National (Page 32)

ന്യൂഡൽഹി: ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങൾ തള്ളി സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ച്. ഹിൻഡൻബർഗിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന്റെ പ്രതികാരമെന്ന് മാധബി ബുച്ച് പറഞ്ഞു. ഹിൻഡൻബർഗ് സ്വഭാവഹത്യ നടത്തുകയാണ്. എല്ലാ നിക്ഷേപങ്ങളും സെബിയെ അറിയിച്ചതാണെന്നും മാധബി പുരി ബുച്ച് പറഞ്ഞു.

ഏത് ഏജൻസിക്കും രേഖകൾ നൽകാൻ തയ്യാറാണെന്നും മാധബി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് സെബി ചെയർപേഴ്‌സണെതിരെ പുതിയ വെളിപ്പെടുത്തലുമായി ഹിൻഡൻ ബർഗ് രംഗത്തെത്തിയത്. സെബി ചെയർപേഴ്‌സൺ മാധബി ബുച്ചിനും, ഭർത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ നിഴൽ കമ്പനികളിൽ നിക്ഷേപം ഉണ്ടായിരുന്നുവെന്നാണ് ഹിൻഡൻ ബർഗ് കണ്ടെത്തൽ.

അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ ഈ ബന്ധമെന്നും ഹിൻഡൻ ബർഗ് റിപ്പോർട്ടിലുണ്ട്. അദാനിക്കെതിരെ മുൻപ് ഹിൻഡൻ ബർഗ് നടത്തിയ വെളിപ്പെടുത്തൽ രാജ്യത്ത് വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നാണ് ഹിൻഡൻബർഗ് നേരത്തെ പുറത്ത് വിട്ട റിപ്പോർട്ട്. 2023 ജനുവരി 24നായിരുന്നു അദാനി ഗ്രൂപ്പിനെതിരെ വൻ വെളിപ്പെടുത്തലുകളുമായി ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നത്.

ബംഗളൂരു: തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകർന്നു. കർണാടക കൊപ്പൽ ജില്ലയിലാണ് തുംഗഭദ്ര ഡാമം സ്ഥിതി ചെയ്യുന്നത്. ഡാമിന്റെ 19-ാമത് ഗേറ്റാണ് പൊട്ടിയത്. ഡാമിൽ നിന്ന് വൻ തോതിൽ വെള്ളം ഒഴുകുകയാണ്. രാത്രി 12 മണിയോടെ ആണ് ഗേറ്റ് പൊട്ടി വീണത്. 35000 ക്യുസക്‌സ് വെള്ളം ഒഴുകിപ്പോയി. ഭീഷണി ഒഴിവാക്കാനായി ഡാമിന്റെ 33 ഗേറ്റുകളും തുറന്നു വെള്ളം പുറത്ത് വിട്ടുകൊണ്ടിരിക്കുകയാണ്.

ഡാമിൽ നിന്ന് 60 ടി എം സി അടി വെള്ളം അടിയന്തരമായി ഒഴുക്കി കളയാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കൊപ്പൽ, വിജയനഗര, ബെല്ലാരി, റായിച്ചൂർ ജില്ലകളിൽ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കർണാടക, ആന്ധ്രാ തെലങ്കാന സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങൾ ആശ്രയിക്കുന്ന പ്രധാന ജല സംഭരണിയാണ് തുറന്നു വിട്ടിരിക്കുന്നത്.

ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ പുതിയ ഹർജി. ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണം ആവശ്യപ്പെട്ട് അഭിഭാഷകൻ മാത്യു നെടുംമ്പാറ ആണ് ഹർജി നൽകിയത്. 2006, 2014 വർഷങ്ങളിലെ വിധി റദ്ദാക്കണമെന്ന ആവശ്യവും ഹർജി മുന്നോട്ടു വെയ്ക്കുന്നുണ്ട്.

കേരളത്തിന് ഡാമിൽ അവകാശമുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മുൻക്കാല വിധികൾ നിയമപരമായി തെറ്റാണെന്നും വയനാട് ദുരന്തം കണക്കിലെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നു.

അതേസമയം, കഴിഞ്ഞ ദിവസം മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. പൊതുമരാമത്ത് മധുര റീജ്യണൽ ചീഫ് എൻജിനീയർ എസ് രമേശിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കേരളത്തിൽ മഴ ശക്തി പ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അണക്കെട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ പരിശോധിക്കുന്നതിനും തമിഴ്നാട്ടിലെ ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകുന്നതിനും വേണ്ടിയാണ് സന്ദർശനം നടത്തിയത്.

നടൻ നാഗചൈതന്യയും നടി ശോഭിത ധുലിപാലയും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം നടന്നു. വ്യാഴാഴ്ച രാവിലെ 9.42ന് ഹൈദരാബാദിൽ വച്ചാണ് വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്. നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാർജുനയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. അനശ്വര പ്രണയത്തിന്റെ തുടക്കമെന്ന അടിക്കുറിപ്പോടെയാണ് നാഗാർജുന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ശോഭിതയെ തങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി. ദുൽഖർ സൽമാൻ നായകനായെത്തിയ ചിത്രം കുറിപ്പിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ശോഭിത. നാഗചൈതന്യയും ശോഭിതയും പ്രണയത്തിലാണെന്ന തരത്തിൽ നേരത്തെ വാർത്തകൾ പുറത്തു വന്നിരുന്നു.

ലണ്ടനിലെ റെസ്റ്റോറന്റിൽ ഇരുവരും നിൽക്കുന്ന ചിത്രങ്ങൾ വൈറലായിരുന്നു. നടി സാമന്തയെയായിരുന്നു നാഗചൈതന്യ ആദ്യം വിവാഹം ചെയ്തത്. 2021 ഒക്ടോബറിലാണ് ഇരുവരും വേർപിരിഞ്ഞത്.

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ (80) അന്തരിച്ചു. വാർധക്യ സഹചമായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. രാവിലെ 8.20 ഓടെ കൊൽക്കത്തയിലെ വസതിയിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐയിലൂടെ പ്രവർത്തനം ആരംഭിച്ച അദ്ദേഹം പാർട്ടി കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും എത്തി.

1977ൽ ആണ് അദ്ദേഹം ആദ്യമായി മന്ത്രിയായത്. ജ്യോതി ബസു സർക്കാരിൽ ആഭ്യന്തരമന്ത്രിയും ഉപമുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ പിന്നീട് മുഖ്യമന്ത്രി പദത്തിൽ എത്തി. 2011വരെ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം 2015ലാണ് സിപിഎം പിബി, കേന്ദ്ര കമ്മിറ്റി സ്ഥാനങ്ങൾ ഒഴിഞ്ഞത്.

ബുദ്ധദേവ് വ്യവസായങ്ങളോടുള്ള പാർട്ടി നയം മാറ്റി ബംഗാളിൽ വികസനം കൊണ്ടുവരാനാണ് ശ്രമിച്ചത്. 2007 ൽ നന്ദിഗ്രാമിൽ ബുദ്ധദേവ് നടപ്പാക്കാനാഗ്രഹിച്ചത് വ്യവസായിക വിപ്ലവമായിരുന്നു. എന്നാൽ സമരങ്ങളും വെടിവെപ്പും തൃണമൂലിന്റെയും മമതയുടെയും ഉയർച്ചക്ക് വഴിവെച്ചു. 1966 ണ് ബുദ്ധദേവ് ഭട്ടാചാര്യ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നത്.

തനിക്ക് കൂടുതൽ കരുത്തന്മാരായ വില്ലന്മാരെയാണ് ഏറെ ഇഷ്ടമെന്ന് സംവിധായകൻ എസ് എസ് രാജമൗലി. തനിക്ക് വളരെ ശക്തരായ വില്ലന്മാരെയാണ് ഇഷ്ടം. രാവണന്റെ കഥാപാത്രം തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. നായകന് പരാജയപ്പെടുത്താൻ വളരെ ബുദ്ധിമുട്ടുള്ള ഒരാളായിരിക്കണം വില്ലനെന്നും അദ്ദേഹം വ്യക്തമാക്കി.

നമ്മളെല്ലാം ചെറുപ്പത്തിൽ, പാണ്ഡവർ നല്ലവരാണെന്നും കൗരവർ മോശക്കാരാണെന്നും പുസ്തകങ്ങളിൽ വായിച്ചിരുന്നു. അതുപോലെ, രാവണനെ പറ്റിയും വായിച്ചു. തനിക്ക് ഇഷ്ടം രാവണനെ പോലെ ഏറ്റവും ശക്തരായ വില്ലന്മാരെയാണെന്നും രാജമൗലി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ സിക്ക വൈറസ് വ്യാപനം. പൂനെയിൽ 68 പേർക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. സിക്ക വൈറസ് ബാധിച്ചവരിൽ നാലു പേർ മരണപ്പെട്ടു. മരണം വൈറസ് ബാധമൂലമെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും പ്രായാധിക്യവും മറ്റുരോഗങ്ങളും കാരണമാണെന്നുമാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

വൈറസ് സ്ഥിരീകരിച്ച 68 പേരിൽ 26 പേർ ഗർഭിണികളാണ്. രോഗം സ്ഥിരീകരിച്ചവരെല്ലാം ആരോഗ്യനില വീണ്ടെടുത്തുവെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരം. രോഗം പടരുന്ന പശ്ചാത്തലത്തിൽ പൂനെയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഈഡിസ് കൊതുകുകൾ പരത്തുന്ന രോഗമാണിത്. ഇത്തരം കൊതുകുകൾ സാധാരണ പകൽ സമയത്താണ് കടിക്കുന്നത്. പനി, ചുവന്ന പാടുകൾ, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സാധാരണയായി 2 മുതൽ 7 ദിവസം വരെ രോഗലക്ഷണങ്ങൾ നീണ്ടുനിൽക്കും. 3 മുതൽ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇൻകുബേഷൻ കാലയളവ്. സിക്ക വൈറസ് അണുബാധയുള്ള മിക്ക ആളുകൾക്കും രോഗലക്ഷണങ്ങൾ കാണാറില്ല.

ഗർഭിണികളെയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗർഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് വരെ കാരണമാകും. ഗർഭകാലത്തുള്ള സങ്കീർണതയ്ക്കും ഗർഭഛിത്രത്തിനും വരെ ഇത് ഇടയാക്കിയേക്കാം. കുട്ടികളിലും മുതിർന്നവരിലും സിക്ക ബാധിച്ചാൽ നാഡീസംബന്ധമായ പ്രശങ്ങളും ഉണ്ടാകാനിടയുണ്ട്. സിക്ക വൈറസ് രോഗം പ്രതിരോധിക്കാനോ ചികിത്സിക്കാനോയുള്ള മരുന്ന് നിലവിൽ ലഭ്യമല്ല. അനുബന്ധ ചികിത്സയാണ് നടത്തുന്നത്.

ന്യൂഡൽഹി: വിനേഷ് ഫോഗട്ടിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിനേഷ് ഫോഗട്ട് ഭാരതത്തിന്റെ അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ചാമ്പ്യൻമാരിൽ ചാമ്പ്യനാണ് വിനേഷെന്നും വേദനിക്കരുതെന്നും അഭിമാനത്തോടെ ഇന്ത്യയിലേക്ക് മടങ്ങി വരണമെന്നും അദ്ദേഹം വ്യക്തമാക്കി. എക്‌സ് പ്ലാറ്റ് ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിനേഷ്, നിങ്ങൾ ചാമ്പ്യൻമാരിൽ ചാമ്പ്യനാണ്! ഇന്ത്യയ്ക്ക് നിങ്ങൾ അഭിമാനവും, ഓരോ ഭാരതീയനും നിങ്ങൾ പ്രചോദനവുമാണ്. നിരാശ വാക്കുകളിലൂടെ പ്രകടിപ്പിക്കാനാകുന്നില്ല. വിനേഷ്, നിങ്ങൾ വേദനിക്കാതെ ശക്തമായി തിരിച്ചു വരിക. വെല്ലുവിളികളെ നേരിട്ട് മുന്നോട്ടു പോവുക. ഞങ്ങളെല്ലാവരും നിങ്ങൾക്കൊപ്പമുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്‌റ്റൈൽ വിഭാഗത്തിൽ ഫൈനലിലെത്തിയ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് സ്വർണ്ണ മെഡൽ നഷ്ടമായത്. ഗുസ്തിയിൽ മത്സരിക്കുന്ന താരങ്ങളുടെ ശരീരഭാരം മത്സര ദിവസം രാവിലെ പരിശോധിക്കും. ഇന്ന് രാവിലെ നടന്ന ഭാര പരിശോധനയിൽ വിനേഷ് ഫോഗട്ടിന് അനുവദനീയമായ ഭാരപരിധിയെക്കാൾ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തി. തുടർന്ന് വിനേഷിനെ അയോഗ്യയാക്കുകയായിരുന്നു. ഇതോടെ ഒളിംപിക്‌സിൽ ഇന്ത്യക്ക് ഉറപ്പായ മെഡൽ നഷ്മമായി.

പാരീസ്: പാരീസ് ഒളിംപിക്‌സിൽ ഇന്ത്യയ്ക്ക് നിരാശ. വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്‌റ്റൈൽ വിഭാഗത്തിൽ ഫൈനലിലെത്തിയ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കും. ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് നടപടി.

ഗുസ്തിയിൽ മത്സരിക്കുന്ന താരങ്ങളുടെ ശരീരഭാരം മത്സര ദിവസം രാവിലെ പരിശോധിക്കും. ഇന്ന് രാവിലെ നടന്ന ഭാര പരിശോധനയിൽ വിനേഷ് ഫോഗട്ടിന് അനുവദനീയമായ ഭാരപരിധിയെക്കാൾ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തി. തുടർന്ന് വിനേഷിനെ അയോഗ്യയാക്കുകയായിരുന്നു. ഇതോടെ ഒളിംപിക്‌സിൽ ഇന്ത്യക്ക് ഉറപ്പായ മെഡൽ നഷ്മമായി.

ഒളിംപിക്‌സ് നിയമങ്ങൾ അനുസരിച്ച് വിനേഷ് ഫോഗട്ടിന് വെള്ളി മെഡലിന് പോലും അർഹതയുണ്ടാകില്ല. ഇതോടെ 50 കിലോ ഗ്രാം വിഭാഗത്തിൽ ഫൈനലിലെത്തിയ അമേരിക്കയുടെ സാറ ഹിൽഡെബ്രാൻഡ് സ്വർണം നേടും. ഈ വിഭാഗത്തിൽ വെള്ളി മെഡൽ ഉണ്ടാകില്ല. വെങ്കലം മാത്രമായിരിക്കും ഇനി സെമി പോരാട്ടത്തിൽ തോറ്റവർ തമ്മിലുള്ള മത്സരത്തിലെ വിജയികൾക്ക് നൽകുന്നത്.

ന്യൂഡൽഹി: കയറ്റുമതിയിൽ കുതിച്ച് ഇന്ത്യ. രാജ്യത്ത് നിന്നുള്ള കയറ്റുമതിയിൽ ഇലക്ട്രോണിക്‌സ് മേഖല മൂന്നാം സ്ഥാനത്തെത്തി. രത്‌ന-ആഭരണ കയറ്റുമതിയെ പിന്തള്ളിയാണ് ഇലക്ട്രോണിക് മേഖല മൂന്നാം സ്ഥാനത്ത് എത്തിയത്. ഏപ്രിൽ-ജൂൺ കാലയളവിൽ കയറ്റുമതിയിൽ മുന്നിലുള്ള പത്ത് മേഖലകളിലാണ് ഇലക്ട്രോണിക്‌സ് മേഖല മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. കയറ്റുമതിയിൽ ഒന്നാം സ്ഥാനത്തുള്ളത് എഞ്ചിനീയറിംഗ് ഉത്പന്നങ്ങളാണ്.

പെട്രോളിയം ഉത്പന്നങ്ങളാണ് കയറ്റുമതിയിൽ രണ്ടാം സ്ഥാനത്തുള്ളത്. 2023-24 സാമ്പത്തിക വർഷം ആദ്യപാദത്തിൽ ഇലക്ട്രോണിക്‌സ് നാലാം സ്ഥാനമായിരുന്നു. വാണിജ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ 22 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ആദ്യപാദത്തിൽ മൊത്തം ഇലക്ട്രോണിക്‌സ് കയറ്റുമതിയുടെ മൂല്യം 844 കോടി (71,000 കോടി രൂപ) ഡോളറായി. മുൻവർഷം ആദ്യപാദത്തിലിത് 694 കോടി ഡോളറായിരുന്നു.

മൊത്തം ഇലക്ട്രോണിക്‌സ് കയറ്റുമതിയുടെ 57 ശതമാനം മൊബൈൽ ഫോണിന്റേതാണ്. 480 കോടി ഡോളർ. മുൻവർഷത്തെ അപേക്ഷിച്ച് 30 ശതമാനമാണ് വളർച്ച. ആപ്പിൾ ഐഫോൺ കയറ്റുമതി ഉയർന്നതാണ് വർദ്ധനയ്ക്ക് പിന്നിൽ. ആദ്യപാദത്തിൽ ഐഫോൺ കയറ്റുമതി മാത്രം 350 കോടി ഡോളറിന്റേതാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.