന്നെയാണ് സർക്കാർ തുടർന്നുവരുന്നത്. ഇക്കാലയളവിൽ വികസന-ക്ഷേമ രംഗങ്ങളിൽ മാതൃകാപരമായ ഒട്ടേറെ ഇടപെടലുകൾ നടത്താൻ സാധിച്ചു.

2016 മുതൽക്കിങ്ങോട്ട് 90,000 കോടിയോളം രൂപയുടെ പദ്ധതികളാണ് കിഫ്ബി മുഖേന മാത്രം ഏറ്റെടുത്തത്. എവിടെ വികസനമുണ്ടോ അവിടെ അഴിമതി സ്വാഭാവികമായും ഉണ്ടാവും എന്നാണു പൊതുവേ പറയാറ്. എന്നാൽ അഴിമതി രഹിതമായി വികസന പദ്ധതികൾ എങ്ങനെ നടപ്പിലാക്കാമെന്നത് നമ്മുടെ സംസ്ഥാനത്തിന് ഈ കാലയളവിൽ തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സർക്കാർ സേവനങ്ങൾ ജനങ്ങളുടെ അവകാശമാണ് എന്ന ബോധ്യത്തോടെ അവയെ ഓൺലൈനായി വിരൽത്തുമ്പിലും വാതിൽപ്പടി സേവനങ്ങളിലൂടെ വീട്ടുപടിക്കലും ലഭ്യമാക്കുകയാണ്. സർക്കാർ നടപ്പാക്കിവരുന്ന വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ ഗുണഫലങ്ങൾ അർഹമായ കരങ്ങളിൽ എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഇവിടെയാണ് വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോയുടെ ഇടപെടൽ ആവശ്യമായിട്ടുള്ളത്.

ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 2021 മുതൽ ഇതുവരെ 157 ട്രാപ്പുകളിലായി 187 ഉദ്യോഗസ്ഥർ പ്രതികളായിട്ടുണ്ട്. 2024 ൽ മാത്രം വിവിധ സർക്കാർ വകുപ്പുകളിലായി 6 സംസ്ഥാനതല മിന്നൽ പരിശോധന ഉൾപ്പെടെ 439 പരിശോധനകൾ നടത്തി. 107 വിജിലൻസ് കേസുകളും 71 വിജിലൻസ് എൻക്വയറികളും 271 പ്രാഥമിക അന്വേഷണങ്ങളും 86 രഹസ്യാന്വേഷണങ്ങളും ഇതിന്റെ ഫലമായി രജിസ്റ്റർ ചെയ്തു.

സംസ്ഥാനത്താകമാനം വിവിധ വകുപ്പുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനകളിലെ ശുപാർശകൾ കൂടി പരിഗണിച്ചാണ് ജനങ്ങളുടെ ദൈനംദിന ജീവിതപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങളെല്ലാം ഡിജിറ്റലൈസ് ചെയ്യാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടത്. സർക്കാർ സേവനങ്ങളിൽ സുതാര്യത ഉറപ്പാക്കുവാനായി പരമാവധി സേവനങ്ങൾ ഓൺലൈനാക്കിയിട്ടുണ്ട്. അറുന്നൂറോളം സേവനങ്ങൾ ‘എം-സേവനം’ എന്ന മൊബൈൽ ആപ്പ് വഴി ലഭ്യമാക്കി. തൊള്ളായിരത്തോളം സേവനങ്ങൾ ‘ഇ-സേവനം’ എന്ന പോർട്ടലിലൂടെ ലഭ്യമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ ലഭ്യമാകുന്ന ‘കെ-സ്മാർട്ട്’, റവന്യൂ – രജിസ്‌ട്രേഷൻ – സർവേ വകുപ്പുകൾ സംയുക്തമായി നടപ്പിലാക്കുന്ന ‘എന്റെ ഭൂമി സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനം’ എന്നിവ ഈ സർക്കാരിന്റെ കാലത്താണ് ആരംഭിച്ചത്.

ഇത്തരം ഇടപെടലുകളൊക്കെ നടത്തുന്നുവെങ്കിലും അഴിമതി പൂർണ്ണമായും ഒഴിവായിട്ടില്ല. പുതുതലമുറ സാങ്കേതികവിദ്യ പോലും ചിലർ ദുഷ്‌ചെയ്തികൾക്കായി ഉപയോഗിച്ചുവരുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ ജാഗ്രത്തായ പ്രവർത്തനമാണ് വിജിലൻസിൽ നിന്നും സർക്കാർ പ്രതീക്ഷിക്കുന്നത്.

പൊതുജനങ്ങളുമായി ഏറ്റവും കൂടുതൽ സമ്പർക്കം പുലർത്തുന്ന വകുപ്പുകളിൽ വിജിലൻസിന്റെ തുടർച്ചയായ നിരീക്ഷണമുണ്ടാകണം. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി, അവരെ പ്രത്യേകം നിരീക്ഷിക്കണം.

അഴിമതിയുടെ കാര്യത്തിൽ ചെറുതും വലുതുമെന്ന താരതമ്യമേ ആവശ്യമില്ല. അഴിമതിക്ക് കൂട്ടുനിൽക്കുന്നതും അതിനായി പ്രേരിപ്പിക്കുന്നതും അഴിമതി തന്നെയാണ്. അത്തരക്കാർക്കെതിരെ ഒരു മൃദുസമീപനവും നിങ്ങൾ സ്വീകരിക്കേണ്ടതില്ല. ഇക്കാര്യത്തിൽ ശക്തമായ നിലപാടുകൾ സ്വീകരിക്കാൻ വിജിലൻസിന് കഴിയണം. അഴിമതി ഒരു മനുഷ്യാവകാശ പ്രശ്‌നം കൂടിയാണ്. നാടിന്റെ വികസനത്തെ പിന്നോട്ടടിക്കുന്ന വിപത്താണ് അഴിമതിയെന്നത് ജനങ്ങളെ ബോധ്യപ്പെടുത്തണം. ഈ കാഴ്ചപ്പാടോടെ വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിജിലൻസിന്റെ ബാഡ്ജ് ഓഫ് ഓണറിന് അർഹരായ ഉദ്യോഗസ്ഥർക്ക് ലഭിച്ച അംഗീകാരം മറ്റുള്ളവർക്ക്കൂടി പ്രചോദനമായിത്തീരട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.

ഡി.ജി.പി. & ഡയറക്ടർ വി.എ.സി.ബി.(കേരളം) യോഗേഷ് ഗുപ്ത അധ്യക്ഷത വഹിച്ച ചടങ്ങിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ്, വിജിലൻസ് ഉദ്യോഗസ്ഥർ, മെഡൽ ജേതാക്കളുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.