Latest News (Page 28)

ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളക്ക് ഇന്ന് തുടക്കം. മഹാകുംഭമേളയ്ക്കായി വലിയ സജ്ജീകരണങ്ങളാണ് ഇക്കുറി സംസ്ഥാന സർക്കാർ ഒരുക്കിയിരിക്കുന്നത്.  45 കോടിയിലേറെ ഭക്തർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരുമാസത്തിലധികം നീളുന്ന ചടങ്ങുകൾ മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26 ന് സമാപിക്കും.

പ്രയാ​ഗ് രാജിൽ 12 കിലോമീറ്റർ നീളത്തിൽ സ്നാന ഘാട്ടുകൾ തയാറായി . കുംഭമേള നടക്കുന്ന ദിവസങ്ങളിലാകെ 3000 സ്പെഷൽ സർവീസുകളുൾപ്പടെ 13000 ട്രെയിൻ സർവീസുകൾ ഒരുക്കുമെന്ന് റെയിൽവേയും അറിയിച്ചു. കുംഭമേളയിലൂടെ 2 ലക്ഷം കോടി രൂപയുടെ സാമ്പത്തിക വളർച്ച സംസ്ഥാനത്തിന് ലഭിക്കുമെന്നാണ് യുപി സർക്കാറിന്റെ പ്രതീക്ഷ. 

പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു. രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് നിയമസഭ മന്ദിരത്തിലെത്തി സ്പീക്കർ എ എൻ ഷംസീറിന് രാജിക്കത്ത് കൈമാറി. നിലമ്പൂരിൽ സ്ഥാനാർത്ഥിയാകാനില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥിക്ക് നിരുപാധിക പിന്തുണ നൽകുമെന്നും അൻവർ പറഞ്ഞു . നിരവധി വ്യവസായ സംരംഭങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന അൻവർ കോൺഗ്രസിലൂടെയാണ് രാഷ്ട്രീയരംഗത്ത് സജീവമായത്.

hot

തിരുവനന്തപുരം: ഇന്ന് കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണ ഉള്ളതിനേക്കാൾ 2 മുതൽ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, ഇന്ന് കേരളത്തിലെ ഏഴ് ജില്ലകളിൽ നേരിയ മഴ സാധ്യതയുണ്ട്. തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട, ആലപ്പുഴ , കോട്ടയം ,ഇടുക്കി , എറണാകുളം, എന്നീ ജില്ലകളിലാണ് മഴ എത്തുന്നത്.

ദില്ലി: ദില്ലി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് തിരിച്ചടിയെന്ന് സർവെ ഫലം.കഴിഞ്ഞ തവണ പൂജ്യം സീറ്റിലേക്കൊതുങ്ങിയ കോൺഗ്രസിനാകട്ടെ ഇക്കുറി മെച്ചമുണ്ടാകുമെന്നും സർവെ പറയുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ ദില്ലിയിൽ നേട്ടമുണ്ടാക്കിയ ബി ജെ പിക്ക് 27 വർഷങ്ങൾക്കിപ്പുറം വലിയ പ്രതീക്ഷ നൽകുന്നതുമാണ് പ്രവചനം.

ബിജെപി 35 സീറ്റ് വരെ നേടിയേക്കാം കോൺഗ്രസാകട്ടെ 3 സീറ്റ് വരെ നേടാമെന്നാണ് പ്രവചനം.ദില്ലിയിലെ ജനങ്ങൾ എ എ പിക്കും കെജ്‍രിവാളിനും വോട്ട് നൽകുമെന്ന ആത്മവിശ്വാസത്തിലാണ് എ എ പി.

തിരുവനന്തപുരം: സംസ്ഥാനത്തെ 4 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊല്ലം ജില്ലയിലെ അലയമണ്‍ കുടുംബാരോഗ്യ കേന്ദ്രം , തിരുവനന്തപുരം ജില്ലയിലെ കോരണംകോട് ജനകീയ ആരോഗ്യ കേന്ദ്രം, എറണാകുളം ജില്ലയിലെ കട്ടിങ് പ്ലാന്റേഷന്‍ ജനകീയ ആരോഗ്യ കേന്ദ്രം , വയനാട് ജില്ലയിലെ വടക്കനാട് ജനകീയ ആരോഗ്യ കേന്ദ്രം എന്നീ സ്ഥാപനങ്ങളാണ് ഈ അംഗീകാരം കരസ്ഥമാക്കിയത്.

സംസ്ഥാനത്ത് ആദ്യമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിക്കുന്നത്.

രാഹുല്‍ ഈശ്വറിനെതിരെ പൊലീസില്‍ പരാതി നല്‍കി ഹണി റോസ്. ബോബി ചെമ്മണ്ണൂരിനെതിരെ താന്‍ കൊടുത്ത പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കുനേരെ തിരിക്കാനും ബോധപൂര്‍വ്വം ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ് പരാതി നല്‍കിയത്. വസ്ത്ര സ്വാതന്ത്ര്യം തന്‍റെ മൗലികാവകാശമാണെന്നിരിക്കെ രാഹുല്‍ ഈശ്വര്‍ തനിക്കെതിരെ അനാവശ്യ പ്രചരണം നടത്തിയെന്നും, സൈബർ ഇടങ്ങളിൽ ആളുകള്‍ തനിക്കെതിരെ തിരിയാൻ ഇത് കാരണമായെന്നും ഹണി റോസ് പറഞ്ഞു . താനും കുടുംബവും കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നു പോകുന്നതെന്നും സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഹണി റോസ് അറിയിച്ചു . 

കോഴിക്കോട്: മുടങ്ങിക്കിടന്നിരുന്ന വെങ്ങളം മുതൽ രാമനാട്ടുകര വരെയുള്ള 28.4 കിലോമീറ്റർ നീളുന്ന ദേശീയ പാത ബൈപ്പാസിന്റെ ദേശീയ പാതാ വികസനം പൂർത്തിയായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ ഇത് സംബന്ധിച്ച് വീഡിയോയും പങ്കുവച്ചു . മന്ത്രിയായി ചുമതലയേറ്റപ്പോൾ മുന്നിലുണ്ടായിരുന്ന പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു ഇതെന്നും മന്ത്രി ഫേസ്ബുക്കിൽക്കുറിച്ചു. ദേശീയ പാതാ വികസനത്തോടെ ജനങ്ങൾക്ക് മണിക്കൂറുകളുടെ സമയലാഭമുണ്ടാകുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു. 

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

‘2021 ല്‍ മന്ത്രിയായി ചുമതലയേറ്റപ്പോള്‍ മുന്നിലുണ്ടായിരുന്ന പ്രധാന ദൗത്യങ്ങളിലൊന്നായിരുന്നു മുടങ്ങിക്കിടന്നിരുന്ന വെങ്ങളം മുതല്‍ രാമനാട്ടുകര വരെ 28.4 കിലോമീറ്റര്‍ നീളുന്ന കോഴിക്കോട് ബൈപാസിന്റെ പൂര്‍ത്തീകരണം. നിര്‍മ്മാണ പ്രവൃത്തി അനന്തമായി നീണ്ടുപോയതോടെ നിരവധി അപകടങ്ങള്‍ സംഭവിച്ചു. ഗതാഗതക്കുരുക്ക് നിത്യസംഭവമായി.

തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ നിരവധി ചർച്ചകളും അടിയന്തിരമായ ഇടപെടലും കാരണം ആണ് ബൈപാസിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പുനരാരംഭിക്കാന്‍ സാധിച്ചത്. കര്‍ക്കശമായി എടുത്ത ഈ തീരുമാനങ്ങള്‍ക്ക് ഫലമായി ഇപ്പോള്‍ സര്‍വ്വീസ് റോഡ് ഉള്‍പ്പെടെ 8 വരി പാത നാടിനായി ഒരുങ്ങിയിരിക്കുകയാണ്.

ഇത് യാഥാർത്ഥ്യമാകുന്നതോട് കൂടി മണിക്കൂറുകളുടെ സമയലാഭം ജനങ്ങൾക്കുണ്ടാകും. ‘

ന്യൂഡല്‍ഹി: താൻ ദൈവമല്ല, മനുഷ്യനാണെന്നും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടാകാമെന്നും പോഡ്കാസ്റ്റിൽ അരങ്ങേറ്റംക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . സെറോദയുടെ സഹസ്ഥാപകന്‍ നിഖില്‍ കാമത്തുമായി നടത്തിയ പോഡ്കാസ്റ്റിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. പല വിഷയങ്ങളിലും തുറന്ന് സംസാരിച്ച തന്റെ ആദ്യ പോഡ്കാസ്റ്റാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പോഡ്കാസ്റ്റിന്റെ വീഡിയോ പുറത്തുവിടുന്നതിന് മുമ്പ് നിഖില്‍ കാമത്ത് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ പുറത്തിറക്കിയിട്ടുണ്ട് . രണ്ട് മണിക്കൂർ നീണ്ട പോഡ്‌കാസ്റ്റിൽ പ്രധാനമന്ത്രി തൻ്റെ കുട്ടിക്കാലം, വിദ്യാഭ്യാസം, രാഷ്ട്രീയ പ്രവേശനം, തിരിച്ചടികൾ തുടങ്ങി നിരവധി കാര്യങ്ങൾ പങ്കുവെയ്ക്കുന്നുണ്ട്. 

‘ഇത് തന്റെ ആദ്യ പോഡ്കാസ്റ്റാണെന്ന് പറഞ്ഞ പ്രധാനമന്ത്രി മോദി ഇത് താങ്കളുടെ പ്രേക്ഷകര്‍ എങ്ങനെ ഏറ്റെടുക്കുമെന്ന് അറിയില്ലെന്നും പറഞ്ഞു . തെറ്റുകൾ സംഭവിക്കാം, താൻ ദൈവമല്ല, മനുഷ്യനാണെന്നും പോഡ്കാസ്റ്റിന് മുമ്പ് പുറത്തുവിട്ട ട്രെയിലറിൽ മോദി പറയുന്നുണ്ട്. തനിയ്ക്ക് ​ഹിന്ദിയിൽ വൈദ​ഗ്ധ്യമില്ലെന്ന് പോഡ്‌കാസ്റ്റിൻ്റെ തുടക്കത്തിൽ തന്നെ നിഖിൽ കാമത്ത് പറഞ്ഞു. താനൊരു ദക്ഷിണേന്ത്യക്കാരനാണ്. കൂടുതലും ബെം​ഗളൂരുവിലാണ് വളർന്നത്. അതിനാൽ തന്റെ ഹിന്ദി നല്ലതല്ലെങ്കിൽ ക്ഷമിക്കണമെന്ന് നിഖിൽ കാമത്ത് പറഞ്ഞപ്പോൾ നമുക്ക് രണ്ട് പേർക്കും കൂടി ഇക്കാര്യം കൈകാര്യം ചെയ്യാമെന്നായിരുന്നു മോദിയുടെ മറുപടി. ആദ്യമായി പോഡ്കാസ്റ്റ് ചെയ്യുന്നതിനാൽ തനിയ്ക്കും കുറച്ച് പരിഭ്രാന്തി ഉണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 

കൊച്ചി: നടി ഹണി റോസിന്റെ പരാതിയിൽ കാക്കനാട് ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. കേസിന് എന്ത് അടിയന്തര പ്രാധാന്യമാണുള്ളതെന്ന് ചോദിച്ച ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഇതൊരു സാധാരണ കേസ് മാത്രമാണെന്നും ഒരു സ്പെഷ്യാലിറ്റിയും ഇല്ലെന്നും പറഞ്ഞു. മറുപടി പറയാൻ സർക്കാരിന് സമയം നൽകിയ കോടതി ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. പൊതുവിടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണ്ടേയെന്നും കോടതി ആരാഞ്ഞു. സമാന പരാമർശങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ബോബി ചെമ്മണ്ണൂർ ഉറപ്പു നൽകാമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.

തൃശ്ശൂർ: മലയാളത്തിന്റെ ഭാവ​ഗായകൻ പി ജയചന്ദ്രന് [80]അവസാന യാത്രയപ്പ് നൽകാനൊരുങ്ങി കേരളം.അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം. ജയചന്ദ്രന്റെ ഭൗതിക ദേഹം തൃശ്ശൂരിലെ സം​ഗീത നാടക അക്കാദമി ഹാളിൽ പൊതുദർശനത്തിനെത്തിച്ചു. പ്രിയ​ഗായകനെ അവസാനമായി കാണാൻ ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധി പേരാണ് ഇവിടെ എത്തിയിരിക്കുന്നത്.

ഇന്ന് രാവിലെ എട്ട് മണിയോടെ തൃശ്ശൂർ അമല ആശുപത്രിയിൽ നിന്ന് പൂങ്കുന്നത്തെ വീട്ടിലെത്തിച്ച ഭൗതികദേഹത്തിന് അന്ത്യാജ്ഞലി അർപ്പിക്കാൻ നിരവധി പേരെത്തി. നാളെ ഉച്ച കഴിഞ്ഞ് 3 മണിക്ക് എറണാകുളം പറവൂര്‍ ചേന്ദമംഗലത്തെ വീട്ടുവളപ്പിലാണ് ജയചന്ദ്രന്‍റെ സംസ്കാരം നടക്കുക. രാവിലെ മുതല്‍ പൊതുദര്‍ശമുണ്ടാകും. 

ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം നേടിയ ജയചന്ദ്രന് അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാർഡുകളും നാലു തവണ തമിഴ്നാട് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്.