Latest News (Page 47)

കോട്ടയം: വൈക്കം പ്രക്ഷോഭത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നത് സമരവീരന്മാരെ ആദരിക്കുന്നതിനുവേണ്ടി മാത്രമല്ല അവർ സ്വപ്നം കണ്ട സമൂഹത്തിലെ സമത്വം സൃഷ്ടിക്കാനുള്ള നമ്മുടെ കടമയെ ഓർമ്മിപ്പിക്കാൻ കൂടിയാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തന്തൈ പെരിയാർ സ്മാരകം, പെരിയാർ ഗ്രന്ഥശാല എന്നിവയുടെ ഉദ്ഘാടന ചടങ്ങിന്റെ പൊതുസമ്മേളനം വൈക്കം ബീച്ചിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ പല സാമൂഹ്യ പോരാട്ടങ്ങളുടെയും നാന്ദി കുറിച്ച സമരമായിരുന്നു വൈക്കം സത്യാഗ്രഹം. വൈക്കം ഒറ്റപ്പെട്ട വിജയം അല്ല, പിന്നീടുള്ള വിജയങ്ങളുടെ തുടക്കമായിരുന്നു അത്. എല്ലാ മേഖലകളിലും തുടർച്ചയായ വിജയങ്ങൾ നേടാൻ നമുക്ക് ഉറച്ചു നിൽക്കാം. എന്തു തടസ്സങ്ങൾ വന്നാലും നമ്മൾ അവയെ തകർക്കും. എന്തു വില കൊടുത്തും ഒരു സമത്വ സമൂഹം സ്ഥാപിക്കും. കേരളം വിദ്യാഭ്യാസത്തിലും, രാഷ്ട്രീയ,സാമൂഹിക അവബോധത്തിലും മുന്നിലുള്ള സംസ്ഥാനമാണ്. ഇങ്ങനെയുള്ള മണ്ണിൽ സാമൂഹിക,രാഷ്ട്രീയ പ്രക്ഷോഭത്തിന്റെ അടയാളമായി വൈക്കം സ്മാരകം നിലകൊള്ളുമെന്ന് അദ്ദേഹം അറിയിച്ചു.

എല്ലാവർക്കും സമത്വം എന്നതാണ് തമിഴ്‌നാട് സർക്കാറിന്റെ ദ്രവീഡിയൻ മോഡൽ ഉൾക്കൊള്ളുന്നത്. തന്തൈ പെരിയാറിന്റെ ആത്മാഭിമാന പ്രസ്ഥാനവും ഇടപെടലുകളുമാണ് അതിന്റെ അടിത്തറ. വൈക്കം സത്യാഗ്രഹ സമരകാലത്ത് അറസ്റ്റിലായ കേരളത്തിലെ നേതാക്കളുടെ ക്ഷണമനുസരിച്ചാണ് തന്തൈ പെരിയാർ എന്ന ഇ വി രാമസ്വാമി നായ്ക്കർ കേരളത്തിലെത്തുന്നത്. ചടങ്ങു മാത്രമായ വരമായിരുന്നില്ല അത്. അദ്ദേഹം വൈക്കത്തെ ജനങ്ങളെ സംഘടിപ്പിച്ചു. സമരം നയിച്ചു. രണ്ട് തവണ അറസ്റ്റിലായി. അദ്ദേഹത്തിന്റെ ഇടപെടൽ മൂലമാണ് ഗാന്ധിജി തിരുവിതാംകൂർ റാണിയെ കാണുന്നതും. അദ്ദേഹത്തിന്റെ ഭാര്യ നാഗമ്മയും സഹോദരി കണ്ണമ്മയും സമരത്തിന്റെ ഭാഗമായി. അയിത്തജാതിക്കാർക്കായി പൊതുനിരത്ത് സഞ്ചാര സാധ്യമെന്നതായിരുന്നു വൈക്കം സത്യാഗ്രഹത്തിന്റെ ആശയം. ഈ സമര വിജയമാണ് രാജ്യത്ത് സാമൂഹ്യനീതിക്കായുള്ള മറ്റ് പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിച്ചത്. അവകാശം ലംഘിച്ചവർ ഇന്നു നമ്മളെ സ്വീകരിച്ച് ആനയിക്കുന്നു. ഇതാണ് സത്യാഗ്രഹത്തിൽ മഹിമ.അക്രമ സമരം നടത്തിയിരുന്നെങ്കിൽ പോലും ഈ വിജയം ഇ ലഭിക്കുമായിരുന്നില്ല എന്ന് പെരിയാർ പറയുമായിരുന്നു. സമത്വവും സാമൂഹ്യ നീതിയും എല്ലാവർക്കും വേണമെന്നാതാണ് തമിഴ്‌നാടിന്റെ കാഴ്ചപ്പാടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ഭരണ പാടവമുള്ള മുഖ്യമന്ത്രിയായ പിണറായി വിജയനും ഇതേ ആശയത്തെ പിൻതുടരുന്നു. അതിനാലാണ് വൈക്കത്ത് ഇത്തരമൊരു സ്മാരകമൊരുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞത് അതിന് പിന്തുണച്ച കേരള സർക്കാരിനും ഉദ്യോഗസ്ഥർക്കും നന്ദി രേഖപ്പെടുത്തുന്നു. സാമൂഹ്യ നീതിയും സമത്വവും സ്വാഭിമാനവും നിയമങ്ങളിലൂടെയും ചട്ടങ്ങളിലൂടെയും മാത്രം നടപ്പാക്കാൻ കഴിയുന്നതല്ല. നമ്മുടെ മനോഭാവവും മാറണം. തന്തൈ പെരിയാറും, ശ്രീ നാരായണ ഗുരുവും അംബേദ്ക്കറും അയ്യങ്കാളിയും എല്ലാവർക്കും എല്ലാം എന്ന തത്വം ഉൾക്കൊണ്ടു. സമത്വ സമൂഹം സ്ഥാപിക്കുകയെന്ന എന്ന ആശയത്തിൽ തമിഴ്‌നാടും കേരളവും ഒന്നാണ്. ആ സഹകരണം തുടരുക തന്നെ ചെയ്യമെന്നും സ്റ്റാലിൻ പറഞ്ഞു.

കൊച്ചി: നടൻ ദിലീപിന്റെയും സംഘത്തിന്റെയും ശബരിമലയിലെ വിഐപി ദർശനത്തിൽ കർശവന നിലപാട് സ്വീകരിച്ച് ഹൈക്കോടതി. ശബരിമലയിൽ ദിലീപിനും സംഘത്തിനും പ്രത്യേക പരിഗണന ലഭിച്ചത് ഗൗരവകരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്ത് പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകൾക്കുള്ളതെന്ന് കോടതി ചോദിക്കുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ആദ്യ നിരയിലെ എല്ലാ ഭക്തരെയും ദിലീപിന് വേണ്ടി തടഞ്ഞുവെന്നും ഇത് എങ്ങനെ അനുവദിക്കാനാകുമെന്നും ഹൈക്കോടതി ചോദിച്ചു. മറ്റ് ഭക്തരെ തടഞ്ഞ് ഇത്തരം കാര്യങ്ങൾ അനുവദിക്കാനാവില്ല. ഇത്തരം കാര്യങ്ങൾ ചെയ്യാൻ ഒരു ഉദ്യോഗസ്ഥനും അധികാരമില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവെന്നും മറ്റ് ഭക്തർക്ക് ബുദ്ധിമുട്ട് നേരിട്ടുവെന്ന് മനസിലായിയെന്നും കോടതി പറഞ്ഞു.

വിഷയത്തിൽ എന്ത് നടപടിയെടുത്തുവെന്നും ഹൈക്കോടതി ചോദിച്ചു. അതേസമയം, നടന് പൊലീസ് യാതൊരു പ്രത്യേക പരിഗണനയും ചെയ്തുനൽകിയിട്ടില്ലെന്നും ദേവസ്വം ഗാർഡുകളാണ് വേണ്ടതെല്ലാം ചെയ്തുകൊടുത്തതെന്നുമുള്ള റിപ്പോർട്ട് നേരത്തെ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. സന്നിധാനം സ്‌പെഷ്യൽ ഓഫീസർ പി ബിജോയ് ആണ് റിപ്പോർട്ട് സമർപ്പിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് റിപ്പോർട്ട് സമർപ്പിച്ചത്.

ന്യൂഡൽഹി: ഡൽഹിയിൽ അതിശൈത്യം. ഏറ്റവും കുറഞ്ഞ താപനില 4.5 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. ഇന്ന് ഡൽഹിയിൽ സീസണിലെ ഏറ്റവും വലിയ തണുപ്പാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 4.9 ഡിഗ്രി സെൽഷ്യസായിരുന്നു സീസണിലെ ഏറ്റവും കുറഞ്ഞ താപനില. തുടർച്ചയായ രണ്ടാം ദിവസവും 24 മണിക്കൂർ ശരാശരി താപനിലയിൽ -0.4 ഡിഗ്രി സെൽഷ്യസിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

സഫ്ദർജംഗ് കാലാവസ്ഥാ സ്റ്റേഷനിൽ രാവിലെ 8:30 ന് 4.5 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഇത് സാധാരണ താപനിലയേക്കാൾ നാല് പോയിന്റ് കുറവാണ്. അതേസമയം, പാലം കാലാവസ്ഥാ കേന്ദ്രം രേഖപ്പെടുത്തിയ കുറഞ്ഞ താപനില രാവിലെ 8:30 ന് 6 ഡിഗ്രി സെൽഷ്യസാണ്. ഇത് സാധാരണയിൽ നിന്ന് മൂന്ന് ഡിഗ്രി കുറവാണ്. പാലം സ്റ്റേഷനിൽ 24 മണിക്കൂർ ശരാശരി താപനിലയിൽ -0.2 ഡിഗ്രിയുടെ മാറ്റവും രേഖപ്പെടുത്തിയിട്ടുണ്ട്.

തിരുവനനന്തപുരം: ഇന്ത്യയിലെ ഏറ്റവും മികച്ച ജൈവവൈവിധ്യ സൗഹൃദ സംസ്ഥാനമായി 2030 ൽ കേരളത്തെ മാറ്റുന്നതിനുള്ള ജനകീയ പദ്ധതികൾ സർക്കാർ നടപിലാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ 2022 ലെ ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാരങ്ങൾ മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്തിന്റെ 1.18 ശതമാനം മാത്രം വരുന്ന സംസ്ഥാനമാണ് കേരളം. ഏന്നാൽ രാജ്യത്തിൻറെ ജൈവസമ്പത്തിൻറെ 25 ശതമാനവും ഇവിടെയാണ്. ചില ജീവിവർഗങ്ങളുടെ കാര്യമെടുത്താൽ അവയുടെ 80 ശതമാനത്തോളം കേരളത്തിലുണ്ട്. അതുകൊണ്ടുതന്നെ പരിസ്ഥിതി / ജൈവവൈവിധ്യ സംരക്ഷണം മുൻനിർത്തിയുള്ള വികസന കാഴ്ചപ്പാടാണ് സർക്കാർ നടപ്പാക്കിവരുന്നത്. ഈ ഭൂമി നമുക്ക് മാത്രമുള്ളതല്ല വരും തലമുറകൾക്ക് കൂടി അവകാശപ്പെട്ടതാണെന്ന ചിന്ത എപ്പോഴും ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജൈവവിഭവങ്ങളുടെ സംരക്ഷണം പോലെ തന്നെ പ്രധാനമാണ് അവയുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകളുടെ സംരക്ഷണവും. തലമുറകളായി കൈമാറിവരുന്ന നമ്മുടെ പരമ്പരാഗത അറിവുകൾ ജൈവവൈവിധ്യ നിയമപ്രകാരം സംരക്ഷിക്കുന്നതിനായി ഡിജിറ്റൽ ലൈബ്രറി തയ്യാറാക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. പ്രാദേശിക ജൈവവൈവിധ്യ കർമ്മപദ്ധതിയിൽ ഹ്രസ്വ, ദീർഘകാല പദ്ധതികൾ ആവിഷ്‌കരിച്ച് ഗൗരവമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ ഭൂമിയിൽ ജീവജാലങ്ങളുടെ നിലനിൽപ്പ് വളരെയഥികം വെല്ലുവിളികൾ നേരിടുന്ന കാലമാണ്. ആഗോളതാപനത്തെയും കാലാവസ്ഥ വ്യതിയാനത്തെയും അനന്തരഫലങ്ങൾ കഴിഞ്ഞ കുറച്ചുവർഷങ്ങളായി ലോകം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കേരളവും ഇതിൽനിന്ന് മുക്തമല്ല. അതിതീവ്രമഴ, പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തങ്ങൾ മനുഷ്യന്റെ ജീവനും സ്വത്തിനും കനത്ത നാശം ഉണ്ടാക്കുന്നതോടൊപ്പം ആവാസവ്യവസ്ഥയേയും തകർക്കുന്നു. പ്രകൃതി സംരക്ഷണം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ഈ അനുഭവങ്ങൾ കാട്ടിത്തരുന്നു എന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

മികച്ച ജൈവവൈവിധ്യ പരിപാലന സമിതിക്കുള്ള അവാർഡ് ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് ബി.എം.സി.യും രണ്ടാം സ്ഥാനം കടലുണ്ടി ഗ്രാമപഞ്ചായത്ത് ബി.എം.സി.യും കരസ്ഥമാക്കി. കുട്ടികളുടെ സംസ്ഥാനതല ജൈവവൈവിധ്യ കോൺഗ്രസിലെ വിജയികൾക്കും യൂത്ത് ഐഡിയേഷൻ ചലഞ്ച് വിജയികൾക്കും മുഖ്യമന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്തു. ജൈവവൈവിധ്യ സംരക്ഷണത്തിന് വിവിധതലങ്ങളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച സ്ഥാപനങ്ങളെയും വ്യക്തികളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ, പ്രമോദ് ജി. കൃഷ്ണൻ, ഡോ. സാബു എ, ഡോ. എൻ.അനിൽകുമാർ, ഡോ. വി.ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: ഡിജിറ്റൽ അറസ്റ്റ് എന്ന ഒരു സംഭവമേ ഇന്ത്യയിൽ ഇല്ലെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. അന്വേഷണത്തിനായി നിങ്ങളുടെ അക്കൗണ്ടിലെ പണം ആർക്കെങ്കിലും കൈമാറണമെന്ന് ഇന്ത്യയിലെ ഒരു അന്വേഷണ ഏജൻസിയും നിങ്ങളോട് ആവശ്യപ്പെടില്ലെന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തിന് ആവശ്യമുണ്ടെന്നു തോന്നുന്നപക്ഷം നിങ്ങളുടെ അക്കൗണ്ട് നിയമപരമായി മരവിപ്പിക്കാൻ പോലീസിനും മറ്റ് ഏജൻസികൾക്കും അധികാരമുണ്ട്.

അതുകൊണ്ടുതന്നെ, നിങ്ങളുടെ പണം കൈമാറണമെന്നോ ഒടിപി നൽകണമെന്നോ ബാങ്ക് അക്കൗണ്ട് നമ്പർ വേണമെന്നോ ആരെങ്കിലും നിങ്ങളോട് ആവശ്യപ്പെട്ടാൽ ഓർത്തോളൂ, അത് തട്ടിപ്പാണ്. ഒരിക്കലും അതിനു വഴങ്ങരുത്. അഥവാ സാമ്പത്തികത്തട്ടിപ്പിൽ പെട്ടുപോയാൽ എത്രയും വേഗം 1930 എന്ന നമ്പറിൽ പോലീസിനെ വിവരം അറിയിക്കുക. തട്ടിപ്പ് നടന്ന് ഒരു മണിക്കൂറിനകം ഈ നമ്പറിൽ വിവരമറിയിച്ചാൽ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണെന്നും പോലീസ് ഓർമ്മിപ്പിച്ചു.

കൊച്ചി: കോടതി നിർദേശങ്ങൾ ലംഘിച്ച് തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ആനകളെ എഴുന്നള്ളിച്ചതിൽ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചു. ഹൈക്കോടതിയാണ് കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചത്. ദേവസ്വം ഓഫീസർ അടക്കമുളളവർക്ക് നോട്ടീസ് അയക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.

നാട്ടാന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾ പാലിക്കാതിരിക്കാൻ മനഃപൂർവമായ ശ്രമമുണ്ടായെന്ന് കരുതേണ്ടി വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ദേവസ്വം ഓഫീസർ നൽകിയ സത്യവാങ്മൂലം സ്വീകരിക്കാനാകില്ല. 15 ആനകളെയും എഴുന്നള്ളിച്ചില്ലെങ്കിൽ ഭക്തർ എതിരാകുമെന്ന വാദവും അംഗീകരിക്കാൻ കഴിയില്ല. ഈ പോക്കുപോയാൽ നിയമം ഇല്ലാത്ത നാടായി ഇവിടെ മാറും. ഇത് അംഗീകരിക്കാനാകില്ല എന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്.

തിരുവനന്തപുരം: പ്രധാനപ്പെട്ട ഫിലിം ഫെസ്റ്റിവലുകളിൽ നിർണായക സ്ഥാനം വഹിക്കുന്ന ഫിലിം മാർക്കറ്റുകൾ പോലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന കേരള ഫിലിം മാർക്കറ്റ് രണ്ടാം പതിപ്പിലേക്ക് എത്തുമ്പോൾ പരിമിതികൾ മറികടന്ന് ഏറെ ദൂരം മുന്നോട്ടു പോയിട്ടുണ്ടെന്ന് ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ മന്ത്രി സജി ചെറിയാൻ പറഞ്ഞു. സിനിമ-ഏവിജിസി-എക്സ്ആർ മേഖലകളിലെ നൂതന അറിവ് ലഭ്യമാക്കുക, മലയാള സിനിമയുടെ ആഗോള വാണിജ്യസാധ്യത വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ചതാണ് കേരള ഫിലിം മാർക്കറ്റ്. ആദ്യപതിപ്പിൽ നിന്ന് വ്യത്യസ്തമായി കെഎഫ്എം രണ്ടാം പതിപ്പിൽ മൂന്ന് ഘടകങ്ങളാണ് പ്രധാനമായുളളത്. ബി2ബി മീറ്റിങ്ങ്, ശിൽപ്പശാലകൾ, മാസ്റ്റർ ക്ലാസുകൾ എന്നിവ മൂന്ന് ദിവസങ്ങളിലായി മൂന്ന് വേദികളിലായി നടക്കും. ലോകോത്തര നൂതന സാങ്കേതികവിദ്യകൾ ലഭ്യമാക്കുക വഴി മലയാള സിനിമയെ സർഗാത്മക സാംസ്‌കാരിക വ്യവസായമായി വളർത്തുകയാണ് ലക്ഷ്യം. ഇതേ ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടാണ് ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ആദ്യഘട്ടം 2025ൽ ഉദ്ഘാടനം ചെയ്യുന്നതിന് തയ്യാറായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇരുപത്തൊമ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനും (കെ.എസ്.എഫ്.ഡി.സി) ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ഫിലിം മാർക്കറ്റിന്റെ (കെ.എഫ്.എം -2) രണ്ടാം പതിപ്പ് ഉദ്ഘാടനം പിയാനോ സംഗീതോപകരണം വായിച്ചു നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജെ സി ഡാനിയൽ പുരസ്‌കാരം നേടിയ കെഎസ്എഫ്ഡിസി ചെയർമാൻ കൂടിയായ പ്രശസ്ത സംവിധായകൻ ഷാജി എൻ. കരുണിനെ ചടങ്ങിൽ മന്ത്രി ആദരിച്ചു. ചടങ്ങിൽ തിരുവനന്തപുരം എംഎൽഎ ആന്റണി രാജു അധ്യക്ഷത വഹിച്ചു.

കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, വിദേശ രാജ്യങ്ങളുടെ സാംസ്‌കാരിക പ്രതിനിധികളായി ഐഎഫ്എഫ്കെ ക്യൂറേറ്ററും ഫിലിം മാർക്കറ്റ് കൺസൽറ്റന്റുമായ ഗോൾഡ സെല്ലം, മുംബൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫ്രോൺസെ അറ്റാഷെ മാത്യൂ ബിജോ, അലയൻസ് ഫ്രോൺസെ ഡയറക്ടർ മാർഗോട്ട് മിഷോഡ്, കെഎസ്എഫ്ഡിസി മാനേജിങ് ഡയറക്ടർ പ്രിയദർശനൻ പി എസ്, കെഎസ്എഫ്ഡിസി ഭരണസമിതി അംഗങ്ങളായ എം.എ. നിഷാദ്, പി സുകുമാർ, ജിത്തു കോലിയാട്, ഷെറിൻ ഗോവിന്ദൻ എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: പ്രമേഹം ബാധിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് കർമ്മ പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഹ്രസ്വകാലവും ദീർഘകാലവും അടിസ്ഥാനമാക്കിയാണ് കർമ്മ പദ്ധതി തയ്യാറാക്കുന്നത്. പ്രമേഹ രോഗ ചികിത്സയിൽ റോഡ്മാപ്പ് തയ്യാറാക്കാൻ അന്താരാഷ്ട്ര കോൺക്ലേവ് സംഘടിപ്പിക്കും. സംസ്ഥാന തലത്തിൽ പ്രീ കോൺക്ലേവ് സംഘടിപ്പിച്ച് അത്കൂടി ഉൾക്കൊണ്ടാണ് അന്താരാഷ്ട്ര കോൺക്ലേവ് സംഘടിപ്പിക്കുക. അന്തർദേശീയ തലത്തിൽ പ്രമേഹ രോഗ ചികിത്സയിൽ വന്നിട്ടുള്ള നൂതന സംവിധാനങ്ങളും ചികിത്സാ വിധികളും ആരോഗ്യ വകുപ്പിലെ ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടി ജനപങ്കാളിത്തത്തോടെയാണ് കോൺക്ലേവ് നടത്തുക. കോൺക്ലേവിന് ശേഷം തയ്യാറാക്കുന്ന പ്രമേഹരോഗ ചികിത്സയുടെ റോഡ്മാപ്പിന് അനുസൃതമായിട്ടായിരിക്കും ആരോഗ്യ വകുപ്പിലെ ചികിത്സ ശാക്തീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നത്.

ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 30 വയസിന് മുകളിൽ പ്രായമായവരിലെ ജീവിതശൈലീ രോഗങ്ങൾ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് ആർദ്രം ആരോഗ്യം വാർഷികാരോഗ്യ പരിശോധന ഒന്നാം ഘട്ടം പൂർത്തിയാക്കി രണ്ടാം ഘട്ടം നടത്തി വരുന്നു. രണ്ടാം ഘട്ട സർവേ പ്രകാരം 14 ശതമാനത്തോളം ആളുകൾക്ക് നിലവിൽ പ്രമേഹം ഉള്ളതായാണ് കണ്ടെത്തിയത്. കൂടാതെ പ്രമേഹ രോഗ സാധ്യതയുള്ളവരുടെ എണ്ണവും കൂടുതലാണ്. ഇതുൾപ്പെടെയുള്ള പഠനങ്ങൾ വിലയിരുത്തിയാണ് ആരോഗ്യ വകുപ്പ് നിർണായകമായ ഇടപെടലിന് ശ്രമിക്കുന്നത്.

ഗവേഷണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിനെ ഉയർത്താനുള്ള പ്രവർത്തനങ്ങൾ നടത്താൻ മന്ത്രി നിർദേശം നൽകി. പ്രമേഹം നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ സങ്കീർണ പ്രശ്‌നങ്ങളിലേക്ക് പോകും. അതിനാൽ അവബോധം വളരെ പ്രധാനമാണ്. പ്രീ ഡയബറ്റിക് സ്റ്റേജിലുള്ളവരെ മുന്നിൽ കണ്ട് പ്രവർത്തനങ്ങൾ നടത്തണം. ആഹാര നിയന്ത്രണത്തിനും വ്യായാമത്തിനും വളരെ പ്രാധാന്യമുണ്ട്. കുഞ്ഞിന്റെ ആദ്യത്തെ ആയിരം ദിനങ്ങളിലും അമ്മയ്ക്കും കുഞ്ഞിനും കരുതലൊരുക്കണം. പ്രമേഹ രോഗത്തിന് പുറമേ പ്രമേഹ രോഗികൾക്കുണ്ടാകുന്ന വൃക്ക രോഗങ്ങൾ, ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് ഫൂട്ട്, പെരിഫെറൽ ന്യൂറോപ്പതി തുടങ്ങിയ സങ്കീർണതകൾ കൂടി കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ആവശ്യമായ പരിശീലനവും സാങ്കേതിക സഹായവും ഉറപ്പാക്കും.

ബാല്യകാലം മുതൽ ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കാനാകണം. ജീവിതശൈലീ രോഗങ്ങൾ കുറയ്ക്കുന്നതിനും രോഗ നിയന്ത്രണത്തിനുമായി ആരോഗ്യ വകുപ്പ് ഹെൽത്തി ലൈഫ് ക്യാമ്പയിൻ ആരംഭിക്കുന്നതാണ്. ആരോഗ്യമുള്ള സമൂഹത്തേയും ആരോഗ്യമുള്ള കുട്ടികളേയും ലക്ഷ്യമാക്കിയുള്ള സ്‌കൂൾ ആരോഗ്യ പദ്ധതിയും ഉടൻ തന്നെ നടപ്പിലാക്കും. ഇത് കൂടാതെയാണ് പ്രമേഹ രോഗ പ്രതിരോധത്തിന് മാത്രമായി ആരോഗ്യ വകുപ്പ് തയ്യാറെടുക്കുന്നത്.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ, തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസ് ഡയറക്ടർ, എൻഎച്ച്എം സ്റ്റേറ്റ് പ്രോഗ്രാം മാനേജർ എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: കുടുംബങ്ങൾക്കകത്തും സമൂഹത്തിലും കുട്ടികൾക്കെതിരെ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സമൂഹത്തിൽ ബാലാവകാശ സാക്ഷരത അനിവാര്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ബാലാവകാശങ്ങൾ നിഷേധിക്കപ്പെട്ട് മയക്കുമരുന്ന് ഉൾപ്പെടെയുള്ള ചൂഷണങ്ങൾക്ക് കുട്ടികൾ വിധേയമാകുന്നത് ഗൗരവമായി കാണേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ബാലസൗഹൃദ രക്ഷാകർതൃത്വം ഏകദിന പരിശീലനത്തിന്റെ സമാപന സമ്മേളനം ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമൂഹിക വികാസത്തിനനുസരിച്ച് കേരളത്തിൽ കുടുംബഘടന, ബന്ധം, കുട്ടികളോടുള്ള സമീപനം എന്നിവയിൽ മാറ്റം വന്നിട്ടുണ്ട്. കുട്ടികളെ സംബന്ധിക്കുന്ന വിഷയങ്ങളിൽ കുട്ടികളുടെ അഭിപ്രായവും ആരായുന്ന ജനാധിപത്യ സമീപനം ആവശ്യമാണ്. ജനാധിപത്യ വിരുദ്ധമായ അടിച്ചമർത്തലുകളുടെ ഇരകളായി കുട്ടികളെ മാറ്റാൻ പാടില്ല. കുട്ടികളെ വളർത്തുകയല്ല, വളരാനുള്ള സാഹചര്യമാണ് മാതാപിതാക്കൾ ഒരുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ്കുമാർ അധ്യക്ഷത വഹിച്ചു. കമ്മിഷൻ അംഗം എൻ.സുനന്ദ സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ജി.രമേഷ് ആശംസയും അർപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ സ്വാതി എസ് നന്ദി അർപ്പിച്ചു.

കുടുംബശ്രീ ജില്ലാ മിഷനുമായി സഹകരിച്ചാണ് കുടുംബശ്രീ റിസോഴ്‌സ് പേഴ്‌സൺമാർക്കുള്ള പരിശീലന പരിപാടി കമ്മിഷൻ സംഘടിപ്പിച്ചത്. ഉത്തരവാദിത്തപൂർണ രക്ഷാകർതൃത്വം, കുട്ടികളുടെ അവകാശങ്ങൾ, ജീവിത നൈപുണ്യ വിദ്യാഭ്യാസം, കുട്ടികൾ നേരിടുന്ന മാനസിക പ്രശ്‌നങ്ങൾ എന്നീ വിഷയങ്ങളിൽ ബാലാവകാശ കമ്മിഷൻ അംഗം ഡോ. എഫ്. വിൽസണും തിരുവനന്തപുരം മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം പ്രൊഫസർ ഡോ.അരുൺ ബി.നായരും ക്ലാസുകൾ നയിച്ചു.

കുട്ടികൾക്ക് നേരെയുള്ള ശാരീരിക, മാനസിക, ലൈംഗിക അതിക്രമങ്ങൾ, ചൂഷണങ്ങൾ, ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം എന്നിവ തടയുന്നതിനും കുട്ടികൾക്കിടയിലെ ആത്മഹത്യ പ്രവണത ഇല്ലാതാക്കുന്നതിനും സൈബർ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള ബോധവത്കരണമായിരുന്നു പരിശീലന ലക്ഷ്യം. ജില്ലാതലത്തിൽ കുടുംബശ്രീ റിസോഴ്‌സ് പേഴ്‌സൺമാർക്ക് പരിശീലനം നൽകി 2750 പേരുടെ റിസോഴ്‌സ് പേഴ്‌സൺ പൂൾ രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ കുടുംബശ്രീയുടെ 150 റിസോഴ്‌സ് പേഴ്‌സൺമാർക്ക് ദ്വിദിന പരിശീലനം നൽകി സംസ്ഥാനതല റിസോഴ്‌സ് പേഴ്‌സൺ പൂൾ രൂപീകരിച്ചിരുന്നു.

കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ബാലചന്ദ്ര മേനോന് ജാമ്യം അനുവദിച്ചത്. നവംബർ 21 വരെ നേരത്തെ അദ്ദേഹത്തിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതേ ഹർജിയിലാണ് ഇപ്പോൾ മുൻകൂർ ജാമ്യം അനുവദിച്ചത്.

ആലുവ സ്വദേശിയായ നടിയാണ് ബാലചന്ദ്ര മേനോനെതിരെ ബലാത്സംഗ പരാതി നൽകിയത്. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ബാലചന്ദ്ര മേനോൻ വാദിക്കുന്നത്. സംഭവം നടന്നിട്ട് 17 വർഷമായെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജ്യം പത്മശ്രീ നൽകി ആദരിച്ചയാളാണ് ബാലചന്ദ്ര മേനോനെന്നും സ്ത്രീകൾക്ക് മാത്രമല്ല പുരുഷൻമാർക്കും അന്തസ്സുണ്ടെന്നും കോടതി അറിയിച്ചു.

തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് ബാലചന്ദ്ര മേനോനെതിരെ കേസെടുത്തത്. ഷൂട്ടിംഗ് സെറ്റിൽ വെച്ച് തന്നെ അതിക്രമിച്ചു എന്നാണ് നടി പരാതിയിൽ ആരോപിച്ചത്.