Latest News (Page 29)

കോട്ടയം സർക്കാർ മെഡിക്കൽ കോളേജിൽ സ്‌കിൻ ബാങ്ക്, ഇലക്ട്രിക് ഡെർമറ്റോം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ ഈ വർഷം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതോടെ കോട്ടയം മെഡിക്കൽ കോളേജിലെ ബേൺസ് യൂണിറ്റ് ലോകോത്തര നിലവാരത്തിലേക്ക് ഉയരും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്‌കിൻ ബാങ്ക് അന്തിമഘട്ടത്തിലാണ്. ഇതിന് പുറമേയാണ് വിവിധ ഫണ്ടുകൾ ഉപയോഗിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ സ്‌കിൻ ബാങ്ക് ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളൊരുക്കുന്നത്. അപകടങ്ങളാലും പൊള്ളലേറ്റും ത്വക്കിന് കേടുപാട് സംഭവിച്ചവർക്ക് ത്വക്ക് വച്ച് പിടിപ്പിച്ചാൽ അണുബാധയുണ്ടാകാതെ ഒരുപാട് പേരുടെ ജീവൻ രക്ഷിക്കാനാകും. കൂടാതെ രോഗികളെ വൈരൂപ്യത്തിൽ നിന്നും രക്ഷിക്കാനുമാകും. ഈയൊരു ലക്ഷ്യം മുൻനിർത്തിയാണ് സ്‌കിൻ ബാങ്കുകൾ ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്ക് ശേഖരിച്ച് പ്രിസർവ് ചെയ്ത് ആവശ്യമുള്ള രോഗികൾക്ക് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വച്ചുപിടിപ്പിക്കുകയാണ് സ്‌കിൻ ബാങ്കിലൂടെ ചെയ്യുന്നത്. കൃത്യമായ വീതിയിലും ഘനത്തിലും ശരീരത്തിന്റെ പരുക്കേൽക്കാത്ത ഭാഗങ്ങളിൽ നിന്നും ചർമ്മ ഗ്രാഫ്റ്റുകളെടുക്കാൻ ഉപയോഗിക്കുന്ന അത്യാധുനിക ശസ്ത്രക്രിയാ ഉപകരണമാണ് ഇലക്ട്രിക് ഡെർമറ്റോം. ഗുരുതര പൊള്ളലോ ആഘാതമോ മൂലം കേടായ ചർമ്മം പുന:നിർമ്മിക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്.

2022 ലാണ് കോട്ടയം മെഡിക്കൽ കോളേജിൽ ബേൺസ് യൂണീറ്റ് സാക്ഷാത്ക്കരിച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 578 രോഗികളാണ് ഈ വിഭാഗത്തിൽ ചികിത്സ നേടിയത്. 262 സങ്കീർണ ശസ്ത്രക്രിയകളാണ് നടത്തിയത്. ഏർളി ആന്റ് അൾട്രാ ഏർളി എക്‌സിഷൻ ആന്റ് ഗ്രാഫ്റ്റിംഗ്, എസ്ചാറോട്ടമി (Early and ultra early excision and grafting, scharotomy) മുതലായ സർജറികൾ ഇവിടെ നടത്തി വരുന്നു.

പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ കീഴിലാണ് ബേൺസ് യൂണിറ്റ് പ്രവർത്തിക്കുന്നത്. ആധുനിക സംവിധാനങ്ങളോടെ 8 കിടക്കകളും, 4 ഐസിയു കിടക്കകളും, ഓപ്പറേഷൻ തീയറ്ററുകളും ഈ വിഭാഗത്തിലുണ്ട്. ബേൺസ് ചികിത്സയിൽ പ്രത്യേക പരിശീലനവും പ്രാവീണ്യവുമുള്ള അതിനായി മാത്രം പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് സർജനാണ് ഇതിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. അനസ്‌തേഷ്യോളജിസ്റ്റ്, ഫിസിയോതെറാപ്പി വിഭാഗം, നഴ്‌സസ് മുതലായവരുടെ കൂട്ടായ്മയിലൂടെ രോഗികൾക്ക് വേദനയില്ലാതെയും, പൊള്ളലേറ്റവർക്ക് ദീർഘകാലം ഉണ്ടായേക്കാവുന്ന വൈരൂപ്യം ഇല്ലാതെയുമുള്ള അത്യാധുനിക ചികിത്സയാണ് ഇവിടെ ലഭ്യമാക്കുന്നത്.

ഗുരുതരമായി പൊള്ളലേറ്റവരുടെ മരണസംഖ്യ ആഗോള തലത്തിൽ തന്നെ വലുതാണ്. അതേസമയം അനേകം രോഗികളെ രക്ഷിച്ചെടുക്കാൻ ഇവിടത്തെ ബേൺസ് യൂണിറ്റിനായി. വളരെ സങ്കീർണവും ഗുരുതരവുമായി പൊള്ളലേറ്റ രോഗികളെ ചികിൽസിക്കുന്ന ഈ യൂണിറ്റിൽ 2024ലെ മരണ നിരക്ക് 26 ശതമാനം മാത്രമാണെന്നുള്ളത് ഈ വിഭാഗത്തിലെ ചികിത്സയുടെ ഗുണമേന്മയാണ് കാണിക്കുന്നത്. 40 ശതമാനം വരെയുള്ള ആഴത്തിലുള്ള പൊള്ളലുകളും 70 ശതമാനം വരെയുള്ള ആഴം കുറഞ്ഞ പൊള്ളലുകളുമുള്ള (superficial burns) നിരവധി രോഗികൾ വൈരൂപ്യമില്ലാതെ ഭേദമായി ഇവിടെ നിന്നും വീട്ടിൽ പോകുന്നു എന്നുള്ളതും അഭിമാനിക്കാവുന്ന നേട്ടമാണ്.

പാലക്കാട്: വാളയാർ കേസിൽ നിർണായക നീക്കവുമായി സിബിഐ. വാളയാർ കേസിൽ പെണ്‍കുട്ടികളുടെ അച്ഛനേയും അമ്മയേയും പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിച്ച് സിബിഐ. 2017 ജനുവരി 13, മാർച്ച് 4 എന്നീ തീയതികളിലാണ് വാളയാറിലെ പതിമൂന്നും ഒമ്പതും വയസ്സുള്ള സഹോദരിമാരെ ഒറ്റ മുറി ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കൊച്ചി സിബിഐ മൂന്നാം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ആറ് കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രേരണ കുറ്റം ചുമത്തിയ കുറ്റപത്രത്തിൽ കുട്ടികളുടെ അച്ഛനും അമ്മയും പ്രതികളാണ്. കുട്ടികൾ ബലാത്സംഗത്തിന് ഇരയായ വിവരം മുൻകൂട്ടി അറിഞ്ഞിട്ടും മാതാപിതാക്കൾ പൊലീസിനെ അറിയിച്ചില്ല. ഇക്കാരണത്താലാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പ്രതികളാക്കിയത്. പോക്സോ വകുപ്പുകളും ഐപിസി വകുപ്പുകളും മാതാപിതാക്കൾക്കെതിരെ ചുമത്തിയിട്ടുണ്ട്. 

പെൺകുട്ടികളുടെ മരണം ആത്മഹത്യ എന്നായിരുന്നു ആദ്യം സിബിഐയുടെ കണ്ടെത്തൽ. ഇതിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു . ഈ കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് ഹൈക്കോടതി നിർദേശിച്ചിരുന്നു.

സംസ്ഥാനം ഇക്കൊല്ലം അതിദാരിദ്ര്യ മുക്തമാകുമെന്നും അതിനുള്ള പ്രവർത്തനങ്ങളും പദ്ധതികളും എല്ലാ ജില്ലകളിലും കാര്യക്ഷമമായി നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൈക്കാട് അതിഥി മന്ദിരത്തിൽ രണ്ട് ദിവസമായി ചേരുന്ന ജില്ലാ കളക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നവംബർ മാസത്തോടെ കേരളം അതിദരിദ്ര്യ കുടുംബങ്ങൾ ഇല്ലാത്ത സംസ്ഥാനമാകും. ഇതിനായി സമഗ്രവും, ശാസ്ത്രീയവും പ്രായോഗികവുമായ പരിപാടികൾ നടപ്പാക്കി വരികയാണ്. അത് ഊർജിതമാക്കണം. ഓരോ പഞ്ചായത്തിനും ബ്ലോക്കിനും മണ്ഡലങ്ങൾക്കും അതിദരിദ്രരില്ലാത്ത കുടുംബങ്ങളെ പ്രഖ്യാപിക്കാവുന്നതാണ്.

വീട് നിർമ്മിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിന് മനസോടിത്തിരി മണ്ണ് പദ്ധതി വിവിധ ജില്ലകളിൽ കാര്യക്ഷമമാക്കണം. സർക്കാരിന്റെ വിവിധ ക്യാമ്പയിനുകൾ മികച്ച രീതിയിൽ നടക്കുന്നുണ്ട്. ഇവ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ജില്ലകളിൽ കൃത്യമായ സംവിധാനമുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിൽ സംസ്ഥാനം നല്ല പുരോഗതി നേടിയിട്ടുണ്ട്. ഇത് പൂർണ്ണതയിലെത്തിക്കാൻ ജില്ലാ കളക്ടർമാർ നേതൃപരമായ പങ്ക് വഹിക്കണം. ജനുവരിയിൽ തുടങ്ങിയ വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിനിന് ജനപങ്കാളിത്തം ഉറപ്പാക്കണം.

സംസ്ഥാനത്ത് ഹരിത അയൽക്കൂട്ടം 55 ശതമാനവും ഹരിത വിദ്യാലയം 51 ശതമാനവുമായി കൂടിയിട്ടുണ്ട്. ഹരിത ഓഫീസുകൾ, ഹരിത ടൗണുകൾ തുടങ്ങിയ ആശയങ്ങൾ പ്രവർത്തികമാക്കി ജില്ലകളെ പ്രകൃതിസൗഹൃദമാക്കണം. മാലിന്യമുക്ത പരിപാടികളിൽ സ്‌കൂളുകളെ കൂടുതലായി ഉൾപ്പെടുത്തി ബോധവൽക്കരണം നടപ്പിലാക്കണം.

വികേന്ദ്രീകൃത എസ് ടി പികൾ എല്ലാ സ്ഥലത്തും വരണം. ആദ്യം അതിന്റെ ബോധവൽക്കരണം നടത്തണം. ബ്ലോക്ക് തലത്തിലെങ്കിലും ഒരു കേന്ദ്രം കണ്ടെത്തണം. പ്രാദേശികമായി പറ്റാവുന്നത്ര ഇത് പ്രാവർത്തികമാക്കണമെന്നും എല്ലാ ജില്ലകളിലും അത്തരം സ്ഥലങ്ങൾ കലക്ടർമാർ കണ്ടെത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലഹരി വിരുദ്ധ പ്രവർത്തനങ്ങളും ബോധവൽക്കരണവും വ്യാപകമാക്കണം. ലഹരിയുടെ ആപത്തുകൾ കൂടിവരുന്നുണ്ട്. ചില കുടുംബങ്ങളിൽ അനുഭവിക്കുന്ന പ്രയാസം വളരെ വലുതാണ്. അവർ അത് പുറത്ത് പറയുന്നില്ലെന്ന് മാത്രം. എക്‌സൈസ്, പോലിസ് തുടങ്ങിയ വകുപ്പുകൾ ലഹരിക്കെതിരെ പ്രവർത്തനസജ്ജരാണ്. എന്നാലും ലഹരി മാഫിയകൾക്കെതിരെ വിവിധ തലത്തിൽ വിദ്യാർത്ഥികളെ ഉപയോഗിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

സാന്ത്വന പരിചരണ രംഗത്ത് നല്ല ശ്രദ്ധ പുലർത്തണം. അവശതയുള്ളവർക്കായി ജില്ലകളിൽ പ്രത്യേക പദ്ധതികളും സന്നദ്ധ സേവകരുടെ പ്രവർത്തനങ്ങളും കൂടുതൽ ഉറപ്പാക്കണം. വിവിധ സന്നദ്ധ സംഘടനകൾക്ക് തദ്ദേശസ്വയംഭരണ തലത്തിൽ രജിസ്‌ട്രേഷൻ നടപ്പിലാക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. ഗ്രാമീണ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണം.

സംസ്ഥാനത്ത് ക്രമസമാധാന നില ഭദ്രമാണ്. എന്നാൽ ശാന്തമായ നില തകർക്കാൻ ശ്രമിക്കുന്ന ചില ശക്തികൾ ഉണ്ട്. വർഗീയ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചു മുന്നോട്ട് പോകും. വർഗീയ അസ്വാസ്ഥ്യങ്ങൾ ഇല്ലാത്ത നാടാണ് നമ്മുടേത് എന്ന് നമുക്ക് പേരുണ്ട്. അത് വർഗീയ സംഘടനകൾ ഇല്ലാത്തതുകൊണ്ടല്ല. മറ്റിടങ്ങളിൽ കിട്ടുന്ന പരിലാളന അവർക്ക് ഇവിടെ കിട്ടാത്തതുകൊണ്ടാണ്. തുടർന്നും അത് കിട്ടില്ലെന്ന് ഉറപ്പു വരുത്തണം. ജില്ലാ പോലീസ് സൂപ്രണ്ടും കലക്ടറും ഉൾപ്പെട്ട സമിതി കൃത്യമായ ഇടവേളകളിൽ യോഗം ചേർന്ന് ക്രമസമാധാനനില വിലയിരുത്തി നടപടി എടുക്കണം.

സുതാര്യതയ്ക്ക് വലിയ പ്രാധാന്യം സർക്കാർ നൽകുന്നുണ്ടെന്നും അഴിമതി തടയാൻ ശക്തമായ നടപടി കൈക്കൊളളണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കപ്പടിച്ച് തൃശൂർ. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഒരു പോയിന്റിന് പാലക്കാടിനെ മറികടന്നാണ് കാൽ നൂറ്റാണ്ടിന് ശേഷം തൃശൂർ ചാമ്പ്യന്മാരായത്. സമാപനസമ്മേളനത്തിൽ വിദ്യാർത്ഥികൾക്ക് ആവേശമായി ആസിഫ് അലിയും ടൊവിനോ തോമസും അതിഥികളായെത്തി.1008 പോയിൻറുമായി തൃശൂർ ചാമ്പ്യന്മാരായത്. 1007 പോയിന്റുമായി പാലക്കാട് തൊട്ടുപിന്നിലും 1003 പോയിന്റോടെ കണ്ണൂർ മൂന്നാമതും എത്തി.171 പോയിൻറുമായി ആലത്തൂർ ഗൂരുകുലം എച്ച് എസ്എസ് ചാമ്പ്യൻ സ്കൂളായി. 116 പോയിൻറ് നേടിയ വഴുതക്കാട് കാർമൽ സ്കൂളിന് രണ്ടാം സ്ഥാനം നേടാനായി

Tirumala

തിരുമല തിരുപ്പതി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആറുപേർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരിൽ നാല് പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ സമീപത്തെ റൂയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുണ്ഠ ഏകാദശി കൂപ്പൺ വിതരണത്തിനിടയാണ് തിക്കും തിരക്കും ഉണ്ടായത്.

മരിച്ച ആറ് പേരിൽ അഞ്ച് പേര്‍ സ്ത്രീകളാണ്. തമിഴ്നാട് സേലം സ്വദേശിനി മല്ലിക (49), കർണാടക ബെല്ലാരി സ്വദേശിനി നിർമല (50), ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശികളായ ലാവണ്യ (40), രജനി (47), ശാന്തി (34), ആന്ധ്രാപ്രദേശിലെ നരസിപ്പട്ടണം സ്വദേശി നായിഡു ബാബു (51) എന്നിവരാണ് മരിച്ചത്.

കൂപ്പൺ വിതരണ കൗണ്ടറിന് മുന്നിലേക്ക് ആളുകൾ ഉന്തി തള്ളി കയറുകയായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ അപകടം ഉണ്ടാവുകയായിരുന്നു. തിരക്കിൽപ്പെട്ട് ആളുകൾ പരിഭ്രാന്തരായി സ്ഥലത്ത് നിന്ന് ഓടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. കൂപ്പൺ വിതരണ കൗണ്ടർ തുറക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്നാളുകൾ തള്ളി കയറിയതാണ് അപകടകാരണമായത്.

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 5നാണ് വോട്ടെടുപ്പ്. ഫെബ്രുവരി 8നാണ് വോട്ടെണ്ണല്‍. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ്കുമാറാണ് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.

ഡല്‍ഹിയിലെ 70 നിയമസഭ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക.ഒറ്റ ഘട്ടമായാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജനുവരി 17 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ജനുവരി 18ന് സൂക്ഷ്മപരിശോധന. ജനുവരി 20 ആണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി.

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം ഉത്തര്‍പ്രദേശിലെ മില്‍ക്കിപൂര്‍, തമിഴ്‌നാട്ടിലെ ഈറോഡ് ഈസ്റ്റ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കും. 2020ല്‍ 70ല്‍ 62 സീറ്റുകള്‍ നേടിയാണ് ആംആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ ഭരണത്തിലെത്തിയത്. ബിജെപിയ്ക്ക് എട്ടുസീറ്റുകള്‍ ലഭിച്ചു.

കേരളത്തിലെ യുവാക്കളിൽ 70 ശതമാനം പേർ വോട്ടർ പട്ടികയിലില്ലെന്നും കേരളത്തിലെ ചെറുപ്പക്കാർക്ക് വോട്ടുചെയ്യാൻ താല്പര്യപ്പെടുന്നില്ലെന്നും പഠനം .18നും 19നും ഇടയിൽ പ്രായമുള്ള യുവ വോട്ടർമാരിൽ 2.96 ലക്ഷം പേർ മാത്രമാണ് വോട്ടർ പട്ടികയിൽ ഉള്ളത്. ഇതേ പ്രായത്തിലുള്ള 9.98 ലക്ഷം യുവാക്കൾ സംസ്ഥാനത്തുണ്ടെന്നാണ് ഏകദേശ കണക്കെങ്കിലും ഭൂരിഭാഗം പേരും പട്ടികയിൽ പേര് ചേർത്തിട്ടില്ല. പട്ടികയിൽ ഉൾപ്പെട്ടവരിൽ തന്നെ പലരും വോട്ടെടുപ്പ് പ്രക്രിയയുടെ ഭാഗമാകുന്നില്ലെന്നുമാണ് പഠനങ്ങളിലൂടെ വ്യക്തമാകുന്നതെന്ന് അധികൃതർ പറഞ്ഞു. ഉപരി പഠനത്തിനും മറ്റും വിദേശത്തേക്ക് പോകുന്നവരുടെ എണ്ണം വർധിച്ചതാണ് ഇതിന് കാരണമെന്നാണ് നി​ഗമനം. മറ്റു കാരണങ്ങൾ എന്താണെന്നു പഠിക്കാൻ ഏജൻസിയെ നിയോഗിക്കുമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ ഖേൽക്കർ പറഞ്ഞു.

കൊച്ചി: സ്ത്രീയുടെ ശരീരഘടനയെക്കുറിച്ച് നടത്തുന്ന പരാമർശങ്ങൾ ലൈം​ഗിക അതിക്രമത്തിന്റെ പരിതിയിൽ വരുമെന്ന് ഹൈക്കോടതി. സഹപ്രവർത്തകയ്ക്ക് നല്ല ശരീരഘടനയെന്ന പറയുകയും തുടർന്ന് അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ മൊബൈലിൽ അയക്കുകയും ചെയ്തുവെന്ന പരാതിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ലൈംഗികാതിക്രമക്കേസ് റദ്ദാക്കാൻ കെഎസ്ഇബി മുൻജീവനക്കാരൻ പുത്തൻവേലിക്കര സ്വദേശി ആർ രാമചന്ദ്രൻ നായർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്. സഹപ്രവർത്തകയ്ക്ക് നല്ല ശരീരഘടനയാണെന്ന് പറയുകയും അശ്ലീലച്ചുവയുള്ള പരാമർശം നടത്തുകയും മൊബൈലിൽ അശ്ലീല സന്ദേശം അയക്കുകയും ചെയ്തു എന്നാണ് ഇയാൾക്കെതിരായ പരാതി.കെഎസ്ഇബി വിജിലൻസ് ഓഫീസർക്ക് പരാതി നൽകിയിട്ടും പെരുമാറ്റത്തിൽ മാറ്റമില്ലാതെ വന്നതിനെ തുടർന്നാണ് പൊലീസിനെ സമീപിച്ചത് .


നടി ഹണി റോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബോബി ചെമ്മണൂർ കസ്റ്റഡിൽ. വയനാട്ടിലെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. മുൻകൂർജാമ്യ ഹർജി നൽകാനുള്ള നീക്കത്തിനു പിന്നാലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 

പരാതി നൽകിയതിന് പിന്നാലെ വയനാട്ടിലേക്കുള്ള റിസോർട്ടിലേക്ക് ഇയാൾ മാറിയെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് കൊച്ചി പൊലീസ് വയനാട് പൊലീസിന് വിവരം കൈമാറുകയായിരുന്നു. കൊച്ചിയിൽ നിന്നെത്തിയ പൊലീസ് സം​ഘവും എത്തിയാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. ബോബിയെ കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്ന് വയനാട് എസ്പി പറഞ്ഞു.

മലപ്പുറം: യുഡിഎഫ് മുന്നണി പ്രവേശനം സാധ്യമാക്കാനുള്ള നീക്കവുമായി പിവി അൻവർ എംഎൽഎ .പാണക്കാടെത്തി മുസ്ലിം ലീ​ഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി . നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമണക്കേസിൽ അറസ്റ്റിലായി ജയിൽ മോചിതനായ ശേഷമാണ് അൻവറിൻ്റെ സന്ദർശനം. അൻവറിനെ കണ്ടുവെന്നും മറ്റു കാര്യങ്ങൾ യുഡിഎഫ് ചർച്ച ചെയ്തു തീരുമാനിക്കുമെന്നും സാദിഖലി തങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചു. ഉച്ചക്ക് 12മണിയോടെയാണ് അൻവർ പാണക്കാടെത്തിയത്. യുഡിഎഫ് മുന്നണി പ്രവേശനം സാധ്യമാക്കാനുള്ള നീക്കം ശക്തമാക്കി മുന്നോട്ട് പോവുകയാണ് പിവി അൻവർ എംഎൽഎ പറഞ്ഞു . പാണക്കാടെത്തുന്നതിന് മുമ്പ് പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി അൻവർ ഫോണിൽ സംസാരിച്ചിരുന്നു. സതീശൻ അടക്കം എല്ലാ യുഡിഎഫ് നേതാക്കളെയും കാണുമെന്ന് അൻവർ പറഞ്ഞു .