Latest News (Page 55)

കൊച്ചി: നടിയും ബിഗ് ബോസ് താരവുമായ ധന്യ മേരി വർഗീസിന്റെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഫ്‌ളാറ്റ് തട്ടിപ്പുകേസിലാണ് ഇഡിയുടെ നടപടി. നടിയുടെയും കുടുംബത്തിന്റെയും തിരുവനന്തപുരത്തെ 13 സ്ഥലങ്ങളാണ് ഇഡി കണ്ടുകെട്ടിയത്..

പട്ടത്തേയും കരകുളത്തെയും 1.5 കോടി രൂപ വിലമതിക്കുന്ന ഭൂമിയാണ് കണ്ടുകെട്ടിയത്. നടിയുടെ ഭർത്താവ് ജോണിന്റെ പിതാവ് ജേക്കബ് സാംസൺ ആൻഡ് സൺസിന്റെ ഉടമസ്ഥതയിലുള്ളവയാണ് കണ്ടുകെട്ടിയ ഭൂമി. ഫ്‌ളാറ്റുകൾ നിർമിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്തു പലരിൽ നിന്നായി വൻ തുക തട്ടിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്.

kn Balakrishnan

തിരുവനന്തപുരം: അനർഹർ പെൻഷൻ പറ്റിയ സംഭവം ഗുരുതരമെന്ന് വ്യക്തമാക്കി ധനമന്ത്രി കെ.എൻ ബാലഗോപാൽ. തെറ്റായ രേഖ ചമച്ചത് ഗുരുതരമായ കാര്യം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട ആളുകളോട് വിശദീകരണം തേടണം. നടപടിക്രമങ്ങൾ പാലിക്കണം. തെറ്റായ കാര്യം ചെയ്തവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകി.

തെറ്റായ കാര്യങ്ങൾ ആര് ചെയ്താലും അവരെ അംഗീകരിക്കില്ല എന്ന നിലപാട് അല്ലേ സംഘടനകൾ സ്വീകരിക്കേണ്ടത്. പേരുകൾ പുറത്തുവിടാത്തതിൽ ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധിക്കേണ്ട കാര്യമില്ല. തെറ്റ് ആര് ചെയ്താലും നടപടി ഉണ്ടാകും. ഒരു ചെറിയ വിഭാഗം തെറ്റ് ചെയ്യുന്നതിന് സംഘടനകൾ മൊത്തത്തിൽ ആശങ്കപ്പെടേണ്ട കാര്യം എന്താണെന്ന് അദ്ദേഹം ചോദിക്കുന്നു.

അതേസമയം, കോട്ടക്കൽ നഗരസഭയിൽ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് നിർദ്ദേശം നൽകി. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. പെൻഷൻ അർഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ, വരുമാന സർട്ടിഫിക്കറ്റ് അനുവദിച്ച റവന്യു ഉദ്യോഗസ്ഥർ, പെൻഷൻ അനുവദിച്ചു നൽകിയ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് നടപടി സ്വീകരിക്കണമെന്ന് ഭരണ വകുപ്പുകൾക്ക് അധികൃതർ നിർദ്ദേശം നൽകി.

കൊച്ചി: നടൻ സൗബിൻ ഷാഹിറിന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് പരിശോധന. 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് ഇഡി പരിശോധന നടത്തുന്നത്. പറവ ഫിലിംസ് ഓഫീസായി ഉപയോഗിക്കുന്ന വീട്ടിലാണ് പരിശോധന. ഇന്നലത്തെ അന്വേഷണത്തിന്റെ തുടർച്ചയായാണ് ഇന്നത്തെ പരിശോധന നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു.

പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള ഇടങ്ങളില്‍ കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. രണ്ട് സിനിമാ നിർമ്മാണ കമ്പനികളുടെയും സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് പ്രധാന പരിശോധനയെന്ന് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ ക്രമക്കേടുകളിൽ കടുത്ത നടപടികൾ സ്വീകരിക്കാൻ ധനവകുപ്പ്. കോട്ടക്കൽ നഗരസഭയിൽ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് നിർദ്ദേശം നൽകി. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

പെൻഷൻ അർഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ, വരുമാന സർട്ടിഫിക്കറ്റ് അനുവദിച്ച റവന്യു ഉദ്യോഗസ്ഥർ, പെൻഷൻ അനുവദിച്ചു നൽകിയ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് നടപടി സ്വീകരിക്കണമെന്ന് ഭരണ വകുപ്പുകൾക്ക് അധികൃതർ നിർദ്ദേശം നൽകി.

ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന തുടർ നടപടികൾ അടിയന്തിരമായി റിപ്പോർട്ട് ചെയ്യണം. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണ പുരോഗതി ഒരോ മാസവും വിലയിരുത്തണം. കോട്ടക്കൽ നഗരസഭയിലെ ഏഴാം വാർഡിലെ പെൻഷൻ ഗുണഭോക്താക്കളെ സംബന്ധിച്ച് മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായാണ് വിജിലൻസ് ആന്റി കറപ്ക്ഷൻ ബ്യൂറോ അന്വേഷണം നടത്തുന്നത്.

പത്തനംതിട്ട: ശബരിമലയിൽ ഇക്കുറി വരുമാനത്തിൽ വൻ വർധനവെന്ന് ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്. ആദ്യ 12 ദിവസത്തെ വരുമാനത്തിന്റെ കാര്യത്തിൽ ഇക്കുറി വലിയ വർധനവുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വർഷം ആദ്യ 12 ദിവസത്തെ വരുമാനം 47,12,01,536 ( നാൽപത്തി ഏഴ് കോടി പന്ത്രണ്ടു ലക്ഷത്തി ആയിരത്തി അഞ്ഞൂറ്റി മുപ്പത്തിയാറ് ) രൂപയായിരുന്നു. എന്നാൽ ഇത്തവണ ആദ്യ 12 ദിവസം 63,01,14,111( അറുപത്തി മൂന്ന് കോടി ഒരു ലക്ഷത്തി പതിനാലായിരത്തി ഒരുന്നൂറ്റി പതിനൊന്ന് ) രൂപയാണ് ലഭിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

15,89,12,575 ( പതിനഞ്ച് കോടി എൺപത്തി ഒൻപത് ലക്ഷത്തി പന്ത്രണ്ടായിരത്തി അഞ്ഞൂറ്റി എഴുപത്തി അഞ്ച് ) രൂപയുടെ അധിക വരുമാനം ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല തീർത്ഥാടന അവലോകന യോഗത്തിന് ശേഷമാണ് അദ്ദേഹം വാർത്താ സമ്മേളനം നടത്തിയത്.

തിരുവനന്തപുരം: ക്ലാസ് മുറികളിൽ ബോഡി ഷെയ്മിംഗ് അടക്കം വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ അധ്യാപകരിൽ നിന്നോ സ്‌കൂൾ അധികാരികളിൽ നിന്നോ ഉണ്ടാകാൻ പാടില്ലെന്ന് നിർദ്ദേശം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

വിദ്യാർഥികൾക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ക്ലാസ് മുറികളിൽ വെച്ച് ഫീസ് ചോദിക്കാൻ പാടില്ല. കഴിവതും ഇത്തരം കാര്യങ്ങൾ രക്ഷിതാക്കളുമായി ആശയവിനിമയം നടത്തി പരിഹരിക്കേണ്ടതാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, സംസ്ഥാനത്തെ അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ പ്രാഥമിക കണക്കെടുപ്പ് പൂർത്തിയായി. 827 അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുണ്ടെന്നാണ് കണ്ടെത്തൽ. ഇക്കാര്യത്തിൽ അടുത്തഘട്ട നടപടികൾ താമസിയാതെ ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. സ്‌കൂളുകളുടെ പട്ടികയും ലഭ്യമായ വിവരങ്ങളും മുഖ്യമന്ത്രിക്ക് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ആരോഗ്യ, കാർഷിക സർവകലാശാലകൾക്ക് കീഴിൽ സ്റ്റാർട്ട്അപ്പ് മിഷന്റെ ഇന്നൊവേഷൻ ആന്റ് എന്റർപ്രണർഷിപ്പ് വികസന കേന്ദ്രങ്ങൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഐ. ഇ. ഡി. സി പ്രവർത്തിക്കുന്നുണ്ട്. വിദ്യാഭ്യാസ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ലോഞ്ച് എംപവർ ആക്‌സിലറേറ്റ് പ്രൊസ്പർ (ലീപ്) സംവിധാനങ്ങളും പ്രയോഗത്തിൽ വരുത്താവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രീകൃത സ്റ്റാർട്ട്അപ്പ് ഇങ്കുബേഷൻ സംവിധാനമാണ് ലീപ്പിലൂടെ ഉദ്ദേശിക്കുന്നത്. കോവളത്ത് ഹഡിൽ കേരള 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ടെക്‌നോപാർക്കിന്റെ ഭാഗമായി എമർജിംഗ് ടെക്‌നോളജി ഹബ് തിരുവനന്തപുരത്ത് വരികയാണ്. ഭക്ഷ്യ – കാർഷിക മേഖല, ബഹിരാകാശ സാങ്കേതിക വിദ്യ, പാരമ്പര്യേതര ഊർജം, ഡിജിറ്റൽ മീഡിയ, ആരോഗ്യം – ലൈഫ് സയൻസ് എന്നീ മേഖലകൾക്കാണ് ഇവിടെ പ്രാധാന്യം നൽകുക. കേരളത്തിൽ നടക്കുന്ന ഇൻവെസ്റ്റ്‌മെന്റ് കേരള ഗ്‌ളോബൽ സമ്മിറ്റിൽ സ്റ്റാർട്ട്അപ്പുകൾക്കായി പ്രത്യേക സെഷൻ ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.

നിലവിലെ കേരളത്തിലെ ഐ. ടി പാർക്കുകളിൽ സ്ഥലം ലഭിക്കുന്നതിന് നിരവധി പേർ കാത്തിരിക്കുകയാണ്. വർക്ക് നിയർ ഹോം കേന്ദ്രങ്ങളും ലീപ് സംവിധാനങ്ങളും ഇതിന് ഒരു പരിധി വരെ പരിഹാരം കാണുമെന്നാണ് കരുതുന്നത്. ഐ. ടി മേഖലയിൽ തൊഴിൽ തേടുന്നവർ കേരളം തിരഞ്ഞെടുക്കാൻ താത്പര്യം കാണിക്കുന്നുണ്ട്. ഇന്ത്യയിലെ മെട്രോ സിറ്റികളെ അപേക്ഷിച്ച് കേരളത്തിന് കൂടുതൽ സാധ്യതകളുണ്ട്. അവിടങ്ങളിൽ മലിനീകരണം, ഗതാഗതക്കുരുക്ക് തുടങ്ങിയ പ്രശ്‌നങ്ങൾ നിലനിൽക്കുമ്പോൾ കേരളത്തിൽ മികച്ച വായുവും ജലവുമാണുള്ളത്. ഗതാഗത സംവിധാനങ്ങളും മികച്ചതാണ്.

കേരളത്തിലെ സ്റ്റാർട്ടപ്പിനെ സംബന്ധിച്ച് 2024 മികച്ച വർഷമാണ്. സ്റ്റാർട്ട് അപ്പ് റാങ്കിംഗിൽ കേരളം മികച്ച പ്രകടനം നടത്തുന്ന സംസ്ഥാനമായി. കഴിഞ്ഞ എട്ടു വർഷത്തിനിടെ ഈ മേഖലയിൽ വലിയ മാറ്റമാണ് കേരളത്തിൽ സംഭവിച്ചത്. 2024ൽ 6100 സ്റ്റാർട്ട് അപ്പുകൾ കേരളത്തിൽ പ്രവർത്തിക്കുന്നു. 62000 പേർക്ക് ഇവിടെ തൊഴിലവസരമുണ്ടായി. 5800 കോടി രൂപയുടെ നിക്ഷേപമുണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു.

ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അധ്യക്ഷത വഹിച്ചു. ഇലക്ട്രോണിക്‌സ് ആന്റ് ഐ. ടി സെക്രട്ടറി രത്തൻ യു കേൽക്കർ റിപ്പോർട്ട് അവതരിപ്പിച്ചു. ഉന്നത ഉദ്യോഗസ്ഥർ, വിവിധ സ്ഥാപന മേധാവികൾ, സ്റ്റാർട്ട് അപ്പ് പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

തിരുവനന്തപുരം: ഐടിഐകളിൽ വിദ്യാർഥിനികൾക്ക് ആർത്തവ അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്നത്തെ കാലഘട്ടത്തിൽ എല്ലാ മേഖലകളിലും വനിതകൾ പ്രവർത്തിക്കുന്നു. വളരെ ആയാസമേറിയ നൈപുണ്യ പരിശീലന ട്രേഡുകളിൽ പോലും വനിതാ ട്രെയിനികൾ നിലവിലുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഇക്കാര്യങ്ങൾ എല്ലാം പരിഗണിച്ച് ഐറ്റിഐകളിലെ വനിതാ ട്രെയിനികൾക്ക് ആർത്തവ അവധിയായി മാസത്തിൽ രണ്ട് ദിവസം അനുവദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഐറ്റിഐ ട്രെയിനികൾക്ക് എല്ലാ ശനിയാഴ്ചയും അവധി അനുവദിക്കുവാൻ സർക്കാർ തീരുമാനിച്ചു. ഇതു മൂലം പരിശീലന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനായി ഐ.റ്റി.ഐ. ഷിഫ്റ്റുകൾ ക്രമീകരിക്കുന്നു. ആദ്യ ഷിഫ്റ്റ് രാവിലെ 7.30 മുതൽ വൈകുന്നേരം 3.00 മണി വരെയും രണ്ടാം ഷിഫ്റ്റ് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 :30 വരെയാണ്. ട്രെയിനികൾക്ക് ശനിയാഴ്ച അവധിയാണെങ്കിലും ആവശ്യമുള്ളവർക്ക് ഷോപ്പ് ഫ്‌ളോർ ട്രെയിനിംഗ്, ഹ്രസ്വകാല പരിശീലന കോഴ്‌സുകൾ എന്നിവയ്ക്കായും മറ്റു പാഠ്യേതര പ്രവർത്തനങ്ങൾക്കായും ഈ ശനിയാഴ്ചകൾ ഉപയോഗപ്പെടുത്താവുന്നതാണ്.

കൊച്ചി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ആനയില്ലെങ്കിൽ ആചാരങ്ങൾ മുടങ്ങുന്നത് എങ്ങനെയാണെന്നും ഏതു മതാചാരത്തിന്റെ ഭാഗമാണെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. 15 ആനകളെ എഴുന്നളളിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറ പൂർണത്രയേശ ക്ഷേത്ര ഭരണസമിതി നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

ആനകളുടെ പരിപാലനവും ജനങ്ങളുടെ സുരക്ഷയുമാണ് പ്രധാനപ്പെട്ടത് എന്ന് വിലയിരുത്തിയാണ് മാർഗനിർദേശങ്ങളിൽ അയവുവരുത്താൻ ഉദ്ദേശിക്കുന്നില്ല എന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. എഴുന്നളളിപ്പിന് ആനകൾ തമ്മിൽ കുറഞ്ഞത് മൂന്നുമീറ്റർ അകലം വേണമെന്നാണ് നിർദേശം. തൃപ്പൂണിത്തുറ പൂർണത്രയേശ ക്ഷേത്രത്തിലെ ഏഴുന്നളളിപ്പിന് സ്ഥലം കണക്കാക്കായാൽ ആനകൾ തമ്മിൽ ചേർത്ത് ചേർത്ത് നിർത്തേണ്ടിവരും. ഇത് എങ്ങനെ അനുവദിക്കാനാകുമെന്ന് കോടതി ചോദിച്ചു.

15 ആനകളെയും എഴുന്നളളിക്കണമെന്ന് പറയുന്നത് എന്താചാരത്തിന്റെ ഭാഗമാണ്. ആനകളെ എഴുന്നളളിച്ചില്ലെങ്കിൽ ആചാരം എങ്ങനെയാണ് തകരുന്നത്. ആനയെഴുന്നളളിപ്പ് അനിവാര്യ മതാചാരമാകുന്നത് എങ്ങനെയാണ്. പരിഹാസ്യമായ വാദങ്ങളാണ് ആനകളെ എഴുന്നളളിക്കാൻ ഉന്നയിക്കുന്നത്. എഴുന്നളളിപ്പ് നടത്തിയില്ലെങ്കിൽ എങ്ങനെയാണ് ഹിന്ദു മതം തകരുന്നതെന്നും കോടതി ചോദിക്കുന്നു.

തിരുവനന്തപുരം: ഭക്ഷ്യ വിഷബാധ സംശയിക്കുന്ന കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകി. എറണാകുളത്ത് വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഭക്ഷണം നൽകിയ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്പ്പിക്കുകയും ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ നടപടികൾ സ്വീകരിക്കും. പത്തനംതിട്ട ഹോസ്റ്റലിൽ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതായുള്ള പരാതിയിൽ ഫുഡ് സേഫ്റ്റി ഓഫീസർ ഹോസ്റ്റൽ സന്ദർശിച്ച് നടപടി സ്വീകരിക്കുമെന്നറിയിച്ചു.

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ തുടരുന്നു. കാറ്ററിംഗ് യൂണിറ്റുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിൽ കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിരുന്നു. 28 സ്‌ക്വാഡുകളായി തിരിഞ്ഞ് 186 സ്ഥാപനങ്ങളിലാണ് പരിശോധനകൾ നടത്തിയത്. 10 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തിയിരുന്നു. ഈ പരിശോധനകൾ ശക്തമായി തുടരുന്നതാണ്. പഴകിയ ഭക്ഷണം നൽകാനോ ഭക്ഷണത്തിൽ മായം ചേർക്കാനോ പാടില്ല. ഭക്ഷ്യ സ്ഥാപനങ്ങൾക്ക് രജിസ്‌ട്രേഷനോ ലൈസൻസോ നിർബന്ധമാണ്. ജിവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും.