ജമ്മു-കശ്മീരിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘനം; ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു
ജമ്മു: ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖയിൽ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ പാകിസ്താൻ സൈന്യം ബുധനാഴ്ച പ്രകോപനമില്ലാതെ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് പ്രകാരം, ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ പാകിസ്താന്റെ നീക്കം പരാജയപ്പെട്ടു.
അഖ്നൂർ സെക്ടറിൽ നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരർ നടത്തിയ സ്‌ഫോടനത്തിൽ ഒരു ക്യാപ്റ്റൻ ഉൾപ്പെടെ രണ്ട് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച സംഭവത്തിന് പിന്നാലെയാണ് കൃഷ്ണഘാട്ടി സെക്ടറിൽ പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചത്. 2021 ഫെബ്രുവരി 25ന് ഇന്ത്യയും പാകിസ്താനും വെടിനിർത്തൽ കരാർ പുതുക്കിയതിന് ശേഷം നിയന്ത്രണരേഖയിലെ ഇത്തരം സംഭവങ്ങൾ അപൂർവമാണെങ്കിലും, പാകിസ്താന്റെ ഈ നീക്കം വെടിനിർത്തൽ കരാറിന്റെ ഉറപ്പിന്മേൽ ഭീഷണി ഉയർത്തുന്നതായി സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നു.