തിരുവനന്തപുരം: ക്ലാസ് മുറികളിൽ ബോഡി ഷെയ്മിംഗ് അടക്കം വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ അധ്യാപകരിൽ നിന്നോ സ്‌കൂൾ അധികാരികളിൽ നിന്നോ ഉണ്ടാകാൻ പാടില്ലെന്ന് നിർദ്ദേശം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
വിദ്യാർഥികൾക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ക്ലാസ് മുറികളിൽ വെച്ച് ഫീസ് ചോദിക്കാൻ പാടില്ല. കഴിവതും ഇത്തരം കാര്യങ്ങൾ രക്ഷിതാക്കളുമായി ആശയവിനിമയം നടത്തി പരിഹരിക്കേണ്ടതാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, സംസ്ഥാനത്തെ അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ പ്രാഥമിക കണക്കെടുപ്പ് പൂർത്തിയായി. 827 അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുണ്ടെന്നാണ് കണ്ടെത്തൽ. ഇക്കാര്യത്തിൽ അടുത്തഘട്ട നടപടികൾ താമസിയാതെ ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. സ്‌കൂളുകളുടെ പട്ടികയും ലഭ്യമായ വിവരങ്ങളും മുഖ്യമന്ത്രിക്ക് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

