Latest News (Page 27)

പ്രായമായ മാതാപിതാക്കളെ ഉപേക്ഷിച്ചു പോകുക, അവരെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുക തുടങ്ങിയ പ്രവർത്തികൾ ചെയ്യുന്നവരോട് ഒരു ദാക്ഷിണ്യവും കാട്ടേണ്ടതില്ല എന്നതാണ് സർക്കാരിന്റെ നിലപാടെന്നും മുതിർന്ന പൗരന്മാരോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട കേസുകളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം നഗരസഭ മുതിർന്ന പൗരന്മാർക്കായി സംഘടിപ്പിച്ച മധുരം ജീവിതം സീനേജർ ഫെസ്റ്റിന്റെ  സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വയോജനങ്ങളുടെ  പരിചരണത്തിനും ക്ഷേമത്തിനും ശ്രദ്ധ നൽകേണ്ടതുണ്ട്. സംസ്ഥാന സർക്കാർ ഈ കാര്യത്തിൽ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രായമാകുന്നവർ തനിച്ചായിപോകുന്നില്ല എന്നുറപ്പുവരുത്താനും ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനുമുള്ള ഇടപെടലുകൾ സംസ്ഥാന സർക്കാർ നടത്തുന്നുണ്ട്.

ആയിരത്തിയറുന്നൂറ് രൂപാ നിരക്കിൽ വാർദ്ധക്യ പെൻഷൻ ലഭ്യമാക്കിവരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും കേന്ദ്ര വിഹിതം ലഭിക്കാതിരുന്നിട്ടും 2021 ജനുവരി മുതൽ പെൻഷനർഹതയുള്ള എല്ലാവർക്കും മുഴുവൻ തുകയും സംസ്ഥാന സർക്കാർ നൽകിവരുന്നു. ഇതാണ് മുതിർന്ന പൗരരോടുള്ള കേരള സർക്കാരിന്റെ കരുതൽ.

മുതിർന്ന പൗരരുടെ വിവിധ തരം പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യുന്നതിനായി ഒട്ടേറെ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ഭാരതീയ ചികിത്സാ വകുപ്പുമായി ചേർന്ന് സംസ്ഥാനത്തെ വൃദ്ധ സദനങ്ങളിലെ താമസക്കാർ അനുഭവിക്കുന്ന  മാനസിക സമ്മർദം മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവർക്ക് സൗജന്യ ആയുർവേദ ചികിത്സയും സാന്ത്വന പരിചരണവും നൽകുന്ന വയോഅമൃതം പദ്ധതി അതിൽ ഒന്നാണ്. അതുപോലെ മുതിർന്ന പൗരരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി പോലീസ് ഡിപ്പാർട്ട്മെന്റ് മുഖേന നടപ്പിലാക്കി വരുന്ന പദ്ധതിയാണ് പ്രശാന്തി ഹെല്പ് ലൈൻ. ഇതിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ നിലവിലുണ്ട്. മെഡിക്കൽ ആവശ്യങ്ങൾക്കും മറ്റ് സഹായങ്ങൾക്കും ഈ ഹെൽപ്പ്‌ലൈൻ മുഖേന ബന്ധപ്പെടാനാകും. സംസ്ഥാനത്തെ വൃദ്ധസദനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി സെക്കന്റ് ഇന്നിങ്‌സ് ഹോം എന്ന പേരിൽ ഒരു പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. ഇത് സംസ്ഥാനത്ത് ആകെ വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. തദ്ദേശ സ്വയംഭരണ  വകുപ്പിന് കീഴിലുള്ള പകൽ പരിപാലന കേന്ദ്രങ്ങൾ നവീകരിക്കുന്നതിനായി സ്വയംപ്രഭാ ഹോം പദ്ധതി ആരംഭിച്ചു.

        മുതിർന്ന പൗരന്മാർക്ക് അടിയന്തിര സാഹചര്യങ്ങളിൽ സഹായം നൽകുന്ന പദ്ധതിയാണ് വയോരക്ഷ. ഉപേക്ഷിക്കപെട്ട നിലയിൽ കണ്ടെത്തുന്നവർക്കും സംരക്ഷിക്കാൻ ബന്ധുക്കളില്ലാത്ത നിർധനരായ വയോജനങ്ങക്കും പ്രാഥമിക ശുശ്രൂഷ, ശസ്ത്രക്രിയ, ആംബുലൻസ് സേവനം, പുനരധിവാസം തുടങ്ങിയവയ്ക്കായി പണം ചിലവഴിക്കുന്നതിനു ജില്ലാ സാമൂഹ്യനീതി ഓഫിസർമാർക്ക് അനുമതി നൽകിയിട്ടുണ്ട്. മറവി രോഗം ബാധിച്ചവരെ സംരക്ഷിക്കുന്നതിനായുള്ള പദ്ധതിയാണ് ഓർമ്മത്തോണി.

മുതിർന്ന പൗരന്മാർക്കുള്ള സേവനങ്ങൾ പരമാവധി ഐടി അധിഷ്ഠിതമാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആധുനിക സാങ്കേതികവിദ്യയുടെ ഗുണഫലങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി മികച്ച സേവനം മുതിർന്ന പൗരന്മാർക്ക് എത്തിക്കുക എന്നത് പ്രധാനമാണ്. വാതിൽപ്പടി സേവനങ്ങൾ പ്രധാനമായും മുതിർന്ന പൗരന്മാരെ ഉദ്ദേശിച്ചാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സർക്കാർ ഓഫിസുകളിൽ ചെല്ലേണ്ടതില്ലാത്ത വിധം വീട്ടുപടിക്കൽ തന്നെ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുകയാണ്.

മുതിർന്ന പൗരരുടെ ക്ഷേമത്തിനായി മാർഗ്ഗനിർദേശങ്ങളും സഹായങ്ങളും നൽകുന്നതിനും അവരുടെ കഴിവുകൾ പൊതുസമൂഹത്തിന് ഉപകാരപ്രദമാക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിനും മുതിർന്ന പൗരരുടെ സംരക്ഷണത്തിനുള്ള നിയമങ്ങളും ഉത്തരവുകളും കാര്യക്ഷമമായി നടപ്പില്ലാക്കുന്നത് സംബന്ധിച്ച പരിശോധനകൾ നടത്തുന്നതിനുമായി ഒരു വയോജന കമ്മീഷൻ രൂപീകരിക്കും. ഇതിനായുള്ള വയോജന കമ്മീഷൻ ഓർഡിനൻസ് പുറപ്പെടുവിച്ചിട്ടുണ്ട്.

സംസ്ഥാന വയോജന നയം 2013 പരിഷ്‌ക്കരിക്കുന്നതിനും മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും സംബന്ധിച്ച ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ കൊണ്ടുവരുന്നതിനും നടപടി ആരംഭിക്കും. അതോടൊപ്പം സ്റ്റേറ്റ് ആക്ഷൻ പ്ലാൻ ഫോർ ദി എൽഡേർലി തയ്യാറാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരികയാണ്. ഒപ്പം തന്നെ മുതിർന്ന പൗരന്മാരുടെ മേഖലയിൽ സമഗ്ര നിയമനിർമ്മാണം നടത്തുന്നതിനുള്ള സാധ്യതയും സർക്കാർ പരിശോധിച്ച് വരുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.

kerala governer

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ നവകേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്ന് ഗവര്‍ണര്‍ രാജന്ദ്ര ആര്‍ലേക്കര്‍ . വയനാട് പുനരധിവാസത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ടൗണ്‍ഷിപ് നിര്‍മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും നിയമസഭയില്‍ ഗവര്‍ണര്‍ പറഞ്ഞു. കൂടാതെ ദാരിദ്ര നിർമ്മാർജ്ജനത്തിനു മുൻഗണന നൽകുന്നുണ്ടെന്നും എല്ലാവര്‍ക്കും പാർപ്പിടം ഉറപ്പാക്കാൻ നടപടി പുരോഗമിക്കുകയാണെന്നും 64006 അതി ദാരിദ്രരെ കണ്ടെത്തിയെന്നും അവരുടെ പ്രശ്‌നം പരിഹരിക്കാൻ നടപടി തുടങ്ങിയെന്നും ഗവര്‍ണര്‍ പറഞ്ഞു.

ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ വൻ പുരോഗതിയാണ് കേരളം കൈവരിച്ചിട്ടുള്ളതെന്നും വികസന നേട്ടങ്ങളിൽ കേരളം മാതൃകയാണെന്നും വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യ നിര്‍മാർജനം തുടങ്ങിയവയ്ക്കാണ് മുന്‍ഗണന നൽകുന്നതെന്നും ഗവർണർ വ്യക്തമാക്കി.

കേരളത്തിൽ ഗവർണറായി ചുമതലയേറ്റ ശേഷമുള്ള അർലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗമാണ്. രാവിലെ നിയമസഭയിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ എന്‍ ഷംസീറും ചേര്‍ന്ന് സ്വീകരിച്ചു.

പാറശാലയിൽ സുഹൃത്തായ ഷാരോൺരാജിനെ കളനാശിനി കലർത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് അമ്മയെ വെറുതെ വിട്ടത്. എന്നാൽ മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മലകുമാരൻ നായർ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷാവിധി ശനിയാഴ്ചയുണ്ടാകും.

2022 ലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം. കാമുകനായ ജെ പി ഷാരോൺ രാജിനെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തിൽ കീടനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയെന്നതാണ് കേസ് . പ്രണയബന്ധത്തിൽ നിന്നു പിന്മാറാത്തതാണു കൊലപാതകത്തിനു കാരണം .

ഭക്ഷ്യ സുരക്ഷയിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രോഗത്തിന് ചികിത്സിക്കുക മാത്രമല്ല രോഗം വരാതെ നോക്കുന്നതും പ്രധാനമാണ്. ആരോഗ്യം ഉറപ്പ് വരുത്തുന്നതിൽ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. അതിന്റെ ഭാഗമായാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിനെ ശാക്തീകരിച്ചത്. ഭക്ഷണത്തിൽ മായം ചേർക്കുന്നത് ഗുരുതര കുറ്റമാണ്. അത് സമൂഹത്തോട് ചെയ്യുന്ന അപരാധമാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തിരുവനന്തപുരം ഗവ. അനലിസ്റ്റ്‌സ് ലബോറട്ടറിയിൽ സജ്ജമാക്കിയ മൈക്രോബയോളജി ലബോറട്ടറിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഭക്ഷ്യ സുരക്ഷാ വകുപ്പ് വളർച്ചയുടെ ഒരു പ്രധാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ഈ സർക്കാർ ചുമതലയേൽക്കുമ്പോൾ സംസ്ഥാനത്ത് മൈക്രോബയോളജി ലാബ് ഉണ്ടായിരുന്നില്ല. നിലവിലെ ലാബ് സംവിധാനത്തിലൂടെയാണ് ഇത്തരത്തിലുള്ള പരിശോധനകൾ നടത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് വിപുലമായ മൈക്രോബയോളജി ലാബുകൾ സജ്ജമാക്കാൻ തീരുമാനിച്ചത്. അങ്ങനെയാണ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മൈക്രോബയോളജി ലാബുകൾ സജ്ജമാക്കിയത്. എഫ്എസ്എസ്എഐയുടെ നാലര കോടി രൂപയ്ക്ക് പുറമേ സംസ്ഥാന വിഹിതവും ഉപയോഗിച്ചാണ് ലാബുകൾ സജ്ജമാക്കിയത്.

ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയിൽ തുടർച്ചയായ രണ്ട് വർഷങ്ങളിൽ ഒന്നാം സ്ഥാനം നിലനിർത്താൻ കേരളത്തിനായി. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് ഇത് സാധ്യമായത്. ഒട്ടേറെ മാനദണ്ഡങ്ങളിൽ ഒന്നാം സ്ഥാനം നിലനിർത്തിക്കൊണ്ടാണ് കേരളം ഈ നേട്ടം കൈവരിച്ചത്.

ഭക്ഷ്യസുരക്ഷാ പരിശോധനകൾ മൂന്നോ നാലോ ഇരട്ടി വർധിപ്പിക്കാൻ സാധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം റെക്കോഡ് വരുമാനമാണ് ഉണ്ടായിട്ടുള്ളത്. നാലര കോടി രൂപയാണ് പിഴയായി ഈടാക്കിയത്. ആറിരട്ടിയോളം വർധന പിഴത്തുകയിൽ ഉണ്ടായിട്ടുണ്ട്. എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കി. മുഖം നോക്കാതെ നടപടിയെടുക്കാൻ കർശന നിർദേശമാണ് നൽകിയിട്ടുള്ളത്. ഈ കാലയളവിൽ 14 ജില്ലകളിലും മൊബൈൽ പരിശോധനാ ലാബുകൾ സജ്ജമാക്കി. രാജ്യത്ത് ആദ്യമായി എഫ്എസ്എസ്എഐ എൻ.എ.ബി.എൽ. ഇന്റഗ്രേറ്റഡ് അസസ്സ്മെന്റ് പൂർത്തിയാക്കിയ സംസ്ഥാനം കേരളമാണ്. 2021ൽ 75 പരാമീറ്ററുകൾക്കാണ് അംഗീകാരം ലഭിച്ചതെങ്കിൽ ഘട്ടംഘട്ടമായി ഉയർത്തി ഇപ്പോൾ 1468 പരാമീറ്ററുകൾക്ക് എൻ.എ.ബി.എൽ. അക്രഡിറ്റേഷൻ നേടിയെടുക്കാനായി.

കേരള നിയമസഭയുടെ പതിമൂന്നാം നിയമസഭ സമ്മേളനം  ജനുവരി 17  മുതൽ മാർച്ച് 28 വരെ നടക്കും. ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന  സമ്മേളനത്തിൽ 2025 – 26 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിക്കും . സഭയിൽ ചർച്ച ചെയ്ത് ബജറ്റ് പാസ്സാക്കുകയും ചെയ്യും. ജനുവരി 17 മുതൽ മാർച്ച് 28 വരെയുള്ള കാലയളവിൽ ആകെ 27 ദിവസമായിരിക്കും സഭ ചേരുക .ഫെബ്രുവരി 7 വെള്ളിയാഴ്ച 2025 – 26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരണവും ഫെബ്രുവരി 10, 11, 12 തീയതികളിൽ ബജറ്റിന്മേലുള്ള പൊതു ചർച്ചയും നടക്കും.

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ അനധികൃതമായി ജോലിക്കു ഹാജരാകാത്ത 1194 ഡോക്ടർമാർ ഉൾപ്പെടെ രണ്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികൾ ആരംഭിച്ചു. ഡോക്ടർമാരും ജീവനക്കാരും കുറവാണെന്ന് കണ്ടെത്തിയതോടെ താഴെത്തട്ടിൽ നിന്നും കണക്കെടുക്കുവാൻ കഴിഞ്ഞ മേയിൽ ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശിച്ചിരുന്നു. വിശദാംശങ്ങൾ നൽകിയില്ലെങ്കിൽ ആശുപത്രി സൂപ്രണ്ടുമാർക്കെതിരേയും നടപടി ഉണ്ടാകുമെന്ന താക്കീതോടെയാണ് കണക്കുകൾ പുറത്തെത്തിയത്.

ഈ വർഷത്തെ ഹജ്ജ് കരാറിൽ ഒപ്പ് വെച്ച് ഇന്ത്യയും സൗദി അറേബ്യയും. സൗദി ഹജ്ജ്, ഉംറ കാര്യ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബിയ, ഇന്ത്യൻ പാർലിമെന്ററി ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു എന്നിവരാണ് ജിദ്ദയിൽ നടന്ന ചങ്ങിൽ കരാറിൽ ഒപ്പുവെച്ചത്. ഈ വർഷവും 1,75,025 തീർ‌ത്ഥാടകരാകും ഉണ്ടാകുക .

10,000 അധിക ക്വാട്ട ഇന്ത്യ ആവശ്യപ്പെടുമെന്നു റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും നേരത്തെയുള്ള ക്വാട്ടയിൽ മാറ്റമുണ്ടായിട്ടില്ല. സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഖാൻ, ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാന്‍ സൂരി, ഹജ്ജ് കോൺസുൽ അബ്ദുൽ ജലീൽ, ഇരു രാജ്യങ്ങളിൽ നിന്നുമുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഹജ്ജ് കരാർ ഒപ്പ് വെക്കൽ ചടങ്ങിൽ സംബന്ധിച്ചു.

താരസംഘടനയായ അമ്മയിലെ ട്രഷറര്‍ സ്ഥാനം രാജിവച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. സിനിമകളിലെ വര്‍ധിച്ചുവരുന്ന തിരക്കുകള്‍ക്കൊപ്പം ട്രഷറര്‍ സ്ഥാനചുമതലകള്‍ കൊണ്ടുപോവുക പ്രയാസകരമാണെന്ന് മനസിലാക്കിയതുകൊണ്ടാണ് രാജി തീരുമാനമെന്ന് ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. പ്രൊഫഷണല്‍ ജീവിതത്തിന്‍റെ സമ്മര്‍ദ്ദങ്ങള്‍ക്കിടെ സംഘടനയിലെ ഉത്തരവാദിത്തം കൂടി നിറവേറ്റുക പ്രയാസകരമാണെന്നും, ഭാരവാഹിത്വത്തിലെ കാലയളവില്‍ എനിക്ക് ലഭിച്ച പിന്തുണയ്ക്കും വിശ്വാസത്തിനും ഞാന്‍ ഏറെ നന്ദിയുള്ളവനാണെന്നും ,ഹൃദയഭാരത്തോടെയാണ് ഞാന്‍ രാജിക്കത്ത് നല്‍കിയതെന്നും , മറ്റൊരാള്‍ വരുന്നതുവരെ ട്രഷറര്‍ സ്ഥാനത്ത് തുടരുമെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു .

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി പട്ടിക തയ്യാറാക്കുമെന്നും , മരിച്ചവർക്കുള്ള ധനസഹായത്തിനായി രണ്ട് സമിതികൾ രൂപീകരിക്കുകയും ചെയ്തുവെന്നും സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു . കാണാതായവരുടെ കുടുംബത്തിനും സഹായം വേണം എന്നത് ദുരിത ബാധിതരുടെ പ്രധാന ആവശ്യമായിരുന്നു. 

ജമ്മു കശ്മീരിലെ സോനാമാര്‍ഗ് തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു. 2700 കോടി ചെലവിൽ 12 കിലോമീറ്ററിൽ സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 8650 അടി ഉയരത്തിലാണ് ഈ തുരങ്കപാത സ്ഥിതി ചെയ്യുന്നത്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി, ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

പ്രശസ്തമായ ഗുല്‍മാര്‍ഗ് സ്‌കീയിംഗ് റിസോര്‍ട്ട് പട്ടണത്തിന് സമാനമായി സോനാമാര്‍ഗിനെ ഒരു ശൈത്യകാല കായിക വിനോദകേന്ദ്രമായി വികസിപ്പിക്കാന്‍ ഈ തുരങ്കപാത സഹായിക്കുമെന്നും പട്ടണം ഒരു മികച്ച സ്‌കീയിംഗ് റിസോര്‍ട്ടായി വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. ഒപ്പം ശ്രീനഗറില്‍ നിന്ന് കാര്‍ഗില്‍ അല്ലെങ്കില്‍ ലേയിലേക്കുള്ള യാത്രാ സമയവും കുറഞ്ഞുകിട്ടും,മെച്ചപ്പെട്ട കണക്ടിവിറ്റിയിലൂടെ ഈ പ്രദേശത്തേക്ക് ചരക്കുകളും ഉദ്യോഗസ്ഥരെയും എളുപ്പത്തില്‍ എത്തിക്കാമെന്നതിനാല്‍ പ്രതിരോധ മേഖലയ്ക്കും ഇത് ഗുണം ചെയ്യും. മണ്ണിടിച്ചിലിനും ഹിമപാതത്തിനും സാധ്യതയുള്ള പാതകള്‍ ഒഴിവാക്കാനും തന്ത്രപ്രധാനമായ ലഡാക്ക് മേഖലയിലേക്ക് സുരക്ഷിതവും തടസ്സമില്ലാത്തതുമായ പ്രവേശനം ഉറപ്പാക്കാനും തുരങ്കപാത സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.